ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടുന്നില്ലേ? പരാതിപ്പെടാം ...

Posted on: 18 Feb 2012ഇന്‍ഷുറന്‍സ് എടുത്താല്‍ പേടിയില്ലാതെ ജീവിക്കാമെന്നതാണ് പൊതുവായ ധാരണ. വലിയ അസുഖങ്ങളൊക്കെ വെല്ലുവിളിയാവുമ്പോള്‍ മെഡി-ക്ലെയിമുണ്ടെങ്കില്‍ അല്ലലില്ലാതെ കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നതു കൊണ്ടാണിത്. പക്ഷെ ക്ലെയിമിനായി ഇന്‍ഷുറന്‍സ് കമ്പനികളുടെ വാതിലില്‍ മുട്ടിയ ചിലര്‍ക്കെങ്കിലും ചില തിക്താനുഭവങ്ങള്‍ പങ്കുവെയ്ക്കാനുണ്ടാവുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ക്ലെയിം തുക പരമാവധി കുറയ്ക്കാനായി കമ്പനികള്‍ പതിനെട്ടടവും പയറ്റുമെന്ന് ക്ലെയിം തുക മുഴുവനായും ലഭിക്കാത്ത അനുഭവസ്ഥര്‍ പറയുന്നു. ശസ്ത്രക്രിയയും മറ്റും ആവശ്യം വരുന്ന അവസരങ്ങളില്‍ ഇന്‍ഷുറന്‍സ് രേഖകളിലെ നൂലാമാലകളില്‍ ഉടക്കി പലപ്പോഴും വലിയൊരു തുക നഷ്ടമായരുടെ അനുഭവം കേട്ടാല്‍ ഇതു മനസ്സിലാവും.

എന്നുകരുതി ഉപഭോക്താക്കള്‍ എപ്പോഴും കമ്പനികളുടെ കനിവിനായി കാത്തു നില്‍ക്കേണ്ടതൊന്നുമില്ലെന്നതാണ് വസ്തുത. പോളിസി ഹോള്‍ഡര്‍മാരുടെ പരാതികള്‍ക്ക് കാര്യക്ഷമമായ പരിഹാരം ലഭിക്കുന്നതിനായി നിരവധി വാതിലുകളുണ്ട്. മുട്ടി വിളിക്കാന്‍ മറക്കുന്നവര്‍ക്കാണ് പലപ്പോഴും അര്‍ഹതപ്പെട്ട ക്ലെയിം തുക ലഭിക്കാതെ വരുന്നത്.

പോളിസി ഉടമകളുടെ പരാതികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ തന്നെ നിരവധി സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇ-മെയില്‍ വഴിയും ഫോണ്‍ കോളുകള്‍ വഴിയുമെല്ലാം പരാതികള്‍ കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ഇതിനായി ഒരു ഗ്രീവന്‍സ് റിഡ്രസ്സല്‍ ഓഫീസര്‍ തന്നെയുണ്ടായിരിക്കണമെന്നതാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡം.

പരാതി ലഭിച്ച് മൂന്ന് ദിവസത്തിനകം കമ്പനികള്‍ ഇതു സംബന്ധിച്ച് ഉപഭോക്താവുമായി ബന്ധപ്പെട്ടിരിക്കണമെന്നതാണ് നിയമം. ഇതില്‍ പരാജയപ്പെട്ടാല്‍ കമ്പനികള്‍ പിഴയൊടുക്കേണ്ടി വരും. പരാതികള്‍ക്കുള്ള പരിഹാരം രണ്ടാഴ്ചക്കകം കാണുകയും വേണ്ടതുണ്ട്. ഇനി പരിഹാരം കാണാന്‍ കഴിയാത്ത പക്ഷം കാരണം ഉപഭോക്താവിനെ അറിയിക്കുകയും മറ്റു സാധ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും വേണം. ഇത്തരത്തിലുള്ള അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഇത് സ്വീകാര്യമാണോ എന്ന് കമ്പനിയെ അറിയിക്കാനുള്ള ചുമതല പോളിസി ഉടമയുടേതാണ്. എട്ട് ആഴ്ചകള്‍ക്കകം യാതൊരു മറുപടിയും പോളിസി ഉടമയില്‍ നിന്ന് ലഭിക്കാത്ത പക്ഷം പരാതി തീര്‍പ്പായെന്ന് കമ്പനിയ്ക്ക് കണക്കാക്കാം.

ഇനി ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതികരണം തൃപ്തികരമല്ലെങ്കില്‍ വേറെയും മാര്‍ഗങ്ങളുണ്ട്. അടുത്തതായി ഐ.ആര്‍.ഡി.എ യെ നേരിട്ട് സമീപ്പിക്കാവുന്നതാണ്. ഐ.ആര്‍.ഡി.എയിലും പോളിസി ഉടമകളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കമ്പനികള്‍ ഉപഭോക്താക്കളുടെ പരാതികള്‍ വേണ്ട രീതിയില്‍ പരിഗണിക്കാത്ത പക്ഷം ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനോട് പരാതിപ്പെടാം. 20 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് കോണ്‍ട്രാക്റ്റുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് ഇവിടെ പരിഹരിക്കപ്പെടുക. ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനാണ് പരാതി നല്‍കുന്നതെങ്കില്‍ പരാതി ലഭിച്ച് ഒരു മാസത്തിനകം തന്നെ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ ഇതു സംബന്ധിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഉപഭോക്താവിനെ അറിയിക്കണമെന്നതാണ് ചട്ടം. ഓംബുഡ്‌സ്മാന്റെ നിര്‍ദേശം ലഭിച്ച് 15 ദിവസങ്ങള്‍ക്കകം തന്നെ ഇത് സ്വീകാര്യമാണോ എന്ന് ഓംബുഡ്‌സ്മാനെ അറിയിക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിം, പ്രീമിയം തുക, സെറ്റില്‍മെന്റിലെ കാലതാമസം, ക്ലെയിം നിരാകരിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം ഓംബുഡ്‌സ്മാന് പരിഹാരം നിര്‍ദേശിക്കാന്‍ കഴിയും. ഇതില്‍ തൃപ്തരാവാത്ത പക്ഷം ഉപഭോക്താവിന് സിവില്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ പരിഹാരമാര്‍ഗങ്ങള്‍ നീളുന്നു.

അതേസമയം, ഐ.ആര്‍.ഡി.എയുടെ പാരാതി സെല്ലിന് ഓംബുഡ്‌സ്മാനെപ്പോലെ ഉത്തരവിറക്കാനുള്ള അധികാരമില്ല. 155255 എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം ആവശ്യമെങ്കില്‍ ഓംബുഡസ്മാനടുത്ത് ഉപഭോക്താവിനെ ഐ.ആര്‍.ഡി.എ എത്തിക്കും. ഐ.ആര്‍.ഡി.എ സെല്ലില്‍ പരാതിപ്പെടുമ്പോള്‍ ഇതു പരാതിക്കാരന്‍ നേരിട്ട് ചെയ്യുക തന്നെ വേണമെന്നത് പ്രത്യേകം ഓര്‍ക്കണം. ഇതില്‍ അഭിഭാഷകന്റെയോ മറ്റ് ഉപദേശകരുടെയോ ഇടപെടല്‍ ഐ.ആര്‍.ഡി.എ അനുവദിക്കുന്നില്ല. ഫോണിന് പുറമെ ഇ-മെയിലിലും ഐ.ആര്‍.ഡി.എക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്. ഏജന്റ്മാരെ കുറിച്ചാണ് പരാതിയെങ്കില്‍ ഐ.ആര്‍.ഡി എയ്ക്ക് നേരിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഇത്തരം പരാതികള്‍ ഓംബുഡ്‌സ്മാന്‍ സ്വീകരിക്കില്ല.

Tags: Claim for insurance claims until you get
»  News in this Section