ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തുകഴിഞ്ഞാല്‍
Posted on: 02 Oct 2010
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ലഭിച്ചു കഴിഞ്ഞാല്‍ എല്ലാം ആയെന്നു കരുതരുത്. പോളിസി എടുക്കുന്നതു പോലെ പ്രധാനമാണ് പുതുക്കുന്നതും. മിക്ക ഇന്‍ഷുറന്‍സ് പദ്ധതികളും വാര്‍ഷിക അടിസ്ഥാനത്തില്‍ പുതുക്കേണ്ടവയാണ്. കാറുകള്‍ക്കും ബൈക്കുകളും മറ്റും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞാല്‍ പുതുക്കാനെടുക്കുന്ന തിടുക്കം ആരോഗ്യ ഇന്‍ഷുറന്‍സിനും ബാധകമാണ്.
അതുപോലെ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ഇടയ്ക്കിടെ കമ്പനി മാറാതാരിക്കാനും ശ്രദ്ധിക്കുക. ക്ലെയിം തുക ആവശ്യം വരാത്ത വര്‍ഷങ്ങളില്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും പരമാവധി മുതലാക്കാനും ശ്രദ്ധിക്കുക. കുടുംബ ഇന്‍ഷുറന്‍സ് ആണെങ്കില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും മരണം സംഭവിക്കുകയോ ഒരു കുഞ്ഞു ജനിക്കുകയോ ചെയ്താല്‍ പോളിസിയിലും അത് ചേര്‍ക്കാന്‍ വിട്ടു പോവരുത്.
ക്ലെയിം ആവശ്യപ്പെടുമ്പോള്‍
ക്ലെയിം ആവശ്യമായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുളള നടപടി ക്രമങ്ങള്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന അവസരത്തില്‍ തന്നെ ബ്രോക്കര്‍മാരോട് ചോദിച്ച് മനസ്സിലാക്കണം. ഇത് കുടുംബത്തില്‍ എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കാനും ശ്രദ്ധിക്കണം. പോളിസി എടുത്തയാള്‍ക്ക് എന്തെങ്കിലും അപകടം പറ്റുന്ന അവസരത്തില്‍ മറ്റുള്ളവര്‍ക്ക് ഇതറിയാമെന്നത് ഗുണം ചെയ്യും.
ആരോഗ്യ സംബന്ധമായ രേഖകള്‍ (മരുന്ന് ചീട്ട്, ലാബ് റിപ്പോര്‍ട്ട്) ഏതെങ്കിലുമൊരു സ്ഥലത്തു തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആസ്പത്രികള്‍ എവിടെയാണ് സ്ഥിതി ചെയ്യന്നതെന്നത് എന്നതു സംബന്ധിച്ചും കുടുംബത്തില്‍ എല്ലാവരും അറിഞ്ഞിരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ചിലവഴിക്കാനായി ഒരു നിശ്ചിത തുക എപ്പോഴും കരുതിയിരിക്കണം.
ക്ലെയിം ആവശ്യപ്പെടുമ്പോള്‍ കമ്പനി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള രീതിയില്‍ തന്നെ അതു ചെയ്യാന്‍ ശ്രദ്ധിക്കണം. താഴെ പറയുന്ന രേഖകള്‍ കൃത്യമായി സമര്‍പ്പിയ്ക്കാന്‍ മറക്കരുത്.
1. മെഡിക്കല്‍ ചിലവുകളുടെ ബില്ലുകളുടെ ശരി പകര്‍പ്പ്
2. ഡിസ്ചാര്‍ജ് കാര്‍ഡിന്റെ ശരി പകര്‍പ്പ്.
3. ലാബില്‍ നടത്തിയ ടെസ്റ്റുകളുടെ റിസള്‍ട്ടിന്റെ ശരി പകര്‍പ്പ്. ഡോക്ടര്‍ നല്‍കിയ പ്രിസ്‌ക്രിപ്ഷനും ഇതോടൊപ്പം വേണം.
4. ഫാര്‍മസി ബില്ലിന്റെ കോപ്പി.
രോഗിയെ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ ക്ലെയിമിനായുളള രേഖകള്‍ നല്‍കണം. ഇല്ലെങ്കില്‍ ക്ലെയിം ലഭിക്കുന്നതിന് കാലതാമസം നേരിട്ടേക്കാം.