സൗജന്യ സോഫ്റ്റ്‌വെയറല്ല ഫ്രീ സോഫ്റ്റ്‌വെയര്‍

Posted on: 25 Jan 2012



സ്‌ക്കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗം പ്രോത്സാഹിക്കണമെന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതി ഡോ.റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് മേഖലയിലെ പുരോഗതിയ്ക്ക് സ്‌ക്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗം നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ പ്രോഗ്രാമിങ് മേഖലയില്‍ പരിശീലനം ലഭിക്കുന്നതിന് ഇത് സഹായിക്കും. നല്ല പൗരന്‍മാരെ സൃഷ്ടിക്കുകയെന്നതിലുമുപരി സ്‌ക്കൂളുകള്‍ക്ക് സമൂഹത്തോട് വലിയ പ്രതിബദ്ധതയാണുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക വഴി ഈ മേഖലയില്‍ സ്വയംപര്യാപ്തരായ ഒരു തലമുറയെ സൃഷ്ടിക്കാന്‍ മികച്ച സ്‌ക്കൂളുകള്‍ക്ക് കഴിയും. മറിച്ച് സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് തെറ്റാണ്. ഇത് കുത്തക കമ്പനികള്‍ക്ക് കീഴടങ്ങുന്ന ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്നും റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജിന്റെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം തന്നെയമൃതം

പലപ്പോഴും ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരും ഇത് സൗജന്യ സോഫ്റ്റ്‌വെയറാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാലിത് ശരിയല്ല. ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാണ്. ഏതുകാര്യത്തിലായാലും സ്വാതന്ത്ര്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ മാറ്റങ്ങള്‍ വരുത്താനും പങ്കുവെക്കാനും ഉപയോക്താവിന് പൂര്‍ണ സ്വാതന്ത്രമുണ്ട് എന്നതാണ് മറ്റ് കുത്തക സോഫ്റ്റ് വെയറുകളെ അപേക്ഷിച്ചുള്ള നേട്ടം. കൂടുതല്‍ ജനകീയമായ സോഫ്റ്റ് വെയറുകളെന്നും ഇവയെ വിളിക്കാം. സ്വതന്ത്രമല്ലാത്ത സോഫ്റ്റ് വെയര്‍ ഒരു വ്യക്തി ഉപയോഗിക്കുകയാണെങ്കില്‍ അയാള്‍ അനുകമ്പയര്‍ഹിക്കുന്നുവെന്ന് മാത്രമേ പറയാന്‍ സാധിക്കൂ. പക്ഷെ ഇത്തരം സോഫ്റ്റ് വെയറുകളെ സര്‍ക്കാര്‍ പിന്തുണക്കുന്നത് തെറ്റാണ്. സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്.


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലാഭകരം

കുത്തക സോഫ്റ്റ് വെയറുകളെ അപേക്ഷിച്ച് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ക്ക് ചെലവ് കുറവാണ്. ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ഒരു കോപ്പിയുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പുകള്‍ ആവശ്യാനുസരണം എടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും യാതൊരു തടസ്സവുമില്ല. എന്നാല്‍, കുത്തക സോഫ്റ്റ്‌വെയറുകളുടെ കാര്യത്തില്‍ ഇതങ്ങനെയല്ല. കൂടാതെ, വ്യക്തികള്‍ക്ക് മാത്രമല്ല കമ്പനികള്‍ക്കും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തന്നെയാണ് ലാഭകരം. കുത്തക സോഫ്റ്റവെയറുകള്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന പാകപ്പിഴകള്‍ ശരിയാക്കാന്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്ലൊരു തുക ചെലവായേക്കാം. എന്നാല്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാവുമ്പോള്‍ ഒരു പ്രോഗ്രാമറുണ്ടെങ്കില്‍ ഇത്തരത്തിലുള്ള അമിത ചെലവ് ഒഴിവാക്കാവുന്നതാണ്.


വേണ്ടത് പ്രോഗ്രാമര്‍മാരെ

പ്രോഗ്രാമര്‍മാരെ സൃഷ്ടിക്കുന്നതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കുള്ള പങ്ക് വലുതാണ്. പ്രോഗ്രാമര്‍മാര്‍ രണ്ട് തരമുണ്ട്. ഒരു കൂട്ടര്‍ക്ക് ഇതില്‍ ജന്മസിദ്ധമായ കഴിവുണ്ടായിരിക്കും. മറു വിഭാഗം പഠിച്ച് പ്രോഗ്രാമര്‍മാരാവുന്നവരാണ്. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളവര്‍ ഒരുപക്ഷെ വളരെ വിചിത്രമായ രീതിയിലുള്ള കോഡിങ്ങിലൂടെ പ്രോഗ്രാം എഴുതാന്‍ കഴിവുള്ളവരായിരിക്കും. പക്ഷെ മറ്റുള്ള പ്രോഗ്രാമര്‍മാര്‍ക്ക് ഇത്തരം കോഡിങ് വായിച്ചു മനസ്സിലാക്കുക എളുപ്പമായിരിക്കില്ല. ഇത്തരത്തിലുള്ള പ്രോഗ്രാമിങ് മോശമാണെന്ന് നിസംശയം പറയാം. മറ്റുള്ളവര്‍ക്ക് വായിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള കോഡിങ്ങ് തന്നെയാണ് നല്ല പ്രോഗ്രാമിങ് രീതി. അപ്പോള്‍ പ്രോഗ്രാമിങ് പഠിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള വഴി വലിയ പ്രോഗ്രാമുകളുടെ കോഡിങ് വായിച്ചു മനസ്സിലാക്കുകയാണെന്നതില്‍ സംശയമില്ല. ഇതിനുള്ള അവസരമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നല്‍കുന്നത്. വലിയ പ്രോഗ്രാമുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പഠിക്കുകയാണ് നല്ലൊരു പ്രോഗ്രാമര്‍ ആവാനുള്ള ആദ്യ പടി. ഒരു തുടക്കക്കാരന് ഇതിനുള്ള അവസരവും സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ മാത്രമേ നല്‍കുന്നുള്ളു.

കേരളസര്‍ക്കാരുമായുള്ള സഹകരണം

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രചാരണത്തിനായി മുമ്പ് കേരള സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുറച്ചൊക്കെ മുന്നോട്ട് പോയെങ്കിലും പിന്നീട് ഇതില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ചിലപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്. വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുക വഴി കുത്തക കമ്പനികള്‍ വിദ്യാര്‍ത്ഥികളെ അടിമകളാക്കുകയാണ്. അതുകൊണ്ടാണ് സ്‌ക്കൂളുകളോട് സ്വതന്ത്ര സോഫ്റ്റ് വെയറുകളിലേക്ക് മാറാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നത്.

സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പ്രൈവസി ആക്ടിനെ(സോപ്പ)ക്കുറിച്ച്

അമേരിക്കയില്‍ ഓണ്‍ലൈന്‍ പകര്‍പ്പവകാശ നിയമം ഭേദഗതി ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലാണിത്. ശരിയായ അന്വേഷണത്തിന് പോലും ഇടക്കൊടുക്കാതെ വെബ് കമ്പനികളെ അടച്ചുപൂട്ടാന്‍ സഹായിക്കുന്ന ബില്ലാണിത്. ഇത് പ്രാസാധകര്‍ക്കെതിരെയുള്ള കനത്ത വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയരുന്നത് വരെ പകര്‍പ്പവകാശത്തിന്റെ പേരില്‍ ഇത്തരം നീക്കങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ഇതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍പോലുള്ള സൈറ്റുകള്‍ക്കെതിരെ ഇന്ത്യയിലും നടപടികളുണ്ടാവുന്നത് ദു:ഖകരമാണ്. ഇതിനെ സെന്‍സര്‍ഷിപ്പെന്ന് മാത്രമേ വിളിക്കാന്‍ പറ്റൂ. ഏന്തുകാര്യത്തിന്റെ പേരിലായാലും പങ്കുവെയ്ക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നിനെയും പിന്തുണയ്ക്കാനാവില്ല.

തയ്യാറാക്കിയത് : സന്ദീപ് സുധാകര്‍
Tags: Free software doesn't mean software free of cost
»  News in this Section