30 ലക്ഷത്തിന് മുകളിലുള്ള സമ്പത്തിന് വെല്‍ത്ത് ടാക്‌സ്‌

Posted on: 05 Jun 2012ഇന്‍കം ടാക്‌സില്‍ നിന്നും വ്യത്യസ്തമാണ് വെല്‍ത്ത് ടാക്‌സ്. പക്ഷെ ഇതിന്റെ പരിധിയില്‍ വരുന്നവര്‍ വളരെ കുറവാണ്.

ആരൊക്കെയാണ് വെല്‍ത്ത് ടാക്‌സ് നല്‍കേണ്ടത് ?

30 ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതിവിധേയ സമ്പാദ്യമുള്ളവര്‍ക്കാണ് വെല്‍ത്ത് ടാക്‌സ് അടയ്‌ക്കേണ്ടത്. ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്ക് ലോകത്തെവിടെയുള്ള സമ്പാദ്യങ്ങള്‍ക്കും വെല്‍ത്ത് ടാക്‌സ് നല്‍കേണ്ടതുണ്ട്. അതേസമയം, വിദേശ ഇന്ത്യക്കാരന് ഇന്ത്യയിലെ സമ്പാദ്യത്തിന് മാത്രം വെല്‍ത്ത് ടാക്‌സ് നല്‍കിയാല്‍ മതിയാവും.

വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങി വരുന്ന അവസരത്തില്‍ വെല്‍ത്ത് ടാക്‌സ് ഇനത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മടങ്ങി വരുന്ന തീയതിയുടെ ഒരു വര്‍ഷം മുമ്പ് വാങ്ങിയതോ നിക്ഷേപിച്ചതോ ആയ ആസ്തികള്‍ക്ക് മടങ്ങിയെത്തിയ തീയതി മുതല്‍ ഏഴ് വര്‍ഷം വരെ വെല്‍ത്ത് ടാക്‌സ് നല്‍കേണ്ടതില്ല.

ഏതെല്ലാം ആസ്തികള്‍ക്ക് വെല്‍ത്ത് ടാക്‌സ് ബാധകമാണ്?

പൊതുവെ വ്യക്തിഗതവും നിഷ്‌ക്രിയവുമായ ആസ്തികള്‍ക്കാണ് വെല്‍ത്ത് ടാക്‌സ് ഈടാക്കുന്നത്. ഒന്നിലധികം വീടുള്ളവര്‍ (അധികമുള്ള വീട് വാടകയ്ക്ക് നല്‍കിയിട്ടില്ലെങ്കില്‍) വെല്‍ത്ത് ടാക്‌സ് നല്‍കേണ്ടതുണ്ട്.

ആഭരണങ്ങള്‍, യോട്ടുകള്‍ (ഉല്ലാസ നൗക), സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന വിമാനങ്ങള്‍ എന്നുവേണ്ട 50,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കും വെല്‍ത്ത് ടാക്‌സ് ഈടാക്കാവുന്നതാണ്.

നിയമപരമായി നിര്‍മാണം സാധ്യമായ ഭൂമിക്കും വെല്‍ത്ത് ടാക്‌സ് ബാധകമാണ്. അതേസമയം, ബിസിനസിനായി ഉപയോഗിക്കുന്ന ആസ്തികള്‍ക്കും ഓഹരി നിക്ഷേപങ്ങള്‍ക്കും വാടകയ്ക്ക് കൊടുത്ത ആസ്തികള്‍ക്കും വെല്‍ത്ത് ടാക്‌സ് നല്‍കേണ്ടതില്ല. അതേസമയം, ബിസിനസിനായി ഉപയോഗിക്കുന്ന കാറുകള്‍ക്ക്് വെല്‍ത്ത് ടാക്‌സ് നല്‍കണം.

ഒന്നിലധികമുള്ള വീടുകള്‍ വാടകയ്ക്ക് കൊടുത്തിട്ടുള്ളവയല്ലെങ്കില്‍ വെല്‍ത്ത് ടാക്‌സിന് വിധേയമാണെന്നത് ഓര്‍ക്കണം. അതുകൊണ്ട് തന്നെ ഒന്നിലധികം വീടുകളുള്ളവര്‍ക്ക് അധികമുള്ള വീടുകള്‍ വാടകയ്ക്ക് കൊടുക്കുക വഴി വെല്‍ത്ത് ടാക്‌സില്‍ നിന്ന് രക്ഷ നേടാനാവും.

വെല്‍ത്ത് ടാക്‌സ് നിരക്ക്?

മൊത്തം ആസ്തിയില്‍ നിന്ന് കടബാധ്യത കഴിച്ചുള്ള സമ്പാദ്യമാണ് നെറ്റ് വെല്‍ത്ത്. 30 ലക്ഷത്തിന് മുകളിലുള്ള നെറ്റ് വെലത്തിന്റെ ഒരു ശതമാനമാണ് വെല്‍ത്ത് ടാക്‌സായി നല്‍കേണ്ടത്. എല്ലാവര്‍ഷവും മാര്‍ച്ച് 31നാണ് വെല്‍ത്ത് ടാക്‌സ് കണക്കാക്കുക. വെല്‍ത്ത് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി ജൂലായ് 31 ആണ്.

ഇരട്ട നികുതിയില്‍ നിന്നും ഇളവ് നല്‍കുന്നതാണ് ഡബിള്‍ ടാക്‌സേഷന്‍ അവോയിഡന്‍സ് എഗ്രിമെന്റ്‌സ്. ഇത് പ്രകാരം വെല്‍ത്ത് ടാക്‌സിനും ഇളവ് ലഭിക്കും. വെല്‍ത്ത് ടാക്‌സ് ഓണ്‍ലൈന്‍ ആയും അടയ്ക്കാന്‍ കഴിയും.

Tags: Wealth tax tips
»  News in this Section