കൊച്ചി: ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയുടെ 40 ശതമാനം കൈയടക്കാന്‍ ബിഎംഡബ്ല്യു ഒരുങ്ങുന്നു. 2020 ഓടെ രാജ്യത്തെ ആഡംബര കാര്‍ വിപണി 1.50 ലക്ഷം കാറുകളുടേതായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 60,000 കാറുകളും തങ്ങളുടേതായിരിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യാ പ്രസിഡന്റ് ആന്‍ഡ്രൂസ് ഷാഫ് പറഞ്ഞു. 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ഇന്ത്യയില്‍ 10,000 കാറുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ബിഎംഡബ്ല്യുവിന്റെ ചെറുകാറായ മിനി എപ്പോള്‍ വിപണിയിലെത്തിക്കണമെന്ന് നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ വര്‍ഷം 600 കാറുകള്‍ വില്‍ക്കാനാണ് ബിഎംഡബ്ല്യു ലക്ഷ്യമിടുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഉടന്‍ തന്നെ ഷോറൂമുകള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
? ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യുവിന്റെ വിഹിതം എത്രത്തോളമുണ്ട്
ആഡംബര കാര്‍ വിപണിയില്‍ ഇപ്പോള്‍ ബിഎംഡബ്ല്യുവാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ 6,246 കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഈ വര്‍ഷമത് 10,000 ആക്കി ഉയര്‍ത്തും. ആദ്യ അഞ്ച് മാസം കൊണ്ടുതന്നെ 3,634 കാറുകള്‍ വിറ്റുകഴിഞ്ഞു. ഇത് 2009ലെ മൊത്തം വില്‍പനയെക്കാള്‍ കൂടുതലാണ്.
? ചെന്നൈയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം
ബിഎംഡബ്ല്യു 3, 5, എക്‌സ് 1 സീരീസുകളാണ് ചെന്നൈ പ്ലാന്റില്‍ ഇപ്പോള്‍ നിര്‍മിക്കുന്നത്. എക്‌സ് 3 സീരീസിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകളും ഉടന്‍ നിര്‍മിക്കാന്‍ തുടങ്ങും. നിലവില്‍ ഒറ്റ ഷിഫ്റ്റില്‍ പ്രതിവര്‍ഷം 10,000 കാറുകള്‍ നിര്‍മിക്കാന്‍ ചെന്നൈയിലെ പ്ലാന്റിന് ശേഷിയുണ്ട്. ആദ്യ ഘട്ടത്തില്‍ 180 കോടി രൂപയാണ് നിക്ഷേപം. വിപണി വളരുന്നതിനനുസരിച്ച് ഉത്പാദന ശേഷി വര്‍ധിപ്പിക്കും. പ്ലാന്റിനായി ഇപ്പോള്‍ 22 ഏക്കര്‍ കൂടി വാങ്ങിയിട്ടുണ്ട്. ഇതോടെ മൊത്തം 40 ഏക്കറായി.
? ഇന്ത്യയില്‍ ഏതു മോഡലാണ് ഏറ്റവുമധികം വില്‍ക്കുന്നത്
രാജ്യത്തൊട്ടാകെ ബിഎംഡബ്ല്യു 5 സീരീസിനാണ് ഏറ്റവുമധികം വില്‍പന. കേരളത്തിന്റെ കാര്യവും മറിച്ചല്ല. പത്തിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കാറാണിത്. കമ്പനി പുതുതായി വിപണിയിലെത്തിച്ച സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വിഭാഗത്തിലെ ചെറുകാറായ ബിഎംഡബ്ല്യു എക്‌സ് 1 സീരീസാണ് ഈ വര്‍ഷം ഏറ്റവുമധികം വില്‍പന പ്രതീക്ഷിക്കുന്ന മറ്റൊരു മോഡല്‍. 22.4 ലക്ഷം രൂപയാണ് ഇതിന്റെ വില.
? എല്ലാ കാര്‍ കമ്പനികളും ചെറുകാറുകള്‍ അവതരിപ്പിക്കുകയാണല്ലോ
ബിഎംഡബ്ല്യു എക്‌സ് 1 സീരീസ് ചെറുകാര്‍ വിഭാഗത്തിലുള്ളതാണ്. ലക്ഷ്വറി വിഭാഗത്തില്‍ ഞങ്ങളാണ് ഇത്തരമൊരു ചെറുകാര്‍ ആദ്യമായി അവതരിപ്പിച്ചത്. പക്ഷെ, മിനി സീരീസിലുള്ള ചെറുകാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ ഇറങ്ങുമെന്ന് പറയാറായിട്ടില്ല.
? കേരള വിപണിയില്‍ ബിഎംഡബ്ല്യുവിന് എത്രമാത്രം വളരാന്‍ കഴിഞ്ഞിട്ടുണ്ട്

കേരളത്തിലെ ആഡംബര കാര്‍ വിപണിയുടെ 50 ശതമാനവും ഞങ്ങളുടെ കൈകളിലായി. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ബിഎംഡബ്ല്യു എന്ന ബ്രാന്‍ഡില്‍ മലയാളിക്കുള്ള ആത്മവിശ്വാസം വളരെ വലുതാണ്. 2009ല്‍ 172 കാറുകള്‍ വിറ്റ സ്ഥാനത്ത് 2010ല്‍ 306 കാറുകള്‍ വിറ്റു. ഈ വര്‍ഷമത് ഇരട്ടിയാകും. ഈ വര്‍ഷം ആദ്യ അഞ്ചു മാസം കൊണ്ടുതന്നെ 168 കാറുകളാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്. ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ പ്രതിവര്‍ഷം 90 ശതമാനമാണ് വളര്‍ച്ചയെങ്കില്‍ കേരളത്തിലിത് 100 ശതമാനമാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും വേഗത്തിലാണ് കേരളവിപണിയുടെ വളര്‍ച്ച. കേരളം ശരിക്കുമൊരു ബിഎംഡബ്ല്യു ദേശമായിമാറുകയാണ്.
? കോഴിക്കോട്, തിരുവനന്തപുരം ഷോറൂമുകള്‍ എപ്പോള്‍ തുടങ്ങാനാകും
കോഴിക്കോട് നടക്കാവില്‍ 9,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ താത്കാലിക ഷോറൂം ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ണതോതിലുള്ള ഷോറൂം കോഴിക്കോട് ബൈപ്പാസില്‍ പ്രവര്‍ത്തനം തുടങ്ങും. 10 ഏക്കറില്‍ 50,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഇത് നിര്‍മിക്കുന്നത്. തിരുവനന്തപുരത്ത് ചാക്ക ബൈപ്പാസിലാണ് ഷോറൂം വരുന്നത്. നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 38,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് തിരുവനന്തപുരം ഷോറൂം വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് ഷോറൂമുകളിലും വില്‍പനയ്ക്ക് പുറമെ സര്‍വീസ് സെന്ററുമുണ്ടാവും.