റിട്ടയര്‍മെന്റ് നിധിക്ക് എത്ര രൂപ വേണം?

Posted on: 14 Sep 2011


ജോയി ഫിലിപ്പ്‌ആര്‍ക്കും ജോലി ചെയ്യാനാവാത്ത സമയം വരുന്നു; വരുമാനം ഇല്ലാത്ത കാലം വരുന്നു. ജാഗരൂകരായിരിക്കുവാന്‍.
പക്ഷേ, ഇതുവരെ ജീവിച്ച ശൈലിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും വേണം. അതിനു പണം വേണം. റിട്ടയര്‍മെന്റിന് മുമ്പുണ്ടായിരുന്ന സുഖകരമായ ജീവിതം തുടരുന്നതിനുളള ഭൗതികസാഹചര്യം ഒരുക്കുന്നതിനുളള ശ്രമമാണ് റിട്ടയര്‍മെന്റ് പ്ലാനിങ്. ഇതിനായി എത്ര സമ്പാദ്യം നടത്തണം, ആ സമ്പാദ്യത്തില്‍നിന്ന് എത്ര വരുമാനം ഉണ്ടാകണം, ഏതാണ്ട് എത്ര കാലത്തേയ്ക്ക് ഈ വരുമാനം ലഭിക്കണം തുടങ്ങിയവയൊക്കെയാണ് റിട്ടയര്‍മെന്റ് ആസൂത്രണത്തിന് വേണ്ട സമീപനങ്ങള്‍.

റിട്ടയര്‍മെന്റിന് എത്ര തുക വേണം

മിക്കവരും ചിന്തിക്കുന്നത് റിട്ടയര്‍മെന്റിനുശേഷം ചെലവു കുറയുമെന്നാണ്. എന്നാല്‍ മിക്കപ്പോഴും നേരെ മറിച്ചാണ് അനുഭവപ്പെടുന്നത്. റിട്ടയര്‍മെന്റിനുശേഷം ചെലവ് വര്‍ധിക്കുന്നതായാണ് കാണുന്നത്. താമസിച്ചു വിവാഹം കഴിക്കുന്നതിനാല്‍ മിക്കവരുടേയും റിട്ടയര്‍മെന്റ് വര്‍ഷങ്ങളിലാണ് മക്കള്‍ വിവാഹിതരാകുന്നത്. ഇത് വലിയ ചെലവുകളിലൊന്നാണ്. ചുരുക്കത്തില്‍ വരുമാനം കുറയുകയും ചെലവ് കുറയാതെ നില്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് പലപ്പോഴും റിട്ടയര്‍മെന്റ് കൊണ്ടു വരുന്നത്.

പണപ്പെരുപ്പംകൂടി ചേരുമ്പോള്‍ ജീവിതച്ചെലവ് വീണ്ടും വര്‍ധിക്കുന്നു. ഉദാഹരണത്തിന് 40 വയസുളള ഒരാളുടെ ചെലവ് ഇപ്പോള്‍ 25,000 രൂപയാണെന്നു കരുതുക. ഏഴു ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 10 വര്‍ഷം കഴയുമ്പോള്‍ 50,000 രൂപയ്ക്കു തുല്യമായിരിക്കും ഈ തുക. ഒരു പത്തു വര്‍ഷം കൂടി കഴിഞ്ഞാല്‍ അത് 1,00,000 രൂപയ്ക്കു തുല്യമായിരിക്കും. അതായത് ഇപ്പോഴത്തെ നിലയില്‍ ജീവിതം തുടര്‍ന്നുകൊണ്ടുപോകണമെങ്കില്‍ പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കണം. അതായത് പ്രതിവര്‍ഷം 12 ലക്ഷത്തോളം രൂപ. അയാള്‍ അറുപതാം വയസ്സില്‍ റിട്ടയര്‍ ചെയ്യുകയും ഒരു 20 വര്‍ഷം കൂടി ജീവിക്കുകയും ചെയ്യുകയാണെന്ന് കരുതുക. എങ്കില്‍ റിട്ടയര്‍മെന്റ് സമയത്ത് 8.5 കോടി രൂപയുടെ നിധി വേണം. അതായത് അടുത്ത 20 വര്‍ഷക്കാലത്ത് റിട്ടയര്‍മെന്റ് കാലത്തിനായി 8.5 കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കണം. അതിന് 12 ശതമാനം റിട്ടേണ്‍ ലഭിക്കുന്ന വിധത്തില്‍ പ്രതിമാസം 85000 രൂപയുടെ നിക്ഷേപം നടത്തണം.

കഴിഞ്ഞ രണ്ടു വര്‍ഷമായി പണപ്പെരുപ്പം ഇരട്ടയക്കത്തിന് ചുറ്റളവില്‍ തുടുരുന്നതിന്റെ പ്രയാസങ്ങള്‍ എല്ലാവരുടേയും കണ്‍മുമ്പില്‍ തന്നെയുണ്ടല്ലോ? അഞ്ചോ ആറോ ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ച് ആസൂത്രണം നടത്തിയവരുടെ സ്ഥിതി ആലോചിച്ചു നോക്കൂ. റിട്ടയര്‍ ചെയ്ത് വരുമാനം നിലയ്ക്കുമ്പോഴും പണപ്പെരുപ്പം വര്‍ധിച്ചുകൊണ്ടിരിക്കും.

ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിതദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടുതലാണെന്ന കാര്യവും കൂടി റിട്ടയര്‍മെന്റ് നിധി നിശ്ചയിക്കുമ്പോള്‍ പുരുഷന്മാര്‍ കണക്കിലെടുക്കുക. പങ്കാളിയുടെ ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ ഇതാവശ്യമാണ്.

തൊഴിലുടമയില്‍നിന്ന് പെന്‍ഷന്‍ ലഭിക്കുമെങ്കില്‍ ആ തുക, വാടകയിനത്തിലോ മറ്റും വരുമാനം ലഭിക്കുവാനിടയുണ്ടെങ്കില്‍ ഈ തുക ജീവിതച്ചെലവില്‍ നിന്ന് കുറച്ചതിനുശേഷം നിക്ഷേപത്തിനുളള തുക നിശ്ചയിക്കാം.

ആവശ്യത്തിനുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ്

ഭക്ഷ്യവസ്തുക്കളേക്കാള്‍ മരുന്ന്, ചികിത്സാച്ചെലവുകള്‍ തുടങ്ങിയവയിലുണ്ടായ വര്‍ധന സാധാരണ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലാണ് അനുഭവപ്പെടുന്നത്. റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സിന് പ്രത്യക പരിഗണന നല്കണം. കാരണം അപ്രതീക്ഷിതമായ ഒരു രോഗമെത്തിയാല്‍ ശരീരത്തെ മാത്രമല്ല ബാധിക്കുക സാമ്പത്തിക സുരക്ഷിതത്വത്തേയും ബാധിക്കുന്നു. ചികിത്സ തുടങ്ങിയാല്‍ സമ്പാദ്യം ചോര്‍ന്നുപോകുന്നത് അറിയുകയേയില്ല. റിട്ടയര്‍മെന്റിന് മുമ്പുതന്നെ ആവശ്യത്തിന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് എത്രയും നേരത്തെ എടുക്കുക. ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സും ആരോഗ്യ പോളിസികള്‍ക്കൊപ്പമുണ്ടായരിക്കണം. ഇതൊടൊപ്പം അടിയന്തരചികിത്സകള്‍ക്കായി ഒരു തുകയും കരുതണം.

മിച്ചം വയ്ക്കുവാനുളള ശേഷി

എത്ര തുക റിട്ടയര്‍മെന്റിന് വേണമെന്ന കണക്കാക്കിയാല്‍ അടുത്ത പടി ഇതിനായി ഓരോ മാസവും എത്ര തുക മിച്ചം പിടിക്കുവാന്‍ സാധിക്കുമെന്ന് കണക്കാക്കണം. നേരത്തെ റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്നവര്‍ക്ക് അത് കുറേക്കാലം കൂടി നീട്ടി വച്ച് റിട്ടയര്‍മെന്റ് നിധിക്കുളള തുകയുടെ ഒരു ഭാഗം സ്വരൂപിക്കാം. അല്ലെങ്കില്‍ റിട്ടയര്‍മെന്റിനുശേഷം പാര്‍ട്ട് ടൈം ജോലികള്‍ സ്വീകരിച്ച് വരുമാനം വര്‍ധിപ്പിക്കാം.

നിക്ഷേപം എവിടെയാകണം?

മിച്ചം വയ്ക്കുന്ന തുക റിട്ടേണ്‍ കിട്ടാവുന്ന വിധത്തില്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് സമയത്ത് ലക്ഷ്യമിട്ടിരിക്കുന്ന റിട്ടയര്‍മെന്റ് നിധി ആര്‍ജിക്കുവാന്‍ സാധിക്കുകയുളളു. വൈവിധ്യമാര്‍ന്ന നിക്ഷേപാസ്തികള്‍ ഇതിനായി ലഭ്യമാണ്. റിസ്‌ക് കുറഞ്ഞ ഗവണ്മെന്റ് ബോണ്ടുകള്‍ തുടങ്ങി റിസ്‌ക് കൂടിയ ഓഹരി നിക്ഷേപം വരെ. റിസക് കുറയുന്നതനുസരിച്ച് റിട്ടേണും കുറയും. റിട്ടേണ്‍ കുറയുമ്പോള്‍ റിട്ടയര്‍മെന്റ് നിധിയില്‍ ലക്ഷ്യമിട്ടിരിക്കുന്ന തുകയിലെത്തുവാന്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരും. അതായത് കൂടുതല്‍ തുക മിച്ചം കണ്ടെത്തണം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതത്വമുളള ഗവണ്മെന്റ് ബോണ്ടുകളിലേയും കടപ്പത്രങ്ങളിലേയും നിക്ഷേപം പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവാണ്. അതായത് ഇത്തരം നിക്ഷേപങ്ങള്‍ സുരക്ഷിതത്വം നല്കുമെങ്കിലും പണപ്പെരുപ്പത്തെ അതിജീവിക്കുവാന്‍ കരുത്തു നല്കുന്നില്ല. ഇത് റിട്ടയര്‍മെന്റ് ലക്ഷ്യമിടുന്ന ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുവാനിടയുണ്ട്. അതായത് മുണ്ടു മുറുക്കേണ്ടതായി വരും. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ സഹായം തേടേണ്ടി വരും.

മിച്ചം വയ്ക്കുന്ന തുക എവിടെയാണ് നിക്ഷേപിക്കുക. നിക്ഷേപസാധ്യതകളെപ്പറ്റി അടുത്തതില്‍.ഇക്കാര്യങ്ങളും മനസില്‍ വയ്ക്കാം

1. റിട്ടയര്‍മെന്റ് കാലത്തെ ഏറ്റവും മുഖ്യമായ സംഗതി, ആവശ്യത്തിന് പണം ലഭിക്കുകയെന്നതാണ്. ആസ്തിയുണ്ടെങ്കിലും ആവശ്യത്തിന് പണം കൈവശം ഇല്ലാതെ വന്നാല്‍ ജീവിതം ദുരിതമയമാകും.അതിനാല്‍ ക്യാഷ് ഫ്ലോ ഉറപ്പാക്കുന്ന നിക്ഷേപങ്ങള്‍ റിട്ടയര്‍മെന്റ് ആസൂത്രണത്തിലുണ്ടാകണം. റിട്ടയര്‍ ചെയ്യുന്നതിന് മുമ്പു തന്നെ ആവശ്യത്തിന് സമ്പാദ്യം ശിഷ്ട ജീവിതത്തിന് ലഭ്യമാക്കണം.

2. റിട്ടയര്‍മെന്റ് പ്ലാനില്‍ തീര്‍ച്ചയായും ആരോഗ്യത്തിന് മുന്തിയ പരിഗണന നല്കണം. ക്രമമായി എക്‌സര്‍സൈസും ആരോഗ്യകരമായ ജീവിതശൈലിയുമില്ലെങ്കില്‍ അത് ചെയ്തു തുടങ്ങണം. ഇത് ആസ്പത്രികളില്‍നിന്ന് കഴിയുന്നതും അകന്നു നില്ക്കുവാന്‍ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണരീതി പരിശീലിക്കുക. ക്രമമായി മെഡിക്കല്‍ ചെക്കപ്പിന് വിധേയമാകുക. വളരെ സജീവമായ ജീവിതരീതി സ്വീകിരിക്കുക. ആരോഗ്യം കായികക്ഷമതയ്ക്കു മാത്രമല്ല, സാമ്പത്തിക സുരക്ഷിതത്വത്തിനും സഹായകരമാണ്.

3. വീട്. അവനവന്‍ താമിസിച്ചു പോരുന്ന വീട് വിട്ടു പോകുവാന്‍ ആരുംതന്നെ ആഗ്രഹിക്കാറില്ല. എങ്കിലും കുട്ടികളും മറ്റും കൂടെ താമസിക്കുന്നില്ലെങ്കില്‍ വലിയ വീട്ടില്‍ താമസിച്ച് അത് മെയിന്റെയിന്‍ ചെയ്തുകൊണ്ടുപോകുക ബുദ്ധിമുട്ടായിരിക്കും. പ്രയാസമില്ലെങ്കില്‍ ചെറിയ വീട്ടിലേയ്ക്ക്, സുരക്ഷിതത്വമുളള വീട്ടിലേയ്ക്ക് മാറാവുന്നതാണ്.

4. റിട്ടയര്‍മെന്റ് വരെയുളള നല്ല പ്രായം മുഴുവന്‍ ജോലി ചെയ്തു. ഈ കാലയളവില്‍ നല്ല ദിനചര്യവും രൂപപ്പെട്ടിട്ടുണ്ടാകും. നേരത്തെ എഴുന്നേല്‍ക്കുക, വ്യായാമം ചെയ്യുക, സമയത്ത് ഭക്ഷണം കഴിക്കുക... തുടങ്ങി കിടക്കയില്‍ വൈകുന്നേരം എത്തുന്നതുവരെയുളള കാര്യങ്ങള്‍ക്ക് ഒരു ചിട്ടയുണ്ടായിരുന്നു. റിട്ടയര്‍ ചെയ്യുന്നതോടെ രാവിലത്തെ ഭക്ഷണത്തിനുശേഷം സമയം കിടക്കുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും നല്ലൊരു പങ്ക് ആളുകള്‍ക്കും ഈ അവസ്ഥ സഹിക്കുവാന്‍ കഴിയുന്നില്ല. പ്രവര്‍ത്തിക്കാനില്ലാത്ത അവസ്ഥ ആലോചിക്കുവാന്‍ വയ്യ. ഇതിന് പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് സന്നദ്ധ പ്രവര്‍ത്തനമാണ്. വിനോദമെന്ന നിലയില്‍ കണ്‍സള്‍ട്ടിങ് ഏറ്റെടുക്കാം. ക്ലബ്ബില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം, സ്‌കൂളുകളില്‍ ക്ലാസുകളെടുക്കാം, എന്തിന് പാര്‍ട്ട് ടൈം ജോലി വരെ ചെയ്യാം. ഇന്ത്യക്കാരുടെ ശരാശരി ജീവിതദൈര്‍ഘ്യം 72 വയസ്സാണ്. അതായത് റിട്ടയര്‍ ചെയ്താലും പത്തോ ഇരുപതോ വര്‍ഷംകൂടി ജീവിക്കണം. ഇതില്‍ നല്ലൊരു പങ്ക് കാലം വരെ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യാന്‍ പലര്‍ക്കും സാധിക്കും.

5. ഈ ലോകത്തു നിന്നു പോകുമ്പോള്‍ ഇവിടെ ശേഷിപ്പിച്ചു പോകുന്ന ആസ്തികള്‍ ആരുടെ കൈവശമെത്തണമെന്ന കാര്യം വില്‍പത്ര പ്രകാരം ഉറപ്പാക്കുക. പിന്‍തലമുറ സ്വത്തിനെച്ചൊല്ലി കലഹിക്കുന്നത് ഒഴിവാകും. പിന്‍തലമുറ നല്ല ബന്ധത്തില്‍ തുടരുവാനും സഹായകരമാകും.

Tags: How much savings need for retirement-Article by Joy Philip
»  News in this Section