
രാജ്യത്ത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള സേവന നികുതി കേന്ദ്രം ഉയര്‍ത്തുന്നു. ഇതോടെ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ചെലവേറും.
എന്‍ഡോവ്‌മെന്റ്, മണിബാക്ക് തുടങ്ങിയ പാരമ്പര്യ ഇന്‍ഷുറന്‍സ് പോളിസികളുടെ സേവനനികുതി നിരക്ക് ഒരു ശതമാനത്തില്‍നിന്ന് 1.5 ശതമാനമായിട്ടാണ് ഉയര്‍ത്തിയിട്ടുള്ളത്. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസി (യൂലിപ്) കളുടെ സേവന നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബജറ്റിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
പരമ്പരാഗത ഇന്‍ഷുറന്‍സ് പോളിസികളുടെ സേവനനികുതി ഇപ്പോഴത്തെ 1.03 ശതമാനത്തില്‍നിന്ന് 1.545 ശതമാനമായാണ് ഉയര്‍ത്തിയിട്ടുളളത്. അതായത് പതിനായിരം രൂപ പ്രീമിയമുള്ള പോളിസിക്ക് 103 രൂപ സേവന നികുതി നല്കിയിരുന്ന സ്ഥാനത്ത് ഇനി 154.5 രൂപ നല്കണം. ഇത് പ്രീമിയത്തിന്റെ വര്‍ധനയ്ക്കാണ് വഴി തെളിക്കുക. അടയ്ക്കുന്ന പ്രീമിയത്തില്‍നിന്ന് ഈടാക്കുകയാണെങ്കില്‍ ലൈഫ് പോളിസികളില്‍നിന്നുളള റിട്ടേണില്‍ കുറവു വരും. രണ്ടായാലും പോളിസി ഉടയ്ക്ക് നഷ്ടം.
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനില്‍ ഇനി ചാര്‍ജുകള്‍ക്കെല്ലാം സേവന നികുതി നല്കണം. ഇതുവരെ മോര്‍ട്ടാലിറ്റി ചാര്‍ജ്, ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ് എന്നിവയ്ക്ക് സേവന നികുതി നല്കിയാല്‍ മതിയായിരുന്നു. ഇനി മുതല്‍ അലോക്കേഷന്‍ ചാര്‍ജ്, അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ് തുടങ്ങിയവയ്ക്കും സേവന നികുതി നല്കണം. ചുരുക്കത്തില്‍ യൂലിപ് പ്രീമിയത്തില്‍ നിക്ഷേപത്തിനായി നീക്കിവയ്ക്കുന്ന തുകയ്ക്കുശേഷമുളള തുകയ്ക്കു സേവന നികുതി നല്കണം. യൂലിപ്പുകളുടെ സേവന നികുതി 0.75 ശതമാനമായിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ഇത് യൂലിപ്പുകളുടെ റിട്ടേണിനെ ബാധിക്കും. യൂലിപ്പിന്റെ റിട്ടേണില്‍ 0.2-0.25 ശതമാനം കുറവു വരുമെന്നാണ് കണക്കാക്കുന്നത്. സേവന നികുതിയില്‍ നേരിയ വര്‍ധന വരുത്തിയത് ബിസിനസിനെ കാര്യമായി ബാധിക്കുകയില്ലെന്നാണ് ഒരു വിഭാഗം ഇന്‍ഷുറന്‍സ് വിദഗ്ധരുടെ അഭിപ്രായം.
യൂലിപ്പില്‍ പത്തു വര്‍ഷത്തിനു താഴെയുളള പോളിസികളില്‍ ഗ്രോസ്- നെറ്റ് യീല്‍ഡ് തമ്മിലുളള വ്യത്യാസം 3 ശതമാനമായും 10 വര്‍ഷത്തിനു മുകളില്‍ മെച്യൂരിറ്റി കാലാവധിയുളള പോളിസികള്‍ക്ക് ഇത് 2.25 ശതമാനമായും ഇന്‍ഷുറന്‍സ് റെഗുലേറ്റിങ് ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ( ഇര്‍ഡ) നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സേവനനികുതി വര്‍ധന അതിലുള്‍പ്പെടുമോയെന്ന് വ്യക്തമായ നിര്‍ദ്ദേശം വന്നിട്ടില്ല. ഇത് ഇതില്‍ ഉള്‍പ്പെടുമെങ്കില്‍ കമ്പനികളുടെ മാര്‍ജിന്‍ കുറയ്ക്കും. അല്ലെങ്കില്‍ ചെലവു കുറയ്ക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തേണ്ടി വരും.