വായ്പയ്ക്കും ഇന്‍ഷുറന്‍സ് സംരക്ഷണം

Posted on: 14 Mar 2011എല്ലാറ്റിനും പണം മുന്‍കൂറായി കരുതലുള്ളവര്‍ ഇന്ന് നന്നേ കുറവാണ്. ഭൂരിഭാഗം ആളുകളും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ലോണ്‍ എടുക്കുന്നു. ലോണ്‍ തിരിച്ചടക്കാന്‍ കഴിയുന്നവരെ കാത്ത് ഇന്ന് ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങളും വിപണിയിലുണ്ട്. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ, സ്ഥാപനത്തിന്റെയോ സ്ഥിരവരുമാനമാണ് ലോണ്‍ കൊടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം.

പക്ഷെ വായ്പ എടുത്തയാളിന് ആകസ്മികമായി അപകട മരണമോ, സ്വാഭാവിക മരണമോ സംഭവിച്ചാലോ? തീര്‍ച്ചയായും ലോണ്‍ തിരിച്ചടവ് മുടങ്ങുമെന്ന് മാത്രമല്ല, ദൈനംദിന ചിലവിനുപോലും വിഷമിക്കേണ്ടതായ സ്ഥിതിവിശേഷം ഉണ്ടാവുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വരുമാനം ലഭ്യമാവുന്ന വിധത്തിലാണ് ലോണ്‍ പ്രൊട്ടക്ടര്‍ പോളിസികള്‍ വിപണിയിലിറക്കിയിട്ടുള്ളത്. അപകടമരണം മാത്രം കവര്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപക്ക് 40 രൂപയോളം പ്രീമിയം അടച്ചാല്‍ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ത്യയിലെ പല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക മരണം എന്ന റിസ്‌ക് കവര്‍ ചെയ്യുന്ന പോളിസികള്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുമാത്രമെ ലഭ്യമാവൂ. ഇത്തരം പോളിസികളെ ടേം കവര്‍ പോളിസിയെന്നാണ് പറയുന്നത്. ഇക്കൂട്ടത്തില്‍ തന്നെ ഒരു നിശ്ചിത തുകക്ക്, ഒരു നിശ്ചിത കാലത്തേക്ക് തുടര്‍ച്ചയായി ചെയ്യാവുന്ന പോളിസിയാണ് ഏറ്റവുമധികം പ്രചാരത്തിലുള്ളത്. ഇതിനുപുറമെ ഒരു നിശ്ചിത തുകക്ക് ഇന്‍ഷുര്‍ ചെയ്യുകയും അത് വായ്പയുടെ തുകക്ക് അനുസൃതമായി ഇന്‍ഷുര്‍ ചെയ്യുന്ന തുക കുറഞ്ഞുവരികയും ചെയ്യുന്ന രീതിയാണ്. അതായത്, വായ്പ അവസാനിക്കുന്ന സമയത്ത് പോളിസിയും അവസാനിക്കും. ഇതിന് മുന്‍പുള്ള പോളിസിയേക്കാള്‍ അല്‍പം പ്രീമിയം കുറഞ്ഞിരിക്കും. ഇതിനു വിപരീതമായി ഒരു ടേം പോളിസിയുണ്ട്. ഈ പോളിസിയില്‍ ഇന്‍ഷുര്‍ ചെയ്യുന്ന തുക ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം കൂടിക്കൊണ്ടിരുക്കും. ഉദാ: പണപ്പെരുപ്പത്തിന്റെ നിരക്ക് 5% ആണെന്നിരിക്കെ, ഇന്‍ഷുറന്‍സ് തുക ഓരോ വര്‍ഷവും കൂട്ടിക്കൊണ്ടുവരികയാണ് ഇത്തരം പോളിസിയുടെ ഉദ്ദേശലക്ഷ്യം.

ഇതിനുപുറമെ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിക്ക് മരണം സംഭവിച്ചാല്‍ ജീവിച്ചിരിക്കുന്ന അവകാശിക്ക് ഒരു നിശ്ചിത തുക പോളിസി കാലാവധി മുഴുവന്‍ തിരികെ കൊടുക്കുന്ന പോളിസിയും നിലവിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഏത് വിഭാഗം ജനങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള പാക്കേജുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ എന്നിവയാണ് ഒരു കുടുംബം ഏറ്റവുമധികം ആശ്രയിക്കേണ്ടി വരുന്നത്. വായ്പ ഏതുമാകട്ടെ, വായ്പ തുകക്ക് അനുസൃതമായ രീതിയിലായിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ട തുക നിശ്ചയിക്കുന്നത്. സാധാരണയായി പ്രായം കൂടുംതോറും അസുഖങ്ങളുണ്ടാവാനുള്ള സാധ്യതയും കൂടുമല്ലൊ. അതിനനുസൃതമായാണ് ടേം പോളിസികളില്‍ പ്രീമിയം നിശ്ചയിക്കുന്നതും. പ്രായം കുറഞ്ഞയാള്‍ക്ക് കുറഞ്ഞ പ്രീമിയവും, പ്രായം ഏറിവരുംതോറും പ്രീമിയവും കൂടിവരുന്നതാണ്. കൂടുതല്‍ തുകക്ക് ഇന്‍ഷുര്‍ ചെയ്യേണ്ടതായ സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാവുമ്പോള്‍ കമ്പനികള്‍ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിയെ വൈദ്യ പരിശോധന നടത്തി ബോധ്യം വന്ന ശേഷമെ പോളിസി നല്‍കാറുള്ളു.

ഒരു വ്യക്തിയുടെ അഥവാ വരുമാനമുള്ള ആളിന്റെ ഏറ്റവും അടിസ്ഥാനപരമായ സംരക്ഷണമാണ് ടേം പോളിസിയിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യമെന്നുപറയട്ടെ നമുക്കിടയില്‍ ടേം കവര്‍ ഇന്ന് അത്രയധികം പ്രചാരം ലഭിച്ചിട്ടില്ല. സംരക്ഷണ കാര്യത്തില്‍ മാത്രം ഊന്നല്‍ നല്‍കുന്ന ഏറ്റവും മികച്ച പോളിസിയാണിത്. ഏക വരുമാനമുള്ളവര്‍, ജോലിയില്‍ അപകടസാധ്യതയുള്ളവര്‍, ലോണ്‍ എടുക്കുന്നവര്‍, പ്രായം കുറഞ്ഞവര്‍ (പ്രത്യേകിച്ചും 25 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍), കുടുംബത്തെ സ്‌നേഹിക്കുന്ന രക്ഷിതാക്കള്‍ എന്നിവര്‍ ഈ പോളിസി എടുക്കേണ്ടതാണ്.

പ്രീമിയം ഒറ്റത്തവണയായോ, അതല്ലെങ്കില്‍ മാസം ത്രൈമാസം അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ അടക്കാം. വിവിധ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയത്തില്‍ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ നിരക്ക് താരതമ്യം ചെയ്ത ശേഷമേ പോളിസിയില്‍ ചേരാവൂ. അടയ്ക്കുന്ന പ്രീമിയത്തിന് സെക്ഷന്‍ 80 ഡി പ്രകാരം ഇന്‍കം ടാക്‌സ് ആനുകൂല്യം ലഭ്യമാണ്. അടക്കുന്ന പ്രീമിയം റിസ്‌ക് കവറേജിനുള്ളതായത് കാരണം പോളിസി ഉടമക്ക് സാധാരണയായി തിരികെ ലഭിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മിലുള്ള നിരക്കിന്റെ വ്യത്യാസം 40% വരെ എത്തി നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആശാവഹമാണ്. ഒരാള്‍ ഇന്‍ഷുര്‍ ചെയ്യുവാനുള്ള തുകയുടെ പ്രധാന മാനദണ്ഡം പ്രായം, വരുമാനം, ഇന്‍ഷുര്‍ ചെയ്യുന്ന കാലാവധി എന്നിവയാണ്.

റിസ്‌കുകള്‍ കൂടിവരുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും അണുകുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നാം ടേം കവര്‍ പോളിസികള്‍ അല്ലെങ്കില്‍ ലോണ്‍ പ്രൊട്ടക്ടര്‍ പോളിസികള്‍ എടുക്കേണ്ടത് അനിവാര്യമാണ്.Tags: Loan Protector Policies-Article by Viswanathan Odatt
»  News in this Section