ജനറല്‍ ഇന്‍ഷൂറന്‍സ് പോളിസികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

Posted on: 17 Oct 2011ഇന്ത്യയില്‍ പൊതുമേഖലയിലും, സ്വകാര്യമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന 24 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇന്ന് നിലവിലുണ്ട്. കമ്പനിയെ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജനങ്ങള്‍ക്ക് കമ്പനിയിലുള്ള വിശ്വാസമാണ്. ഒരു നല്ല കമ്പനിക്ക് നല്ല കെട്ടുറപ്പുള്ള ഭരണസംവിധാനം ഉണ്ടായിരിക്കണം വിദേശപങ്കാളിയുണ്ടെങ്കില്‍ അവരുടേയും പാരമ്പര്യം പരിശോധിക്കണം. മേലെതട്ടുമുതല്‍ താഴെ തട്ടുവരെ ഭരണം നടത്തുന്ന ആളുകളുടെ കഴിവ്, പരിചയം എന്നിവയും പ്രധാനപ്പെട്ടകാര്യങ്ങളാണ.് ഇന്‍ഷൂര്‍ ചെയ്യുന്ന ഏതു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ഏറ്റവും അടുത്ത് കമ്പനക്ക് ബ്രാഞ്ചോ, മൈക്രോ ഓഫീസോ അതല്ലെങ്കില്‍ കമ്പനിയുടെ പ്രതിനിധിയോ ഉണ്ടായിരിക്കുക എന്നത.് ഏറ്റവുമടുത്ത് ഓഫീസുണ്ടായാല്‍ നമുക്ക് ഇന്‍ഷൂറന്‍സ് സംബന്ധമായ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുക്കാനാകും. കമ്പനിയിലുള്ള പോളിസി ഉടമകളുടെ വിശ്വാസം ക്ലെയിം തീര്‍പ്പാക്കുന്നതിനനുസരിച്ചായിരിക്കും. ഒരു ക്ലെയിം ഉണ്ടായാല്‍ ഉടന്‍ തന്നെ പോളിസി ഉടമയുമായി ബന്ധപ്പെട്ട് അനുബന്ധ നിര്‍ദേശങ്ങള്‍ നല്‍കുകയും താമസം കൂടാതെ തിര്‍പ്പാക്കുന്നതും കമ്പനിയിലുള്ള വിശ്വാസത്തിന് ആക്കം കൂട്ടും. പോളിസി യഥാസമയം നല്‍കുക, പോളിസി പുതുക്കുന്നതിനുള്ള റിനീവല്‍ നോട്ട് മുന്‍കൂട്ടി നല്‍കുക എന്നിവ സേവനങ്ങളുടെ പട്ടികയില്‍പ്പെട്ടവയാണ.്

ഉപഭോക്താവിന്റെ പരാതികള്‍ കേള്‍ക്കുകയും അവക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ തക്കസമയത്ത് ചെയ്തു കൊടുക്കുന്ന ഒരു സംവിധാനവും ഉണ്ടായിരിക്കണം. പരാതികള്‍ സ്വീകരിക്കുക, യഥാസമയം മറുപടി നല്‍കുക എന്നതും പ്രധാനപ്പെട്ട ഒന്നാണ്. ഏറ്റവും കുറവ് പരാതികള്‍ ലഭിക്കുന്ന കമ്പനികളെയാണ് കൂടുതലായും ജനങ്ങള്‍ ഇഷ്ടപ്പെടുക. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതികള്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷൂറന്‍സ്, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, മൈക്രോ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ എന്നിങ്ങനെ സമൂഹത്തില്‍ താഴെ തട്ടിലുള്ളവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്. ഓരോ കമ്പനിയും മൊത്തം ബിസിനസ്സിന്റെ ഏഴുശതമാനത്തോളം ഇത്തരം ബിസിനസ്സ് ചെയ്യണമെന്നാണ് ഐ. ആര്‍.ഡി എ പറയുന്നത്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പനികളേതെന്ന് തിരിച്ചറിയണം. ഒരു വ്യക്തി/ കുടുംബം/ സ്ഥാപനം ഇങ്ങനെ ഏതുവിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പലതരത്തിലുള്ള റിസ്‌ക്കുകളാണുള്ളത്. ചില കമ്പനികള്‍ ലാഭകരമായ ബിസിനസ്സ് മാത്രം ലക്ഷ്യംവെച്ച് ഉപഭോക്താവിനെ സമീപിക്കുന്നു. എന്നാല്‍ മറ്റുചില കമ്പനികള്‍ മൊത്തം റിസ്‌ക്കുകളെ ( ഇന്‍ഷൂര്‍ ചെയ്യാവുന്നവ) കവര്‍ ചെയ്തുകൊടുക്കുന്നു. ഇത്തരത്തില്‍ തിരഞ്ഞ് പിടിച്ച് മാത്രം ഇന്‍ഷൂര്‍ ചെയ്യുന്നവരെ കണ്ടെത്തുക ആവശ്യമാണ.് എല്ലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടേയും നിയന്ത്രണം ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ഡവലപ്പ്‌മെന്റ് അതോറിറ്റി നിശ്ചയിക്കുന്ന പ്രകാരമാണ്.

ആധുനിക ലോകത്ത് വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇവ പരമാവധി പ്രയോജനപ്പെടുത്തുന്ന കമ്പനികള്‍ക്ക് ഉപഭോക്താവിന് മികച്ച സേവനം നല്‍കുന്നതിന് എളുപ്പമാകും. ഓണ്‍ലൈനായി പോളിസി നല്‍കുക, പോളിസി പുതുക്കുക, ക്ലെയിം അനുബന്ധ സേവനങ്ങള്‍ എങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഇത്തരത്തില്‍ ചെയ്‌തെടുക്കാം. പുതുമയുള്ള പോളിസികള്‍ കൊണ്ടുവരുന്നവര്‍ക്കായി വിപണി കാത്തിരിക്കുകയാണ്. വിദേശവിപണി, വിദേശ പങ്കാളി എന്നിവരെ കൂട്ടിയിണക്കി അന്തര്‍ദേശീയനിലവാരത്തിലേക്കു ഇന്ത്യന്‍ വിപണിയെക്കൊണ്ടെത്തിക്കുന്നവര്‍ക്കായിരിക്കും ഇനി മുതല്‍ പ്രഥമ സ്ഥാനം. ഉപഭോക്താവില്ലെങ്കില്‍ പിന്നെ വിപണിയില്ല. പ്രത്യേകിച്ച് ജനറല്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ഉപഭോക്താവ് പോളിസി പുതുക്കുവാന്‍ നല്ല സേവനം നല്‍കുന്ന മറ്റു കമ്പനികള്‍ തേടി പോകാനിടയുണ്ട്. അതിനാല്‍ നിലവിലുള്ള ഉപഭോക്താക്കളില്‍ എത്ര ശതമാനം പേര്‍ അതേ കമ്പനിയില്‍ തുടരുന്നു എന്നത് സേവനത്തിന്റെ ഒരളവുകോലായി കണക്കാക്കാം.

ഒരു കമ്പനിയുടെ പ്രധാന അളവുകോലാണ് മൊത്തം ബിസിനസ്സ്, ലാഭം എന്നിവ. ചില കമ്പനികള്‍ വമ്പിച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ടാകും പക്ഷേ അതിന്റെ ഇരട്ടി നഷ്ടവും വരുത്തിയിട്ടുണ്ടാവും. എന്നാല്‍ ഒരുയഥാര്‍ത്ഥ അടിത്തറയുള്ള കമ്പനിക്ക് വളര്‍ച്ചയോടൊപ്പം അതിന് ആനുപാതികമായ ലാഭവും ഉണ്ടാകും. ചില വര്‍ഷങ്ങില്‍ ലാഭം കുറയുകയോ ഇല്ലാതാവുകയോ ചെയ്താലും ശരാശരി എടുത്താല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിപണിയില്‍ നിലനില്‍ക്കാനാകൂ.

ഇന്‍ഷൂറന്‍സ് വിപണി ഇന്നും വിപണനക്കാരുടെ കൈകളിലാണ്. ഉപഭോക്താവിനെ മറന്ന്, താല്‍ക്കാലിക ലാഭത്തിനുവേണ്ടി തെറ്റിദ്ധരിപ്പിച്ച് വിപണനം ചെയ്യുന്നവരെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു ഏജന്റിനെ/ കമ്പനി പ്രതിനിധിയെ സമീപിച്ചാല്‍ പ്രസ്തുത കമ്പനിയുടെ മാത്രം പോളിസിയെക്കുറിച്ചേ അറിയാനാകൂ. എന്നാല്‍ ഇന്‍ഡ്യയിലെ ഒട്ടുമിക്ക കമ്പനികളുടേയും പോളിസികള്‍ കൈകാര്യം ചെയ്യുന്നവരാണ് ഇന്‍ഷൂറന്‍സ് ബ്രോക്കിംഗ് കമ്പനികള്‍. വിദഗ്ദരായ ഇത്തരം പ്രൊഫഷണലുകളെ സമീപിച്ചാല്‍ പോളിസികള്‍ തമ്മിലുള്ള താരതമ്യം പഠനം ചെയ്യാനും ഇഷ്ടാനുസരണം പോളിസി തെരഞ്ഞെടുക്കാനും കഴിയും.

വിശ്വനാഥന്‍ ഒടാട്ട്»  News in this Section