ഹീരാ ഗ്രൂപ്പ് ഹോട്ടല്‍ രംഗത്തേക്ക്‌

Posted on: 08 May 2010


ആര്‍.റോഷന്‍



കേരളത്തിലെ മുന്‍നിര ബില്‍ഡറായ ഹീരാ കണ്‍സ്ട്രക്ഷന്‍സ് ഹോസ്​പിറ്റാലിറ്റി (ഹോട്ടല്‍ റിസോര്‍ട്ട്) രംഗത്തേക്ക് കടക്കുന്നു. ഇതിനായി ഹോട്ടല്‍ വ്യവസായ രംഗത്തെ ആഗോള ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഹീരാ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ.എ.ആര്‍.ബാബു 'മാതൃഭൂമി ഡോട്ട് കോമി'നോട് പറഞ്ഞു.

? എവിടെയൊക്കെയാണ് ഹോട്ടലുകളും റിസോര്‍ട്ടുകളും തുടങ്ങുന്നത്

= തിരുവനന്തപുരത്ത് പൂവാറില്‍ റിസോര്‍ട്ട്, ആക്കുളത്ത് ബിസിനസ് ഹോട്ടലും റിസോര്‍ട്ടും, ആലപ്പുഴയില്‍ ബീച്ച് റിസോര്‍ട്ട് എന്നിവയാണ് വികസിപ്പിക്കുന്നത്. പൂവാറില്‍ ആറും കായലും കടലും സംഗമിക്കുന്ന സ്ഥലത്ത് 32 ഏക്കറിലാണ് റിസോര്‍ട്ട് നിര്‍മിക്കുന്നത്. 150 കോട്ടേജുകളാണ് പൂവാറിലുണ്ടാവുക. ആക്കുളത്ത് ലേക്ക് ഫ്രണ്ടില്‍ അഞ്ച് ഏക്കറിലാണ് ബിസിനസ് ഹോട്ടലും റിസോര്‍ട്ടും നിര്‍മിക്കുന്നത്. ആലപ്പുഴയിലെ ബീച്ച് റിസോര്‍ട്ടില്‍ 60 കോട്ടേജുകളുണ്ടാവും. ഹോസ്​പിറ്റാലിറ്റി രംഗത്ത് മൊത്തം 150 കോടി രൂപയാണ് മുതല്‍മുടക്കുന്നത്.
റിസോര്‍ട്ടുകളുടെ നടത്തിപ്പിനായി അന്താരാഷ്ട്ര പ്രശ്‌സതരായ അലീല ഗ്രൂപ്പ് ഉള്‍പ്പെടെ ഹോട്ടല്‍ വ്യവസായ രംഗത്തെ ആഗോള ബ്രാന്‍ഡുകളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

? ഹീരയുടെ പുതിയ പാര്‍പ്പിട സമുച്ചയങ്ങള്‍ ഏതൊക്കെയാണ്

= തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായി 24 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതില്‍ 16 എണ്ണവും തിരുവനന്തപുരത്താണ്. കേരളത്തിലെ ഏറ്റവും നീളമുള്ള പാര്‍പ്പിട സമുച്ചയം ഇതില്‍ പെടുന്നു. ശ്രീകാര്യത്ത് ആക്കുളത്തെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിനടുത്താണ് ഹീരാ ഡ്രീം എന്ന പേരിലുള്ള ഈ സമുച്ചയം. 10 ഏക്കറില്‍ വികസിപ്പിക്കുന്ന ഈ സമുച്ചയത്തില്‍ മൂന്ന് ടവറുകളിലായി മൊത്തം 1000 അപാര്‍ട്‌മെന്റുകളുണ്ടാവും. ആദ്യ ടവറില്‍ 360 അപാര്‍ട്‌മെന്റുകളാണ് നിര്‍മിക്കുന്നത്. ആദ്യ ഘട്ടം 30 മാസം കൊണ്ട് പൂര്‍ത്തിയാക്കും. രണ്ട് ബെഡ്‌റൂം, 3 ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍ ലഭ്യമാണ്. മെച്ചപ്പെട്ട സ്‌പേസ് മാനേജ്‌മെന്റിലൂടെ ചെലവു കുറച്ച്, ബജറ്റ് കാറ്റഗറിയിലാണ് ഇത് നിര്‍മിക്കുന്നത്.
തിരുവനന്തപുരത്ത് കിള്ളിപ്പാലത്ത് നാല് ഏക്കറില്‍ നിര്‍മിക്കുന്ന 'ഹീരാ 4 പില്ലേഴ്‌സ്' ആണ് മറ്റൊരു പ്രധാന പ്രോജക്ട്. 544 അപാര്‍ട്‌മെന്റുകളാണ് ഇതില്‍ ഉണ്ടാവുക. മാന്ദ്യ കാലത്തും ഇതിലെ 250ലേറെ അപാര്‍ട്‌മെന്റുകള്‍ വിറ്റഴിക്കാനായി.
തിരുവനന്തപുരത്ത് കവടിയാറിലുള്ള ഹീരാ ഹൈ ലൈഫ്, ഹീരാ ഗ്രേസ്, കനകക്കുന്ന് കൊട്ടാരത്തിനടുത്തുള്ള ഹീരാ ഗോള്‍ഡന്‍ ഹില്‍സ്, വെള്ളയമ്പലത്തെ ഹീരാ ബ്ലു ബെറി, ശാസ്തമംഗലത്തെ ഹീരാ സ്വിസ് ടൗണ്‍, ടെക്‌നോപാര്‍ക്കിനടുത്ത് ഹീരാ ഇന്‍ഫോസിറ്റി, ആക്കുളത്തെ ഹീരാ ടവേഴ്‌സ് എന്നിവയാണ് തിരുവനന്തപുരത്തെ മറ്റു പ്രധാന പ്രോജക്ടുകള്‍. ആക്കുളത്ത് ലേക്ക് ഫ്രണ്ട്, ബ്ലൂ വാട്ടേഴ്‌സ്, കിംസ് ഹോസ്​പിറ്റലിനടുത്ത് റസിഡന്‍സി എന്നീ പ്രോജക്ടുകളും അനൗണ്‍സ് ചെയ്തിട്ടുണ്ട്.

? മറ്റു നഗരങ്ങളിലോ

= കൊച്ചിയില്‍ തൃപ്പൂണിത്തുറയിലെ ഹീരാ റോയല്‍, കടവന്ത്രയിലെ ഹീരാ വാട്ടേഴ്‌സ്, തൃപ്പൂണിത്തുറയിലെ ഹീരാ ലൈഫ് സ്റ്റൈല്‍ എന്നിവയാണ് മുഖ്യ പ്രോജക്ടുകള്‍. കൊച്ചിയില്‍ കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
കോഴിക്കോട്ട് മെഡിക്കല്‍ കോളേജിനടുത്ത് ഹീരാ അലീല എന്ന പദ്ധതിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
കോട്ടയത്ത് മൂന്നര ഏക്കറില്‍ ഹീരാ ബ്രീസിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൊത്തം 366 അപാര്‍ട്‌മെന്റുകളാണ് ഹീരാ ബ്രീസിലുള്ളത്.

? വാസ്തു പദ്ധതികള്‍ ഏതുവരെയായി

= കൊച്ചിയില്‍ കാക്കനാട്ട് 25 ഏക്കറില്‍ വികസിപ്പിച്ച ഹീരാ വാസ്തുഗ്രാമം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി കഴിഞ്ഞു. മൊത്തം 250 വില്ലകളാണ് ഇതിലുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യ വാസ്തു ടൗണ്‍ഷിപ്പായിരുന്നു ഇത്. പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് ഇത് വികസിപ്പിച്ചത്. തിരുവനന്തപുരത്ത് ശ്രീകാര്യത്തെ വാസ്തു ഹില്‍സ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. എട്ട് ഏക്കറിലായി 96 വില്ലകളാണ് മൊത്തമുള്ളത്.

? ഇതുവരെ എത്ര പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി

= 112 പാര്‍പ്പിട സമുച്ചയങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. ഇവയിലെല്ലാം കൂടി 7,780 അപാര്‍ട്‌മെന്റുകള്‍/വില്ലകള്‍ ഉണ്ട്.

? റിയല്‍ എസ്റ്റേറ്റ് വിപണി ഇപ്പോള്‍ എങ്ങനെയുണ്ട്

= മാന്ദ്യത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല മെച്ചപ്പെടുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഓരോ വര്‍ഷവും 30-40 ശതമാനം വരെ വില വര്‍ധനവുണ്ടായിട്ടുണ്ട്. ആ നിലയിലേക്ക് ഉയരാന്‍ ഇനിയും കുറച്ചു സമയം കൂടിയെടുക്കും.

** ** **

ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളേജ് സ്ഥാപിക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് നെടുമങ്ങാടിനടുത്ത് 30 ഏക്കറില്‍ ഡീംഡ് യൂണിവേഴ്‌സിറ്റികളുടെ മാതൃകയില്‍ വികസിപ്പിക്കുന്ന ഹീരാ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ അടിസ്ഥാനസൗകര്യങ്ങളൊക്കെ ആയി. എഐസിഇടിയുടെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം തന്നെ കോഴ്‌സുകള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ.എ.ആര്‍.ബാബു പറഞ്ഞു. തുടക്കത്തില്‍ അഞ്ച് കോഴ്‌സുകളായിരിക്കും ഉണ്ടാവുക. എംബിഎ, എംസിഎ, ആര്‍ക്കിടെക്ട് കോഴ്‌സുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മച്ചിരിക്കുന്ന കോളേജില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകളുണ്ട്. ഹോസ്റ്റലില്‍ എല്ലാ മുറികളും ഏസിയും ബാത്ത് അറ്റാച്ച്ഡുമാണെന്ന എന്ന പ്രത്യേകതയുണ്ട്.

കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിക്കുന്നത്.
ഭാര്യ സുനിത. മക്കള്‍: സുറുമി, സുബിന്‍ (ലണ്ടനില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം ഹീരാ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു), റസ്വിന്‍ (പത്താം ക്ലാസ് വിദ്യാര്‍ഥി).
 
Tags: Dr.A.R.Babu, Heera Constructions
»  News in this Section