ഇന്‍ഷുറന്‍സ് വാഹനത്തിനും

Posted on: 04 Feb 2010




വാഹനം ഉള്ളവരെല്ലാം വാഹന ഇന്‍ഷുറന്‍സും എടുത്തിരിക്കും. എന്നാല്‍ പിന്നീട് സമയത്തുതന്നെ പോളിസി 'പുതുക്കാന്‍' പലരും മറന്നുപോകും. വാഹനം സ്ഥിരമായി ഉപയോഗിക്കേണ്ടിവരാത്തത് കൊണ്ടോ, സ്ഥലത്തില്ലാതിരുന്നതുകൊണ്ടോ, മറന്ന് പോകുന്നതോ ആകാം.

പോലീസിനെ പേടിച്ചാണ് പലരും പോളിസി പുതുക്കുന്നത് തന്നെ. പോളിസി പുതുക്കാത്തതുകൊണ്ട് ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ചില്ലറയല്ല. അതിന് ഉദാഹരണമാണ് മധുകുമാറിന് ഉണ്ടായ അനുഭവം.

വിദേശത്തുനിന്നും അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു മധു. നാട്ടില്‍ ഇല്ലാതിരുന്നതു കൊണ്ട് ഉപയോഗിക്കാതെ വീട്ടില്‍ പൊടിയടിച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ തുടച്ച് വൃത്തിയാക്കി ഒന്ന് കറങ്ങാന്‍ ഇറങ്ങി. വണ്ടി ഓടിച്ചപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല, സമാധാനമായി. പെട്ടെന്നായിരുന്നു ഒരു കുട്ടി വണ്ടിയുടെ മുന്നിലേക്ക് ചാടിയത്. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വണ്ടി ഇടിച്ചു. ഓടിക്കൂടിയവര്‍ ഉടനെ കുട്ടിയെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇത് മധുവിനെ മാനസികമായി തളര്‍ത്തി. വണ്ടിയുടെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിരുന്നു. ഇത് മധുവിനെ സാമ്പത്തികമായും തളര്‍ത്തി. ഇതുവരെ കരുതിവച്ച സമ്പാദ്യമെല്ലാം കോടതിയില്‍ കെട്ടിവച്ചു.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടം ചിലപ്പോള്‍ ഒഴിവാക്കാന്‍ കഴിയില്ല. അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാവുന്നതാണ്. അതാണ് വാഹന ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രാധാന്യം. അതുകൊണ്ട് വാഹന ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയുന്നത് ആവശ്യമാണ്.

എന്താണ് വാഹന ഇന്‍ഷുറന്‍സ് പോളിസി?

പൊതുനിരത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് വാഹന ഇന്‍ഷുറന്‍സ് പോളിസി. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പൊതുനിരത്തില്‍ ഇറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും വാഹന ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. അതിന്റെ തെളിവായി പോളിസി രേഖ വണ്ടിയില്‍ സൂക്ഷിക്കുകയും വേണം. സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍, സ്വകാര്യ കാറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വാഹന ഇന്‍ഷുറന്‍സ് വേണ്ടതാണ്.

ഏതെല്ലാം വാഹന ഇന്‍ഷുറന്‍സ് പോളിസികളാണ് ഉള്ളത്?

പ്രധാനമായും രണ്ട് തരത്തിലുള്ള വാഹന ഇന്‍ഷുറന്‍സ് പോളിസികളാണ് നിലവിലുള്ളത്. ബാധ്യതകള്‍ക്ക് പരിരക്ഷ നല്‍കുന്ന പോളിസികളും ബാധ്യതകള്‍ക്കൊപ്പം വാഹനത്തിനും മറ്റ് വസ്തുക്കള്‍ക്കും പൂര്‍ണ്ണമായും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളും. ബാധ്യതകള്‍ക്ക് മാത്രം പരിരക്ഷ നല്‍കുന്ന പോളിസികളില്‍ അപകടം നിമിത്തം മറ്റുള്ളവര്‍ക്കുണ്ടാകുന്ന ശാരീരിക പരിക്കുകള്‍, മരണം, വസ്തുവകകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം, മോഷണം എന്നിവയ്‌ക്കെല്ലാം നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

ആര്‍ക്കെല്ലാം വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കാം?

ഏത് വാഹന ഉടമയ്ക്കും, അതായത് ആരുടെ പേരിലാണോ വണ്ടിയുടെ രജിസ്‌ട്രേഷനും മറ്റ് നിയമപരമായ ഉടമസ്ഥതയുമുള്ളത് അവര്‍ക്കെല്ലാം വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കാം.

എത്ര തുകയ്ക്ക് ഇന്‍ഷുറന്‍സ് എടുക്കണം?

വാഹനത്തിന്റെ നിലവിലുള്ള വിലയനുസരിച്ച് പോളിസി എടുക്കാം.

'ക്ലെയിം' എങ്ങനെ കിട്ടും?

അപകടം അല്ലെങ്കില്‍ നഷ്ടം നടന്നാല്‍ ഉടന്‍ പോലീസിലും ഇന്‍ഷുറന്‍സ് കമ്പനിയിലും അറിയിക്കുകയാണ് വേണ്ടത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും 'ക്ലെയിം' ഫോറം വാങ്ങി പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിച്ചാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി നഷ്ടം നല്‍കും. വാഹന ഇന്‍ഷുറന്‍സിലെ വീഴ്ചകൊണ്ട് ഭാവിയില്‍ ഉണ്ടാകാവുന്ന വലിയ നഷ്ടം ഒഴിവാക്കാം.

വാഹന ഇന്‍ഷുറന്‍സില്‍ ശ്രദ്ധിക്കേണ്ടത്

* വാഹനം നിരത്തിലിറക്കും മുമ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക.
* പോളിസി യഥാസമയം പുതുക്കുക.
* പോളിസി സംബന്ധിച്ച രേഖയുടെ പകര്‍പ്പ്/രേഖ വാഹനത്തില്‍ കരുതുക.
* ഇന്‍ഷുറന്‍സ് എടുക്കുമ്പോഴും പുതുക്കുമ്പോഴും വാഹനം, ഉടമ, വിലാസം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ തെറ്റിയിട്ടില്ല എന്ന് ഉറപ്പാക്കുക (അല്ലെങ്കില്‍ 'ക്ലെയിം' കിട്ടാന്‍ ബുദ്ധിമുട്ടാകും).
* പോളിസി വ്യവസ്ഥകള്‍ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക.
* വാഹനം കൈമാറ്റം നടത്തുകയോ പണയപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് കാര്യങ്ങളിലും മാറ്റം വരുത്തുക.
* വാഹനത്തിന് രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും ഏറെ പ്രധാനപ്പെട്ടതാണ്. അത് രണ്ടും ശരിയാണെന്ന് ഉറപ്പാക്കണം.
Tags: Motor insurance, car
»  News in this Section