ആരോഗ്യ ഇന്‍ഷുറന്‍സ്: ആസ്‌പത്രികളും സുസജ്ജമായിരിക്കണം

Posted on: 19 Nov 2012


വിശ്വനാഥന്‍ ഒടാട്ട്‌ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേലയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സിനുള്ളത്. പല വിഭാഗങ്ങളിലായി ഒട്ടേറെ ഇന്‍ഷുറന്‍സ് പോളിസികളും പദ്ധതികളും ഇന്ന് നിലവിലുണ്ട്. ജനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് കുറച്ചൊക്കെ ബോധവാന്മാരാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പലരും ചികിത്സക്കായി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുമായി ആസ്പത്രികളില്‍ പോവുന്നു. എന്നാല്‍ അതില്‍ കുറഞ്ഞ ശതമാനം ആളുകള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാവുന്നു. പലരും ആസ്പത്രികളില്‍ പോയി സൗജന്യ ചികിത്സക്കായി പോവുമ്പോള്‍ ആസ്പത്രി അധികൃതര്‍ നിസ്സഹായരായി കൈ മലര്‍ത്തുന്നു. തുടര്‍ന്ന് പലര്‍ക്കും പണം നല്‍കി ചികിത്സിക്കേണ്ടിവരുന്നു. ആസ്പത്രി വരാന്തയില്‍ ഒട്ടേറെ സമയം ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ക്കായി കാത്തുനിന്ന് അവസാനം ദു:ഖിക്കേണ്ട അവസ്ഥയാണ് ഇന്ന് പലരും നേരിടുന്ന പ്രതിസന്ധി.

ഇന്ത്യയില്‍ 20ലധികം കമ്പനികളും നൂറിലധികം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്. ക്ലെയിം തീര്‍പ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ (ടി.പി.എ) വേറേയും. പോളിസികളെക്കുറിച്ചും കവര്‍ ചെയ്യുന്നതും ചെയ്യാത്തതുമായ റിസ്‌കുകളെക്കുറിച്ചും, ക്ലെയിം നടപടി ക്രമങ്ങളെ കുറിച്ചും ആസ്പത്രിയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് വ്യക്തമായ അറിവുണ്ടായിരിക്കണം. അതല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുത്ത് ചികില്‍സക്കായി വരുന്നവരെ ശരിയായി സേവനം നല്‍കാനാവില്ല.

ആസ്പത്രികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങള്‍ നല്ല നിലയില്‍ നടത്തുന്നതിനായി ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങണം. ഇതില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, ക്ലെയിം കണ്‍സള്‍ട്ടന്‍സി വിഭാഗം, പബ്ലിക് റിലേഷന്‍സ് എന്നിവരടങ്ങുന്നതാവണം ടീം മെമ്പര്‍മാര്‍. ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ചും, ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി പഠിക്കുകയും അവ പ്രായോഗികതലത്തില്‍ എങ്ങനെ നടപ്പിലാക്കണമെന്നും ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിശദമായ പരിശീലനം നല്‍കണം.

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം, വിവിധ തരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍, അവയുടെ പ്രീമിയം നിരക്ക്, കവര്‍ ചെയ്യുന്നതും, ചെയ്യാത്തതുമായ റിസ്‌ക്കുകള്‍, ക്ലെയിം നടപടിക്രമങ്ങള്‍ എന്നിവ അറിഞ്ഞിരുന്നാലെ ക്ലെയിം നടപടിക്രമങ്ങള്‍ എളുപ്പമാവുകയുള്ളു. വിവിധ തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സേവനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ഓരോ കമ്പനികളുടേയും സേവനങ്ങളെക്കുറിച്ചും, നടപടിക്രമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഏതെല്ലാം ടി.പി.എ. കമ്പനികളെയാണ് എംപാനല്‍ ചെയ്തിരിക്കേണ്ടതെന്നും കണ്ടെത്തണം.
ആസ്പത്രിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണം. ക്യാഷ്‌ലെസ് ചികിത്സ നല്‍കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന എല്ലാ ചികിത്സകളും പരിധികള്‍ക്ക് വിധേയമായി തന്നെ നിശ്ചിത സമയത്ത് നല്‍കാന്‍ കഴിയണം. ആസ്പത്രിയില്‍ സാധാരണ ഈടാക്കാറുള്ള ചികിത്സാ ചിലവുകള്‍ മാത്രമെ ഇന്‍ഷുറന്‍സ് പോളിസി ഉടമകളില്‍ നിന്നും ഈടാക്കാവൂ. ഇന്‍ഷുറന്‍സ് പോളിസി എടുത്തു എന്ന കാരണത്താല്‍ കൂടുതല്‍ ചിലവുകള്‍ വരുത്തിവെക്കരുത്. ഇത് രണ്ടും ഭാവിയില്‍ ആസ്പത്രികള്‍ക്ക് ഗുണകരമാവുകയുമില്ല.

ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള ബോധവത്ക്കരണം നടത്തുവാന്‍ ആസ്പത്രികളാണ് ഏറ്റവും ആധികാരികമായ സ്ഥലങ്ങള്‍. ഇതില്‍ ഡോക്ടര്‍മാര്‍ക്കും, ആസ്പത്രികളിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനും നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയും. നിലവില്‍ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ പോലും 4 വര്‍ഷം തികയുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കൂടി ചികിത്സ കിട്ടുമെന്നറിയുമ്പോള്‍ തീര്‍ച്ചയായും പോളിസി എടുക്കാന്‍ താല്പര്യം കാണിക്കും. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ബജറ്റിനിണങ്ങിയ പോളിസികള്‍ വിപണിയിലുണ്ടെന്നറിയുമ്പോള്‍ അതും പോളിസി എടുക്കുവാന്‍ പ്രേരണയാകും. ആസ്പത്രിയില്‍ മറ്റു രോഗികളെ കാണുമ്പോഴും ഇത് ഇന്നല്ലെങ്കില്‍ നാളെ എനിക്കും ബാധകമല്ലേ എന്ന ചിന്ത നമ്മെ തീര്‍ച്ചയായും ഒരു പോളിസി എടുക്കാന്‍ നിര്‍ബന്ധിതരാക്കും. രോഗികളെ മാത്രമല്ല, രോഗമില്ലാത്ത മറ്റ് കുടുംബാംഗങ്ങളെയും വിശദമായി ഇത്തരം കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം ആസ്പത്രി തന്നെയാണ്.

ആരോഗ്യ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള നോട്ടീസുകള്‍, പോസ്റ്ററുകള്‍ എന്നിവ ആസ്പത്രിയില്‍ പ്രദര്‍ശിപ്പിക്കുക. ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള വീഡിയോ, പ്രസന്റേഷന്‍ എന്നിവ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള ലഘുലേഖകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍ ഇടക്കിടെ സംഘടിപ്പിക്കുക. താഴേത്തട്ടിലുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി പോലുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിക്കുക. സംഘടനകള്‍, അസോസിയേഷന്‍ എന്നിവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവ ഈ മേഖലയില്‍ പുത്തന്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നവയാണ്. ഇത്തരത്തില്‍ ആസ്പത്രികള്‍ കൂടുതല്‍ സജീവമായാല്‍ ആസ്പത്രികളിലെ രോഗികളുടെ എണ്ണം വര്‍ധിക്കും. കൂടുതല്‍ പേര്‍ ആസ്പത്രികളുമായി ബന്ധപ്പെട്ട് ചികിത്സകള്‍ നടത്തും. അങ്ങനെ ആസ്പത്രികള്‍ക്കും, നാട്ടുകാര്‍ക്കും ഒരേപോലെ ഗുണം ചെയ്യുന്ന ഒരു പദ്ധതിയായി ഇതിനെ വളര്‍ത്തിയെടുക്കാനാകും.

Tags: Health Insurance-Hospitals must be ready
»  News in this Section