അപകട ഇന്‍ഷുറന്‍സ്: കുറഞ്ഞ പ്രീമിയം, കൂടുതല്‍ സംരക്ഷണം

Posted on: 14 Jan 2011



അപകടമോ ഇതൊന്നും എനിക്ക് ബാധകമല്ല എന്ന പോസിറ്റീവ് ചിന്തയിലാണ് നാമെല്ലാം. പക്ഷെ മറുഭാഗത്തോ, അപകടങ്ങള്‍ മൂലമുള്ള മരണം, അംഗവൈകല്യം മുതലായവ ദിനം പ്രതി വര്‍ധിച്ചുവരുന്നു. അണുകുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന കുടുംബത്തിന്, വരുമാനമുള്ള രക്ഷിതാക്കളുടെ വിയോഗം എന്നത് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്ന ഒന്നല്ല. പക്ഷെ പലപ്പോഴും നമ്മുടെ ചിലര്‍ക്കെങ്കിലും ഇത് സംഭവിക്കുന്നു. ഫലമോ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുന്നു. ഓര്‍ക്കാപ്പുറത്ത് ഏറ്റ ആഘാതം, സാമ്പത്തിക ബാധ്യത എന്നിവ അടുത്ത തലമുറക്ക് ബാധ്യതയാവുന്നു.

ജനറല്‍ ഇന്‍ഷുറന്‍സില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിന് ഏറ്റവും കൂടുതല്‍ റിസ്‌ക് കവര്‍ ചെയ്യുന്ന പോളിസിയാണ് പേഴ്‌സണല്‍ ആക്‌സിഡന്റ്. ഒട്ടുമിക്ക ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വിവിധ തരത്തിലുള്ള പോളിസികളാണ് ഉള്ളത്. പോളിസിയിലെ അടിസ്ഥാന റിസ്‌ക് അപകടം മൂലമുള്ള മരണമാണ് കവര്‍ ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് നമുക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ ഇരുപതോളം റിസ്‌കുകള്‍ വേറെയുമുണ്ട്. പക്ഷെ ഇത്രയധികം റിസ്‌കുകള്‍ ഒരൊറ്റ പോളിസിയില്‍ മാത്രം ലഭ്യമല്ല. പക്ഷെ ഒരു ഡസനോളം റിസ്‌കുകള്‍ വരെ കവര്‍ ചെയ്യുന്ന പേഴ്‌സണല്‍ ആക്‌സിഡന്റ് പാക്കേജുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത് കൂടാതെ ഗ്രൂപ്പുകളായി ഇന്‍ഷുര്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ റിസ്‌കുകള്‍ തിരഞ്ഞെടുത്ത് 'ടെയ്‌ലര്‍ മെയ്ഡ്' പാക്കേജ് പോളിസികള്‍ തയ്യാറാക്കുന്നതിനും ഇന്ന് അവസരമുണ്ട്.

അപകടമരണം, സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം, സ്ഥിരവും ഭാഗികവുമായ അംഗവൈകല്യം, താല്‍ക്കാലികമായ അംഗവൈകല്യം (ഇതില്‍ എത്ര കാലത്തേക്കാണോ വൈകല്യം അത്രയും കാലത്തേക്കുള്ള സാമ്പത്തിക ആനുകൂല്യമാണ് ലഭ്യമാവുക), അപകടം മൂലമുള്ള ആസ്പത്രി ചികിത്സാ ചിലവ്, ആംബുലന്‍സ് വാടക, അപകടം മൂലം തൊഴില്‍ നഷ്ടപ്പെടുക, അവയവങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന സ്ഥിരവും പൂര്‍ണ്ണവുമായ തകരാറ് (ഉദാ: ശബ്ദം), രക്ഷിതാവിന് അപകടമരണം സംഭവിച്ചാല്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ചിലവ്, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ചിലവ്, വിദ്യാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ച് ക്ലാസ്സില്‍ പോവാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വകാര്യ ട്യൂഷന്‍ ചിലവ്, വിദ്യാര്‍ത്ഥിയെ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അധ്യാപകര്‍ക്ക് സ്വാഭാവികമായുള്ള അപകട ഇന്‍ഷുറന്‍സ് സംരക്ഷണം, അപകട ചികിത്സക്ക് ഒ.പി. ചികിത്സ, വായ്പയെടുത്തവര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ വായ്പ തിരിച്ചടവ്, അപകടം മൂലം ആസ്പത്രിയില്‍ കിടന്നാല്‍ ലഭിക്കുന്ന പ്രതിദിന ബത്ത, അപകടം ദൂരെവെച്ചാണെകില്‍ കുടുംബാംഗങ്ങള്‍ക്ക് യാത്രചെയ്യേണ്ട ചിലവ്, അപകടം മൂലം എല്ലിന് ക്ഷതമേറ്റാല്‍ നല്‍കുന്ന നഷ്ടപരിഹാരം, അപകടം മൂലം കൃത്രിമാവയവങ്ങള്‍ മുതലായവ വാങ്ങുന്നതിനുള്ള ചിലവ്, വസ്ര്തങ്ങള്‍ അപകടം മൂലം കേടുവന്നാല്‍ പകരം വാങ്ങുന്നതിനുള്ള ചിലവ്, അപകടമരണം മൂലം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ്, മരണാനന്തര ശുശൃൂഷക്ക് വേണ്ടിവരുന്ന ചിലവ്, അപകടം മൂലം വീട്, വാഹനം എന്നിവയില്‍ യാത്രചെയ്യേണ്ട സാഹചര്യത്തില്‍ വേണ്ട അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെ ഇന്ന് ഒട്ടേറെ റിസ്‌കുകള്‍ കവര്‍ ചെയ്യാനാകും.

ഇന്‍ഷുര്‍ ചെയ്യുന്ന തുക 5000 രൂപ മുതല്‍ 3 കോടിരൂപ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഒരാളുടെ വാര്‍ഷിക വരുമാനത്തിന്റെ 60 മുതല്‍ 120 ഇരട്ടി വരെ വ്യത്യസ്ഥങ്ങളായ റിസ്‌കുകള്‍ക്കനുസരിച്ച് ഇന്ന് ഇന്‍ഷുര്‍ ചെയ്യാം. മെഡിക്കല്‍ പരിശോധന ആവശ്യമില്ലാത്ത പോളിസിയാണിത്. 18 വയസ്സുമുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് പോളിസിയില്‍ ചേരാനാകും. വ്യക്തികള്‍, സംഘടനകള്‍ മുതലായവക്ക് അനുയോജ്യമായ വിവിധ പാക്കേജുകള്‍ തയ്യാറാക്കാവുന്നതേ ഉള്ളൂ. ലൈഫ് ഇന്‍ഷുറന്‍സില്‍ അപകട ഇന്‍ഷുറന്‍സ് പോളിസികളേക്കാള്‍ എത്രയോ കുറവാണ് ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രീമിയം ഇന്നുള്ളത്. ഗ്രൂപ്പ് ഇന്‍ഷുറന്‍സിന്റെ വ്യാപ്തിക്കനുസൃതമായി ഡിസ്‌കൗണ്ടും ലഭ്യമാണ്.

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ചുള്ള ഒരു താരതമ്യപഠനമാണ് ചുവടെ കൊടുക്കുന്നത്. ഇതില്‍ കമ്പനിയുടെ പേര്, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, ഇന്‍ഷുര്‍ ചെയ്യുന്ന തുക, വാര്‍ഷിക പ്രീമിയം എന്നിവ കൊടുത്തിട്ടുണ്ട്.

Download PDF Version



Download PDF Version
Tags: Personal Accident Insurance Policy - Article by Viswanathan Odatt
»  News in this Section