ഇന്‍ഷുറന്‍സ് ബ്രോക്കിങ് എന്ത്? എങ്ങനെ?

Posted on: 21 Dec 2011


വിശ്വനാഥന്‍ ഒടാട്ട്‌ഇന്ത്യയിലെ ഇന്‍ഷുറന്‍സ് റഗുലേറ്ററായ ഐ.ആര്‍.ഡി.എ. 2002 മുതല്‍ ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തുടങ്ങി. ഇതിനകം തന്നെ 300ലധികം കമ്പനികളാണ് ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത്.

ബ്രോക്കിങ് കമ്പനികളെ 3 ആയി തരംതിരിക്കാം. ഡയറക്ട്, കോമ്പോസിറ്റ്, റീ ഇന്‍ഷുറന്‍സ് ബ്രോക്കിങ് എന്നിവയാണത്. 50 ലക്ഷം മുതല്‍ 2 കോടി രൂപവരെ മുതല്‍മുടക്ക് ഇതിനായി വേണ്ടിവരും. കൂടാതെ, നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി പുണെ നടത്തുന്ന പരീക്ഷയും, ഐ.ആര്‍.ഡി.എ. നടത്തുന്ന ഇന്റര്‍വ്യൂവിലും പാസ്സായിരിക്കുകയും വേണം. ആഗോള ഇന്‍ഷുറന്‍സ് വിപണിയില്‍ ബ്രോക്കിങ് കമ്പനികള്‍ക്ക് 60 ശതമാനത്തോളം വിപണിവിഹിതമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബ്രോക്കിങ് കമ്പനികള്‍ ഉപഭോക്താക്കളായ പോളിസി ഉടമകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഐ.ആര്‍.ഡി.എ.യുടെ കര്‍ശനമായ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ബ്രോക്കിങ് കമ്പനി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതിന് ഐ.ആര്‍.ഡി.എ. മാനദണ്ഡമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ കൊടുക്കുന്നത്:

1. ഉപഭോക്താവിന്റെ റിസ്‌ക്കിനെക്കുറിച്ച് വിശദമായി വിവരങ്ങള്‍ ശേഖരിക്കുക, പഠിക്കുക.
2. റിസ്‌ക്ക് കുറച്ചു കൊണ്ടുവരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വേണ്ടിവന്നാല്‍ റിസ്‌ക്ക് മാനേജ്‌മെന്റ് ചെയ്തുകൊടുക്കുക.
3. കവര്‍ ചെയ്യുന്ന റിസ്‌ക്കിനെക്കുറിച്ച് വിവിധ ഇന്‍ഷുറന്‍സ് കമ്പനിയുമായി ആശയവിനിമയം ചെയ്യുക.
4. ഇന്‍ഷുറന്‍സ് വിപണിയെക്കുറിച്ചും, ലഭ്യമായ പോളിസികള്‍, റിസ്‌ക്ക് കവറേജ് എന്നിവയെക്കുറിച്ചും വിശദമായി പഠനം നടത്തുക.
5. വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം നിരക്കുകള്‍ പഠിച്ച് ഏതാണ് ഉപഭോക്താവ് തിരഞ്ഞെടുക്കേണ്ടതെന്ന് ശുപാര്‍ശ ചെയ്യുക.
6. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം നിശ്ചയിക്കുന്നതിനുവേണ്ട അടിസ്ഥാനവിവരങ്ങള്‍ നല്‍കുക.
7. ഉപഭോക്താവിന്റെ പ്രതിനിധിയായിട്ടാണ് ബ്രോക്കിങ് കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ, അവരുടെ സംരക്ഷണ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും കാലാകാലങ്ങളില്‍ അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം നല്‍കുകയും ചെയ്യുക.
8. ഇന്‍ഷുറന്‍സ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഒരു ഉപദേശകനായി പ്രവര്‍ത്തിക്കുക
9. ക്ലെയിം സംബന്ധമായ കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതിന് ഉപഭോക്താവിന് വേണ്ടതായ എല്ലാ സഹായസഹകരണവും ചെയ്തുകൊടുക്കുക.
10. ഉപഭോക്താവിന്റെ ഇന്‍ഷുറന്‍സ് സംബന്ധമായ രേഖകളും മറ്റും യഥാവിധി സൂക്ഷിക്കുക.

ഇന്ത്യയിലെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും ഉപഭോക്താവിന്റെ താല്പര്യങ്ങള്‍ക്കനുസൃതമായി പോളിസികള്‍ നല്‍കാന്‍ ബ്രോക്കിങ് കമ്പനികള്‍ക്കു കഴിയും. ഉപഭോക്താവിന്റെ റിസ്‌ക്കുകളെ പഠിച്ച് അവര്‍ക്ക് അനുയോജ്യമായ പാക്കേജുകള്‍, സ്‌പെഷ്യല്‍ പോളിസികള്‍ എന്നിവ തയ്യാറാക്കാനും ബ്രോക്കിങ് കമ്പനികള്‍ക്ക് കഴിയും. ചുരുക്കിപ്പറഞ്ഞാല്‍, ഇക്കൂട്ടര്‍ ഇന്‍ഷുറന്‍സ് പോളിസിയെ വളരെയധികം പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്യുന്നവരാണ്. ഉപഭോക്താക്കള്‍ ഇവര്‍ക്ക് പ്രത്യേക ഫീസ് ഒന്നും തന്നെ നല്‍കേണ്ടതുമില്ല.


ക്ലെയിം കണ്‍സള്‍ട്ടന്‍സി

ഡിസംബര്‍ 7ന് ഐ.ആര്‍.ഡി.എ. പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇന്ത്യയിലെ ബ്രോക്കിങ് കമ്പനികള്‍ക്ക് ഒരു കോടി രൂപ വരെയുള്ള തുകക്ക് ക്ലെയിം കണ്‍സള്‍ട്ടന്‍സി ചെയ്യാന്‍ അനുമതി കൊടുത്തിരിക്കുന്നു. ഇത് ലൈഫ് ഇന്‍ഷുറന്‍സിലും, ജനറല്‍ ഇന്‍ഷുറന്‍സിലും ബാധകമായിരിക്കും. ഇതിനായി പോളിസി ഉടമ ഒരു സമ്മതപത്രം ബ്രോക്കിങ് കമ്പനിക്ക് ഒപ്പിട്ടുനല്‍കണം. ഇത്തരത്തില്‍ ക്ലെയിം കണ്‍സള്‍ട്ടന്‍സി നല്‍കുന്നതിനുള്ള ഫീസ് മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. ക്ലെയിം തീര്‍പ്പാക്കുന്നതില്‍ ഇന്ന് ഒട്ടേറെ പോളിസി ഉടമകള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അവര്‍ക്ക് ഇത്തരത്തിലുള്ള ഐ.ആര്‍.ഡി.എ.യുടെ നടപടികള്‍ കൂടുതല്‍ സഹായകരമായിരിക്കുമെന്നതില്‍ സംശയമില്ല.

ലേഖകന്റെ ഇ-മെയില്‍ വിലാസം: odatt@aimsinsurance.in
ഫോണ്‍: 9895768333
Tags: What is Insurance Broking, How it works
»  News in this Section