വാഹന ഇന്‍ഷുറന്‍സിന് ചെലവേറും

Posted on: 02 Dec 2011


വിശ്വനാഥന്‍ ഒടാട്ട്‌വാഹനങ്ങളുടെ അപകടസാധ്യതയ്ക്കനുസരിച്ച് മോട്ടോര്‍ ഇന്‍ഷൂറന്‍സ് വകുപ്പ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കില്‍ മാറ്റം വരുത്തുന്നു. ഇതോടെ വാണിജ്യ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയരും.

ഇന്ത്യയിലെ മോട്ടോര്‍ വാഹന മേഖലയില്‍ വാണിജ്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി അഥവാ ലയബിലിറ്റി ഇന്‍ഷുറന്‍സ് നിയന്ത്രിക്കുന്നത് ഇന്ത്യന്‍ മോട്ടോര്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പൂളില്‍ നിന്നാണ്. ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഒരു കൂട്ടായ്മയാണ് ഇതിന്റെ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റുന്നത്. 2011 ഏപ്രില്‍ മാസത്തിലാണ് ഇതിന് മുമ്പ് തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ വര്‍ധന വരുത്തിയത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇന്ത്യയില്‍ പൊതുനിരത്തില്‍ ഓടുന്ന എല്ലാ വാഹനങ്ങളും എടുത്തിരിക്കണം എന്നതാണ് നിയമം. വാഹനം മൂലം പൊതുജനങ്ങള്‍ക്കോ പൊതുമുതലിനോ ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങളാണ് ഈ പോളിസിയിലൂടെ കവര്‍ ചെയ്യുന്നത്.

വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ഏറെ പ്രാധാന്യമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് 120 ശതമാനമാണ് ക്ലെയിമെങ്കില്‍ വാണിജ്യ വാഹനങ്ങള്‍ക്കിത് 190 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതായത്
സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ കരുതലോടെയാണ് ഓടിക്കുന്നതെന്നര്‍ത്ഥം. വാണിജ്യ വാഹനങ്ങള്‍ കൂടുതലും ഓടിക്കുന്നത് ജീവനക്കാരായിരിക്കാം. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ക്ലെയിം കൂടുതലായി കണ്ടുവരുന്നു. അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും
നഷ്ടപരിഹാരത്തുക വര്‍ധിക്കുന്നു. തന്‍മൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഭീമമായ നഷ്ടമുണ്ടാവുന്നു. നഷ്ടം കുമിഞ്ഞു കൂടുമ്പോള്‍ പ്രീമിയത്തില്‍ വര്‍ധനവ് വരുത്തുന്നു. പ്രീമിയം വര്‍ധനവ് നിലവില്‍ വരുമ്പോള്‍ എല്ലാ പോളിസി ഉടമകളും അത് നല്‍കേണ്ടതായി വരുന്നു.

നഷ്ടം എങ്ങനെ കുറയ്ക്കാം എന്നതാണ് പ്രീമിയം കുറയ്ക്കാനുള്ള ഏക പോംവഴി. ഇതിനായി ഒറ്റമൂലിയൊന്നും ഇപ്പോഴില്ലെന്ന് പറയാം. പക്ഷെ നമ്മുടെ നാട്ടില്‍ വാഹനാപകട കേസുകളില്‍ ഒട്ടവനവധി ക്രമക്കേടുകള്‍ നടക്കുന്നുവെന്ന പരാതിയുണ്ട്. വാഹനാപകടം സംഭവിച്ചാല്‍ പിന്നെ എല്ലാ നഷ്ടവും ഇന്‍ഷുറന്‍സ് കമ്പനി നല്‍കും എന്നതിനാല്‍ ക്ലെയിമിനായി അപകടങ്ങള്‍ കൂട്ടുവാനുള്ള പ്രവണതയും നിലവിലുണ്ട്. വാഹന ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട എല്ലാ ഡിപാര്‍ട്ട്‌മെന്റിലും ഒരു ശുദ്ധികലശം തന്നെ നടത്തേണ്ട അവസ്ഥയാണിന്നുള്ളത്. കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൂടുതല്‍ ജാഗരൂകരാവണം. നഷ്ടപരിഹാര തുകയുടെ ഒരു നിശ്ചിത ശതമാനം കുറ്റം ചെയ്തവരില്‍ നിന്നും ഇടാക്കുന്ന അവസ്ഥ വന്നാല്‍ കുറ്റകൃത്യങ്ങളുടെ എണ്ണം താനെ കുറയും. അപകടങ്ങളോടും സാമ്പത്തിക ബാധ്യതകളോടും ഭയപ്പാടില്ലാത്ത സമീപനം മാറ്റേണ്ടിയിരിക്കുന്നു.

പ്രീമിയം നിരക്കിലെ വര്‍ധന അതാതു വര്‍ഷങ്ങളിലെ ക്ലെയിം തുകയെ ആസ്പദമാക്കി നിശ്ചയിക്കുകയും നടപ്പില്‍ വരുത്തുകയും വേണം. അതല്ലാതെ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് നടപ്പിലാക്കുമ്പോള്‍ ഭാരിച്ച തുകയാണ് പോളിസി ഉടമകള്‍ നല്‍കേണ്ടി വരിക. ഇപ്പോള്‍ തന്നെ വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍ വീണ്ടുമൊരു വര്‍ധനവിനുള്ള സാധ്യത കാണുന്നു. ഒന്നുകില്‍ തേര്‍ഡ് പാര്‍ട്ടി പോളിസിയില്‍ മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. അതല്ലെങ്കില്‍ അനിയന്ത്രിതമായ ക്ലെയിമിന്റെ വര്‍ധനവ് നിയന്ത്രിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

ലേഖകന്റെ ഫോണ്‍: 9895768333
email: odatt@aimsinsurance.in

Tags: Vehicle insurance costs to go up
»  News in this Section