ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍

Posted on: 24 Jun 2012ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുത്താല്‍ പിന്നെ ഒന്നും പേടിക്കേണ്ട; ആസ്പത്രി ചെലവുകള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് തുക ലഭിക്കുമല്ലോ. ഇങ്ങനെ ചിന്തിക്കുന്നവരാണ് ഏറെയും. എന്നാല്‍, കാര്യങ്ങള്‍ എപ്പോഴും അങ്ങനെയാവണമെന്നില്ല.

ആരോഗ്യ ഇന്‍ഷൂറന്‍സ് ഇനത്തില്‍ വലിയ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നവര്‍ ഏറെയാണ്. മരുന്നിന് വന്ന അധിക ചെലവോ ഡോക്ടര്‍മാരുടെ ഫീസോ ഒന്നുമല്ല അമിത തുക ഇവരില്‍ നിന്ന് ഈടാക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. പക്ഷെ ചികിത്സ സമയത്ത് താമസിക്കാന്‍ പോളിസി കരാര്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ വാടകയുള്ള ആസ്പത്രി മുറിയെടുത്തതാണ്.

പോളിസിയില്‍ അനുവദിച്ചതിന് മുകളില്‍ വാടകയുള്ള മുറിയെടുക്കുമ്പോള്‍ ഇതിനുള്ള പിഴ മറ്റു സേവനങ്ങള്‍ക്കും ബാധകമാണെന്ന് മറക്കരുത്. 2000 രൂപ വാടകയുള്ള മുറിയാണ് പോളിസിയില്‍ അനുവദിച്ചിരിക്കുന്നതെന്ന് കരുതുക. നാലായിരം രൂപ വാടകയുള്ള മുറിയെടുത്താല്‍ അധികം തുകയായ 2000 രൂപ തിരിച്ചടച്ചാല്‍ മതി എന്ന് ധരിച്ചാല്‍ തെറ്റി. ഒരു പക്ഷെ ഇതിന് നല്‍കേണ്ടി വരുന്ന പിഴ 50,000 രൂപയായിരിക്കും.

പോളിസി അനുസരിച്ച് 2000 രൂപ വാടകയുള്ള മുറിയാണ് എടുക്കുന്നതെങ്കില്‍ ചികിത്‌സയ്ക്കുള്ള ചെലവ് 15,000 രൂപയും ആസ്പത്രി ചെലവ് 25,000 രൂപയുമാണ് തിരിച്ചടക്കേണ്ടതെങ്കില്‍ അധികം തുകയുള്ള മുറി വാടകയ്ക്ക് എടുക്കുന്ന പക്ഷം ചികിത്സയ്ക്കുള്ള ചെലവ് 25,000 രൂപയും ഡോക്ടര്‍ ഫീസ് 50,000 രൂപയുമായിട്ടായിരിക്കും ഇന്‍ഷുറന്‍സ് കമ്പനി പരിഗണിയ്ക്കുക. ആസ്പത്രയിലെ മറ്റു ചിലവുകള്‍ മുറി വാടകയോട് ബന്ധപ്പെടുത്തിയാണ് പരിഗണിക്കുക. പോളിസി എടുക്കുന്നതിന് മുമ്പ് കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ ഇത്തരം അമിത ചെലവുകള്‍ ഒഴിവാക്കാന്‍ സാധിക്കും. കരാറില്‍ പറയാതെ അമിത തുക ഈടാക്കുന്ന പക്ഷം ഇത് തിരകെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശവുമുണ്ടെന്നത് മറക്കരുത്.

ചിലര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടി വരുമ്പോള്‍ ഇതിന് പണം കണ്ടെത്തുന്നതിനായാണ് അമിത വാടകയുള്ള മുറിയെടുക്കുന്നവരില്‍ നിന്ന് മറ്റ് ഇനങ്ങളിലും അമിത തുക ഈടാക്കുന്നത്. അതുകൊണ്ടാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ ആസ്പത്രിയിലെ മുറി വാടകയ്ക്ക് കമ്പനികള്‍ പ്രാധാന്യം നല്‍കുന്നതും.

തിമിര ശസ്ത്രക്രിയപോലുള്ള കേസുകളില്‍ രോഗിയുടെ വയസും കമ്പനികള്‍ പരിഗണിയ്ക്കും. വയസ് 55ന് മുകളിലാണെങ്കില്‍ ആസ്പത്രി ചെലവിന്റെ 25-30 ശതമാനം വരെ രോഗി തന്നെ അടയ്‌ക്കേണ്ടതായി വന്നേക്കാം. ഇന്‍ഷുറന്‍സ് കവര്‍ കുറഞ്ഞിരിക്കുന്ന അവസരത്തിലും ഒരു വര്‍ഷത്തിനിടയില്‍ മറ്റൊരു ക്ലെയിം നടത്തിയിട്ടുണ്ടെങ്കിലും വീണ്ടുമൊരു ക്ലെയിം ലഭിക്കാനുള്ള സാധ്യത കുറവാണ്. പക്ഷെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് കൃത്യമായ ഒരു പ്രായപരിധി നിലവിലില്ല. ഇത് 65 ആക്കാന്‍ ഐ.ആര്‍.ഡി.എ ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഇത് നടപ്പിലായിട്ടില്ല. പല കമ്പനികളും 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതായാണ് അവകാശപ്പെടുന്നത്. എന്നാല്‍, ചില കമ്പനികളെങ്കിലും പ്രായപരിധി 50 വയസായി തിട്ടപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ റിട്ടയര്‍മെന്റിനോടടുത്ത് പുതിയ ഇന്‍ഷുറന്‍സ് കവറിനായി തിരക്കുകൂട്ടുന്ന പ്രവണത നിലവിലുണ്ട്. റിട്ടയര്‍മെന്റിനോടടുത്ത് പുതിയ പോളിസി പല കമ്പനികളും നല്‍കുന്നില്ല. ഇനി നല്‍കിയാല്‍ തന്നെ ഇതിന് ഉയര്‍ന്ന പ്രീമിയവും നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ വഴി കരാര്‍ വായിച്ചു പോളിസിയെടുക്കുന്നതാണ് മറ്റൊരു അപകടം. പലപ്പോഴും ഇതില്‍ പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കണമെന്നില്ല. പോളിസി ലഭിക്കുമ്പോള്‍ മാത്രമേ കരാറും കൈയില്‍ ലഭിക്കൂ എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ കമ്പനിയോട് മുന്‍കൂര്‍ ചോദിച്ചു മനസിലാക്കുകയാണ് നല്ലത്.

Tags: Look before you take health cover
»  News in this Section