
കഴിഞ്ഞ കാലത്തെ വളര്‍ച്ച ഭാവിയില്‍ ഓഹരി വിപണിയിലുണ്ടാകുമോ?
ഇതിന് നേരിട്ട് ഉത്തരം നല്‍കുന്നതിനു പകരം ഇന്ത്യയെക്കുറിച്ചുളള ചില വിലയിരുത്തലുകള്‍ നല്‍കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരിയില്‍ നിക്ഷേപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാം.
ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം പിടിക്കുന്നതുവരെ ലോകത്തിലെ സമ്പത്തിന്റെ നാലിലൊന്നു മുതല്‍ മൂന്നിലൊന്നുവരെ നിയന്ത്രിച്ചിരുന്നത് ഇന്ത്യയായിരുന്നു. 1707-ല്‍ മുഗള്‍ രാജാവ് ഔറംഗസീബ് മരണമടഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയെന്ന ഒറ്റ ആശയത്തിന് ഉടവു തട്ടുകയും ഈ അവസരം മുതലാക്കി ബ്രിട്ടീഷ്‌കാര്‍ പതിയെപ്പതിയെ ഇന്ത്യന്‍ സമ്പത്തിന്റെ നിയന്ത്രണം നേടുകയും ചെയ്തു. 1700-ല്‍ ഇന്ത്യന്‍ ജി.ഡി.പി ബ്രിട്ടന്റെ ഒമ്പതിരിട്ടിയായിരുന്നു. ഇരുന്നൂറ്റമ്പത് വര്‍ഷത്തെ ബ്രീട്ടീഷ് ഭരണം സാമ്പത്തികമായി ഇന്ത്യയെ ഏറ്റവും അവസാനത്തിലെത്തിച്ചു. 1947-ല്‍ സ്വാതന്ത്ര്യം നല്‍കി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ഇന്ത്യയുടെ 1.2 ഇരട്ടിയായിരുന്നു ബ്രിട്ടീഷ് ജി.ഡി.പിയെന്ന് ആഗോള സമ്പദ്ഘടനയെക്കുറിച്ചുളള ആഗ്നസ് മാഡിസണിന്റെ പഠനത്തില്‍ പറയുന്നു.
ഇരുന്നൂറ് വര്‍ഷംകൊണ്ട് ബ്രീട്ടീഷ്‌കാര്‍ പാപ്പരാക്കിയ ഇന്ത്യ അടുത്ത 60-65 വര്‍ഷംകൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തികശക്തിയായി തിരിച്ചു വന്നിരിക്കുകയാണ്. എണ്ണമില്ലാത്ത വിധത്തില്‍ ആഭ്യന്തരവും വൈദേശികവും സാമ്പത്തികവുമായ ഭീഷണികള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമിടയിലാണ് ഇന്ത്യ ഈ നേട്ടമുണ്ടാക്കിയിട്ടുളളത്.
പര്‍ച്ചേസിങ് പവര്‍ പാരിറ്റിയില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി മാറിയിരിക്കുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് ഏറ്റവുമൊടുവില്‍ വിലയിരുത്തുന്നത്. 2050-ഓടെ പര്‍ച്ചേസിങ് പവര്‍ പാരിറ്റിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറുമെന്ന് അടുത്തയിടെ സിറ്റി ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. അടുത്ത വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു മുമ്പില്‍ ഇന്ത്യ എത്തുമെന്ന് ലോകബാങ്കും വിലയിരുത്തുന്നു.
ഇന്ത്യയിലെ ഇടത്തരക്കാരുടെ എണ്ണം 2007-ലെ 5 കോടിയില്‍നിന്ന് 2025-ല്‍ 58.3 കോടിയായി ഉയരുമെന്നും അതേപോലെ 29.1 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് പുറത്തു കടക്കുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സി കണക്കാക്കുന്നു. 2025-ഓടെ ഇന്ത്യന്‍ കണ്‍സ്യൂമര്‍ വിപണി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തേതായിരിക്കുമെന്നും മക്കിന്‍സി കണക്കാക്കുന്നു. ഇത്തരത്തിലുളള ഉപഭോക്തൃവളര്‍ച്ചയ്ക്ക് വന്‍തോതിലുളള നിക്ഷേപം സമ്പദ്ഘടനയിലുണ്ടാകണം.
വരുംവര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേയ്ക്ക് നീങ്ങുമെന്നാണ് ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്. 2035-ല്‍ യു.എസിനും ചൈനയ്ക്കും പിന്നില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായിരിക്കും. ആ സമയം യു.എസ് സമ്പദ്ഘടനയുടെ 60 ശതമാനം വലുപ്പം ഇന്ത്യ നേടുമെന്നും അവര്‍ വിലയിരുത്തുന്നു. 1952-ല്‍ ആദ്യത്തെ പഞ്ചവത്സരപദ്ധതിയോടെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ പുനര്‍നിര്‍മാണം ആരംഭിച്ചുവെങ്കിലും 1991-ല്‍ ഡോ. മന്‍മോഹന്‍ സിങ് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണമാണ് രണ്ടാംഘട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് തുടക്കം കുറച്ചത്. ഇന്ത്യയുടെ സംരംഭകശക്തിയെ ഉണര്‍ത്തുവാനും ഇതു സഹായിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 1991 വരെയുള്ള ശരാശരി വാര്‍ഷിക ജി.ഡി.പി വളര്‍ച്ച 4.18 ശതമാനമാണ്. 1991 മുതല്‍ അടുത്ത 20 വര്‍ഷക്കാലത്ത് വാര്‍ഷിക ജി.ഡി.പി വളര്‍ച്ച 6.7 ശതമാനമായി. ഉദാരവത്കരണത്തിന്റെ ആദ്യത്തെ പത്തുവര്‍ഷക്കാലത്ത് പ്രതിവര്‍ഷം 5.6 ശതമാനമാണ് ജി.ഡി.പി വളര്‍ച്ച. രണ്ടാം ദശകത്തിലിത് 7 ശതമാനവും. ഇന്ത്യ ശരിയായ സാമ്പത്തിക വളര്‍ച്ചയുടെ തുടക്കത്തിലാണ്. അതായത് വരും ദശകങ്ങള്‍ ഇന്ത്യന്‍ വളര്‍ച്ചാകഥയുടെ നാളുകളാണ്.
ഇന്ത്യയെക്കുറിച്ച് ലോകത്തിന് പ്രതീക്ഷയാണ്. ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ പ്രതീക്ഷ എന്നു പറഞ്ഞാല്‍പോലും അധികമാവില്ല. ഇന്ത്യയെക്കുറിച്ച് ഏറ്റവും കുടുതല്‍ പഠിക്കുന്നത് ഇന്ത്യക്കാരല്ല, വിദേശീയരാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
അടുത്ത കാലത്ത് ആഗോള നിക്ഷേപഗുരുവായ വാറന്‍ ബുഫറ്റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഇന്ത്യ ഇതുവരെ സന്ദര്‍ശിക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മഠയത്തരമായി എന്നാണ്.
യു.എസ് ബാങ്കിങ് ഗ്രൂപ്പായ സിറ്റി, ഇന്ത്യയെ കാണുന്നത് അടുത്ത സാമ്പത്തിക ശക്തിയായിട്ടാണ്. അടുത്ത 39 വര്‍ഷത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയായി മാറുമെന്നാണ്. പര്‍ച്ചേസിങ് പവര്‍ പാരിറ്റിയില്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ വലുപ്പം 2050-ല്‍ 85.97 ലക്ഷം കോടി ഡോളറാകുമെന്ന് സിറ്റി ഗ്രൂപ്പ് കണക്കാക്കുന്നു. ഇന്ത്യയ്ക്ക് തൊട്ടു പിന്നിലുളള ചൈനയുടെ ജി.ഡി.പിയുടെ വലുപ്പം 80.012 ലക്ഷം കോടി ഡോളറായിരിക്കും. മൂന്നാം സ്ഥാനത്തുളള യു.എസിന്റേത് 39.07 ലക്ഷം കോടി ഡോളറും.
2050-ല്‍ ഇന്ത്യയുടെ ജനസംഖ്യ 163 കോടിയായി ഉയരും. ഇതനുസരിച്ച് ആളോഹരി വരുമാനം അന്ന് 53,000 ഡോളറായിരിക്കും. അതായത് ഇന്നത്തെ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയിലേയ്ക്ക് ഇന്ത്യ ഉയരും. 2050-ഓടെ ഇന്ത്യയില്‍നിന്ന് ദാരിദ്ര്യം തുടച്ചു മാറ്റപ്പെടുകയും ചെയ്യും. 2050-ല്‍ ഇന്ത്യയിലെ 100 കോടി ജനങ്ങളുടെ വരുമാനം 10,000-40,000 ഡോളറിന് ഇടയിലായിരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് കണക്കാക്കുന്നു. 30 കോടി ജനങ്ങള്‍ 40,000 ഡോളറിന് മുകളില്‍ വരുമാനമുള്ളവരായിരിക്കും.
2011-ല്‍ ഇന്ത്യന്‍ ജി.ഡി.പിയുടെ വലുപ്പം 4.45 ലക്ഷം കോടി ഡോളറാണ്. അടുത്ത 39 വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പി 85.97 ലക്ഷം കോടിയിലെത്തണമെങ്കില്‍ പ്രതിവര്‍ഷം 8.1 ശതമാനം വളര്‍ച്ച നേടേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഈ വളര്‍ച്ച സാധ്യമാകുന്നതിന് ജനസംഖ്യയും ജനാധിപത്യവും സഹായിക്കുമെന്നാണ് സിറ്റി ഗ്രൂപ്പ് പറയുന്നത്. 2015-35 കാലയളവില്‍ ജോലി ചെയ്യാന്‍ കഴിയുന്ന ജനസംഖ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലായിരിക്കുമെന്നാണ് സിറ്റി പഠനം പറയുന്നത്. ഏതാണ്ട് 80 കോടി ജനങ്ങള്‍.
ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി ഉയര്‍ന്നിട്ടുണ്ട്. ജപ്പാന്റെ ജി.ഡി.പി 2011-ല്‍ 4.42 ലക്ഷം കോടി ഡോളറിലേയ്ക്ക് താഴ്ന്ന സാഹചര്യത്തിലാണിത്.
വളരുന്ന ആഗോള ശക്തിയെന്നു തന്നെയാണ് ഇന്ത്യയെ യു.എസ് കരുതുന്നതും. ഇന്ത്യയുടെ വലുപ്പവും ജനസംഖ്യയും സ്ഥാനവും ആഗോള തലത്തില്‍ ഇന്ത്യയുടെ ശബ്ദത്തിന് കൂടുതല്‍ സ്ഥാനം നേടിക്കൊടുക്കുന്നതായി അമേരിക്ക കരുതുന്നു. മൂന്നാം ലോക രാജ്യങ്ങളില്‍ ഏറ്റവും കരുത്തുളള രാജ്യമായും ഇന്ത്യയെ യു.എസ് കാണുന്നു.
ഹ്രസ്വകാലത്തില്‍ എന്തു സംഭവിച്ചാലും ഇന്ത്യയെക്കുറിച്ച് താന്‍ ബുള്ളീഷ് ആണെന്ന് 'ആഗോളനിക്ഷേപ ഗുരു' മാര്‍ക്ക് ഫാബറെപ്പോലുളളവര്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തിനുളളില്‍ ഇന്ത്യ ലോകത്തിലെ സാമ്പത്തിക ശക്തികളിലൊന്നായിരിക്കും. ബ്രിട്ടീഷ്‌കാര്‍ ഇവിടംവിട്ട് 60-65 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ തിരിച്ചു വന്നിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികളെ നേരിട്ട് വിജയം വരിച്ച വളരെ വലിയ ചരിത്രമുളള ഇന്ത്യയ്‌ക്കെതിരേ പന്തയം വയ്ക്കുവാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് ഫാബര്‍ ചോദിക്കുന്നു.
ഇന്ത്യയുടെ ഈ സാമ്പത്തികവളര്‍ച്ചാസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് വലിയ സാധ്യതയാണുളളത്. 1960 കള്‍ക്കുശേഷം യു.എസിലുണ്ടായ വളര്‍ച്ചയാണ് അടുത്ത 40 വര്‍ഷക്കാലത്ത് ഇന്ത്യയില്‍ സംഭവിക്കുവാന്‍ പോകുന്നതെന്നാണ് വിവിധ ആഗോള ഏജന്‍സികളുടെ വിലയിരുത്തല്‍. 2050-ല്‍ ഇന്ത്യ ചൈനയ്ക്കു പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയാകുമെന്നും വിലിയരുത്തപ്പെടുന്നു.
ഇന്ത്യ അടുത്ത 40 വര്‍ഷങ്ങള്‍ക്കുളളില്‍ ആഗോള സമ്പദ്ഘടനയുടെ 25 ശതമാനത്തോളം സംഭാവന ചെയ്യുന്ന രാജ്യമായി തിരികെയെത്തും. 1700-കളിലേ സ്ഥിതിയിലേയ്ക്ക്. ഇതിന് ഇന്ത്യന്‍ ഓഹരി വിപണി വളര്‍ന്നേ മതിയാകൂ. സ്വഭാവികമായി ഓഹരി വിപണിയിലെ നിക്ഷേപവും. ഈ സാധ്യതയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം സമ്പത്ത് ഉണ്ടാക്കി നല്‍കുക. അതിനാല്‍ റിട്ടയര്‍മെന്റ് ആസ്തിയില്‍ ഒരു ഭാഗം തീര്‍ച്ചയായും ഓഹരിയില്‍ നിലനിര്‍ത്തുക.
ഇതോടെ ചോദ്യത്തിനുളള ഉത്തരമായി എന്നു വിചാരിക്കുന്നു.
ഇരുപത്തിയഞ്ച് വയസില്‍ ജോലിക്കു ചേരുന്ന ഒരാള്‍ തീര്‍ച്ചയായും റിട്ടയര്‍മെന്റ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതില്‍ നല്ലൊരു പങ്ക് ഓഹരിയിലായിരിക്കണം. ആവശ്യത്തിന് ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയ്ക്കുശേഷമുളള സമ്പാദ്യത്തില്‍ 80 ശതമാനം വരെ ഓഹരി അധിഷ്ഠിത നിക്ഷേപത്തില്‍ നടത്തണം. 100 വയസ് ജീവിതകാലമായി കണക്കാക്കിയാല്‍ ഇതില്‍നിന്ന് ഇപ്പോഴത്തെ വയസ് കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയ്ക്കു തുല്യമായ ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാം. പ്രായം കൂടുംതോറും ഇക്വിറ്റിയിലെ നിക്ഷേപം കുറച്ചുകൊണ്ടുവരാം. റിസ്‌ക് എടുക്കുവാനുളള ശേഷിയനുസരിച്ച് ഈ അനുപാതത്തില്‍ മാറ്റം വരുത്താം. അറുപതാം വയസില്‍ റിട്ടയര്‍ ചെയ്യുമ്പോഴേയ്ക്കും ഇക്വിറ്റിയിലെ നിക്ഷേപം 20-30 ശതമാനത്തിലേയ്ക്ക് താഴ്ത്തിക്കൊണ്ടു വരാം.
റിട്ടയര്‍മെന്റിനുശേഷവും ഇക്വിറ്റിയില്‍ നിക്ഷേപം തുടരണമോയെന്നും പലരും സംശയിക്കുന്നുണ്ടാവും. ഇക്വിറ്റിയില്‍ നിക്ഷേപം നടത്തരുതെന്ന് പല ഫിനാന്‍ഷ്യന്‍ പ്ലാനര്‍മാരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍ നാണ്യപ്പെരുപ്പത്തെ ദീര്‍ഘകാലത്തില്‍ നേരിട്ട് ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന ആസ്തിയെന്ന നിലയില്‍ ഓഹരിയെ ഉപേക്ഷിക്കുന്നത് ശരിയല്ല.
റിട്ടയര്‍ ചെയ്തു കഴിഞ്ഞാലും ജോലി ചെയ്ത കാലത്തോളം തന്നെ പിന്നെയും ജീവിതം മുമ്പിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അതിനാല്‍ നിക്ഷേപം പൂര്‍ണമായി ഡെബ്റ്റിലേയ്ക്ക് (കടപത്രങ്ങള്‍) മാറുന്നതിനു പകരം 20-30 ശതമാനം ഓഹരിയില്‍ സൂക്ഷിക്കുന്നത് നാണ്യപ്പെരുപ്പത്തിന്റെ ആഘാതത്തെ നേരിടുവാനും സമ്പത്ത് വളര്‍ത്തുവാനും സഹായകരമാകും.
അടുത്ത ലക്കത്തില്‍ മ്യൂച്വല്‍ ഫണ്ടുകളെപ്പറ്റി