
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം അനുബന്ധരേഖകള്‍ നല്‍കിയാല്‍ 30 ദിവസത്തിനകം ഇവ തീര്‍പ്പാക്കി ക്ലെയിം തുക നല്‍കേണ്ടതാണ്. ഇന്‍ഷുര്‍ ചെയ്യാനായി പ്രൊപ്പോസല്‍ ഫോം പ്രീമിയം തുക എന്നിവ നല്‍കിയാല്‍ 15 ദിവസത്തിനകം പോളിസി നല്‍കേണ്ടതാണ്. മാത്രമല്ല, പോളിസി ഉടമകളില്‍ നിന്നും കത്തുകള്‍, പരാതികള്‍ എന്നിവക്ക് 10 ദിവസത്തിനകം രേഖാമൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ മറുപടി നല്‍കേണ്ടതാണ്.
മെഡിക്ലെയിം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി കാലാവധിക്ക് മുന്‍പുതന്നെ പുതുക്കിയില്ലെങ്കില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. നാലുവര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ച് പോളിസി പുതുക്കിയാലേ നിലവിലുള്ള അസുഖങ്ങള്‍ക്കു കൂടി ചികിത്സ ലഭ്യമാവാനിടയുള്ളൂ. കൂടാതെ 4 വര്‍ഷത്തിലൊരിക്കല്‍ ക്ലെയിം ഇല്ലാത്ത പോളിസി ഉടമകള്‍ക്ക് മെഡിക്കള്‍ ചെക് അപ് സൗജന്യമായി ചെയ്യാനായി ഇന്‍ഷുര്‍ ചെയ്ത തുകയുടെ 1% തുക ലഭ്യമാണ്.
1) പോളിസി പുതുതായെടുക്കുമ്പോള്‍ ആദ്യത്തെ 30 ദിവസത്തേക്ക് അസുഖങ്ങള്‍ ഉണ്ടായാല്‍ ചികിത്സാ ചിലവ് ലഭ്യമല്ല.
2) പുതുതായി പോളിസി എടുക്കുമ്പോള്‍ ഒന്നും, രണ്ടും, മൂന്നും, നാലും വര്‍ഷങ്ങള്‍ ചികിത്സ ലഭ്യമല്ലാത്ത അസുഖങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കരുത്.
3) പോളിസി കാലാവധി തുടര്‍ച്ചയായി 48 മാസം പൂര്‍ത്തിയായാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും ചികിത്സാ ചിലവ് ലഭ്യമാണ്.
4) ആസ്പത്രിയില്‍ കിടന്ന് ചികിത്സ നേടുന്നതിന്റെ 30 ദിവസം മുന്‍പുവരെ ചികിത്സ നടത്തിയതിന്റെ ചിലവും, ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കഴിക്കേണ്ട മരുന്നിന്റെ (60 ദിവസം വരെ) ചിലവും ചികിത്സാ ചിലവിനോടൊപ്പം ലഭ്യമാക്കുന്നതാണ്.
5) ആസ്പത്രിയില്‍ കിടന്ന് ചികിത്സിക്കുമ്പോള്‍ 24 മണിക്കൂറെങ്കിലും അഡ്മിറ്റ് ആയിരിക്കണം.
6) ഒരു പ്രത്യേക അസുഖം ചികിത്സിച്ച് ഭേദമാക്കിയശേഷം വീണ്ടും 105 ദിവസം കഴിഞ്ഞ് അതേ അസുഖത്തിന് ചികിത്സിക്കുമ്പോള്‍ അതിനെ വെവ്വേറെ അസുഖമായി പരിഗണിച്ച് ക്ലെയിം ലഭ്യമാക്കാവുന്നതാണ്.
7) ആസ്പത്രിയില്‍ കിടന്ന് ചികിത്സ തേടിയാല്‍ ഡിസ്ചാര്‍ജ് ചെയ്ത് 7 ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനിയെ വിവരം അറിയിക്കേണ്ടതാണ്.
ലൈഫ് ഇന്‍ഷുറന്‍സ്
1) ലൈഫ് ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന ശേഷം പോളിസി ഉടമക്ക് പോളിസി കയ്യില്‍ കിട്ടിയാല്‍ അത് വായിച്ചു മനസ്സിലാക്കി എന്തെങ്കിലും പന്തികേട് തോന്നിയാല്‍ 15 ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെടാവുന്നതാണ്. അടച്ച പണം തിരികെ വാങ്ങാവുന്നതിനും സമയ പരിധി നല്‍കുന്നു. ഇതിനെ ഫ്രീ ലുക്ക് പീരീഡ് എന്ന് പറയുന്നു.
2) റഗുലര്‍ പ്രീമിയം അടക്കുന്നവര്‍ക്ക് വിവിധ കമ്പനികള്‍ 15 ദിവസം / 30 ദിവസം ഗ്രേസ് പീരീഡ് നല്‍കുന്നുണ്ട്. അതായത് അധിക പ്രീമിയം അടക്കാതെ തന്നെ ഈ സമയത്ത് പ്രീമിയം അടക്കാവുന്നതാണ്.
3) ലൈഫ് ഇന്‍ഷുറന്‍സില്‍ ഒരു ക്ലെയിം ഉണ്ടായാല്‍ എല്ലാ അനുബന്ധ രേഖകളൂം യഥാസമയം നല്‍കിയാല്‍ 30 ദിവസത്തിനകം ക്ലെയിം തീര്‍പ്പാക്കേണ്ടതാണ്.
4) പോളിസിയില്‍ പ്രീമിയം അടക്കുന്നത് മുടങ്ങിയാല്‍ അന്നേ ദിവസം കൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ വീണ്ടും അടക്കേണ്ട പ്രീമിയവും പലിശയും ഒന്നിച്ചടച്ചാല്‍ പോളിസി റിവൈവ് ചെയ്യാവുന്നതാണ്.
മോട്ടോര്‍ വാഹനം
1) മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് കാലാവധി തീരുന്നതിനുമുന്‍പ് പ്രീമിയം അടച്ച് പോളിസി പുതുക്കണം. അതല്ലെങ്കില്‍ വാഹനം പരിശോധന ചെയ്ത ശേഷമെ ഇന്‍ഷുര്‍ ചെയ്യാനാകൂ.
2) പോളിസി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പോളിസി പുതുക്കിയാല്‍ മാത്രമെ 'നോ ക്ലെയിം ബോണസ്' ലഭ്യമാകൂ.
3) വാഹനം കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ ഉടമയുടെ പേരില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റണം. ഇങ്ങനെ മാറ്റുന്ന അവസരത്തില്‍ 15 ദിവസത്തിനകമെങ്കിലും ഇന്‍ഷുറന്‍സ് പോളിസിയും പുതിയ ഉടമയുടെ പേരില്‍ മാറ്റിയിരിക്കണം.
4) പഴയ വാഹനത്തിലുള്ള നോ ക്ലെയിം ബോണസ് പുതിയ വാഹനത്തിലേക്ക് മാറ്റുമ്പോള്‍ സാമ്പത്തികമായി വളരെയധികം ലാഭം കിട്ടുന്നതാണ്. ഇതിന് 3 വര്‍ഷത്തെ സമയ പരിധിയാണ് കമ്പനികള്‍ നല്‍കുന്നത്.