അപകട ഇന്‍ഷുറന്‍സ്: കുറഞ്ഞചെലവില്‍ കൂടുതല്‍ സംരക്ഷണം

Posted on: 01 Oct 2011ദിനംപ്രതി എത്രയെത്ര അപകടങ്ങളാണ് നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നത്. അപകടങ്ങള്‍ മൂലം മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍, കുട്ടികളെ നഷ്ടപ്പെടുന്ന രക്ഷിതാക്കള്‍, ഭാര്യയെ/ഭര്‍ത്താവിനെ നഷ്ടപ്പെടുന്നവര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെടുന്ന ആരെയും തന്നെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാവില്ല. അപകടങ്ങള്‍ മൂലം ജീവഹാനി സംഭവിക്കുക, അംഗവൈകല്യം സംഭവിക്കുക, ആജീവനാന്തം രോഗിയായി മാറുക, ശാരീരികവൈകല്യങ്ങള്‍ മൂലം സമ്പാദ്യം നഷ്ടപ്പെടുക, എന്നിവമൂലം കുടുംബത്തിന്റെ നിത്യവൃത്തിക്കായി വിഷമിക്കുക എന്നിവ സര്‍വ്വസാധാരണയായി കഴിഞ്ഞു. നാം അറിയാത്ത, നമ്മെ അറിയാത്ത ദൂരെ ദിക്കുകളില്‍ വസിക്കുന്ന ആളുകള്‍ക്ക് അപകടം സംഭവിച്ചാല്‍ നാമത് കാര്യമായെടുക്കാറില്ല. പക്ഷേ നാം അറിയുന്ന നമ്മെ അറിയുന്ന ആളുകള്‍ക്കും, നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോഴേ നമുക്കതിന്റെ ഗൗരവം മനസ്സിലാക്കാനാകൂ.

അപകടമോ! അത് എനിക്കും എന്റെ കുടുംബത്തിനും ബാധകമല്ല എന്ന മട്ടില്‍ നാം ദിവസങ്ങള്‍ തള്ളി നീക്കുന്നു. പക്ഷേ റിസ്‌ക്കുകളുടെ ഈ ലോകത്ത് ശരിയായ രീതിയില്‍ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. ഭാവിജീവിതം സുരക്ഷിതമാക്കാന്‍ ഏറ്റവും അനുയോജ്യമായ അപകട ഇന്‍ഷുറന്‍സ് പോളിസികളില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ റിസ്‌ക്കുകളുടെ പൂര്‍ണ്ണരൂപമാണ് ചുവടെ കൊടുക്കുന്നത്.

1. അപകടമരണം
2. സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം
3. സ്ഥിരവും ഭാഗികവുമായ അംഗവൈകല്യം
4. താല്‍ക്കാലികവും പൂര്‍ണ്ണവുമായ അംഗവൈകല്യം (ഇതില്‍ ആഴ്ച തോറും ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യം ലഭ്യമാണ്).
5. അപകടം മൂലം സംഭവിച്ചേക്കാവുന്ന ആസ്പത്രി ചികിത്സാ ചിലവ്
6. ആംബുലന്‍സ് വാടക
7. പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം (ഗൃഹനാഥന് അപകടമരണമോ, പൂര്‍ണ്ണ വൈകല്യമോ സംഭവിച്ചാല്‍)
8. അപകടം മൂലം തൊഴില്‍ നഷ്ടപ്പെട്ടാലുള്ള നഷ്ട പരിഹാരം
9. അപകടം മൂലം ക്ലാസ്സില്‍ പോവാതെ വന്നാല്‍ വിദ്യാര്‍ത്ഥിക്ക് സ്വകാര്യ ട്യൂഷന്‍ ഫീസ്
10. ഗൃഹനാഥന് അപകടമരണം/സ്ഥിരവും പൂര്‍ണ്ണവുമായ വൈകല്യം സംഭവിച്ചാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് വിവാഹ ധനം.
11. ഗൃഹനാഥന്‍/ നാഥ ബാങ്കില്‍ നിന്നും വായ്പയെടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടവിനുള്ള പണം നല്‍കല്‍
12. അപകടം മൂലം ആസ്പത്രിയില്‍ കിടന്ന ദിവസങ്ങളില്‍ ലഭിക്കുന്ന ദിവസ ബത്ത
13. അപകടംമൂലം യാത്രചെയ്യേണ്ടി വന്നാലുള്ള ചിലവ് (ഇന്‍ഷ്വര്‍ ചെയ്ത ആള്‍ക്കും കുടുംബാംഗങ്ങള്‍ക്കും)
14. അപകടം മൂലം യാത്ര ചെയ്യാനുള്ള ചിലവ് - സുഹൃത്തുക്കള്‍ക്ക്
15. അപകടം മൂലം വസ്ത്രങ്ങള്‍ കേടുവന്നാലുള്ള നഷ്ടപരിഹാരം
16. അപകടംപറ്റിയ വ്യക്തിക്ക് വീട്ടിലോ, വാഹനത്തിലോ സഞ്ചാരസൗകര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിവരുന്ന ചിലവ്
17. അപകടം പറ്റിയ വ്യക്തിക്ക് ഓര്‍ത്തോ സംബന്ധമായ ഫിറ്റിങ്ങുകള്‍ക്ക് വേണ്ടിവരുന്ന ചിലവ്
18. ശവസംസ്‌കാര ചടങ്ങിനുള്ള ചിലവ്
19. ഗൃഹനാഥന് അപകടമരണം/സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം സംഭവിച്ചാല്‍ പഠിക്കുന്ന കുട്ടിയുടെ മുഴുവന്‍ ഫീസും നല്‍കുന്ന പദ്ധതി
20. ഗൃഹനാഥന് അപകടമരണം/സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ഒരു നിശ്ചിത തുക നിശ്ചിത കാലയളവ് വരെ ലഭിക്കുന്ന പദ്ധതി

ഇന്‍ഷുര്‍ ചെയ്യേണ്ട തുക:
അപകട ഇന്‍ഷുറന്‍സില്‍ അടിസ്ഥാനമായി കവറേജ് നല്‍കുന്നത് അപകടംമൂലമുള്ള മരണമാണ്. ഇതൊടൊപ്പം 20 ഓളം അനുബന്ധ കവറേജുകള്‍ നമ്മുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാം അടിസ്ഥാന കവറേജാകട്ടെ പ്രതിമാസ വരുമാനത്തിന്റെ 120 ഇരട്ടിവരെ തുകക്ക് ഇന്‍ഷുര്‍ ചെയ്യാം. എന്നാല്‍ അനുബന്ധ കവറേജുകളുടെ വ്യാപ്തി അനുസരിച്ച് ഇത് ഇന്‍ഷുര്‍ ചെയ്യുന്ന തുക പ്രതിമാസ വരുമാനത്തിന്റെ 60 ഇരട്ടിവരെയായി കുറച്ചിട്ടുണ്ട് . കൂടുതല്‍ തുകക്ക് ഇന്‍ഷുര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുകയും കൂടുതല്‍ കവറേജുകള്‍ തിരഞ്ഞടുക്കുകയും ചെയ്യേണ്ട ഒരാള്‍ക്ക് പോളിസിയില്‍ നിബന്ധനകള്‍ക്കൊണ്ടുവന്നാല്‍ മതി. ഉദാ: 10000 രൂപ പ്രതിമാസവരുമാനമുള്ള ഒരാള്‍ക്ക് 12 ലക്ഷം രൂപയുടെ അടിസ്ഥാന കവറേജ് വിപണിയില്‍ ഇന്ന് ലഭ്യമാണ്. അതേസമയംതന്നെ കൂടുതല്‍ റിസ്‌ക്കുകള്‍ കവര്‍ ചെയ്യുന്നത് 6 ലക്ഷമായി പോളിസിയില്‍ പരിമിതപ്പെടുത്തിയാല്‍ മതി.

പ്രീമിയം നിശ്ചയിക്കുന്നത്:
സാധാരണയായി ഇന്‍ഷുര്‍ ചെയ്യുന്ന ആളുകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒന്ന് ഏറ്റവുമധികം റിസ്‌ക്ക് കുറഞ്ഞവര്‍ (വൈറ്റ് കോളര്‍ ജോബ്), ഇടത്തരം റിസ്‌ക്ക് ഉള്ളവര്‍ (ഡ്രൈവര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍), റിസ്‌ക്ക് കൂടിയവര്‍ (മൈന്‍, ക്വാറി, സര്‍ക്കസ്, ഹൈടെന്‍ഷന്‍ എന്നിവയില്‍ ജോലിയെടുക്കുന്നവര്‍) എന്നിങ്ങനെയാണിത്. ഇതില്‍ ഓരോ വിഭാഗത്തില്‍പ്പെട്ടവരുടേയും റിസ്‌ക്കുകളെ അടിസ്ഥാനമാക്കി പ്രീമിയം നിശ്ചയിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇന്‍ഷുര്‍ ചെയ്യുന്ന തുകയെകൂടി അടിസ്ഥാനപ്പെടുത്തിയാണ് പ്രീമിയം തുക നിശ്ചിയിക്കുന്നത്. ചിലപ്പോള്‍ നിലവിലുള്ള പോളിസിയിലെ (പ്രത്യേകിച്ച് ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍) ക്ലെയിം തുകയും പ്രീമിയം തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നുണ്ട്.

കവറേജ് കാലാവധി:
സാധാരണയായി അപകട ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി ഒരു വര്‍ഷമാണ്, പക്ഷേ ദീര്‍ഘകാലത്തേക്കുള്ള പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്. മറ്റു ചില പോളിസികളാകട്ടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം റിസ്‌ക്കുകള്‍ കവര്‍ചെയ്യുന്നതാണ്. ഉദാ: റോഡപകടങ്ങള്‍ മാത്രം കവര്‍ ചെയ്യുന്ന പോളിസി ജോലി എടുക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന അപകടങ്ങള്‍ കവര്‍ ചെയ്യുന്ന പോളിസി എന്നിവയാണിത്. പൊതുവെ പറഞ്ഞാല്‍ 24 മണിക്കൂറും 365 ദിവസവും ലോകത്തെവിടെവെച്ച് അപകടം നടന്നാലും നഷ്ടപരിഹാരം ലഭിക്കുന്ന പോളിസികളാണ് ഇന്ന് വിപണിയില്‍ ഭൂരിഭാഗവും.

ഡിസ്‌ക്കൗണ്ട്:
ഒരു വ്യക്തിയെ ഇന്‍ഷുര്‍ചെയ്യുമ്പോള്‍ പ്രീമിയത്തില്‍ ഡിസ്‌ക്കൗണ്ട് കൊടുക്കുകയില്ല. എന്നാല്‍ ഒരു കുടുംബത്തെ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഫാമിലി ഡിസ്‌ക്കൗണ്ട് നല്‍കാറുണ്ട് (കുടുംബത്തെ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ ഗൃഹനാഥനെ 100 ശതമാനം തുകക്കും, ഭാര്യയെ 50 ശതമാനം തുകക്കും കുട്ടികളെ 25 ശതമാനം തുകക്കും മാത്രമേ കവര്‍ ചെയ്യാറുള്ളൂ). ഗ്രൂപ്പ് പോളിസികളില്‍ ഗ്രൂപ്പിന്റെ വലുപ്പമനുസരിച്ച് ഗ്രൂപ്പ് ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ദീര്‍ഘകാല പോളിസികള്‍ക്കും ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ക്ലെയിം കുറവായ പോളിസികളിലും കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതി.

അനുയോജ്യമായവ എങ്ങനെ തയ്യാറാക്കാം:
അപകട ഇന്‍ഷുറന്‍സ് പോളിസിയില്‍ ഏതാണ്ട് 20 ഓളം അനുബന്ധ റിസ്‌ക്കുകള്‍ ഉണ്ടെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലൊ. ഒരു പോളിസി എടുക്കുന്നതിന് മുമ്പായി (പ്രത്യേകിച്ചും ഗ്രൂപ്പ് പോളിസികളില്‍) ഏതെല്ലാം റിസ്‌ക്കുകളാണ് കവര്‍ ചെയ്യുന്നതെന്ന് തീരുമാനിക്കണം. റിസ്‌ക്കുകളെ ആവശ്യാനുസരണം തിരഞ്ഞെടുത്ത് അവ കൂട്ടിയിണക്കി തയ്യാറാക്കുന്ന പോളിസിയെ ടെയ്‌ലര്‍ മെയ്ഡ് പോളിസിയെന്നു പറയുന്നു. ഇതുകൂടാതെ ഇന്ത്യയിലെ വിവിധ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളസികള്‍ താരതമ്യം ചെയ്ത ശേഷം അവയില്‍ ഏറ്റവും മികച്ചതും, നിങ്ങള്‍ക്ക് അനുയോജ്യമായതും മാത്രം തിരഞ്ഞടുക്കുക. ഇപ്രകാരം തിരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ നിലവാരം ക്ലെയിം തീര്‍പ്പാക്കുന്ന രീതി, സമയപരിധി, വിപണന ശൃംഖല പോളിസിയിലെ കവറേജ്, പ്രീമിയം നിരക്ക് എന്നിവ പ്രത്യേകം നോക്കേണ്ടതുണ്ട്.

പോളിസികള്‍ പലത്, ലാഭകരം ഏത്:
വിപണിയില്‍ ഇന്ന് ലൈഫ് ഇന്‍ഷുറന്‍സിലും, ജനറല്‍ ഇന്‍ഷുറന്‍സിലും അപകട ഇന്‍ഷുറന്‍സ് ലഭ്യമാണ്. 2008ല്‍ ഡി താരിഫ് നടപ്പിലാക്കിയതുമുതല്‍ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നഷ്ടസാധ്യതകളെ അടിസ്ഥാനമാക്കി പ്രീമിയം നിരക്ക് നിശ്ചയിച്ചുതുടങ്ങി. അതിനാല്‍ മുമ്പ് ഉണ്ടായിരുന്ന താരിഫിനേക്കാള്‍ കുറഞ്ഞനിരക്കില്‍ പല കമ്പനികളും പോളിസികള്‍ നല്‍കാന്‍ തുടങ്ങി. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയില്‍ അധികരിച്ച പ്രീമിയം അടച്ച് ആക്‌സിഡന്റ് കവര്‍ ചെയ്യുന്നതിനേക്കാള്‍ ലാഭകരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടേതാണ്. മാത്രമല്ല, വൈവിധ്യമാര്‍ന്ന അപകടഇന്‍ഷുറന്‍സ് പോളിസികളൊന്നും ലൈഫ് ഇന്‍ഷുറന്‍സില്‍ ഇല്ലെന്നുപറയാം.

പോളിസികള്‍, ആര്‍ക്കൊക്കെ:
എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇണങ്ങുന്ന പോളിസികള്‍ ഇന്ന് വിപണിയിലുണ്ട്. സമൂഹത്തില്‍ താഴെതട്ടിലുള്ളവര്‍ക്കായി ജനത, ഗ്രാമീണ്‍, സാമൂഹ്യസുരക്ഷാ മൈക്രോ ഇന്‍ഷുറന്‍സ് എന്നിവയും നിലവിലുണ്ട്. ഇടത്തട്ടുക്കാര്‍ക്കും, ഉയര്‍ന്നവരുമാനമുള്ളവര്‍ക്കും ആവശ്യാനുസരണം പോളിസികള്‍ തിരഞ്ഞെടുക്കാം. ജീവനക്കാര്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, വിദ്യാര്‍ഥികള്‍, സംഘടനയിലെ മെമ്പര്‍മാര്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാവര്‍ക്കും ഈ പോളിസിയില്‍ ചേരാവുന്നതേയുള്ളൂ.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ആര്‍ക്കൊക്കെ:
ഒരു ഗ്രൂപ്പ് പോളിസിയെടുക്കുമ്പോള്‍ ഒന്നുകില്‍ ഒരുസ്ഥാപനത്തിലെ ജോലിക്കാരോ, സംഘടനയിലെ മെമ്പറോ, സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയോ ആയിരിക്കണമെന്ന നിബന്ധന നിലവിലുണ്ട്. ഗ്രൂപ്പിലുള്ള മെമ്പര്‍മാരെ തിരിച്ചറിയാനായി ഗ്രൂപ്പ് പോളിസി എടുക്കുന്ന സ്ഥാപനത്തില്‍ അനുബന്ധരേഖകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അതല്ലാതെ സമൂഹത്തിന്റെ പലതട്ടിലുള്ള വിവിധ വിഭാഗങ്ങളെ ഒന്നിച്ച് ഗ്രൂപ്പ് പോളിസി നല്‍കുന്നത് തെറ്റായ ഒന്നാണ്. ഗ്രൂപ്പ് പോളിസികള്‍തന്നെ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തികളുടെ പേര് കൊടുത്തും, മൊത്തം ആളുകളെ പേര് ചേര്‍ക്കാതെയും ഇന്‍ഷുര്‍ ചെയ്യുന്നരീതി ഇന്ന് നിലവിലുണ്ട്. ഇത്തരംപോളിസികളില്‍ വ്യക്തികളുടെ രേഖകള്‍ ശരിയായി സൂക്ഷിച്ചിരിക്കണമെന്നും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

ഒന്നിലധികം പോളിസികള്‍:
പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസികള്‍ നിങ്ങളുടെ പേരില്‍ എത്ര ഉണ്ടെങ്കിലും ഒരു അത്യാഹിതം സംഭവിച്ചാല്‍ (അപകടമരണം) എല്ലാപോളിസികളില്‍ നിന്നും ക്ലെയിം നല്‍കുന്നുണ്ട്. പക്ഷേ നിലവിലുള്ള പോളിസിയുടെ വിവരങ്ങള്‍ പിന്നീട് നല്‍കുന്ന പ്രൊപ്പോസല്‍ ഫോമില്‍ നല്‍കണമെന്ന് കമ്പനികള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ജോലി ചെയ്യുന്നസ്ഥാപനങ്ങളില്‍ നിന്നുള്ള സംരക്ഷണം, സംഘടനനല്‍കുന്ന കവറേജ്, ക്ലബ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന സംരക്ഷണം, പത്രമാധ്യമങ്ങള്‍ നല്‍കുന്ന പോളിസി, സ്വന്തമായി വീട് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അതിനോടുകൂടി കവര്‍ ചെയ്യുന്ന വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്.

പ്രീമിയം നിരക്കും ലഭിക്കുന്ന ആനുകൂല്യങ്ങളും

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള പോളിസികള്‍ താരതമ്യം ചെയ്ത ശേഷം സാധാരണക്കാര്‍ക്കും, ഇടത്തരം/ഉയര്‍ന്ന വരുമാനക്കാര്‍ക്കും, അനുയോജ്യമായ രണ്ട് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ പരിചയപ്പെടുത്തുകയാണ് ചുവടെ.Download PDF


ലേഖകന്റെ ഫോണ്‍ നമ്പര്‍: 9895768333
email: odatt@aimsinsurance.in

Tags: How to get Accident Protection Insurance Policies
»  News in this Section