ഒരു കുടുംബത്തിന് വേണ്ട ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാം?

Posted on: 24 Aug 2011റിസ്‌ക്കുകളുടെ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. നാം ആരുമാകട്ടെ ജാതി, മതം, പ്രദേശം, ജോലി, വരുമാനം.... ആത്യന്തികമായി ഒരു കുടുംബപശ്ചാത്തലം നമുക്കുണ്ടായിരിക്കും. അതായത് അച്ചന്‍, അമ്മ, കുട്ടികള്‍ എന്ന അണുകുടുംബസ്ഥിതിയിലാണ് ഭൂരിഭാഗം പേരും ഇന്ന് ജീവിക്കുന്നത്. നമുക്കിടയില്‍ തന്നെ വരുമാനം കുറഞ്ഞവര്‍, ഇടത്തരം വരുമാനമുള്ളവര്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ എന്നിങ്ങനെ തരംതിരിക്കാം. നാം അറിഞ്ഞോ, അറിയാതെയോ നമുക്കുചുറ്റുമുള്ള പല റിസ്‌ക്കുകളെ പറ്റിയും അത് അപ്രതീക്ഷിതമായി സംഭവിച്ചാലുള്ള സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും ചിന്തിക്കാറില്ല. ചിന്തിച്ചാല്‍ തന്നെ അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാറില്ല.

റിസ്‌ക്കുകളെ പൂര്‍ണ്ണമായും നിയന്ത്രിക്കാനോ, ഒഴിവാക്കുവാനോ നമുക്കാവില്ല. എന്നാല്‍ പിന്നെ റിസ്‌ക്കുകള്‍ മൂലമുണ്ടായേക്കാവുന്ന സാമ്പത്തികനഷ്ടങ്ങളെ എങ്ങനെ നികത്താനാകുമെന്നുള്ള ഒരു പ്രക്രിയ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള പ്രക്രിയയില്‍ ഏറ്റവും വിശ്വസനീയമായതും ലോകമെമ്പാടും അംഗീകൃതമായതും നിലവിലുള്ളതും ഇന്‍ഷ്വര്‍ ചെയ്ത് സുരക്ഷിതമാക്കുകയാണ്.

എന്നാല്‍ നമുക്കുചുറ്റുമുള്ള റിസ്‌ക്കുകള്‍, അവ സംരക്ഷിക്കപ്പെടുന്ന പോളിസികള്‍, പോളിസികള്‍ നല്‍കുന്ന കമ്പനികള്‍, പോളിസികള്‍ക്കായി ചെലവഴിക്കേണ്ട പ്രീമിയം തുക, ക്ലെയിം നടപടി ക്രമങ്ങള്‍ എന്നിവ കൂടി അറിഞ്ഞിരുന്നാലെ നമുക്കിഷ്ടപ്പെട്ട സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാനാകൂ.

ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെലവുകള്‍ നിശ്ചയിക്കുന്നത്. കുറഞ്ഞവരുമാനമാര്‍ഗ്ഗമുള്ളവര്‍ അതിനനുസൃതമായ പോളിസികളാണ് തിരഞ്ഞെടുക്കുക. ഉയര്‍ന്ന വരുമാനമുള്ളവരുടെ ആവശ്യങ്ങള്‍ കൂടുമെന്നതിനാല്‍ അവര്‍, കൂടുതല്‍ പ്രീമിയം അടച്ച് അവര്‍ക്കനുയോജ്യമായ പോളിസികളാണ് തിരഞ്ഞെടുക്കുക.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ വിഭാഗക്കാര്‍ക്കും അനുയോജ്യമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗം കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ എ വിഭാഗത്തില്‍പ്പെട്ടവര്‍ വാര്‍ഷിക വരുമാനം 1,50,000 രൂപയും, ബി വിഭാഗത്തില്‍പ്പെട്ടവര്‍ 3,00,000 രൂപയും, സി വിഭാഗത്തില്‍പ്പെട്ടവര്‍ 6,00,000 രൂപയുമാണ് പ്രതിവര്‍ഷ വരുമാനം. ഈ മൂന്ന് വിഭാഗം കുടുംബങ്ങളും ഒരുവര്‍ഷത്തില്‍ വരുമാനത്തിന്റെ ഏതാണ്ട് 20 ശതമാനം തുക ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചാല്‍ അവരവരുടെ എല്ലാ ഇന്‍ഷുറന്‍സ് ആവശ്യങ്ങളും ഒരു പരിധിവരെ നിറവേറ്റാനാകും.

ആറ് തരം പോളിസികള്‍

ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം വീട്, വീട്ടുപകരണങ്ങള്‍ എന്നിവ കവര്‍ ചെയ്യുന്ന ഹോം ഇന്‍ഷുറന്‍സ്, അസുഖം, അപകടം എന്നിവ വന്നാല്‍ ആസ്പത്രി ചെലവ് കവര്‍ ചെയ്യുവാന്‍ വീട്ടിലെ അംഗങ്ങളെ മുഴുവനായും കവര്‍ ചെയ്യുന്ന മെഡിക്ലെയിം ഇന്‍ഷൂറന്‍സ്, വീട്ടുടുമ അതല്ലെങ്കില്‍ വരുമാനമുള്ള മാതാപിതാക്കളുടെ ലൈഫ് കവര്‍ ചെയ്യുന്ന മന്ത്‌ലി ഇന്‍കം പോളിസി പ്ലാന്‍, അപകട ഇന്‍ഷുറന്‍സ്, വാഹനം കവര്‍ ചെയ്യുന്ന മോട്ടോര്‍ പാക്കേജ് പോളിസി, പെന്‍ഷന്‍ അഥവാ ഇന്‍വെസ്റ്റ്‌മെന്റ് പോളിസി എന്നിവയാണ്.

മേല്‍ പറഞ്ഞ 6 പോളിസി എടുത്താല്‍ ഓരോ വിഭാഗം എ, ബി, സി, കുടുംബത്തിനും എന്തൊക്കെ റിസ്‌ക്കുകളാണ് കവര്‍ ചെയ്യുന്നതെന്നും, അതിന് എത്രമാത്രം സാമ്പത്തിക ചെലവ് വരുമെന്നും താഴെത്തെ പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രീമിയത്തില്‍ ഭൂരിഭാഗം പോളിസികളിലും വ്യത്യാസങ്ങള്‍ ഉണ്ടാവാനിടയുള്ളതിനാല്‍ താരതമ്യം ചെയ്ത ശേഷം വാങ്ങിക്കുക. താഴെ കൊടുത്ത പ്രീമിയം, ഇന്‍ഷുര്‍ ചെയ്യേണ്ട തുക എന്നിവ വിപണിയിലെ ശരാശരിയാണ്. നമ്മുടെ ആവശ്യങ്ങള്‍ക്കനുസൃതമായി കൂടുതല്‍ റിസ്‌ക്കുകള്‍ വേണമെങ്കില്‍ കവര്‍ ചെയ്യാനാകും, അതുപോലെ റിസ്‌ക്കുകള്‍ കുറക്കാനും കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാംതന്നെ വളരെ ശ്രദ്ധാപൂര്‍വം, ആലോചിച്ച് വിലയിരുത്തി വേണം പോളിസികള്‍ വാങ്ങുവാന്‍.
Tags: Insurance policies required for a family
»  News in this Section