വാഹന ഇന്‍ഷുറന്‍സില്‍ ശ്രദ്ധിക്കേണ്ടത്

Posted on: 17 Sep 2012


വിശ്വനാഥന്‍ ഒടാട്ട്, odatt@aimsinsurance.inനമ്മുടെ ദൈനംദിന ജീവിതത്തില്‍ വാഹനങ്ങളുടെ ഉപയോഗം കൂടിവരികയാണ്. പൊതുനിരത്തില്‍ അനുദിനം വാഹനങ്ങള്‍ പെരുകി വരുന്നതും സ്വാഭാവികം. അതിനാല്‍ തന്നെ വാഹനാപകടങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. വാഹനങ്ങള്‍ ശരിയായി ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ഇവിടെയാണ്.

പ്രൊപ്പോസല്‍ ഫോമില്‍ എഴുതിക്കൊടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പോളിസി തയ്യാറാക്കുന്നത്. അതിനാല്‍ പ്രൊപ്പോസല്‍ ഫോമില്‍ തെറ്റുകള്‍ ഒരു കാരണവശാലും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തി വേണം ഇന്‍ഷുര്‍ ചെയ്യാന്‍.

പുതുതായി വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പോളിസിക്ക് പകരം ആദ്യം നല്‍കുക 'കവര്‍ നോട്ട്' ആയിരിക്കും. ഇതിന്റെ കാലാവധി പരമാവധി 60 ദിവസം മാത്രമാണ്. പഴയ വാഹനം വിറ്റ് പുതിയ വാഹനം എടുക്കുന്നവര്‍ക്ക് പഴയ വാഹനത്തിന് നോ ക്ലെയിം ബോണസ് ഉണ്ടെങ്കില്‍ അത് പുതിയ വാഹനത്തിലേക്ക് മാറ്റുന്നതിനുള്ള അവസരമുണ്ട്. ഉദാ: പഴയ വാഹനത്തിന് 50% നോ ക്ലെയിം ബോണസ് ഉണ്ടെന്നിരിക്കെ പുതിയ വാഹനത്തിലേക്ക് മാറ്റുമ്പോള്‍ നിങ്ങളുടെ പ്രീമിയത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്നര്‍ത്ഥം. ഇത് ആവശ്യപ്പെട്ടാല്‍ മാത്രമേ പലപ്പോഴും കിട്ടാറുള്ളൂ. അതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഫുള്‍ കവര്‍ ഇന്‍ഷുറന്‍സില്‍ തന്നെ പുതുമയോടെ ഒട്ടനവധി റിസ്‌കുകള്‍ കൂടുതലായി നല്‍കുന്ന പോളിസികള്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പെട്ട പോളിസികളിലൊന്നാണ് 'നില്‍ ഡിപ്രീസിയേഷന്‍' പോളിസി. ഇതില്‍ കൂടുതല്‍ പ്രീമിയം അടക്കേണ്ടിവന്നാലും ഒരു അപകടം ഉണ്ടായാല്‍ തേയ്മാനം കണക്കാക്കാതെ ചെലവായ പണം മുഴുവനും ലഭിക്കും എന്നതാണ് പ്രത്യേകത. ഇതുതന്നെ കാഷ്‌ലെസ് ആയും റിപ്പയര്‍ കഴിഞ്ഞശേഷം ബില്ലുകള്‍, ക്ലെയിം ഫോം എന്നിവ സമര്‍പ്പിച്ചാല്‍ പണം തിരികെ ലഭിക്കുന്ന റീ ഇംപേഴ്‌സ്‌മെന്റായും വിപണിയില്‍ ലഭ്യമാണ്.

വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന് മുന്‍പായി അവ ഏത് കമ്പനിയില്‍ നിന്നും എടുക്കണമെന്ന് തീരുമാനിക്കണം. വിവിധ കമ്പനികളുടെ പ്രീമിയം നിരക്ക്, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, ഇന്‍ഷുര്‍ ചെയ്യുന്ന തുക എന്നിവ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ഇത് കൂടാതെ ഒരു ക്ലെയിം ഉണ്ടായാല്‍ അതില്‍ ഇടപെട്ട് തീര്‍പ്പാക്കുന്നതിനാവശ്യമായ ഉപദേശങ്ങളും സേവനങ്ങളും നല്‍കാന്‍ കഴിവുള്ളവരാണോ എന്ന് പരിശോധിക്കുകയും വേണം.

ഇന്‍ഷുര്‍ ചെയ്യാന്‍ കാണിക്കുന്ന താത്പര്യം പലപ്പോഴും ക്ലെയിം ഉണ്ടായാല്‍ ഭൂരിഭാഗം പേരും കാണിക്കുന്നില്ലെന്ന പരാതികള്‍ ധാരാളമാണ്. അതിനാല്‍ തന്നെ വ്യക്തമായി അന്വേഷിച്ച് തങ്ങള്‍ക്ക് സംതൃപ്തിയുള്ള കമ്പനിയില്‍ നിന്ന് ആഗ്രഹിക്കുന്ന പോളിസി തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

»  News in this Section