ധനകാര്യ ആസ്തികളില്‍ മെച്ചം ഓഹരി

Posted on: 15 Dec 2011


ജോയി ഫിലിപ്പ്ധനകാര്യ ആസ്തികളില്‍ (ഫിനാന്‍ഷ്യല്‍ അസറ്റ്) ഏറ്റവും പ്രമുഖമായ സ്ഥാനമാണ് ഓഹരികള്‍ക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഭൂരിപക്ഷത്തിന്റേയും സ്വത്തില്‍ നല്ലൊരു പങ്കും ധനകാര്യ ആസ്തികളാണ്. വാറന്‍ ബുഫെയുടേയും ബില്‍ ഗേറ്റ്‌സിന്റെയും മുകേഷ് അംബാനിയുടേയും മറ്റും സമ്പത്തില്‍ നല്ലൊരു പങ്കും ധനകാര്യ ആസ്തികളാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ ഓഹരി നിക്ഷേപം പൊതു, സ്വകാര്യ കമ്പനികളുടെ ഓഹരികളിലെ നിക്ഷേപമാണ്. ഒരു കമ്പനിയുടെ ഓഹരി വാങ്ങുകയെന്നാല്‍ ആ കമ്പനിയുടെ ഉടമസ്ഥതിയില്‍ ഒരു പങ്ക് വാങ്ങുകയെന്നാണ്. അതിനാല്‍ തന്നെ ആ കമ്പനി ഉണ്ടാക്കുന്ന ലാഭനഷ്ടങ്ങളുടെ പങ്ക് ആനുപാതികമായി വഹിക്കേണ്ടതായി വരും.

ആഗോളതലത്തിലും ആഭ്യന്തര തലത്തിലും ഓഹരി വിപണിയിലുണ്ടായിട്ടുള്ള വന്യമായ വ്യതിയാനങ്ങള്‍ ആ നിക്ഷേപത്തില്‍നിന്ന് വിട്ടു പോകുവാന്‍ പല നിക്ഷേപകരേയും പ്രലോഭിപ്പിക്കുകയാണ്. ഉയര്‍ന്ന നേട്ടം പ്രതീക്ഷിച്ച് സ്വര്‍ണം, മറ്റ് കമോഡിറ്റികള്‍ എന്നിവയിലേയ്ക്കാണ് മിക്കവരും നിക്ഷേപം മാറ്റുന്നത്. എന്നാല്‍ ഇത് എത്രത്തോളം ബുദ്ധിപൂര്‍വമാണ്? അല്ലെങ്കില്‍ ദീര്‍ഘകാലത്തില്‍ മറ്റ് നിക്ഷേപാസ്തികള്‍ ഓഹരികളേക്കാള്‍ മികച്ച നിക്ഷേപം ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടോ?
ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുളള സ്ഥിതി പല തവണ വിപണിയില്‍ കണ്ടിട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ 2007-ലാണ് ഈ സ്ഥിതി സംജാതമായത്. അന്നത്തേതുപോലെ ഇന്നത്തെ ഓഹരികളുടെ വാല്വേഷന്‍ ആകര്‍ഷകമായ സ്ഥിതിയിലാണ്. വളര്‍ച്ച കുറഞ്ഞുവെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടന ലോകത്തില്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച വളര്‍ച്ചാ നിലവാരത്തിലാണ് എന്നു മാത്രമല്ല, ഭാവിയില്‍ മികച്ച വളര്‍ച്ചാ സാധ്യതയുമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഡിമാന്‍ഡാണ് ഈ വളര്‍ച്ചയെ നിലനിര്‍ത്തുന്നത്.

ഉടമസ്ഥനെ സംബന്ധിച്ചിടത്തോളം ചെറുകാലയളവിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ പ്രധാനപ്പെട്ടതല്ല. ദീര്‍ഘകാലത്തില്‍ കമ്പനിയുടെ പ്രകടനം സമ്പത്ത് സൃഷ്ടിക്കു സഹായിക്കുമോ എന്നതാണ് പ്രധാനം. ഭൂമി, സ്വര്‍ണം തുടങ്ങിയ റിയല്‍ ആസ്തികള്‍ വാങ്ങുന്നത് ദീര്‍ഘകാലത്തില്‍ സമ്പദ്‌സൃഷ്ടിക്കു സഹായിക്കുമെന്നതുകൊണ്ടാണല്ലോ? കുറഞ്ഞത് 8-10 വര്‍ഷം ലക്ഷ്യത്തോടെയേ ഓഹരിയില്‍ നിക്ഷേപം നടത്താവൂ. റിട്ടയര്‍മെന്റ് പ്ലാനിങ് ദീര്‍ഘകാല ലക്ഷ്യമിട്ടുള്ളതിനായാല്‍ ഓഹരി എന്ന ആസ്തി നിക്ഷേപത്തിന് യോജിച്ച ആസ്തികളിലൊന്നാണെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപ പരിപ്രേക്ഷ്യമില്ലാത്തവര്‍ ഓഹരിയില്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കരുത്.

കമ്പനികളുടെ ഓഹരികള്‍ പ്രഥമ ഇഷ്യു (ഐപിഒ) സമയത്ത് നേരിട്ടോ അല്ലെങ്കില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍നിന്നോ വാങ്ങാം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളില്‍ ദിവസവും വ്യാപാരം ഉണ്ടാവുകയും അതിന്റെ വിലകളില്‍ നിമിഷം പ്രതി വ്യതിയാനമുണ്ടാവുകയും ചെയ്യും.

ദ്വിതീയ വിപണിയില്‍നിന്ന് ഓഹരി വാങ്ങുവാന്‍, ആദ്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അംഗത്വമുള്ള ഏതെങ്കിലം ബ്രോക്കറുടെ അടുത്ത് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും ഓപ്പണ്‍ ചെയ്യണം. വാങ്ങുന്ന ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ ഇലക്‌ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നു.

ഓഹരികളില്‍ നേരിട്ടു നിക്ഷേപം നടത്തണമെങ്കില്‍ നല്ല അറിവും ക്ഷമയും കോമണ്‍സെന്‍സും സമയവും ഉണ്ടായിരിക്കണം. മാകോ, മൈക്രോ ഇക്കണോമിയെക്കുറിച്ച് അറിവുണ്ടായിരിക്കണം. കമ്പനികളേയും കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. ആഗോളതലത്തില്‍ സമ്പദ്ഘടനയിലും വിപണിയിലുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാഷ്ട്രീയം മുതല്‍ പ്രകൃതിദുരന്തങ്ങള്‍ വരെ ഓഹരിവിപണിയില്‍ വന്യമായ വ്യതിയാനങ്ങള്‍ക്കു കാരണമാകും. ഇത്തരത്തില്‍ പഠനം നടത്തി നിക്ഷേപം നടത്തുവാന്‍ പലപ്പോഴും സാധാരണക്കാര്‍ക്ക് സാധിക്കുകയില്ല. ഈ സാഹചര്യത്തില്‍ ഓഹരി നിക്ഷേപത്തിനായി പ്രഫഷണലുകളുടെ സഹായം തേടാം. മിക്ക ബ്രോക്കിങ് സ്ഥാപനങ്ങളും ഇപ്പോള്‍ ഓഹരി നിക്ഷേപത്തിനു മാര്‍ഗനിര്‍ദ്ദേശം നല്കുന്നുണ്ട്.

ഓഹരി ദീര്‍ഘകാല ആസ്തി

ഒരു അസറ്റ് (ആസ്തി) എന്ന നിലയില്‍ ദീര്‍ഘകാലത്തില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നേടിത്തരുന്നത് ഓഹരിയാണ്. ഉദാഹരണത്തിന് 1979-80 കാലയളവില്‍ ഇന്ത്യന്‍ഓഹരിയുടെ ബെഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്‌സില്‍ നിക്ഷേപിച്ച 10,000 രൂപ 30 വര്‍ഷംകൊണ്ട് 17.9 ശതമാനം പ്രതിവര്‍ഷ ശരാശരി വളര്‍ച്ചയോടെ 2010-11-ല്‍ 19,44,940 രൂപയായി വളര്‍ന്നിട്ടുണ്ട്. (പട്ടിക കാണുക) ഈ കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ച 10,000 രൂപ 2,65,412 രൂപയും ( 11 ശതമാനം വാര്‍ഷിക വളര്‍ച്ച) ബാങ്ക് ഡിപ്പോസിറ്റ് 1,61,337 രൂപയും ( 9 ശതമാനം വാര്‍ഷിക വളര്‍ച്ച) ആയി വളര്‍ന്നിട്ടുണ്ട്. ഈ കാലയളവിലെ ശരാശരി നാണ്യപ്പെരുപ്പം 8.26 ശതമാനമാണ്.

നാണ്യപ്പെരുപ്പം കുറച്ചു കഴിഞ്ഞാല്‍ ഓഹരിനിക്ഷേപത്തില്‍നിന്ന് 9.64 ശതമാനവും സ്വര്‍ണത്തില്‍നിന്ന് 2.74 ശതമാനവും ബാങ്ക് ഡിപ്പോസിറ്റില്‍നിന്ന് ഒരു ശതമാനത്തിനടുത്തുമാണ് യഥാര്‍ഥ റിട്ടേണ്‍. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. ദീര്‍ഘകാലത്തില്‍ സമ്പത്ത് ഉണ്ടാക്കുന്നതില്‍ ഓഹരിയുടെ പങ്ക്. റിട്ടയര്‍മെന്റിനായി നിക്ഷേപമാരംഭിക്കുമ്പോള്‍ ഇത് മനസില്‍ വയ്ക്കണം. കാരണം റിട്ടയര്‍മെന്റിന് നടത്തുന്ന നിക്ഷേപം ദീര്‍ഘകാലത്തിലുള്ളതാണല്ലോ. പക്ഷേ കഴിഞ്ഞ കാലത്തെ വളര്‍ച്ച ഭാവിയിലുണ്ടാകുമോ? അത് അടുത്ത ലക്കത്തില്‍.Also Read:
എങ്ങനെ സമ്പത്ത് സൃഷ്ടിക്കാം?


Tags: Stock is the best asset class to invest
»  News in this Section