രാജ്യത്തെ ഏറ്റവും വലിയ ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് ഒരു മലയാളിയാണ് ഇപ്പോള്‍. കാസര്‍കോഡ് സ്വദേശി കെ.ആര്‍.കാമത്ത്. പിഎന്‍ബിയുടെ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി; ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ ആദ്യത്തെയാള്‍.
ഈ സ്ഥാനത്തെത്തിയ ശേഷം ആദ്യമായി കൊച്ചിയിലെത്തിയതാണ് ഇദ്ദേഹം. രണ്ട് ദിവസത്തെ തിരക്കിട്ട സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ (താജ് റസിഡന്‍സി) നിന്ന് നെടുമ്പോശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ അദ്ദേഹം എംബി4ഫിന്‍ ഡോട്ട് കോമുമമായി സംസാരിച്ചു.
കുറച്ചുനേരം നാട്ടുവിശേഷങ്ങളൊക്കെ പങ്കിട്ട ശേഷം ഞാന്‍ ആദ്യം ചോദ്യമെറിഞ്ഞു.
ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് ഒട്ടേറെ ലയനനീക്കങ്ങള്‍ നടക്കുന്ന സമയമാണല്ലോ ഇപ്പോള്‍? പിഎന്‍ബി ഇത്തരത്തില്‍ ഏതെങ്കിലും ബാങ്കിനെ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ഇതുവരെ നടന്നതിലേറെയും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള നിര്‍ബന്ധിത ലയനങ്ങളും ഏറ്റെടുക്കലുകളുമാണ്. എന്നാല്‍ പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള ലയനങ്ങളാണ് വേണ്ടത്. രണ്ട് ശക്തമായ ബാങ്കുകള്‍ ഒന്നിക്കുന്നത് നല്ലതു തന്നെ. പക്ഷെ, ഓരോ ബാങ്കിനും അതിന്റേതായ സംസ്‌കാരവും ഐഡന്റിറ്റിയുമുണ്ട്. അത് കൈവെടിയാന്‍ ആരും ഇഷ്ടപ്പെടില്ല.
കേരളം ആസ്ഥാനമായുള്ള നെടുങ്ങാടി ബാങ്കിനെ പിഎന്‍ബി ഏറ്റെടുത്തല്ലോ? ലയനനടപടികളെല്ലാം പൂര്‍ണമായി തീര്‍ന്നോ?
ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. നെടുങ്ങാടി ബാങ്കിന്റെ മുഴുവന്‍ ജീവനക്കാരെയും ഞങ്ങള്‍ 'അബ്‌സോര്‍ബ്' ചെയ്തു. കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയാണ് 'ഇന്റഗ്രേഷന്‍' പ്രക്രിയകള്‍. നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തത് കേരളത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഞങ്ങളെ സഹായിച്ചു.
നെടുങ്ങാടിയുടെ ഓഹരിയുടമകള്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന് പരാതിയുണ്ടല്ലോ?
നെടുങ്ങാടി ബാങ്ക് പ്രതിസന്ധിയിലായപ്പോഴാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനുസരണം പിഎന്‍ബി ഏറ്റെടുത്തത്. ഇടപാടുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു അത്. എന്നാല്‍ ഓഹരി ഉടമകളുടെ കാര്യത്തില്‍ ബാങ്കിന്റെ ആസ്തി-ബാധ്യതകള്‍ വിലയിരുത്തി വല്ലതും ശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമേ നല്‍കാന്‍ കഴിയൂ. ലയനത്തിന് ശേഷം 12 വര്‍ഷം കഴിഞ്ഞായിരിക്കും ഇത് വിലയിരുത്തുക. ഓഹരിയുടമകള്‍ ബാങ്കിന്റെ ഉടമകളാണ്. നല്ലകാലത്തും മോശമായ കാലത്തും ഓഹരിയുടമകള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടവരാണ്.
പിഎന്‍ബി ഒരു ഉത്തരേന്ത്യന്‍ ബാങ്കാണെന്ന പ്രതിച്ഛായയാണല്ലോ മലയാളികള്‍ക്ക് പൊതുവേയുള്ളത്?
പിഎന്‍ബി എല്ലാ അര്‍ത്ഥത്തിലും കേരളത്തിന്റെ ബാങ്കാണ്. കേരള ബാങ്കുകളിലേതിന് സമാനമായ ശാഖകളും സാന്നിധ്യവും പിഎന്‍ബിക്ക് ഇവിടെയുണ്ട്. 'പഴയ നെടുങ്ങാടി ബാങ്ക്' എന്നാണല്ലോ പിഎന്‍ബി ഇവിടെ അറിയപ്പെടുന്നതുതന്നെ. നെടുങ്ങാടി ബാങ്കിന്റെ പുതിയ രൂപമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. പഴയ നെടുങ്ങാടി ബാങ്കിന്റെ ബ്രാന്‍ഡ് ഇമേജ് വീണ്ടെടുക്കും.
കേരളത്തില്‍ ഇപ്പോള്‍ എത്ര ശാഖകളുണ്ട്?
140 ശാഖകളം 55 എടിഎമ്മുകളുമാണ് ബാങ്കിങ് കേരളത്തിലുള്ളത്. 4680 കോടി രൂപയാണ് കേരളത്തിലെ മൊത്തം ബിസിനസ്. ഇതില്‍ 2480 കോടി രൂപ നിക്ഷേപവും 2200 കോടി രൂപ വായ്പയുമാണ്. കേരളത്തിലെ ബിസിനസ് 10,000 കോടിയിലെത്തിക്കാന്‍ പദ്ധതിയുണ്ട്. നടപ്പുവര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം.
ഇതിനിടെ തന്റെ നോകിയ എന്‍97 മൊബൈല്‍ ഫോണില്‍ വന്ന എസ്എംഎസ്സുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.
കേരളത്തിലെ എന്‍ആര്‍ഐ ബിസിനസ്സില്‍ പിഎന്‍ബിയ്ക്ക് കാര്യമായ സ്വാധീനമില്ലല്ലോ?
കേരളത്തിലെ എന്‍ആര്‍ഐ ബിസിനസ്സില്‍ പിഎന്‍ബിയുടെ വിഹിതം നാമമാത്രമാണ്. എന്നാല്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എന്‍ആര്‍ഐ നിക്ഷേപം ഇപ്പോള്‍ 300 കോടി രൂപ മാത്രമാണ്. നടപ്പുസാമ്പത്തിക വര്‍ഷം തന്നെ ഇത് 1000 കോടി രൂപയിലെത്തിക്കും.
വിദേശ മലയാളികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള സൗകര്യം ശക്തിപ്പെടുത്തും. 24 എക്‌സ്‌ചേഞ്ച് ഹൗസുകളുമായി ഇപ്പോള്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. നാല് പേരുടെ കൂടി സഹകരണം ഉറപ്പാക്കും. വിദേശത്ത് പോകുന്നവരുടെ സൗകര്യാര്‍ഥം 'പിഎന്‍ബി വേള്‍ഡ് ട്രാവല്‍ കാര്‍ഡ്' പുറത്തിറക്കിയിട്ടുണ്ട്. ഡോളര്‍, പൗണ്ട്, യൂറോ എന്നീ കറന്‍സികളില്‍ ഇത് ലഭ്യമാണ്. അഞ്ചുവര്‍ഷം കാലാവധിയുള്ള ഈ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനോടൊപ്പം ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം നല്‍കുന്നുണ്ട്.
ഡല്‍ഹിയിലിരുന്നു കൊണ്ട് എങ്ങനെ കേരളത്തിലെ ഇടപാടുകാരുടെ ആവശ്യങ്ങള്‍ അറിയാനാകും. റീജണല്‍ ഹെഡ് ഓഫീസ് മാതൃക പരീക്ഷിച്ചുകൂടേ?
ഞങ്ങള്‍ ഇപ്പോള്‍ 3 ടയര്‍ മാതൃകയാണ് പിന്‍പറ്റുന്നത്. കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലുമായി രണ്ട് സര്‍ക്കിള്‍ ഓഫീസുകളുണ്ട്. ശാഖകളുടെ ആവശ്യങ്ങള്‍ സര്‍ക്കിള്‍ ഓഫീസുകള്‍ വഴി ചെന്നൈയിലെ ദക്ഷിണമേഖലാ ഓഫീസിലൂടെ നിറവേറ്റും.
കേരളത്തിനു വേണ്ടി എന്തെങ്കിലും പ്രത്യേക സേവനങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ആകര്‍ഷകമായ മെഡിക്ലെയിം പോളിസിയും ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ്. 'പിഎന്‍ബി റോയല്‍ മെഡിക്ലെയിം പോളിസി' എന്ന ഈ പദ്ധതിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വരെ ഒരൊറ്റ പോളിസിയിലൂടെ പരിരക്ഷ ലഭിക്കും. അഞ്ച് വയസ് മുതല്‍ 80 വയസ് വരെയുള്ളവര്‍ക്ക് മെഡിക്കല്‍ പരിശോധന കൂടാതെ ചേരാവുന്നതാണ് ഈ പദ്ധതി. പിഎന്‍ബിയുടെ ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഒരു ലക്ഷം രൂപയുടെ പോളിസിക്ക് 1,717 രൂപയാണ് പ്രീമിയം. മറ്റു മെഡിക്ലെയിം പോളിസികളെക്കാള്‍ കുറഞ്ഞ പ്രീമിയമാണ് ഇത്. പരമാവധി അഞ്ച് ലക്ഷം രൂപയുടെ വരെ പോളിസിയെടുക്കാം. നേരത്തെ പറഞ്ഞ ട്രാവല്‍ കാര്‍ഡും കേരളത്തിന് ഒട്ടേറെ ഗുണകരമാണ്.
ഇതിനിടെ കാര്‍ തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള പിഎന്‍ബി ശാഖയ്ക്ക് മുന്നിലെത്തി. അവിടെ ശാഖയോട് ചേര്‍ന്ന് പുതിയ എടിഎമ്മിന്റെ ഉദ്ഘാടനമാണ്. ചെണ്ടമേളവും മറ്റുമായി സ്വീകരണം. ചെയര്‍മാന്‍ അതിഥികളോടും ജീവനക്കാരോടും കുശലം പറഞ്ഞ് ശാഖയ്ക്കുള്ളില്‍ നോക്കിനടന്നു. എടിഎമ്മിന്റെ ഉദ്ഘാടനച്ചടങ്ങിന് ശേഷം വിമാനത്താവളത്തിലേക്ക്. ഞങ്ങള്‍ സംസാരം തുടര്‍ന്നു.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് പുതുതലമുറ ബാങ്കുകളുമായി എങ്ങനെയാണ് മത്സരിക്കുന്നത്? റീബ്രാന്‍ഡിങ്ങിന് പദ്ധതിയുണ്ടോ?
പതിറ്റാണ്ടുകളായി പിഎന്‍ബിയുമായി ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങളുടെ ഇടപാടുകാര്‍. അവര്‍ക്ക് ബാങ്കുമായി വല്ലാത്തൊരു വൈകാരിക ബന്ധമുണ്ട്. അതിനാല്‍ ലോഗോ മാറ്റേണ്ടതിന്റെയോ റീബ്രാന്‍ഡിങ്ങിന്റെയോ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയൊക്കെ. പിന്നെ ഞങ്ങളുടെ ഓരോ സേവനവും ഞങ്ങള്‍ കാര്യമായി ബ്രാന്‍ഡ് ചെയ്യുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ പോകുകയാണല്ലോ
എട്ടോ പത്തോ ബാങ്കുകള്‍ക്ക് ഒറ്റയടിക്ക് ലൈസന്‍സ് കൊടുക്കുമെന്ന് തോന്നുന്നില്ല. ഓരോ വര്‍ഷവും ഒന്നോ രണ്ടോ ലൈസന്‍സുകളായിരിക്കും അനുവദിക്കുക. എങ്കിലും മത്സരം ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടുതല്‍ ബാങ്കുകള്‍ വരുന്നതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് തന്നെയാണ്.
ഒടുവില്‍ കാര്‍ നെടുമ്പാശ്ശേരിയില്‍. ഈ സ്ഥലത്തിന്റെ പേരെന്താണ്? അദ്ദേഹം ചോദിച്ചു. നെടുമ്പാശ്ശേരി. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യ വിമാനത്താവളത്തിന്റെ (സിയാല്‍, നെടുമ്പാശ്ശേരി) വിശേഷങ്ങളായി പിന്നീട്. കണ്ണൂര്‍ വിമാനത്താവളവും സിയാല്‍ മോഡലിലാണ്.
കാര്‍ എയര്‍പോര്‍ട്ടിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നിന്നു. വൈകീട്ട് 4.55നുള്ള വിമാനത്തില്‍ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി.