വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ എസ്ബിഐയുടെ സഹായം

Posted on: 17 Feb 2012കൊച്ചി: ഓട്ടത്തിനിടയില്‍ അപകടത്തെത്തുടര്‍ന്ന് കാര്‍ നിന്നുപോകുകയോ ബ്രേക്ക് ഡൗണ്‍ ആവുകയോ പഞ്ചറാവുകയോ ചെയ്താല്‍ പോളിസി ഉടമകള്‍ക്ക് അടിയന്തിര സഹായമെത്തിക്കാനുള്ള സംവിധാനം എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഈ സേവനത്തിന് ദിനംപ്രതി 36 പൈസ നല്‍കിയാല്‍ മതി.

ബ്രേക്ക്ഡൗണാവുകയോ മറ്റേതെങ്കിലും കാരണത്താല്‍ കാര്‍ നിന്നുപോവുകയോ ചെയ്താല്‍ വര്‍ക്ക്‌ഷോപ്പ് വരെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോവും. ടയര്‍ പഞ്ചറായാല്‍ പഞ്ചറൊട്ടിക്കാനുള്ള സംവിധാനമൊരുക്കും. ബാറ്ററി തകരാറുകള്‍ സംഭവിച്ചാല്‍ അതും പരിഹരിക്കുന്നതാണ്.

മൈ ടിവിഎസ്, ഇന്ത്യാ അസിസ്റ്റന്റ്‌സ് എന്നിവയുടെ സഹായത്തോടെ നടപ്പാക്കപ്പെടുന്ന ഈ സംവിധാനം ജമ്മു-കാശ്മീരിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലുമൊഴികെ അഖിലേന്ത്യാടിസ്ഥാനത്തില്‍ 24 മണിക്കൂറും ലഭ്യമാണ്. 20 സംസ്ഥാനങ്ങളിലായി 1600 കേന്ദ്രങ്ങളില്‍ എമര്‍ജന്‍സി റോഡ്‌സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. വാഹനം അപകടത്തില്‍പെട്ടാല്‍ മാത്രമല്ല സഹായം ലഭിക്കുക. 8 വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും.

നടപ്പുവര്‍ഷം ഇന്‍ഷ്വുറന്‍സ് ബിസിനസ് വിപുലമാക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എസ് ബി ഐ ജനറല്‍ ഇന്‍ഷ്വുറന്‍സ് മാനേജിങ് ഡയറക്റ്റര്‍ ആര്‍.ആര്‍.ബെല്ല പറഞ്ഞു. റോഡ് സൈഡ് അസിസ്റ്റന്‍സ് സ്‌കീം, മികച്ച ലോകോത്തര സാങ്കേതിക ജ്ഞാനം, ക്ലെയിമുകള്‍ ഫലപ്രദമായി നല്‍കാനുള്ള സംവിധാനം എന്നിവ ഇടപാടുകാര്‍ക്ക് തികച്ചും ആകര്‍ഷകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സൂക്ഷ്മതയോടെ വണ്ടി ഓടിക്കുകയും വാഹനം നന്നായി സൂക്ഷിക്കുകയും ചെയ്യുന്നവരില്‍ നിന്ന് കുറഞ്ഞ പ്രീമിയമാണ് കമ്പനി ഈടാക്കുന്നത്. 35നും 60നും ഇടയില്‍ പ്രായമുള്ള ഉത്തരവാദിത്വത്തോടെ വാഹനമോടിക്കുന്നവര്‍ക്കും എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ്, പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് നല്‍കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്‍ഷുറന്‍സ് ഓസ്‌ട്രേലിയാ ഗ്രൂപ്പും(ഐ എ ജി) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ്.

Tags: SBI General Insurance to provide emergency roadside assistance
»  News in this Section