റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക ഞെരുക്കമില്ലാതെ

Posted on: 04 Aug 2011


ജോയി ഫിലിപ്പ്‌രാജ് മല്‍ഹോത്രയ്ക്കും ഭാര്യ പൂജയ്ക്കും മക്കള്‍ നാലാണ്. അയജ്, സഞ്ജയ്, രോഹിത്, കരണ്‍.

രാജും പൂജയും അവരുടെ ആവശ്യങ്ങള്‍ മാറ്റിവച്ചു മക്കള്‍ക്ക് എല്ലാംനല്കി വളര്‍ത്തി. മല്‍ഹോത്ര ഇതിനിടയില്‍ അനാഥനെ എടുത്തു വളര്‍ത്തുകയും ചെയ്തു. അലോകിനെ. സ്വന്തം മകനെപ്പോലെ തന്നെ മല്‍ഹോത്ര അലോകിനെയും സ്‌നേഹിച്ചു. അവനെ പഠിപ്പിച്ചു. അലോക് ഇന്ന് പഠിച്ച് വലിയ ആളായി. അലോക് അര്‍പ്പിതയുമായി സ്‌നേഹത്തിലാണ്. തന്റെ വിജയത്തിനു സഹായിച്ച രാജിനെ അലോക് എന്നും ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്തു പോന്നു.

ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനായ രാജ് മല്‍ഹോത്ര ജോലിയില്‍ മികച്ച ഉയര്‍ച്ച നേടി. പക്ഷേ ഒരുനാള്‍ റിട്ടയര്‍ ചെയ്തല്ലേ പറ്റൂ. എല്ലാവരേയുംപോലെ രാജും ഒരുനാള്‍ ജോലിയില്‍നിന്ന് പിരിഞ്ഞു. രാജും പൂജയും മക്കളോടും കൊച്ചുമക്കളോടുമൊപ്പം ആഹ്ലാദത്തോടെ കഴിയുവാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്‌നം മക്കള്‍ക്ക് തങ്ങളെ വേണ്ട.
മാത്രവുമല്ല, അവര്‍ രാജിനേയും പൂജയേയും രണ്ടാക്കി. ആദ്യത്തെ ആറുമാസം രാജ് മൂത്ത മകന്‍ അജയയുടെകൂടെയും പൂജ സഞ്ജയിന്റെ കൂടെയും താമസിക്കട്ടെയെന്ന് മക്കള്‍ തീരുമാനിച്ചു. അടുത്ത ആറുമാസം അവരെ ഇളയ രണ്ടു മക്കളുടേയും കൂടെ താമസിപ്പിക്കുവാനും തീരുമാനിച്ചു. ജീവനു തുല്യം പരസ്പരം സ്‌നേഹിച്ചിരുന്ന രാജും പൂജയും അങ്ങനെ രണ്ടായി താമസിക്കേണ്ടി വന്നു. മക്കളുടെ അടുത്തു നിന്ന് അവര്‍ക്ക് നല്ല പെരുമാറ്റം ലഭിച്ചതുപോലുമില്ല. പ്രായമാകുമ്പോള്‍ വേര്‍പ്പെട്ടു ജീവിക്കുകയെന്നത് എത്രയോ വേദനാജനകമാണ്.

മക്കളുടേയും കുടുംബാംഗങ്ങളുടേയും അടുത്തുനിന്നുണ്ടായ അപമാനത്തിലും അവഹേളനത്തിലും മനംനൊന്ത് മല്‍ഹോത്ര ഒരു പുസ്തകം എഴുതുന്നു. ബഗ്ബാന്‍. അര്‍ത്ഥം തോട്ടക്കാരന്‍. ഈ പുസ്തകം രാജിന് കൊണ്ടുവന്നത് കൈ നിറയെ പണവും പ്രശസ്തിയുമാണ്. പണവും പ്രശസ്തിയും കൂടിയതോടെ മക്കള്‍ രാജിന്റെ അടുത്തേയ്ക്ക് തിരികെയെത്തി. ക്ഷമിക്കണമെന്ന് കേണപേക്ഷിച്ചു. അവരുടെ ക്ഷമായാചനയ്ക്കു പിന്നില്‍ പണത്തോടുളള ആര്‍ത്തി മാത്രമാണെന്ന് അറിയാമായിരുന്ന രാജ് അവരെ അവഗണിച്ചു. പൂജയോടൊപ്പം, എടുത്തു വളരര്‍ത്തിയ അലോകിനും ഭാര്യ അര്‍പിതയ്ക്കുമൊപ്പം, സുഖമായി ജീവിക്കുവാന്‍തുടങ്ങി.

അമിതാഭ് ബച്ചനും (രാജ് മല്‍ഹോത്ര) ഹേമമാലിനിയും (പൂജ) നായികാനായകന്മാരായി അഭിനിയിച്ച് 2003-ല്‍ ഇറങ്ങിയ ബഗ്ബാന്‍ എന്ന ഹിന്ദി സിനിമയുടെ കഥയാണ് മുകളില്‍ വിവരിച്ചത്. ഇതില്‍ അലോകിനേയും അര്‍പിതയേയും പുസ്തകമെഴുത്തും മാറ്റി നിര്‍ത്തിയാല്‍ നിത്യ ജീവിതത്തില്‍ ഇത്തരത്തിലുളള നിരവധി അനുഭവങ്ങള്‍ ചുറ്റും കണ്ണോടിച്ചാല്‍ കാണാവുന്നതാണ്.

ജീവിതം അതിശയങ്ങളുടെ ഘോഷയാത്രയാണ്. അത് പോസിറ്റീവാകാം നെഗറ്റീവാകാം. തീരെ പ്രതീക്ഷിച്ചിരിക്കാത്ത സമയത്താകാം ഇവ സംഭവിക്കുക. അല്പം ശ്രദ്ധ വച്ചാല്‍ അതിനാല്‍ തന്നെ പ്രഫഷണല്‍ ജീവിതം തുടങ്ങുമ്പോള്‍ തന്നെ റിട്ടയര്‍മെന്റിനു വേണ്ടിയുളള തയാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. അല്ലെങ്കില്‍ രാജിനെപ്പോലുളള അനുഭവം വന്നു ഭവിച്ചേക്കാം.

റിട്ടയര്‍മെന്റിനെ പോസീറ്റീവ് മനോഭാവത്തോടെ സമീപിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം. ചിലര്‍ക്ക് റിട്ടയര്‍മെന്റ് സന്തോഷത്തിന്റെ ദിനങ്ങളാണ്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കൂടുതല്‍ സമയം കണ്ടെത്തുവാന്‍ അവര്‍ക്കു സാധിക്കുന്നു.

മറ്റ് ചിലരെ സംബന്ധിച്ചടത്തോളം റിട്ടയര്‍മെന്റ് ഏകാന്തതയുടേതാണ്. വരുമാനം ഇല്ലാത്ത സാഹചര്യത്തില്‍ രണ്ടറ്റവും എങ്ങനെ കൂട്ടിമുട്ടിക്കുമെന്ന ആശങ്കയിലാണ് അവര്‍. ചുരുക്കത്തില്‍ റിട്ടയര്‍മെന്റ് സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സാമ്പത്തികസുരക്ഷിതത്വം അത്യാവശ്യമാണ്. ചെറിയ വരുമാനമെങ്കിലും വാര്‍ധക്യകാലത്തെ ആവശ്യങ്ങള്‍ക്കായി കിട്ടിക്കൊണ്ടിരിക്കണം. ഇതിന് തീര്‍ച്ചയായും ശരിയായ പ്ലാനിങ് ആവശ്യമാണ്.

'സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്ത് തിന്നാം' എന്ന ചൊല്ല് എത്ര അന്വര്‍ത്ഥമാണ്.

ശരിയായ പ്ലാനിങ്ങും ആവശ്യത്തിന് സമ്പാദ്യവുമുണ്ടെങ്കില്‍ തീര്‍ച്ചയായും റിട്ടയര്‍മെന്റ് സന്തോഷകരമായി ചെലവഴിക്കുവാന്‍ കഴിയും. ഈ സമയത്ത് പഴയ ഇഷ്ടങ്ങള്‍ പൊടിത്തട്ടിയെടുക്കാം. ചിലര്‍ക്ക് യാത്ര ഇഷ്ടമായിരിക്കും; ചിലര്‍ക്ക് പുസ്തകം വായന ഇഷ്ടമായിരിക്കും; ചിലര്‍ക്ക് സാമൂഹ്യസേവനം ഇഷ്ടമായിരിക്കും... തുടങ്ങി ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാനുളള അവസരമാക്കി മാറ്റാം. എന്നാല്‍ ശരിയായ പ്ലാനിങ് ഇല്ലെങ്കിലോ? ആശങ്കയായിരിക്കും മുമ്പില്‍. ചെലവഴിക്കുന്ന ഓരോ പൈസയേയും കുറിച്ച് ആശങ്കപ്പെടും. റിട്ടയര്‍മെന്റ് കാലം മുഴുവന്‍ ചെലവഴിക്കുവാന്‍ തന്റെ സമ്പാദ്യംകൊണ്ടു സാധിക്കുമോയെന്ന ആശങ്ക.

കാലം നീങ്ങിയതോടെ റിട്ടയര്‍മെന്റ് ജീവിതം അപ്പാടെ മാറി. ഏതാനും വര്‍ഷം വരെ അമ്പത്തിയെട്ടിലോ അറുപതിലോ ജോലി അവസാനിപ്പിച്ച് വീട്ടില്‍ ശിഷ്ട ജീവിതം തുടരുന്ന പതിവായിരുന്നു. കിട്ടുന്ന പെന്‍ഷനുംകൊണ്ട് ശിഷ്ട ജീവിതം കഴിച്ചുപോരുകയും ചെയ്തുപോന്നു. റിട്ടയര്‍ ചെയ്തശേഷമുള്ള ജീവിതത്തെക്കുറിച്ച് വലിയ ആശങ്കളുമില്ലായിരുന്നു. കാരണം പെന്‍ഷന്‍ തികഞ്ഞില്ലെങ്കില്‍ പോലും മക്കള്‍ കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടായിരുന്നു.

ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ റിട്ടയര്‍മെന്റ് പ്രായത്തെ ജീവിതത്തിന്റെ മധ്യകാലമായിട്ടാണ് പലരും കാണുന്നത്. രാവിലെ 10 മുതല്‍ 5 വരെയുളള ജീവിതത്തിന് വിരാമമിടുന്ന ഒരു സംഭവത്തില്‍ കവിഞ്ഞ് റിട്ടയര്‍മെന്റിന് പ്രാധാന്യം നല്കുന്നല്ലാത്ത സ്ഥിതിയാണ്. മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷത്തെ നിത്യത്തൊഴിലിനുശേഷം കുറച്ചു കാലം കൂടി തൊഴില്‍ ചെയ്യാമെന്ന് പലരും കരുതുന്നു. അല്ല പലരും തൊഴില്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. മുപ്പത്തഞ്ചുവര്‍ഷത്തെ പരിചയം ഉപയോഗപ്പെടുത്തുവാനും ഉദ്ദേശിക്കുന്നു. പുതിയ ഒരു കരിയര്‍ തന്നെ പലരുടേയും ജീവിതത്തില്‍ റിട്ടയര്‍മെന്റിനു ശേഷമുണ്ടാകുന്നുണ്ട്. പല ബി.പി.ഒ സ്ഥാപനങ്ങളും റിട്ടയര്‍ ചെയ്തവര്‍ക്ക് രണ്ടാം കരിയര്‍ നല്കുന്നുണ്ട്. വിദ്യാഭ്യാസ രംഗമാണ് ഇത്തരത്തില്‍ രണ്ടാം കരിയര്‍ നല്കുന്ന മറ്റൊരു മേഖല.

മാത്രവുമല്ല, തൊഴില്‍ രംഗത്തെ 10-5 ജോലിക്കപ്പുറത്ത് പാര്‍ട്ട് ടൈം ജോലികള്‍ ലഭിക്കുന്ന വിധത്തില്‍ തൊഴില്‍ മേഖല മാറിയതും റിട്ടയര്‍മെന്റ് ജീവിതത്തെ പുതിയതായി കാണുവാന്‍ സഹായിക്കുന്നുണ്ട്.

പൊതുവേ സാമൂഹ്യ സ്ഥിതിയും മാറിയിരിക്കുന്നു. പഴയ കൂട്ടുകുടുംബ സംവിധാനം മാറിയതോടെ പ്രായമായവര്‍ക്ക് ശുശ്രൂഷ ലഭിക്കുന്നത് കുറയുക മാത്രമല്ല, ഇല്ലാതാകുന്ന സ്ഥിതിയിലാണ്. ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുളള കുടുംബങ്ങളാണ് അധികവും. ജീവിതത്തിന്റെ ഭാരവും പേറി അന്യനാട്ടില്‍ ജോലി ചെയ്യാന്‍ പോകുന്ന സാഹചര്യത്തില്‍ മാതാപിതാക്കളെ പരിചരിക്കുവാന്‍ മക്കള്‍ക്ക് സാധിക്കുന്നില്ല.

പ്രശസ്ത മാനേജ്‌മെന്റ് വിദഗ്ധനും കമന്റേറ്ററുമായ ഗുര്‍ചരണ്‍ ദാസ് ഗുപ്ത ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തു പോവുകയാണ്. കേരളത്തിലെ അമ്മമാര്‍ക്ക് അവരുടെ മക്കളെ കണ്ടു മരിക്കുവാന്‍ യോഗമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. വിദേശത്തു ജോലിക്കു പോകുന്നതിനാല്‍ മക്കള്‍ക്ക് മാതാപിതാക്കളോടൊപ്പം താമസിക്കുവാന്‍ സാധിക്കുന്നില്ല. ധാരാളം തൊഴില്‍ സൃഷ്ടിയുണ്ടായെങ്കില്‍ മാത്രമേ ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകുകയുളളൂ.
ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം കണക്കിലെടുത്ത് പ്രഫഷണല്‍ ജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് ജീവിതത്തേക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ എത്രയും നേരത്ത റിട്ടയര്‍മെന്റ് പ്ലാനിങ് ആരംഭിക്കണം. എത്രയും നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലത്. റിട്ടയര്‍മെന്റ് പ്ലാനിങ്ങിനെക്കുറിച്ച് അടുത്ത ലക്കത്തില്‍.


ചില വസ്തുതകള്‍

* ഓഫീസുകളിലും കമ്പനികളിലും തുടങ്ങിയ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ റിട്ടയര്‍മെന്റിനു ശേഷം ശരാശരി 15-20 വര്‍ഷത്തോളം ജീവിച്ചിരിക്കുന്നതായാണ് കണക്കുകള്‍. അതായത് ഈ കാലയളവിലേയ്ക്കുള്ള ജീവിതോപാധി കണ്ടെത്തേണ്ടി വരുന്നു. ഈ കാലത്തേയ്ക്ക് ആവശ്യമായ തുക 30-35 വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ നേടേണ്ടിയിരിക്കുന്നു.

* ജോലി ചെയ്യുന്ന കാലത്ത് മിക്കവരും ചിന്തിക്കും റിട്ടയര്‍ ചെയ്താല്‍ ജീവിക്കുവാന്‍ അധികം പണം വേണ്ട എന്ന്. എന്നാല്‍ വസ്തുത നേരെ തിരിച്ചാണ്. റിട്ടയര്‍മെന്റ് ജീവിതം കാലം ചെല്ലുംതോറും ചെലവേറി വരികയാണ്. പ്രത്യേകിച്ചും ചികിത്സയ്ക്കുളള ചെലവുകള്‍. റിട്ടയര്‍മെന്റ് കാലത്തില്‍ ഏറ്റവും ചെലവ് വരുന്നതും ചികിത്സയ്ക്കാണ്.
Tags: Basics of retirement savings-By Joy Philip
»  News in this Section