എല്‍ഐസി ജീവന്‍ വൈഭവ്: കവറേജിനല്ല, ആദായവര്‍ധനയ്ക്ക്‌

Posted on: 28 Jul 2012


എസ്.രാജ്യശ്രീ7.25 ശതമാനം മുതല്‍ 10.25 ശതമാനം വരെ വാര്‍ഷിക വരുമാനം. അതും ഗ്യാരന്റിയോടെ. ഒപ്പം ലൈഫ് കവറേജും. എല്‍ഐസി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന ജീവന്‍ വൈഭവിന്റെ ആകര്‍ഷണീയത ഇതാണ്. ഓഹരി, ഇക്വിറ്റി ഫണ്ട് നിക്ഷേപങ്ങളില്‍ ആദായമില്ലാതാകുകയും ബാങ്ക് പലിശ കുറയാന്‍ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ പത്തുവര്‍ഷക്കാലയളവില്‍ ഇത്രയും ഉയര്‍ന്ന പലിശ ഉറപ്പാക്കാന്‍ സഹായിക്കുന്നു എന്നതാണ് പോളിസിയുടെ മികവ്.

നാലു ലക്ഷത്തിനു മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് സം അഷ്വേര്‍ഡിന്റെ രണ്ടു ശതമാനം ഹൈ പ്രീമിയം ഇന്‍സെന്റീവായി ലഭിക്കും. പ്രീമിയം ആറു ലക്ഷത്തിനു മുകളിലായാല്‍ ഇന്‍സെന്റീവ് മൂന്നു ശതമാനമായി ഉയരും. അതായത് അടയ്ക്കുന്ന പ്രീമിയം കൂടുന്നതിനുസരിച്ച് ലഭിക്കുന്ന വരുമാനവും വര്‍ധിക്കും. കൂടുതല്‍ തുക നിക്ഷേപിച്ച് സുരക്ഷിതമായി പത്തര ശതമാനത്തിനടുത്ത് ആദായ വര്‍ധന നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. ക്ലോസ് എന്‍ഡഡ് പോളിസിയാതിനാല്‍ സപ്തംബര്‍ പകുതി വരെ മാത്രമേ ഈ പോളിസി വിപണിയില്‍ ലഭ്യമാകൂ. അതിന് മുമ്പ് നിക്ഷേപം നടത്തണം.

കവറേജ് കുറവ്, നികുതി ഇളവില്ല

ഇന്‍ഷുറന്‍സ് പോളിസിയെന്ന നിലയില്‍ ചില പോരായ്മകള്‍ ഉണ്ട് ഈ പോളിസിക്ക്. അതുകൂടി മനസിലാക്കിവേണം നിക്ഷേപം. കുറഞ്ഞ കവറേജാണ് ഇതില്‍ പ്രധാനം. നല്‍കുന്ന പ്രീമിയത്തിന്റെ രണ്ടിരട്ടി മാത്രമാണ് കവറേജായി ലഭിക്കുക. അതും പത്തു വര്‍ഷത്തേയ്ക്ക് മാത്രം. 30കാരന് 3600 രൂപ പ്രീമിയത്തില്‍ ഒരു കോടിയുടെ കവറേജ് ലഭിക്കുന്ന ടേം പോളിസികള്‍ ഇവിടെയുണ്ടിപ്പോള്‍. അതായത് പത്തു വര്‍ഷത്തേക്ക് 36000 രൂപ നല്‍കുമ്പോള്‍ ഒരു കോടിയുടെ കവറേജ് ലഭിക്കുന്നു. എന്നാല്‍, ജീവന്‍ വൈഭവില്‍ 95,000 രൂപയ്ക്ക് ലഭിക്കുന്നത് പരമാവധി രണ്ടു ലക്ഷം രൂപ മാത്രം കവറേജ്. ഇതു കുറവാണെന്നതിനു പുറമെ പത്തു വര്‍ഷ കാലാവധിയേ ഈ ലൈഫ് പോളിസിക്കുള്ളൂ. അതായത് 30 കാരന് പത്തുവര്‍ഷം കഴിയുമ്പോള്‍ അടുത്തപോളിസി എടുക്കേണ്ടി വരും. പ്രായം കൂടുമെന്നതിനാല്‍ 3600 രൂപയെന്ന പ്രീമിയത്തിലും വലിയ വര്‍ധന വരും. അതിനാല്‍ കവറേജിനായി ഈ പോളിസി എടുക്കുന്നത് കനത്ത നഷ്ടമാണ്.

ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രധാന ആകര്‍ഷണീയതയായ ആദായനികുതി ഇളവ് ഇല്ലെന്നതും വലിയൊരു പോരായ്മയാണ്. പ്രീമിയത്തിന്റെ പത്തിരട്ടി കവറേജുള്ള പോളിസികള്‍ക്കേ ഇനി 80 സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കൂ. മാത്രമല്ല പുതിയ നികുതി നിര്‍ദേശം അനുസരിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന തുകയ്ക്കും നികുതി നല്‍കേണ്ടി വരും.

ഉയര്‍ന്ന തുകയ്ക്ക് ഉയര്‍ന്ന ആദായം

ഗ്യാരന്റീഡ് റിട്ടേണ്‍ വാഗ്ദാനം ചെയ്ത്, എല്‍ഐസി കുറച്ചുകാലം മുമ്പ് അവതരിപ്പിച്ച ജീവന്‍ വൃദ്ധി എന്ന സിംഗിള്‍ പ്രീമിയം പോളിസിക്ക് ലഭിച്ച് ജനപ്രീതിയാണ് ചില മാറ്റങ്ങളോടെ ജീവന്‍ വൈഭവ് അവതരിപ്പിക്കാന്‍ പ്രേരണയായത്. ജീവന്‍ വൃദ്ധിയില്‍ 4.7 മുതല്‍ 7.09 ശതമാനം റിട്ടേണും പ്രീമിയത്തിന്റെ അഞ്ചിരട്ടി കവറേജും ആയിരുന്നു. ജീവന്‍ വൈഭവില്‍ കവറേജ് ഇരട്ടിയാക്കി പരമിതപ്പെടുത്തിയപ്പോള്‍ വാര്‍ഷിക വരുമാനം 7.7 മുതല്‍ 10.25 ശതമാനം വരെയായി ഉയര്‍ത്തി. ലോയല്‍റ്റി അഡിഷനും ഉയര്‍ന്ന പ്രീമിയത്തിനുള്ള റിബേറ്റുമാണ് വരുമാനം വര്‍ധിപ്പിക്കുന്നത്. എല്‍ഐസി ഇതുവരെ നല്‍കിയ ലോയല്‍റ്റി അഡീഷന്‍ വെച്ചു നോക്കിയാല്‍ 1000 രൂപയ്ക്ക് പരമാവധി 50 മുതല്‍ 100 രൂപ വരെയാണ് ലഭിക്കുക. ഇതു കൂടി പരിഗണിക്കുമ്പോഴാണ് ആറു ലക്ഷത്തിനു മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് 10.4 ശതമാനം വരെ ആദായം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നിക്ഷേപ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രായം ഉയരുമ്പോള്‍ പ്രീമിയം കാര്യമായി വര്‍ധിക്കുമെന്നതിനാല്‍ 30 വയസുവരെയുള്ളവര്‍ക്കാണ് ശരിയായ നേട്ടം ലഭിക്കുക. എന്നാല്‍ പ്രായക്കൂടുതലുള്ളവര്‍ക്ക് മക്കളുടേയോ കൊച്ചുമക്കളുടേയോ പേരില്‍ പോളിസിയെടുത്ത് ഈ പോരായ്മ മറികടക്കാം.

അടിസ്ഥാന വിവരങ്ങള്‍ ചുരുക്കത്തില്‍
* കുറഞ്ഞ പ്രീമിയം - 95,210 രൂപ
* കുറഞ്ഞ സം അഷ്വേര്‍ഡ് രണ്ടു ലക്ഷം
* ഉയര്‍ന്ന പ്രീമിയത്തിനും സം അഷ്വേര്‍ഡിനും പരിധിയില്ല.
* കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സം അഷ്വേര്‍ഡിനു പുറമെ എല്‍ഐസി പ്രഖ്യാപിക്കുന്ന ലോയല്‍റ്റി അഡിഷനും ലഭിക്കും. കാലാവധിക്കുള്ളില്‍ പോളിസിയുടമ മരിച്ചാല്‍ സം അഷ്വേര്‍ഡ് ലഭിക്കും.
* നാല് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഹൈ പ്രീമിയം ഇന്‍സെന്റീവ് ഇല്ല. അതിനു മുകളില്‍ സം അഷ്വേര്‍ഡിന്റെ 2%. ആറു ലക്ഷത്തിനു മുകളില്‍ സം അഷ്വേര്‍ഡിന്റെ 3% ഇന്‍സെന്റീവ്.
* പ്രായം 8 മുതല്‍ 65 വയസുവരെ
* 80 സി പ്രകാരമുള്ള നികുതി ഇളവില്ല
* കാലാവധിക്കു ശേഷം ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി ബാധകം
* വായ്പാ സൗകര്യം ലഭ്യമാണ്.


Tags: LIC Jeevan Vaibhav-An investment plan not for coverage
»  News in this Section