ഐപിഎല്ലിന് 900 കോടി രൂപയുടെ ഇന്‍ഷുറന്‍സ്
Posted on: 09 Mar 2012

മുംബൈ: ഇന്‍ഷുറന്‍സ് കവറിന്റെ കാര്യത്തില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍), ലോകകപ്പിനെയും വെല്ലും. ഐ.പി.എല്ലിന് ബി.സി.സി.ഐ എടുക്കുന്ന ഇവന്റ് ക്യാന്‍സലേഷന്‍ പോളിസി 900 കോടി രൂപയുടേതാണ്. കഴിഞ്ഞ ലോകപ്പിന് എടുത്തതുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടിരട്ടിയോളം വരുമിത്. കഴിഞ്ഞ ഐ.പി.എല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ 150 കോടി രൂപ അധികവും.
ടൂര്‍ണമെന്റ് ഏതെങ്കിലും കാരണത്താല്‍ മുടങ്ങുന്ന പക്ഷം നഷ്ടം നികത്തുന്നതിനായി സംഘാടകര്‍ എടുക്കുന്ന പോളിസിയാണ് ഇവന്റ് ക്യാന്‍സലേഷന്‍ പോളിസി. കോമണ്‍വെല്‍ത്ത് ഗെയിംസിന് സംഘാടകരെടുത്ത ഇവന്റ് ക്യാന്‍സലേഷന്‍ പോളിസി 200 കോടി രൂപയുടേതും ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനെടുത്തത് 500 കോടി രൂപയുടെതുമായിരുന്നു. ടൂര്‍ണമെന്റിലെ ഏതെങ്കിലും മത്സരം തങ്ങളുടേതല്ലാത്ത കാരണത്താല്‍ മുടങ്ങിയാലുണ്ടാവുന്ന നഷ്ടം നികത്തുന്നതിന് ബി.സി.സി.ഐക്ക് ഇവന്റ് ക്യാന്‍സലേഷന്‍ പോളിസി പരിരക്ഷ നല്‍കും. ടൂര്‍ണമെന്റ് മുടങ്ങുന്ന പക്ഷം ആഭ്യന്തര-വിദേശ മാധ്യമ സംപ്രേക്ഷണങ്ങള്‍ മുടങ്ങിയാലുണ്ടാവുന്ന നഷ്ടത്തിനും സ്‌പോണ്‍സര്‍ഷിപ്പ് ഫീസ് ഇനത്തിലുണ്ടായേക്കാവുന്ന നഷ്ടത്തിനുമായിരിക്കും ബി.സി.സി.ഐയ്ക്ക് പരിരക്ഷ ലഭിക്കുക.
900 കോടി രൂപയുടെ പരിരക്ഷയ്ക്കായി പത്ത് കോടി രൂപയുടെ പ്രീമിയമാണ് ബി.സി.സി.ഐ ഈ വര്‍ഷം അടയ്ക്കുക. കഴിഞ്ഞ വര്‍ഷമിത് ആറ് കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലിന് മൊത്തം ക്ലെയിം ചെയ്ത തുക 2 കോടി രൂപയും പ്രീമിയം തുക ആറ് കോടി രൂപയുമായിരുന്നു. ഏറ്റവും കുറഞ്ഞ പ്രീമയത്തില്‍ പരമാവധി കവറേജ് ലഭിക്കുന്ന പോളിസിയെടുക്കുന്നതിനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നത്. ഇത്തവണ കവറേജ് കൂടതലായതിനാല്‍ തന്നെ പ്രീമിയം തുക കഴിഞ്ഞ ടൂര്‍ണമെന്റിനെ അപേക്ഷിച്ച് 25 ശതമാനം അധികമായിരിക്കുമെന്നും ബി.സി.സി.ഐ വിലയിരുത്തുന്നു.
ഐ.പി.എല്‍ മൂന്നാം സീസണില്‍ 480 കോടി രൂപയുടേതായിരുന്നു കവറേജ്. 59 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്റ് ഇന്‍ഷൂര്‍ ചെയ്യുന്നതിനായി നാലു കോടി രൂപയായിരുന്നു ബി.സി.സി.ഐ നല്‍കിയ പ്രീമിയം. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ നാഷണല്‍ ഇന്‍ഷുറന്‍സ് , ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ന്യൂഇന്ത്യ അഷ്വറന്‍സ്, യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നിവയാണ് ടൂര്‍ണമെന്റ് ഇന്‍ഷുര്‍ ചെയ്യാനായി മുന്‍നിരയിലുള്ളത്.
Tags: IPL insurances surges to 900 crore rupees