അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാനൊരു ഫണ്ട്‌

Posted on: 08 Sep 2012സാമാന്യം നല്ലൊരു ജോലി കിട്ടയപ്പോഴാണ് 32കാരനായ കാര്‍ത്തിക്ക് നഗരത്തിലേക്ക് മാറി താമസിച്ചത്. പുതിയ വീട് വാങ്ങാനും മറ്റുമായി വലിയൊരു തുക ചെലവായി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തത്രപ്പാടിനിടയ്ക്ക് ഈ തുക കണ്ടെത്താന്‍ വായ്പയെടുക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. അപ്പോഴാണ് ആഗോള സാമ്പത്തിക പ്രതിസന്ധി സാമ്പത്തിക രംഗത്തെ മാന്ദ്യത്തിലാക്കിയത്. അവിചാരിതമായി ജോലി നഷ്ടപ്പെട്ടതോടെ കാര്‍ത്തിക്കിന്റെ ജീവിതം ഇരുള്‍മൂടി. പ്രതിമാസം വായ്പയിലേക്ക് തിരിച്ചടയ്ക്കാനുള്ള തുക എങ്ങനെ കണ്ടെത്തും? നഗരത്തിലേക്ക് മാറി താമസിക്കാന്‍ തോന്നിയ നിമിഷത്തെ പഴിക്കുകയല്ലാതെ അയാള്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ആഗോള സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ മിക്ക ആഗോള കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഈ അവസരത്തില്‍ കാര്‍ത്തിക്കിനെപ്പോലെ ജോലി നഷ്ടപ്പെട്ടവര്‍ ഒരുപാടുണ്ട്. മിക്കവരും ഇത്തരമൊരു അപകടത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. പക്ഷെ ഒട്ടൊന്നു ശ്രദ്ധിച്ചാല്‍ ഇത്തരമൊരു അവസ്ഥ ഒഴിവാക്കാവുന്നതായിരുന്നു. ജോലി നഷ്ടപ്പെടുന്ന അവസരങ്ങളില്‍ തുണയാവുന്ന ഒരുപാട് ഇന്‍ഷുറന്‍സ് പോളിസികള്‍ നിരവധി കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അടിയന്തര ഘട്ടത്തില്‍ ഉപകാരമാവുന്ന ഒരു ഫണ്ടായി ഇത്തരം പോളിസികളെ ഉപയോഗിക്കാവുന്നതാണ്. ഐ.സി.ഐ.സി ലൊംബാര്‍ഡ്, എച്ച്.ഡി.എഫ്.സി എര്‍ഗോ, ബജാജ് അലിയന്‍സ്, ഫ്യൂച്ചര്‍ ജെനറാലി എന്നീ കമ്പനികള്‍ അവതരിപ്പിച്ച പോളിസികള്‍ ജോലി നഷ്ടപ്പെട്ട് മറ്റൊരു ജോലി ലഭിക്കുന്നതു വരെയുള്ള ഹൃസ്വകാലത്തേക്ക് വായപകള്‍ തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നു. ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ഭവന വായ്പയ്ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് കവര്‍ ജോലി നഷ്ടപ്പെടുന്ന അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് വലിയ സഹായമാവും. എച്ച്.ഡി.എഫ്.സി എര്‍ഗോയും ഇതേ തരത്തിലുള്ള ഇന്‍ഷുറന്‍സ് സ്‌കീം അവതരിപ്പിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ജെനറാലി ആക്‌സിഡന്റ് ഇന്‍ഷുറന്‍സിനും ഇതേ സൗകര്യം നല്‍കുന്നുണ്ട്. ഭാരതി അക്‌സ ഇതുപോലൊരു ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിക്കാനൊരുങ്ങുകയുമാണ്.

ജോലി നഷ്ടപ്പെടുമ്പോള്‍ വായ്പ തിരച്ചടയ്ക്കാന്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെങ്കിലും ഹൃസ്വകാലത്തേക്ക് മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയൂ. ജോലി നഷ്ടമായതിന് ശേഷം മൂന്ന് മാസക്കാലത്തേക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാവൂ. ഇതിനുള്ളില്‍ ഉപഭോക്താവിന് പുതിയൊരു ജോലി കണ്ടുപിടിക്കാന്‍ സാധിച്ചേക്കും എന്നതിനാലാണിത്.

ജോലി നഷ്ടപ്പെട്ടു എന്ന് കാണിച്ച് തുകയ്ക്ക് ക്ലെയിം ചെയ്യണമെങ്കില്‍ 30-90 ദീവസം വരെ കാത്തിരിക്കണമെന്നതും നിബന്ധനകളില്‍ ഉള്‍പ്പെടും. അതുപോലെ പോളിസി നിലവില്‍ വന്നതിന് ശേഷം ജോലി നഷ്ടപ്പെടുകയാണെങ്കില്‍ മാത്രമേ തുക ക്ലെയിം ചെയ്യാന്‍ സാധിക്കുകയുമുള്ളു. ജോലി നഷ്ടപ്പെടാനുള്ള കാരണങ്ങളും കമ്പനികള്‍ പരിശോധിക്കും. മുന്‍പേ രോഗബാധിതനായതിനാലാണ് ജോലി നഷ്ടപ്പെട്ടതെങ്കില്‍ ക്ലെയിം നിരാകരിക്കപ്പെടാന്‍ സാധ്യതയുണ്ട്. തൊഴിലദാതാവ് വെച്ചു നീട്ടിയ മറ്റൊരു ഓഫര്‍ നിങ്ങള്‍ നിരാകരിച്ചിട്ടുണ്ടെങ്കിലും ക്ലെയിം നിഷേധിക്കപ്പെടാം.

മോശം പ്രകടനമല്ല ജോലി നഷ്ടപ്പെടാന്‍ കാരണം എന്ന് തെളിയിക്കുക തന്നെയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മാന്ദ്യം മൂലമാണ് പിരിച്ചുവിടുന്നതെന്ന് കമ്പനികള്‍ വ്യക്തമാക്കുന്ന അവസരത്തില്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇത് എളുപ്പം ബോധ്യമാവൂ. ആരോഗ്യപരമായ കാരണങ്ങളാണെങ്കിലും. നിലവിലുള്ള ലോണ്‍ തുക വിശകലനം ചെയ്തതിന് ശേഷം മാത്രമേ ക്ലെയിം അനുവദിക്കുകയുമുള്ളു. ഉദാഹരണത്തിന് 35വയസ്സുള്ള ഒരു ഉപഭോക്താവിന് അടയ്ക്കാനുള്ള തുക 50 ലക്ഷം രൂപയാണെന്ന് കരുതുക. 50 ലക്ഷം രൂപയായിരിക്കും അനുവദിക്കുക. ഇതിന് പ്രതിവര്‍ഷം 15,000 രൂപ പ്രീമിയമാണ് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ഈടാക്കുന്നത്. അതേസമയം, അഞ്ചു വര്‍ഷം കാലാവധിയുള്ള എച്ച്.ഡി.എഫ്.സി എര്‍ഗോ സിംഗിള്‍ പ്രീമിയം പോളിസിയാണെങ്കില്‍ 58,000 രൂപയ്ക്കും 65,000 രൂപയ്ക്കും ഇടയിലായിരിക്കും ക്ലെയിം ലഭിക്കുക.

വാര്‍ഷികമായി പുതുക്കുന്ന പോളിസി ഉപയോഗിച്ച് എല്ലാ വര്‍ഷവും ജോലി നഷ്ടത്തിന് ക്ലെയിം ചെയ്യാം. പക്ഷെ 2,3,5 വര്‍ഷങ്ങള്‍ കാലാവധിയുള്ള പോളിസികളാണെങ്കില്‍ ഇക്കാലത്തിനിടെ ഒരു തവണ മാത്രമെ ക്ലെയിം ചെയ്യാന്‍ സാധിക്കൂ. 50 വര്‍ഷത്തിന് മുകളിലുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനും കഴിയില്ല. ജോലി നഷ്ടത്തിന് ക്ലെയിം ചെയ്യാവുന്ന പോളിസികള്‍ 20 വയസ്സു മുതല്‍ 50 വയസ്സുവരെ ഉള്ളവര്‍ക്ക് മാത്രമാണ്. അതേസമയം, വായ്പയടയ്ക്കാനുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം പോളിസകള്‍ അനുവദിക്കപ്പെടുന്നത് എന്നതും ഓര്‍ക്കണം. ചില കമ്പനികള്‍ അപകട ഇന്‍ഷുറന്‍സിനും ഈ സൗകര്യം നല്‍കുന്നുണ്ടെങ്കിലും ഇത് ഉപഭോക്താക്കള്‍ക്ക് അത്ര കണ്ട് ലാഭകരമല്ലെന്നാണ് പേഴ്‌സണ്‍ ഫിനാന്‍സ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. സാമാന്യം നല്ലൊരു തുക മിച്ചം വെയ്ക്കാന്‍ കഴിയാത്തവര്‍ മാത്രം ഈ സൗകര്യം ഉപയോഗിച്ചാല്‍ മതി. അല്ലെങ്കില്‍ മറ്റേതെങ്കിലും നിക്ഷേപ പദ്ധതികളില്‍ അപകട സമയത്ത് ഉപയോഗിക്കാവുന്ന ഒരു തുക പ്രതിമാസം നിക്ഷേപിക്കുകയാണ് ഏറ്റവും നല്ലത്.

Tags: An emergency job loss fund at hand
»  News in this Section