
ആയുര്‍വേദ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കണ്ടംകുളത്തി ഗ്രൂപ്പ് ആയുര്‍വേദ ടൂറിസം രംഗത്ത് ശ്രദ്ധ ചെലുത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ ആയുര്‍വേദ റിസോര്‍ട്ട് സ്ഥാപിച്ച കണ്ടംകുളത്തി, ആയുര്‍വേദ ചികിത്സയ്ക്കായി ഇവിടേക്ക് കൂടുതല്‍ വിദേശികളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കണ്ടംകുളത്തി ആയുര്‍സൗഖ്യം എന്ന പേരിലുള്ള റിസോര്‍ട്ടില്‍ ഇതിനോടകം ഒട്ടേറെ വിദേശികള്‍ ചികിത്സ തേടി എത്താന്‍ തുടങ്ങിയിട്ടുണ്ടെന്ന് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ കണ്ടംകുളത്തി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.പി.വില്‍സണ്‍ പറഞ്ഞു. ഗ്രൂപ്പിന്റെ മറ്റു വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
? ആയുര്‍സൗഖ്യം റിസോര്‍ട്ട് എങ്ങനെ പോകുന്നു
= എല്ലാവിധ ആയുര്‍വേദ ചികിത്സകളും ഞങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കേഷനോടു കൂടിയതാണ് ഈ ആയുര്‍വേദ റിസോര്‍ട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ തന്നെ ഒട്ടേറെ പേര്‍ ആയുര്‍സൗഖ്യത്തിലെത്തിയിട്ടുണ്ട്.
? റിസോര്‍ട്ടിലെ പ്രത്യേകതകള്‍ എന്തൊക്കെയാണ്
= ചാലക്കുടിയ്ക്കടുത്ത് അതിരപ്പിള്ളിയില്‍ തികച്ചും പ്രകൃതിരമണീയമായ സ്ഥലത്താണ്
ആയുര്‍സൗഖ്യം സ്ഥിതി ചെയ്യുന്നത്. ചാലക്കുടി പുഴ ഇതിനോട് ചേര്‍ന്നാണ് ഒഴുകുന്നത്. മൊത്തം 14 ഫാമിലി കോട്ടേജുകളാണ് റിസോര്‍ട്ടിലുള്ളത്. ആയുര്‍വേദ ഹോസ്പിറ്റലിന്റെ യാതൊരു പ്രതീതിയുമില്ലാതെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചികിത്സ തേടി ഇവിടെയെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഓരോ അസുഖങ്ങള്‍ക്കും സ്‌പെഷ്യാലിറ്റി ചികിത്സയാണ് ലഭ്യമാക്കുന്നത്. ചികിത്സയ്ക്ക് വരുന്നവരുടെ കുടുംബത്തിന് അതിരപ്പിള്ളിയിലെ ടൂറിസം കേന്ദ്രങ്ങള്‍ കാണാന്‍ സൗകര്യമുണ്ട്.
മൂന്നര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് മലിനീകരണ മുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇതിനുള്ളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
ഇന്‍ഡോര്‍ ഗെയിംസ്, റെസ്‌റ്റോറന്റ് എന്നിവയൊക്കെ ആയുര്‍സൗഖ്യത്തിലുണ്ട്. 500 ഓളം ഔഷധസസ്യങ്ങളുള്ള തോട്ടമാണ് റിസോര്‍ട്ടിലെ മറ്റൊരു പ്രത്യേകത. ഓരോ ഇനം സസ്യങ്ങള്‍ക്കും പ്രത്യേകം ഏരിയ തിരിച്ചിട്ടുണ്ട്. തുളസിച്ചെടികള്‍ക്ക് മാത്രമായി പ്രത്യേകം ഒരിടം. അവിടെ തുളസിക്കാപ്പി കിട്ടുന്ന കഫെ....
? ആയുര്‍സൗഖ്യത്തിലേക്ക് വിദേശികളെ ആകര്‍ഷിക്കാന്‍ എന്തൊക്കെയാണ് ചെയ്യുന്നത്
= ആയുര്‍സൗഖ്യത്തിലെത്തുന്നവരില്‍ 30 ശതമാനം പേരും വിദേശികളാണ്. സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, യു.കെ. എന്നിവിടങ്ങളില്‍ നിന്നൊക്കെ സഞ്ചാരികള്‍ കുടുംബവുമൊത്ത് ചികിത്സ തേടി എത്തുന്നുണ്ട്. വിദേശ മലയാളികളും വന്‍ തോതില്‍ വരുന്നുണ്ട്.
ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റീതാജ് ഖത്തര്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി ധാരണയുണ്ടാക്കി. ആയുര്‍സൗഖ്യത്തിലേക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ പേരെ അയയ്ക്കുന്നതിന് പുറമെ കണ്ടംകുളത്തി ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളുടെ ഗള്‍ഫിലെ വിതരണകാര്യത്തിലും ധാരണയായിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായും ധാരണയുണ്ടാക്കി. ഇതുപ്രകാരം വിമാനത്താവളത്തിനുള്ളിലെ ടൂറിസം ഡെസ്‌കില്‍ ആയുര്‍വേദ വിഭാഗത്തില്‍ കണ്ടംകുളത്തിയ്ക്ക് പ്രാമുഖ്യമുണ്ടാവും. സിയാല്‍ അടുത്ത മാസം മാലിയില്‍ നടത്തുന്ന റോഡ് ഷോയിലും ഞങ്ങള്‍ പങ്കാളിയാവും. ജൂണില്‍ ദുബായില്‍ നടക്കുന്ന ട്രാവല്‍ മാര്‍ട്ടിലും പങ്കെടുക്കുന്നുണ്ട്.
? ആയുര്‍വേദ ക്ലിനിക്കുകള്‍ എവിടെയൊക്കെയുണ്ട്
നിലവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 75 ഓളം ക്ലിനിക്കുകളാണുള്ളത്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവ ഉള്‍പ്പെടെയുള്ള 100 സ്ഥലങ്ങളില്‍ കൂടി ഈ വര്‍ഷം ക്ലിനിക്കുകള്‍ തുടങ്ങും.
? കണ്ടംകുളത്തിയുടെ ഉത്പന്നങ്ങള്‍
അറുനൂറോളം ആയുര്‍വേദ മരുന്നുകളും മറ്റു ഉത്പന്നങ്ങളും ഞങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്നുണ്ട്. 22 എണ്ണം പേറ്റന്റ് ഉള്ളതാണ്. മെഡിക്കേറ്റഡ് (ഔഷധ ചേരുവയുള്ള) ഭക്ഷ്യോത്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇത്തരത്തില്‍ ഔഷധ ചേരുവയുള്ള പുട്ട്, ഉപ്പുമാവ്, ചപ്പാത്തി എന്നിവ പായ്ക്കറ്റിലാക്കി വിതരണം ചെയ്യും. കലോറി കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഉത്പന്നങ്ങളാണ് ഇത്. പ്രമേഹരോഗികളെ കൂടി ഉദ്ദേശിച്ചാണിത്. കണ്ടംകുളത്തി ഓള്‍ ഡേ ബ്രാന്‍ഡിലാണ് ഇവ വിപണനം ചെയ്യുക. തൃശ്ശൂരില്‍ കുഴൂരിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
? ഇവയുടെ വിപണനം
= മെഡിക്കല്‍ ഷോപ്പുകള്‍ വഴിയും കണ്ടംകുളത്തിയുടെ ആയുര്‍വേദ കേന്ദ്രങ്ങള്‍ വഴിയുമാണ് ഇവ വിപണനം ചെയ്യുന്നത്.
? കയറ്റുമതി
= ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കണ്ടംകുളത്തി ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.