വിദേശമലയാളികള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍

Posted on: 17 Mar 2013


വിശ്വനാഥന്‍ ഒടാട്ട്‌വിദേശമലയാളികള്‍ക്ക് അടിസ്ഥാനപരമായി രണ്ട് ഇന്‍ഷുറന്‍സ് പോളിസികളാണ് വേണ്ടത്. ഒന്നാമതായി, സ്വന്തം ലൈഫ് റിസ്‌ക്ക് കവര്‍ ചെയ്യുന്ന ടേം കവര്‍ . രണ്ടാമതായി, കുടുംബാംഗങ്ങളെ മൊത്തം കവര്‍ ചെയ്യുന്ന ഫാമിലി ഫ്ലോട്ടര്‍ മെഡിക്ലെയിം പോളിസി. ഇതിനായി ലക്ഷക്കണക്കിനു രൂപയൊന്നും ചെലവാക്കേണ്ടതില്ല. ഈ രണ്ടു പോളിസികള്‍ ഏതാണെന്നും അവയ്ക്കുവേണ്ട സാമ്പത്തിക ചെലവ് എത്രയാണെന്നും പരിശോധിക്കാം.

ടേം ഇന്‍ഷുറന്‍സ്

അപേക്ഷകന്റെ പ്രായം - 40 വയസ്സ്
പോളിസി കാലാവധി - 25 വര്‍ഷം
അപേക്ഷകന് മരണം സംഭവിച്ചാല്‍ പോളിസി കാലാവധി തീരുംവരെ ലഭ്യമാവുന്ന പ്രതിമാസ തുകയും വാര്‍ഷിക പ്രീമിയവും (വാര്‍ഷിക പ്രീമിയം ബ്രാക്കറ്റില്‍ ): 10,000 രൂപ (8,122 രൂപ), 25,000 രൂപ (20,304 രൂപ), 50,000 രൂപ (39,389 രൂപ)

ഫാമിലി ഫ്ലോട്ടര്‍ മെഡിക്ലെയിം

അപേക്ഷകന്റെ (കുടുംബനാഥന്‍) പ്രായം - 40 വയസ്സ്
2 കുട്ടികള്‍ അടങ്ങുന്ന കുടുംബം
ഇന്‍ഷുര്‍ ചെയ്യുന്ന തുകയും വാര്‍ഷിക പ്രീമിയവും (വാര്‍ഷിക പ്രീമിയം ബ്രാക്കറ്റില്‍ ):
1 ലക്ഷം (2,607 രൂപ), 3 ലക്ഷം (4,921 രൂപ), 6 ലക്ഷം (14,079)

2 പോളിസികള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം പ്രീമിയം
സാധാരണ കുടുംബത്തിന് 10,729 രൂപ
ഇടത്തരം 25,225 രൂപ
ഉയര്‍ന്ന വരുമാനമുള്ളവര്‍ 53,468 രൂപ

വിദേശമലയാളികള്‍ക്ക് അടിസ്ഥാനപരമായി രണ്ട് ഇന്‍ഷുറന്‍സ് പോളിസികളാണ് വേണ്ടത്‌
വിദേശമലയാളികളുടെ ആയുസ്സിനും ആരോഗ്യത്തിനും ഹാനികരമുണ്ടായാല്‍ മേല്‍പ്പറഞ്ഞ പോളിസികള്‍ കൈത്താങ്ങായിരിക്കും. നിങ്ങള്‍ ജോലി ചെയ്യുന്ന അവസരത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിക്ഷേപിക്കുന്നത് സൂക്ഷിച്ചുവേണം. കാരണം ഇന്നത്തെ പണപ്പെരുപ്പം, ബാങ്കുകള്‍ ഇപ്പോള്‍ നല്‍കുന്ന പലിശനിരക്ക് എന്നിവയെ താരതമ്യം ചെയ്യുമ്പോള്‍ പരമ്പരാഗത പോളിസികള്‍ നല്‍കുന്ന ശരാശരി റിട്ടേണ്‍ 6 ശതമാനം മാത്രമാണ്. യൂലിപ് പോളിസികളുടെ അവസ്ഥ അതിനേക്കാള്‍ മോശമാണ്. വിപണിയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ യൂലിപ് പോളിസികളില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന റിട്ടേണ്‍ ലഭിക്കുകയില്ല. മാത്രമല്ല, അടച്ച പ്രീമിയം തുക തിരികെ കിട്ടണമെന്നുമില്ല. അതിനാല്‍ സംരക്ഷണങ്ങള്‍ക്ക് മാത്രം ഇനി മുതല്‍ പ്രാധാന്യം നല്‍കുക. കൈയിലുള്ള പണം മറ്റു സുരക്ഷിത മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കുക.

ഫാമിലി ഫ്ലോട്ടര്‍ മെഡിക്ലെയിം:
ഒരു നിശ്ചിത തുകക്ക് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും കൂട്ടായോ, ഒറ്റക്കോ ഈ പോളിസിയുടെ ഗുണം ലഭ്യമാണ്. ഉദാ. ഒരു ലക്ഷം രൂപക്ക് അച്ഛന്‍, അമ്മ, 2 കുട്ടികള്‍ എന്നിങ്ങനെ ഇന്‍ഷുര്‍ ചെയ്ത കാലയളവില്‍ മേല്‍പറഞ്ഞ 4 പേരില്‍ ആര്‍ക്ക് ആസ്പത്രി ചെലവു വന്നാലും ഒരു വര്‍ഷത്തില്‍ പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ഈ പോളിസിയില്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങളും, വരുമാനവും വിഭിന്നമായതുകൊണ്ട് ഇന്‍ഷുര്‍ ചെയ്യുന്ന തുക അതനുസരിച്ച് തിരഞ്ഞെടുക്കുകയും ചെയ്യാം. പോളിസിയില്‍ ചേരുവാന്‍ അപേക്ഷകന് 55 വയസ്സുവരെ പ്രായമെങ്കില്‍ മെഡിക്കല്‍ പരിശോധന ആവശ്യമില്ല. മാത്രമല്ല, ആശ്രിതര്‍ക്ക് 60 വയസ്സുവരെയും മെഡിക്കല്‍ പരിശോധന ആവശ്യമില്ല. 3 മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് തുടക്കത്തില്‍ ഇന്‍ഷുര്‍ ചെയ്യാവുന്നതാണ്. പോളിസിയില്‍ ചേര്‍ന്ന് 4 വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും ക്ലെയിം ലഭ്യമാവും. ചികിത്സാ ചെലവുകളില്‍ റൂം വാടക, ഡോക്ടറുടെ ഫീസ്, മരുന്നുകള്‍, കൃത്യനിര്‍ണ്ണയത്തിനുള്ള ചെലവുകള്‍, ഓപ്പറേഷന്‍, തീയറ്റര്‍ ചാര്‍ജ്ജുകള്‍, കൃത്രിമാവയവങ്ങള്‍, ആംബുലന്‍സ് ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്നു. ക്ലെയിംരഹിതവര്‍ഷങ്ങളില്‍ പ്രീമിയത്തില്‍ 5 ശതമാനം ഇളവ് ലഭിക്കും. ഇത് പരമാവധി 20 ശതമാനം മാത്രമായിരിക്കും.

ടേം കവര്‍ :
ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്ക് മരണം സംഭവിച്ചാല്‍ ജീവിച്ചിരിക്കുന്ന ആശ്രിതര്‍ക്ക് പ്രതിമാസം (പോളിസി കാലാവധി വരെ) ഒരു നിശ്ചിതതുക നല്‍കുന്ന തരത്തിലുള്ള മന്ത്‌ലി ഇന്‍കം പ്ലാനാണിത്. രക്ഷിതാക്കളുടെ ദേഹവിയോഗം ജീവിച്ചിരിക്കുന്ന മറ്റു കുടുംബാംഗങ്ങളെ നിത്യദുരിതത്തിലാക്കുന്നു. ഈ നഷ്ടം നികത്താവുന്ന ഒന്നല്ല എങ്കിലും ഇതുമൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ പരിഹരിക്കാനുതകുന്ന പോളിസിയാണ് ടേം കവര്‍. എന്നാല്‍ സ്വന്തം കുടുംബത്തെ സ്‌നേഹിക്കുന്ന എല്ലാവരും ആദ്യം എടുത്തിരിക്കേ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണിത്. തുച്ഛമായ പ്രീമിയം അടച്ചാല്‍ വലിയ തുകക്കു ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ജോലി കിട്ടി വരുമാനമായി തുടങ്ങിയാല്‍ ഇത്തരം പോളിസികള്‍ എടുക്കുന്നത് നന്നായിരിക്കും. കുടുംബത്തെ സ്‌നേഹിക്കുന്ന വരുമാനമുള്ള രക്ഷിതാക്കള്‍ ഇതിന് മുന്തിയ പരിഗണന നല്‍കേണ്ടതാണ്.

അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ നമുക്ക് ആദ്യഗഡുവായി നാം മുന്‍കൂട്ടി തിരഞ്ഞെടുക്കുന്ന പ്രതിമാസവരുമാനത്തിന്റെ 12 ഇരട്ടി ലഭ്യമാവുന്നു. തുടര്‍ന്നുള്ള കാലയളവില്‍ എല്ലാ മാസവും പ്രതിമാസവരുമാനം കൃത്യമായി പോളിസി ഉടമക്കോ, അവകാശികള്‍ക്കോ ലഭ്യമാവുന്നു. പോളിസി കാലാവധി 5 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ തിരഞ്ഞെടുക്കാം. പ്രതിമാസ വരുമാനം ഏറ്റവും ചുരുങ്ങിയത് 10,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതലായി വേണമെങ്കില്‍ തിരഞ്ഞെടുക്കാം. ഇന്‍ഷുര്‍ ചെയ്യുന്നതിനു മുമ്പായി നിങ്ങളുടെ കുടുംബത്തില്‍ ഒരു മാസത്തേക്കുള്ള ചെലവുകള്‍, ലോണുകള്‍ എന്നിവ കൂടി പരിഗണിച്ചായിരിക്കണം പ്രതിമാസ വരുമാന തുക നിശ്ചയിക്കേണ്ടത്. അതിനനുസരിച്ചായിരിക്കണം ഇന്‍ഷുര്‍ ചെയ്യേണ്ട തുകയും പ്രീമിയവും. ഒന്നിച്ചൊരു തുക എവിടെ നിന്നു കിട്ടിയാലും നാം പ്രതീക്ഷിച്ചപോലെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറണമെന്നില്ല. അതുകൊണ്ട് പ്രതിമാസം ഒരു നിശ്ചിത തുക കിട്ടിയാല്‍ ചെലവുകള്‍ നിയന്ത്രിക്കാനും വായ്പകള്‍ യഥാസമയം തിരിച്ചടക്കാനും കഴിയും.
odatt@aimsinsurance.in

Tags: Insurance policies for NRIs
»  News in this Section