ചുരുങ്ങിയ ചെലവില്‍ ആകാശയാത്ര

Posted on: 02 Jun 2011


ആര്‍.എല്‍.ഹരിലാല്‍



ക്വലാലംപൂര്‍: 'ആകാശത്തിന്റെ ഒരു തുണ്ട് എനിക്കു തരൂ, പറക്കാനുള്ള നിങ്ങളുടെ സ്വപ്‌നത്തെ ഞാന്‍ സഫലമാക്കാം'. എയര്‍ ഏഷ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ് ഔപചാരികതകളില്ലാതെ പറഞ്ഞു. ''ചുരുങ്ങിയ ചെലവില്‍ പറക്കുക എന്ന സാധാരണക്കാരന്റെ ആഗ്രഹം സാധിപ്പിക്കാനായി എന്നതാണ് ഞങ്ങളുടെ വിജയം''.

ക്വലാലംപൂരിലെ അന്താരാഷ്ട്ര ലോ കോസ്റ്റ് ടെര്‍മിനലിലെ എയര്‍ഏഷ്യയുടെ ഓഫീസിനോടു ചേര്‍ന്നുള്ള ടോണിയുടെ ഓപ്പണ്‍ ക്യാബിനിലിരുന്നാല്‍ എയര്‍ ഏഷ്യയുടെ വിമാനങ്ങള്‍ പറന്നിറങ്ങുന്നതും പോവുന്നതും കാണാം. ബാങ്കോക്ക്, ബീജിങ്, ഷാങ്ഹായ്, ടോക്യോ, മെല്‍ബണ്‍, ബാലി, കൊളംബോ, ക്രൈസ്റ്റ്ചര്‍ച്ച്... കിഴക്കന്‍ ഏഷ്യയിലെയും ഓസ്‌ട്രേലിയയിലേയും എല്ലാ പ്രധാന നഗരങ്ങളിലേക്കും എയര്‍ ഏഷ്യയുടെ വിമാനങ്ങള്‍ പറക്കുന്നു. 'ഇനി എല്ലാവര്‍ക്കും പറക്കാം' എന്നതാണ് എയര്‍ ഏഷ്യയുടെ മുദ്രാവാക്യം തന്നെ. ഓഫീസിനോട് ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് ഹാളിലിരുന്ന് ലോകത്തിലെ ഏറ്റവും മികച്ച ലോ കോസ്റ്റ് എയര്‍ലൈന്‍സിന്റെ മേധാവി മനസ്സു തുറന്നു.

പുതിയ പ്രോജക്ടുകള്‍ എന്തൊക്കെയാണ് ?

കോഴിക്കോടു നിന്നും ക്വലാലംപൂരിലേക്കു ഫ്ലൈറ്റ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് മലബാറില്‍ നിന്നുള്ളവര്‍ക്ക് ഇതൊരു സമ്മാനമായിരിക്കും. ചെന്നൈ, കോയമ്പത്തൂര്‍. ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നും ബാങ്കോക്കിലേക്കു നേരിട്ടുള്ള ലോ കോസ്റ്റ് ഫ്ലൈറ്റുകള്‍ ഉടന്‍ ആരംഭിക്കും. വെറും രണ്ടര മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ക്കു ബാങ്കോക്കിലിറങ്ങാം. വിനോദ സഞ്ചാര കേന്ദ്രങ്ങളായ തായ്‌ലാന്റിലെ പുകേതിലേക്കും മലേഷ്യയിലെ ലങ്കാവിയിലേക്കും നേരിട്ടുള്ള ഫ്ലൈറ്റുകള്‍ ഉടന്‍ തന്നെ തയ്യാറാവും.

ഇന്ത്യന്‍ വിപണയുടെ സാധ്യതകള്‍ എങ്ങനെ കാണുന്നു ?

എന്തുമാത്രം സാധ്യതയുള്ള മാര്‍ക്കറ്റാണത്! വ്യോമയാന മേഖലയില്‍ പക്ഷെ ചിറ്റമ്മ നയമാണ് ഇന്ത്യയുടേത്. മറ്റാര്‍ക്കു അവസരം കൊടുക്കാതെ മേഖല ഒന്നാകെ കൈയടക്കി വെക്കുന്ന സ്വഭാവം. സ്വകാര്യ വിമാന കമ്പനികളാകട്ടെ പിടിച്ചു പറിക്കാരെ പോലെയും.

എയര്‍ റൂട്ടുകളിലെ ദേശസാത്കരണത്തെ എതിര്‍ക്കേണ്ടതുണ്ടോ ?

തീര്‍ച്ചയായും ഇല്ല. പക്ഷെ മറ്റുള്ളവരുമായി അവര്‍ മത്സരത്തിനു തയ്യാറാവണം. ഏതൊരു എയര്‍ലൈന്‍സിന്റെയും സേവനം മെച്ചപ്പെടണമെങ്കില്‍ കോംപററീഷന്‍ ഉണ്ടാവണം. ഇന്ത്യയിലെ മറ്റെല്ലാ മേഖലകളും സ്വകാര്യ മേഖലയ്ക്കായി തുറന്നു, വ്യോമയാന മേഖലയില്‍ മാത്രം എന്തു കൊണ്ടാണിങ്ങനെ എന്നു മനസ്സിലാവുന്നില്ല. എയര്‍പോര്‍ട്ട് ചാര്‍ജസ്സും ഫ്യൂവല്‍ ടാക്‌സസും ഇന്ത്യയില്‍ അതിഭീമമാണ്. ഹൈദരാബാദില്‍ നിന്നുള്ള ഒാപ്പറേഷന്‍ ഇതുകാരണം ഞങ്ങള്‍ക്കു റദ്ദു ചെയ്യേണ്ടി വന്നു. പ്രതിദിനം ദശലക്ഷം പേരാണ് ഇന്ത്യയില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. ലോ കോസ്റ്റ് എയര്‍ക്രാഫ്റ്റുകള്‍ ഇവര്‍ക്കുള്ള ക്ഷണമാണ്. ഇന്ത്യന്‍ വ്യോമയാന അധികാരികള്‍ അനുകൂലമാമെങ്കില്‍ ഞങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്.

ഇത് പ്രൈവറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടിയല്ലേ ?

ഞങ്ങള്‍ ലോ കോസ്റ്റ് ആശയത്തില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലോ കോസ്റ്റ് ടെര്‍മിനലുകള്‍ തുറക്കാനനുവദിച്ചാല്‍ ഒരുപാടു പേര്‍ക്കു പറക്കാം. വിദേശികള്‍ ഇന്ത്യയിലേക്കു പറന്നെത്തുകയും ചെയ്യും. ഇന്ത്യന്‍ ടൂറിസം മേഖലയില്‍ അത് വന്‍ കുതിപ്പിനു വഴി വെക്കും. ദീര്‍ഘവീക്ഷണം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ഇന്ത്യന്‍ വ്യോമയാന അധികാരികള്‍ ഇന്ത്യന്‍ ആകാശത്തെ മലര്‍ക്കെ തുറന്നിടണം.

എയര്‍ ഏഷ്യ നല്‍കുന്ന സൗകര്യങ്ങള്‍ മിതമാണോ ?
ഒരിക്കലുമല്ല. ചുരുങ്ങിയ നിരക്കിലാണ് ഞങ്ങള്‍ യാത്രക്കാരെ കൊണ്ടു പോകുന്നത്. എല്ലാവര്‍ക്കും പറക്കാന്‍ അവസരം. പറക്കുന്നത് മിക്കവാറും സാധാരണക്കാര്‍. ബെന്‍സില്‍ പോകുന്നവര്‍ക്കും നാനോയില്‍ പോകുന്നവര്‍ക്കും ഒരുപോലെ പറ്റിയ എയര്‍വേയ്‌സ്. ടാറ്റയുടെ നാനോ ഇക്കാര്യത്തില്‍ വലിയൊരു പ്രചോദനം തന്നെയാണ്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ക്വലാലംപൂര്‍ സര്‍വീസ് വിജയമാണോ ?

നൂറു ശതമാനം. ശരാശരി 80 ശതമാനമാണ് ഈ റൂട്ടിലെ ട്രവല്‍ റേറ്റ്. കൊച്ചി, ചെന്നൈ, ട്രിച്ചി, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ക്വലാലംപൂരിലേക്കിപ്പോള്‍ ഫ്ലൈറ്റുകളുണ്ട്. നാലു മണിക്കൂര്‍ യാത്ര. ഉത്തരേന്ത്യക്കാര്‍ക്കായി അമൃത്‌സറില്‍ നിന്നും സര്‍വീസ് തുടങ്ങും. ക്വലാലംപൂര്‍ മികച്ചൊരു ട്രാന്‍സിറ്റ് സ്‌റ്റേഷനാണ്. അവിടെ നിന്നു നിങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഷാങ്ഹായിലേക്കും ബാങ്കോക്കിലേക്കും മറ്റ് ആസിയാന്‍ രാജ്യങ്ങളിലേക്കും പറക്കാം; ചുരുങ്ങിയ ചെലവില്‍. എയര്‍ ഏഷ്യയുടെ ട്യൂണ്‍ ഹോട്ടലുകളില്‍ ചുരുങ്ങിയ ചെലവില്‍ താമസിക്കുകയുമാവാം.

***
നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്ന മലേഷ്യന്‍ സര്‍ക്കാറിന്റെ എയര്‍ ഏഷ്യയുടെ ബാധ്യതകള്‍ ഏറ്റെടുക്കുമ്പോള്‍ ടോണി ഫര്‍ണാണ്ടസ്സിന് കാര്യമായി എന്തോ തകരാറുണ്ടെന്ന് എല്ലാവരും കരുതിയിരുന്നു. രണ്ട്് പഴയ ബോയിങ്ങുകളുമായായിരുന്നു തുടക്കം. ഒരു വര്‍ഷത്തിനുള്ളില്‍ എയര്‍ ഏഷ്യ ബാധ്യതകള്‍ക്കുള്ളില്‍ നിന്നും കരകയറി. ഒരു രൂപക്കു പറക്കാം തുടങ്ങിയ ഒാഫറുകള്‍ വ്യോമാന മേഖലയെ പിടിച്ചു കുലുക്കി. വിമാനയാത്ര സാധാരണക്കാര്‍ക്കു കൈയെത്തും ദൂരെയായി. പിന്നീട് വളര്‍ച്ചയുടെ കുതിപ്പ്. നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. പഴയ ഗിറ്റാറിസ്റ്റില്‍ നിന്നും ലോകത്തെ ഏറ്റവും മികച്ച യുവ സംരംഭകരില്‍ ഒരാളായി ടോണി മാറി. പിറകെ ലോകോത്തരമായ എയര്‍ഏഷ്യന്‍ അക്കാദമി, ഹോട്ടല്‍ ശൃംഖലകള്‍, ടൂര്‍ പാക്കേജുകള്‍ തുടങ്ങിയ സംരംഭങ്ങള്‍.

***

എയര്‍ ഏഷ്യ ലാഭത്തിലെത്തിയോ?

കഴിഞ്ഞ വര്‍ഷം 400 ദശലക്ഷമാണ് ലാഭം. 2001 ല്‍ പൂജ്യത്തില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. 9000 പേര്‍ എയര്‍ ഏഷ്യയില്‍ ജോലി ചെയ്യുന്നു. പകുതിയിലേറേയും വനിതകള്‍.

മലേഷ്യന്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്കു നല്‍കിയിരുന്ന ഓണ്‍എറൈവല്‍ വിസ ഇപ്പോള്‍ റദ്ദാക്കി. ഇത് ടൂറിസത്തിനുള്ള ഒരു തിരിച്ചടിയാവില്ല?

ഇക്കാര്യത്തില്‍ മലേഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടേക്കു വരുന്ന ചിലര്‍ തിരിച്ചു പോകുന്നില്ല എന്നത് വാസ്തവം തന്നെ. അതുകൊണ്ട് വരുന്നവരെല്ലാം ഒരേപോലെയാവണമെന്ന് കരുതാനാവില്ല. ഒറ്റയടിക്ക് ഇത്തരമൊരു തീരുമാനമെടുത്തതിനോടു എനിക്കു യോജിപ്പില്ല.

താങ്കളുടെ വേരുകള്‍ കേരളത്തിലുമില്ലേ ?

ഞാന്‍ നൂറു ശതമാനവും മലേഷ്യക്കാരനാണ്. പക്ഷെ, എന്റെ വേരുകള്‍ ഇന്ത്യയിലാണ്. അച്ഛന്‍ ഗോവയില്‍ നിന്നാണ്. കൊല്‍ക്കത്തയിലെ ബാല്യം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ക്രിക്കറ്റ് എനിക്കു ഭ്രാന്തായിരുന്നു. ശ്രീകാന്താണ് അന്നുമിന്നും എന്റെ ഹീറോ. അമ്മ നിങ്ങളുടെ നാട്ടില്‍ നിന്നാണ്. കേരളത്തില്‍ നിന്ന്. കേരളത്തില്‍ എവിടെയാണെന്ന് പക്ഷെ എനിക്കറിയില്ല. കേരളത്തില്‍ ഇതുവരെ ഞാന്‍ വന്നിട്ടില്ല എന്നതാണ് സത്യം.

അസാധ്യമായതിനെ താങ്കള്‍ സാധ്യമാക്കി. സാധ്യമാക്കാനാഗ്രഹിക്കുന്ന അടുത്ത അസാധ്യമായ കാര്യം എന്താണ്?

ഇന്ത്യയില്‍ നിന്നും ഓപ്പറേറ്റു ചെയ്യാവുന്ന ലോ കോസ്റ്റ് എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങുക എന്നതു തന്നെ.
Tags: Interview with Tony Fernandes, CEO, AirAsia
»  News in this Section