മെഡിക്ലെയിം ഇന്‍ഷുറന്‍സ് പ്രീമിയം എങ്ങനെ കുറയ്ക്കാം?

Posted on: 19 Jan 2013


വിശ്വനാഥന്‍ ഒടാട്ട്‌അപകടങ്ങള്‍, അസുഖങ്ങള്‍, മാരകരോഗങ്ങള്‍ എന്നീ റിസ്‌കുകള്‍ അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ നാം ശാരീരികമായും, മാനസികമായും സാമ്പത്തികമായും തകരുന്നു. ഈ അവസ്ഥയില്‍ നിന്നും മോചനം നേടണമെന്നുണ്ടെങ്കില്‍ വരുമാനമുള്ളപ്പോള്‍ ആരോഗ്യമുള്ള അവസരത്തില്‍ യഥാസമയം ഇന്‍ഷുര്‍ ചെയ്ത് സുരക്ഷിതരാവുകയേ നിവൃത്തിയുള്ളൂ. വാഹനങ്ങളുടെ പെരുപ്പവും, യന്ത്രവല്‍ക്കരണവും മറ്റുമാണ് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതെങ്കില്‍ അസുഖങ്ങള്‍ക്കുള്ള കാരണങ്ങള്‍വേറെയാണ്. ജീവിതരീതി, ഭക്ഷണം, വ്യായാമക്കുറവ്, മാനസിക പിരിമുറുക്കം, മലിനീകരണം എന്നിവ മൂലം ചെറുപ്രായത്തിലേ നാം രോഗങ്ങള്‍ക്കടിമയാകുന്നു. തന്മൂലം വരുമാനത്തിന്റെ ഏറിയ പങ്കും ആസ്പത്രി ചെലവുകള്‍ക്കായി നീക്കിവെക്കേണ്ടി വരുന്നു.

ആസ്പത്രികളാകട്ടെ രോഗനിര്‍ണ്ണയ പരിശോധന, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം, നൂതന സാങ്കേതികോപകരണങ്ങളുടെ സഹായത്തോടുകൂടിയുള്ള ചികിത്സാരീതികള്‍, മരുന്നുകളുടെ വില, ആസ്പത്രി ചെലവ്, സൗകര്യങ്ങള്‍ എന്നിവമൂലം ചികിത്സാ ചെലവുകള്‍ക്ക് ഭീമമായ സംഖ്യ ഈടാക്കുന്നു. ഈ അവസ്ഥയില്‍ സമൂഹത്തിലെ ഏതു വിഭാഗത്തില്‍പെട്ടവര്‍ക്കും രോഗങ്ങള്‍ / അപകടങ്ങള്‍ എന്നിവ വന്നാല്‍ താങ്ങാനാവാതെ ബുദ്ധിമുട്ടുന്നു.

ഇന്ത്യയില്‍ ഇന്ന് എല്ലാ വിഭാഗങ്ങള്‍ക്കും ഇണങ്ങിയ പോളിസികള്‍ നിലവിലുണ്ട്. അറിഞ്ഞോ അറിയാതെയോ ഭൂരിഭാഗം പേരും പോളിസി ഉടമകളല്ല. സാധാരണ മെഡിക്ലെയിം പോളിസികളില്‍ നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമല്ല. പക്ഷെ പലപ്പോഴും അസുഖമുള്ളപ്പോഴാണ് പലര്‍ക്കും മെഡിക്ലെയിം പോളിസിയെക്കുറിച്ച് ഓര്‍മ്മ വരുന്നതും പോളിസി എടുക്കുന്നതും. ആയിരം രൂപക്ക് ഒരു രൂപക്കും രണ്ടു രൂപക്കുമിടയിലാണ് സാധാരണ പ്രീമിയം നിരക്ക്. അതായത് ഒരുലക്ഷം രൂപക്ക് 40 വയസ്സ് പ്രായമുള്ള ഒരാള്‍ക്ക് ഇന്ന് നിലവിലുള്ള പ്രീമിയത്തിന്റെ ശരാശരി നിരക്ക് 1500 രൂപ എന്നിരിക്കട്ടെ. ഇത്രയും തുക പ്രീമിയമായി അടച്ചാല്‍ ഒരു ലക്ഷം രൂപയുടെ ചികിത്സാ ചെലവ് ലഭ്യമാവുന്നു. ഇന്ത്യയില്‍ ഇന്ന് ചികിത്സകള്‍ 'ക്യാഷ് ലെസ്' അഥവാ സൗജന്യ ചികിത്സ ലഭ്യമാവുന്ന ആയിരക്കണക്കിന് ആസ്പത്രികള്‍ നിലവിലുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിട്ടും, തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മുഖാന്തിരവും ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന രീതിയാണ് നിലവിലുള്ളത്.

വ്യക്തികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, ഗ്രൂപ്പുകള്‍ക്കും പോളിസി എടുക്കാവുന്നതാണ്. അസുഖം / അപകടം / മാരക രോഗങ്ങള്‍ എന്നിവക്കുപുറമെ പ്രസവം, ദന്ത ചികിത്സ, നേത്ര രോഗങ്ങള്‍, അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള ചെലവ്, ആസ്പത്രിയില്‍ കിടന്ന ദിവസം, പ്രതിദിന ബത്ത, ആംബുലന്‍സ് വാടക, നഴ്‌സിങ് ചാര്‍ജ്ജ്, കൂടെ നില്‍ക്കുന്ന ആളിന്റെ ചെലവ്, മാരക രോഗങ്ങള്‍ ഉണ്ടെന്ന് കണ്ടുപിടിച്ചാലുള്ള നഷ്ടപരിഹാരം എന്നിങ്ങനെ വിവിധ റിസ്‌കുകള്‍ക്ക് ഇന്ന് കവര്‍ ലഭ്യമാണ്.

മെഡിക്ലെയിം പ്രീമിയം കുറയ്ക്കാം; എങ്ങനെ?

പോളിസി എടുക്കുന്നവരും ഇന്‍ഷുറന്‍സ് കമ്പനികളും ശ്രദ്ധിച്ചാല്‍ മെഡിക്ലെയിം പോളിസികളിലെ നഷ്ടം കുറയ്ക്കാനും പ്രീമിയത്തിലെ വര്‍ധന ഒഴിവാക്കാനും കഴിയും. ഡോക്ടര്‍മാര്‍, ആസ്പത്രികള്‍, സര്‍ക്കാര്‍ എന്നിവര്‍ക്കും തങ്ങളുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്.

പോളിസി എടുക്കുന്നവര്‍

* ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച് ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക.
* ചികിത്സാ ചെലവുകള്‍ എത്രയാവുമെന്ന് കണക്കാക്കി അതനുസരിച്ച് കവറേജ് ഉറപ്പാക്കുക.
* കുടുംബത്തിലെ എല്ലാവരെയും (കുട്ടികള്‍ ഉള്‍പ്പടെ) ഇന്‍ഷുര്‍ ചെയ്യുക.
* നിലവിലുള്ള അസുഖങ്ങള്‍ വെളിപ്പെടുത്താതെ, അത് ചികിത്സിക്കാനും ക്ലെയിം ലഭിക്കാനും ശ്രമിക്കാതിരിക്കുക.
* രോഗം ഭേദമാകുന്നതിനുള്ള ചികിത്സാസമ്പ്രദായത്തിന് പകരം ആര്‍ഭാടമായ ചികിത്സാ സമ്പ്രദായം ഒഴിവാക്കുക.
* മെഡിക്കല്‍ പരിശോധനക്ക് വിധേയരാകുന്നതിന് മുമ്പ് മരുന്നുകള്‍ സേവിക്കാതെ പരിശോധന വിധേയരാവുക.

ഡോക്ടര്‍മാര്‍/ ആസ്പത്രികള്‍

* മെഡിക്കല്‍ പരിശോധന ചടങ്ങ് മാത്രമാക്കാതെ, ഗൗരവത്തോടെതന്നെ നടത്തുക, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുക.
* ആശുപത്രി ചെലവുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഓരോ ചികിത്സക്കും നിശ്ചിത സംഖ്യ നിശ്ചയിക്കുകയും ചെയ്യുക.
* ഇന്‍ഷൂര്‍ ചെയ്ത വ്യക്തികളില്‍ നിന്നും ചികിത്സക്കായി അധിക തുക ഈടാക്കാതിരിക്കുക.
* ആശുപത്രിയില്‍ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് മെഡിക്ലെയിം ഇന്‍ഷുറന്‍സിനെക്കുറിച്ചും, ക്ലെയിം സംബന്ധമായ കാര്യങ്ങളെക്കുറിച്ചും വിദഗ്ദ പരിശീലനം നല്‍കുക.

സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍

* ആരോഗ്യ ഇന്‍ഷൂറന്‍സിനെക്കുറിച്ച് സ്‌കൂള്‍തലം മുതല്‍ എല്ലാവര്‍ക്കും ബോധവല്‍ക്കരണം നടത്തുക.
* കുറഞ്ഞ നിരക്കില്‍ (പ്രത്യേകിച്ച് ദരിദ്രരേഖയ്ക്ക് താഴെയുള്ളവരില്‍) ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുക.
* ആസ്പത്രികളിലെ സൗകര്യങ്ങള്‍ മനസിലാക്കി വിവിധ കാറ്റഗറികളാക്കി അവര്‍ ഈടാക്കുന്ന സംഖ്യ പരിശോധിച്ച് നിജപ്പെടുത്തുക.
* എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇണങ്ങുന്ന വിവിധ പദ്ധതികള്‍ കമ്പനികളുമായി വിലപേശി നടപ്പില്‍ വരുത്തുക.
* സര്‍ക്കാര്‍ വ്യക്തവും സുതാര്യവുമായ ഒരു ആരോഗ്യനയം ഉണ്ടാക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുക.

കമ്പനികള്‍

* ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണം എല്ലാ തലങ്ങളിലും വ്യാപിപ്പിക്കുക. അതിന് സഹകരിക്കാന്‍ തയ്യാറുള്ള എല്ലാ ഏജന്‍സികളുമായും കൂട്ടുപിടിക്കുക.
* ഏറ്റവും ലളിതമായി ഇന്‍ഷൂര്‍ ചെയ്യാനും ക്ലെയിം ലഭിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക.
* ക്ലെയിം ലഭിക്കുന്നതും ലഭിക്കാത്തതുമായ രോഗങ്ങളെക്കുറിച്ച് ലളിതവുമായ വിവരങ്ങള്‍ പോളിസിയുടമയ്ക്ക് നല്‍കുക.
* ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ഗ്രൂപ്പായോ ഇന്‍ഷുര്‍ ചെയ്യുക.
* ആസ്പത്രികളെ തരംതിരിച്ച് നിലവാരം ഉറപ്പുവരുത്തി ചികിത്സാ ചെലവുകള്‍ നിജപ്പെടുത്തുക.
* ഇന്‍ഷുറന്‍സിലെ ആള്‍മാറാട്ടം ഒഴിവാക്കാന്‍, തിരിച്ചറിയല്‍ സംവിധാനം ഉറപ്പുവരുത്തുക.
* ക്രമക്കേട് നടത്തുന്ന ഡോക്ടര്‍മാരെയും ആസ്പത്രികളെയും കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ടവരെ അറിയിക്കുക.


Tags: How to reduce mediclaim premium
»  News in this Section