ചെറുപ്പക്കാരായ കുടുംബത്തിനുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഏതെല്ലാം?

Posted on: 29 Feb 2012


വിശ്വനാഥന്‍ ഒടാട്ട്‌പുതുതലമുറയിലെ ഒരു ഇടത്തരം കുടുംബത്തിന് വേണ്ട ഇന്‍ഷുറന്‍സ് പോളിസികള്‍ എന്തൊക്കെയാണ് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രതി വര്‍ഷം 6 ലക്ഷം വരുമാനമുള്ള ഭര്‍ത്താവ്. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന ഒരു സന്തുഷ്ടകുടുംബം. കുടുംബനാഥന്റെ പ്രായം 30 വയസ്സ്, ഭാര്യയുടേത് 28, മൂന്ന് വയസ്സായ ഒരു പെണ്‍കുട്ടിയും ഒരു വയസ്സുള്ള ആണ്‍കുട്ടിയും. ഗൃഹനാഥന്റെ റിട്ടയര്‍മന്റ് പ്രായം 60 വയസ്സ്. സ്വന്തമായി ഒരു വീടും വാഹനവും ഇവര്‍ക്കുണ്ട്.

ഇത്തരം ഒരു കുടുംബത്തിന് അനുയോജ്യമായ പോളിസികളാണ് ചുവടെ കൊടുക്കുന്നത്. ഇതിനായി ഒരു വര്‍ഷത്തില്‍ അടക്കേണ്ട പ്രീമിയം, ഇന്‍ഷുര്‍ ചെയ്യുന്ന തുക, കാലാവധി, ലഭിക്കുന്ന ആനുകുല്യങ്ങള്‍, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, ഇന്‍കം ടാക്‌സ് ആനുകൂല്യം എന്നിവയെല്ലാം ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും അനുയോജ്യമായ രീതിയില്‍ ഇത്തരത്തില്‍ പോളിസികള്‍ ചിട്ടപ്പെടുത്തിയാലേ ശരിയായ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാനാകൂ. മാത്രമല്ല, ഓരോ പോളിസിയിലും നാം അടക്കുന്ന തുക, തിരിച്ചു കിട്ടുന്നതും അല്ലാത്തതും, വരുമാനത്തിന്റെ എത്ര ശതമാനമാണ് പ്രീമിയത്തിന്റെ വിഹിതം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരുന്നാലേ നമുക്ക് ഇന്‍ഷുറന്‍സിന്റെ മുഴുവന്‍ ഗുണവും ലഭിക്കുകയുള്ളൂ. നാം സ്‌നേഹിക്കുന്ന, നമ്മെ സ്‌നേഹിക്കുന്നവര്‍ക്കായി നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയൊരു ഉപഹാരമാണ് സംരക്ഷണം. അതിനാല്‍ ഇന്നുമുതല്‍ വായനക്കാരായ ഓരോരുത്തരും ഇത്തരം കാര്യങ്ങള്‍ക്കായി മുന്‍ഗണന കൊടുക്കുമെന്ന പ്രത്യാശിക്കാം. സംരക്ഷിത കുടുംബമെന്നാല്‍ സുരക്ഷിത കുടുംബമെന്നാണര്‍ത്ഥം. നിങ്ങളും കുടുംബത്തിന്റെ സുരക്ഷയില്‍ പങ്കാളിയാകൂ.
PDF

PDF

എന്തുകൊണ്ട് ഇന്‍ഷുറന്‍സ്?

ഒരു ഭാഗത്ത് വേര്‍പാടിന്റെ മുഖം, മറുഭാഗത്ത് സാമ്പത്തിക ബാധ്യതകള്‍. ചെകുത്താനും കടലിനും ഇടയിലെന്നപോലെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന എത്രയോ കുടുംബങ്ങള്‍ നമുക്കുചുറ്റുമുണ്ട്. വരുമാനമുള്ള ഗൃഹനാഥന്റെ / ഗൃഹനായികയുടെ ആകസ്മിക മരണം ഭാവിയെ ഇത്രയധികം ബാധിക്കുമെന്ന കാര്യം എല്ലാം കഴിഞ്ഞ് ഓര്‍ത്ത് വിലപിച്ചിട്ടെന്ത് കാര്യം? ആരോഗ്യവും, സമ്പാദ്യവുമുള്ള സമയത്ത് എല്ലാവര്‍ക്കും ധൈര്യവും ശുഭാപ്തി വിശ്വാസവും കൂടിയിരിക്കും. ഈ സമയത്ത് അപകടങ്ങള്‍, അസുഖങ്ങള്‍, മാരക രോഗങ്ങള്‍, ആകസ്മിക മരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാനും അതു പറയുന്നത് കേള്‍ക്കാനും ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല. ആരോഗ്യമില്ലാത്ത, വരുമാനം കുറഞ്ഞ ഒരു അവസ്ഥ ഇപ്പറഞ്ഞ എല്ലാവര്‍ക്കും ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന ഒന്നാണ്. പക്ഷെ ഈ കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചും, സ്ഥിരവരുമാനം ലഭ്യമാക്കാനുള്ള പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചും ആലോചിച്ചിട്ട് കാര്യമില്ല. കാരണം ആരോഗ്യവും സമ്പത്തുമുള്ളപ്പോള്‍ ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് നാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. മാത്രമല്ല, നാം വിചാരിച്ചതില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങളുടെ ഗതി മാറിയാലോ? ഇവിടെയാണ് സ്‌നേഹമുള്ള നമ്മുടെ കുടുംബാംഗങ്ങള്‍, നമ്മുടെ അഭാവത്തിലും, അവര്‍ ജീവിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ നിന്നും പുറകോട്ട് പോവാന്‍ അനുവദിച്ചുകൂടാ. കുടുംബത്തിന്റെ ഭാവി ജീവിതം സുഗമമാക്കാനുള്ള പോളിസികള്‍ ശരിയായ സമയത്ത് തിരഞ്ഞെടുക്കുക എന്നതാണ് അവര്‍ക്കായി ചെയ്യേണ്ടത്.

ചില നഗ്ന സത്യങ്ങളും, നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും നാം തിരിച്ചറിഞ്ഞേ മതിയാകൂ. അസുഖങ്ങളും, അപകടങ്ങളും, മാരക രോഗങ്ങളും, പ്രകൃതി ദുരന്തങ്ങളുമെല്ലാം ദിനം പ്രതി കൂടിവരികയാണ്. ഇതൊന്നും എനിക്കും എന്റെ കുടുംബത്തിനും 'ബാധകമല്ല' എന്ന ശുഭാപ്തി വിശ്വാസത്തോടെ നാം ജീവിക്കുന്നു. പക്ഷെ ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാല്‍ പകരം സംവിധാനങ്ങള്‍ നാം ചെയ്തുവെച്ചിട്ടില്ലെങ്കില്‍ നാം നമ്മുടെ കുടുംബാംഗങ്ങളോടെ ചെയ്യുന്ന അനീതിയാണെന്നുതന്നെ പറയാം. ജീവിതത്തില്‍ നമ്മുടെ കാലശേഷവും കുടുംബാംഗങ്ങള്‍ നമ്മളെക്കുറിച്ച് നല്ലത് ഓര്‍ത്തിരിക്കണം. നാം ചെയ്തുവെച്ച നല്ലകാര്യങ്ങള്‍ അവര്‍ക്കൊരു താങ്ങായും, തണലായും ഉണ്ടായിരിക്കണം. അല്ലാത്തവര്‍ ജീവിതത്തില്‍ വിജയം വരിച്ചെന്ന അവകാശപ്പെടുമെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങനെ ആയിക്കൊള്ളണമെന്നില്ല.

ലേഖകന്റെ ഫോണ്‍ നമ്പര്‍: 9895768333
ഇ-മെയില്‍: odatt@aimsinsurance.in

Tags: Insurance policies needed for a young family
»  News in this Section