മാരക രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം

Posted on: 10 Jun 2012


വിശ്വനാഥന്‍ ഒടാട്ട്‌മാരക രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതരീതി, വ്യായാമക്കുറവ്, ഭക്ഷണം, മാലിന്യം, പാരമ്പര്യം/ ജനിതകം എന്നിങ്ങനെ വിവിധ കാരണങ്ങള്‍കൊണ്ടാണ് ഇത്. രോഗനിര്‍ണ്ണയം നടത്തിയാല്‍ പിന്നെ ലക്ഷക്കണക്കിന് രൂപയാണ് ആസ്പത്രി ചെലവിനായി ചെലവഴിക്കേണ്ടി വരുന്നത്. എത്ര സമ്പന്നരായിരുന്നാല്‍പോലും മാരകരോഗങ്ങള്‍ പിടിപെട്ടാല്‍ സാമ്പത്തികനില താറുമാറാകുമെന്നതില്‍ സംശയമില്ല.

ഇന്ത്യയില്‍ പൊതുവെ ഒരു ഡസനോളം മാരകരോഗങ്ങള്‍ കവര്‍ ചെയ്യുന്ന പോളിസികള്‍ നിലവിലുണ്ട്. പക്ഷെ 21 ഓളം മാരകരോഗങ്ങള്‍ കവര്‍ ചെയ്യുന്നതോടൊപ്പം തന്നെ, ഇന്‍ഷുര്‍ ചെയ്യുന്ന ആളിന്റെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും, അപകടം മൂലം ആസ്പത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നാല്‍ പ്രതിദിനം ലഭിക്കുന്ന ഹോസ്പിറ്റല്‍ ക്യാഷ്, ട്രാസ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്, കുട്ടികള്‍ക്കായുള്ള എഡ്യുക്കേഷന്‍ ഫണ്ട് മുതലായ എല്ലാ റിസ്‌കുകളും കവര്‍ ചെയ്യുന്ന പോളിസിയുടെ വിശദവിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്.

പോളിസി നല്‍ക്കുന്നത് ഭാരതി ആക്‌സ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ്. ഇതൊരു ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ് പോളിസിയായതിനാല്‍ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവര്‍ക്കേ ചേരാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു. 18 വയസ്സു മുതല്‍ 50 വയസ്സു വരെ പ്രായമുള്ളവരെ ഉദ്ദേശിച്ചാണ് ഈ പോളിസി വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ 65 വയസ്സു വരെ തുടര്‍ച്ചയായി പോളിസി പുതുക്കാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. എന്‍.ആര്‍.ഐ/ വിദേശമലയാളികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി പ്രൊഫഷണലുകള്‍, വിവിധ സംഘടയിലെ മെമ്പര്‍മാര്‍, അസോസിയേഷന്‍ എന്നിവര്‍ക്ക് ഏറ്റവും അനുയോജ്യമായ പോളിസിയാണിത്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് 5 വിവിധ തരത്തിലുള്ള വിഭാഗങ്ങള്‍ ഈ പോളിസിയിലുണ്ട്.

1750 രൂപ പ്രതിവര്‍ഷം അടക്കുന്ന ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 5 ലക്ഷം രൂപയും, പൂര്‍ണ്ണമായ അംഗവൈകല്യം സംഭവിച്ചാല്‍ 7.50 ലക്ഷം രൂപയും ലഭിക്കും. 20 ഓളം മാരകരോഗങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ 2 ലക്ഷം രൂപ ചികിത്സിക്കാനായി പണം മുന്‍കൂര്‍ ലഭിക്കുന്നതാണ്. (അസൂഖം കണ്ടെത്തിയ ശേഷം രോഗി 30 ദിവസമെങ്കിലും ജീവിച്ചിരിക്കണം). ഇതു കൂടാതെ ആസ്പത്രിയില്‍ അഡ്മിറ്റ് ആയാല്‍ പ്രതിദിനം 500 രൂപ വച്ച,് പരമാവധി 20 ദിവസം ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്. മരണം സംഭവിച്ചാല്‍ മൃതദേഹം വീട്ടിലെത്തിക്കാന്‍ 5,000 രൂപയും, പഠിക്കുന്ന കുട്ടിയുണ്ടെങ്കില്‍ വിദ്യാഭ്യാസ ചെലവിന് 5000 രൂപയും ഇതിനു പുറമെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പോളിസിയില്‍ ചേരാന്‍ ലളിതമായ നടപടിക്രമങ്ങള്‍ മാത്രമേയുള്ളൂ. വൈദ്യപരിശോധന ആവശ്യമില്ല. സംഘടനാതലത്തില്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ എത്ര ചെറിയ സംഘടനയായാലും മുഴുവന്‍ മെമ്പര്‍മാരെയും ഉള്‍പ്പെടുത്തി ഇന്‍ഷുര്‍ ചെയ്യേണ്ടതാണ്. കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, മാരകരോഗങ്ങള്‍, ഇന്‍ഷുര്‍ ചെയ്യുന്ന തുക എന്നിവയുടെ ഒരു പട്ടികയാണ് ചുവടെ കൊടുക്കുന്നത്.


Tags: Insurance cover for critical illness
»  News in this Section