വീടിനും വീട്ടുടമക്കും സംരക്ഷണം നല്‍കുന്ന പോളിസി

Posted on: 06 May 2012


വിശ്വനാഥന്‍ ഒടാട്ട്‌സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ഭൂരിഭാഗം ആളുകളും ഭവനവായ്പയെ ആശ്രയിക്കാറുണ്ട്. കുറഞ്ഞ പലിശയും, ഇന്‍കം ടാക്‌സ് ആനുകൂല്യവും, ദീര്‍ഘകാല ലോണ്‍ സൗകര്യവും ലോണെടുക്കുവാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ലോണ്‍ സുരക്ഷിതമായി തിരിച്ചടവ് നടത്തിയില്ലെങ്കിലോ? തിരിച്ചടയ്ക്കുന്നവര്‍ക്കോ, വീടിനോ അപ്രതീക്ഷിതമായി അത്യാഹിതങ്ങള്‍, അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംഭവിച്ചാല്‍ ലോണ്‍ തുകയും പലിശയും (പരമാവധി ഇന്‍ഷുര്‍ ചെയ്ത തുകവരെ) നല്‍കുന്ന ഒരു പോളിസിയാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന 'നിവാസ് യോജന ഇന്‍ഷുറന്‍സ്'.

പോളിസിയെ രണ്ടു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ വീട് (വീട് എന്ന നിര്‍വചനത്തില്‍ ബില്‍ഡിങ്ങിനുപുറമെ, വീട്ടിലെ ഇലക്ട്രിക്കല്‍, സാനിറ്റിറി ഫീറ്റിങ്ങുകള്‍, ചുറ്റുമതില്‍, ഗേറ്റ് മുതലായവയും ഉള്‍പ്പെടുത്താം) ആണ് കവര്‍ ചെയ്യുക. രണ്ടാമത്തെ വിഭാഗത്തിലാവട്ടെ ലോണെടുത്ത വ്യക്തിയെയാണ് കവര്‍ ചെയ്യുന്നത്. വീടിന് തീപിടുത്തം, ഭൂമികുലുക്കം, ഇടിമിന്നല്‍, മരങ്ങള്‍ മുതലായവ കടപുഴങ്ങി വീണുണ്ടാവുന്ന നാശനഷ്ടങ്ങള്‍, അടിച്ചുതകര്‍ക്കല്‍, ഉരുള്‍പൊട്ടല്‍, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങി 15 ഓളം റിസ്‌കുകളാണ് കവര്‍ ചെയ്യുക. ലോണെടുക്കുന്ന വ്യക്തിക്ക് അപകടം മൂലം മരണമോ, സ്ഥിരവും പൂര്‍ണ്ണവുമായ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ലോണ്‍ തുകയും പലിശയും, വീടിന് നാശനഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാര തുകയും ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്കും/ധനകാര്യ സ്ഥാപനത്തിനും നല്‍കുന്ന വിധത്തിലാണ് പോളിസി രൂപകല്‍പന ചെയ്തിരിക്കുന്നത്.

വീട് ഇന്‍ഷുര്‍ ചെയ്യേണ്ടത് ഇന്‍ഷുര്‍ ചെയ്യുന്ന സമയത്തെ മാര്‍ക്കറ്റ് വിലയ്ക്കാണ്. പക്ഷെ ലോണെടുക്കുന്ന ആളിനെ ഇന്‍ഷുര്‍ ചെയ്യേണ്ടത് പ്രതിമാസ വരുമാനത്തിന്റെ 100 ഇരട്ടി തുകയ്ക്കാണ്. പോളിസി ദീര്‍ഘകാലത്തേക്ക് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അടയ്ക്കുന്ന പ്രീമിയത്തിന് പ്രതിവര്‍ഷം പ്രീമിയത്തില്‍ 5 ശതമാനം കിഴിവ് ലഭ്യമാണ്. ഇത് പോളിസി കാലാവധിക്കകത്ത് പരമാവധി 50 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. വീടിന് സംരക്ഷണം ലഭ്യമാവാന്‍ ഒരു ലക്ഷം രൂപക്ക് പ്രതിവര്‍ഷം 30 രൂപയാണ് പ്രീമിയം അടക്കേണ്ടത്. എന്നാല്‍ ലോണ്‍ എടുക്കുന്ന വ്യക്തിക്കാകട്ടെ, ഒരു ലക്ഷം രൂപക്ക് ഇന്‍ഷുര്‍ ചെയ്യുവാന്‍ 60 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ മതി. 10 വര്‍ഷത്തേക്ക് എടുക്കുന്ന പോളിസിയില്‍ മേല്‍ പറഞ്ഞ പ്രീമിയത്തില്‍ 50 ശതമാനം കിഴിവ് ലഭ്യമാണ്. അങ്ങനെയാണെങ്കില്‍ വീടിന് 15 രൂപയും വ്യക്തിഗത പോളിസിക്ക് 30 രൂപയും പ്രീമിയം അടച്ചാല്‍ മതിയാകും. മുകളില്‍ പറഞ്ഞ തുകക്ക് 12.36 സേവന നികുതി ബാധകമാണ്.

വ്യക്തിഗത അപകട ഇന്‍ഷുറന്‍സില്‍ അപകടമരണം സംഭവിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത മുഴുവന്‍ തുകയും നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ ഭാഗികമായി അംഗവൈകല്യം, ഒരു കണ്ണ്, ഒരു കാല് എന്നിവ നഷ്ടപ്പെട്ടാലും ഇന്‍ഷുര്‍ ചെയ്ത തുകയുടെ 50 ശതമാനം ലഭിക്കും. യുദ്ധം, അണ്വായുധം തുടങ്ങിയവ മൂലമുള്ള നഷ്ടങ്ങള്‍, വീടിനുണ്ടാവുന്ന തേയ്മാനം എന്നിവ പോളിസിയുടെ പരിധിയില്‍ വരുന്നതല്ല. വ്യക്തിഗത പോളിസിയില്‍ മദ്യപാനം മൂലയുള്ള ആത്മഹത്യാശ്രമം എന്നിവക്കും പരിരക്ഷ ലഭ്യമല്ല.

ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവര്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കേണ്ട പോളിസിയാണിത്. വ്യക്തികള്‍ക്കും സ്വന്തമായും ഈ പോളിസിയില്‍ ചേരാന്‍ അര്‍ഹതയുണ്ട്. ലോണ്‍ കൊടുക്കുന്ന സ്ഥാപനങ്ങള്‍ ലോണെടുക്കുന്ന വ്യക്തിയുടെയും, സ്ഥാപനത്തിന്റെയും കൂടി പേരിലാണ് പോളിസി എടുക്കേണ്ടത്.

Tags: Niwas Yojana Policy to cover house and its owners
»  News in this Section