ഇന്‍ഷുറന്‍സിനോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടാവണം

Posted on: 28 Oct 2012


വിശ്വനാഥന്‍ ഒടാട്ട്‌ഒരു അടുത്ത സുഹൃത്ത് ഈയിടെ എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന് അത്യാവശ്യമായി ചില ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാനുണ്ടെന്ന് പറഞ്ഞു. അതില്‍ മെഡിക്ലെയിം, ടേം കവര്‍ (ലൈഫ് കവര്‍ ചെയ്യുന്ന പോളിസി) എന്നിവ അത്യാവശ്യമാണുതാനും.

സംഗതി അന്വേഷിച്ചപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. അടുത്തയിടെയായി അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപെട്ടതായി കണ്ടെത്തിയത്. ചികില്‍സിക്കാനാണെങ്കില്‍ ഒട്ടേറെ ചിലവും വരും. ഒരു മെഡിക്ലെയിം പോളിസി എടുത്താല്‍ ഇതിനൊരു പരിഹാര മാര്‍ഗ്ഗമാവുമെന്ന വിശ്വാസത്തിലാവാം എന്നെ വിളിച്ചത്. മാത്രമല്ല, വല്ല അത്യാഹിതവും സംഭവിച്ചാലോ എന്ന ആശങ്കയിലാവാം ലൈഫ് റിസ്‌ക് കവര്‍ ചെയ്യുന്ന പോളിസിയെക്കുറിച്ച് അന്വേഷിച്ചതും.

സമ്പാദ്യവും ആരോഗ്യവും ഉള്ള സമയത്ത് സംരക്ഷണ കാര്യങ്ങള്‍ പ്രത്യേകിച്ച് ഇന്‍ഷുറന്‍സിനെ കുറിച്ച് പറഞ്ഞപ്പോള്‍ 'പിന്നെയാവാമെന്ന്' പറഞ്ഞയാളാണ്. പക്ഷെ ഇനിയിപ്പോള്‍ എന്ത് ചെയ്യും. കാര്യങ്ങള്‍ സംഭവിച്ചശേഷം ഇന്‍ഷുറന്‍സിനെ കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.

ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്ത് വ്യവസായം നടത്തുന്ന മറ്റൊരാളുടെ കഥ ഇതാ. 30 ലക്ഷം രൂപയുടെ മൊത്തം ആസ്തിയാണ് വ്യവസായം തുടങ്ങുന്നതിനായി ചിലവിട്ടത്. ബാങ്കില്‍ നിന്നും 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ബാങ്കില്‍ നിന്നും എടുത്ത വായ്പാതുകയ്ക്കുള്ള ഇന്‍ഷുറന്‍സ് സംരക്ഷണം ബാങ്ക് മാനേജര്‍ ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുഴുവന്‍ തുകയ്ക്കും (മുപ്പത് ലക്ഷം രൂപക്ക്) ഇന്‍ഷുര്‍ ചെയ്യേണ്ടിടത്ത് മൂന്നിലൊന്ന് തുകയ്ക്ക് (10 ലക്ഷം രൂപക്ക്) മാത്രമാണ് ഇന്‍ഷുര്‍ ചെയ്തിരുന്നത്. ലോണ്‍ കിട്ടണമെങ്കില്‍ ഇന്‍ഷുര്‍ ചെയ്‌തേ മതിയാകൂ എന്നാണ് വ്യവസായി വിചാരിച്ചത്. ഈ സാഹചര്യത്തില്‍ ഒരു തീപിടുത്തം ഉണ്ടായാലോ? 10 ലക്ഷം രൂപയുടെ ഇന്‍ഷുര്‍ ചെയ്തത് അണ്ടര്‍ ഇന്‍ഷുറന്‍സ് ആയതിനാല്‍ 10 ലക്ഷം രൂപയുടെ മൂന്നിലൊന്ന് തുക മാത്രമെ ക്ലെയിം തുക ലഭ്യമാവുകയുള്ളു. 30 ലക്ഷം രൂപ ആസ്തിയുണ്ടായിരുന്ന ആള്‍ക്ക് 3 ലക്ഷം രൂപ കിട്ടിയിട്ടെന്തുകാര്യം. പലരും ഒരു ചടങ്ങിനായി ഇന്‍ഷുര്‍ ചെയ്യുന്ന അത്യാഹിതം സംഭവിക്കുമ്പോള്‍ മുഴുവന്‍ ക്ലെയിം തുകയും ലഭിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ പഴി ചാരുകയും ചെയ്യും.

ഇനി ഒരു വാഹന ഉടമക്കുണ്ടായ മറ്റൊരു അനുഭവം പരിശോധിക്കാം. വാഹനം ഒരു പ്രൈവറ്റ് കാറായിരുന്നു. ഇന്‍ഷുറന്‍സ് പുതുക്കുവാന്‍ സമയമാകുന്നതിനു മുന്‍പുതന്നെ ഒരുപാട് കമ്പനികളുടെ ഓഫറുമായി പലരും ഫോണില്‍ വിളിതുടങ്ങി. പലരും നേരിട്ട് വന്നുകണ്ട് പല ഓഫറുകളും നല്കി. ഇത്രയേറെ ആളുകള്‍ ബന്ധപ്പെട്ട സ്ഥിതിക്ക് ഏറ്റവും കുറഞ്ഞ പ്രീമിയം നല്കുന്നത് ആരാണോ അവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നല്കാന്‍ വാഹന ഉടമ തീരുമാനിച്ചു. അവസാനം അത് നല്കുകയും ചെയ്യും. രണ്ടുമാസം തികഞ്ഞില്ല വാഹനം അപകടത്തില്‍ പെട്ടു. റിപ്പയര്‍ ചെയ്യാനായി വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി. എസ്റ്റിമേറ്റ് എടുത്ത് 25000 രൂപയോളം വരും. ഇന്‍ഷുര്‍ ചെയ്ത ആളെ ഫോണില്‍ വിളിച്ചു. കമ്പനിയെ വിവരം അറിയിച്ചു. സര്‍വെയര്‍ വന്നു പോളിസി പരിശോധിച്ചപ്പോഴാണറിയുന്നത് 20,000 രൂപ വരെ ഇദ്ദേഹം എടുത്ത പോളിസിയില്‍ ക്ലെയിം ചെയ്യാനാകില്ലെന്ന്. അതായത് പോളിസി പുതുക്കുന്ന സമയത്ത് പ്രീമിയം കുറച്ചു നല്കാനായി വളണ്ടറി എക്‌സസ് 20,000 രൂപ വരെ കൊടുത്ത കാര്യം വാഹന ഉടമ അറിഞ്ഞിരുന്നില്ല. കുറഞ്ഞ പ്രീമിയത്തിലുള്ള ആകര്‍ഷണത്തില്‍ എല്ലാം മറന്നു. ക്ലെയിം കിട്ടാതായപ്പോള്‍ സംഗതി മനസ്സിലായി.

പലപ്പോഴും നാം എന്തിനാണ് ഇന്‍ഷുര്‍ ചെയ്യുന്നതെന്നും, എന്തെല്ലാം റിസ്‌കുകളാണ് കവര്‍ ചെയ്യുന്നതെന്നും വ്യക്തമായി മനസ്സിലാക്കണം. ഒട്ടേറെ പുതുമകളുള്ള ധാരാളം പോളിസികള്‍ വിപണിയിലുണ്ട്. നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള റിസ്‌കുകള്‍ ചിട്ടപ്പെടുത്തി വേണം പോളിസിയെടുക്കുവാന്‍. ചടങ്ങിന് മാത്രം ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക. നിങ്ങള്‍ വിചാരിച്ച പ്രയോജനം കിട്ടില്ല. നിങ്ങളുടെ ഇന്‍ഷുറന്‍സിനോടുള്ള സമീപനത്തില്‍ ഇനി മുതല്‍ മാറ്റമുണ്ടായാല്‍ നന്ന്.


Tags: Attitude towards insurance should change
»  News in this Section