
വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങള്‍ക്കും വരുമാനത്തിനും ഇന്ത്യയിലെ നിയമങ്ങള്‍ വ്യത്യസ്തമാണ്. ഒറ്റയ്ക്കുള്ള നിക്ഷേപങ്ങളാണെങ്കില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാവില്ലെങ്കിലും ഇന്ത്യയില്‍ താമസമുള്ള ബന്ധുവുമായോ സുഹൃത്തുമായോ ഉള്ള സംയുക്ത നിക്ഷേപമാവുമ്പോള്‍ ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളുണ്ട്.
നടപ്പു വര്‍ഷം നിങ്ങളെത്ര ദിവസം ഇന്ത്യയില്‍ താമസിച്ചുവെന്നതാണ് അടുത്ത വര്‍ഷത്തെ നിങ്ങളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് തീരുമാനിക്കുക. 182 ദിവസമോ അതില്‍ താഴെയോ ദിവസങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ തങ്ങിയതെങ്കില്‍ അടുത്ത വര്‍ഷം നോണ്‍ റസിഡന്‍ഷ്യല്‍ ഇന്ത്യനായിട്ടായിരിക്കും പരിഗണിയ്ക്കപ്പെടുക.
വാടക വരുമാനം
സാധാരണ ഗതിയില്‍ ഇന്ത്യക്കാര്‍ക്ക് വാടക ഇനത്തിലുള്ള വരുമാനം ടി.ഡി.എസിന് വിധേയമല്ല. ഇത് മൊത്തം വരുമാനവുമായി ചേര്‍ത്ത് ആദായ നികുതി സ്ലാബ് അനുസരിച്ച് ഒരുമിച്ച് അടച്ചാല്‍ മതി. പക്ഷെ വീട്ടുടമസ്ഥന്‍ എന്‍.ആര്‍.ഐ ആണെങ്കില്‍ ഈ വരുമാനം ടി.ഡി.എസിന് വിധേയമാണ്. മറിച്ച് വസ്തുവിന്റെ ഫസ്റ്റ് ഹോള്‍ഡറായി ഇന്ത്യയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കളെ ആരെയെങ്കിലും വെച്ചാല്‍ ഈ ഇനത്തിലുള്ള വരുമാനത്തിന് പ്രത്യേക നികുതി നല്‍കേണ്ടതില്ല. ഏതുതരം നിക്ഷേപങ്ങള്‍ക്കും നികുതി നല്‍കേണ്ടത് ഫസ്റ്റ് ഹോള്‍ഡറാണെന്നത് മറക്കരുത്.
ഫിക്‌സഡ് ഡിപോസിറ്റ്
എന്‍.ആര്‍.ഐകള്‍ക്ക് ഇന്ത്യയില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് പാടില്ലെന്നാണ് നിയമം. അതേസമയം, കുടുംബത്തിലെ അടുത്ത ബന്ധുവുമായോ സുഹൃത്തുമായോ ചേര്‍ന്ന് നേരത്തേ തുടങ്ങിയ ജോയിന്റ് അക്കൗണ്ടാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ തുടരാന്‍ ബാങ്കുകള്‍ അനുവദിക്കും. പിന്നീടിത് പുതുക്കാനാവില്ലെന്ന് മാത്രം. ഇനി ജോയിന്റ് അക്കൗണ്ട് തുടരേണ്ടതുണ്ടെങ്കില്‍ ഒരു എന്‍.ആര്‍.ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അക്കൗണ്ട് തുറന്നാല്‍ മതി.
ഇന്ത്യയില്‍ താമസിക്കുന്ന അടുത്ത ബന്ധുവുമായി ചേര്‍ന്ന് ഇത്തരത്തില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. അതേസമയം, ഫിക്‌സഡ് ഡിപോസിറ്റുകള്‍ക്ക് നികുതി കണക്കാക്കുമ്പോള്‍ അല്‍പ്പം വ്യത്യാസമുണ്ടാവുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. സാധാരണ ഫികസ്ഡ് ഡിപോസിറ്റുകള്‍ക്ക് ടി.ഡി.എസ് പത്ത് ശതമാനമാണ്. പലിശ ഇനത്തില്‍ ലഭിക്കുന്ന വരുമാനം മൊത്തം വരുമാനത്തോട് കൂട്ടിയാണ് നികുതി കണക്കാക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അവസരത്തില്‍ ടി.ഡി.എസ് ക്രെഡിറ്റ് ആവശ്യപ്പെടാനും സാധാരണ ഫിക്‌സഡ് ഡിപോസിറ്റാണെങ്കില്‍ സാധിക്കും.
അതേസമയം, എന്‍.ആര്‍.ഒ ഫികസഡ് ഡിപോസിറ്റുകള്‍ക്ക് ടി.ഡി.എസ് 30 ശതമാനമാണ്. പക്ഷെ നിങ്ങള്‍ താഴ്ന്ന നികുതി പരിധിയിലാണെങ്കില്‍ ടി.ഡി.എസ് ക്രെഡിറ്റിന് പകരം ടി.ഡി.എസ് റീഫണ്ടിന് അര്‍ഹരാണ്.
ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍
ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പോലെ പ്രവാസികള്‍ക്ക് മ്യുച്വല്‍ ഫണ്ടില്‍ സംയുക്ത നിക്ഷേപത്തിന് അവസരമുണ്ട്. പക്ഷെ ഓഹരി വ്യാപാരത്തില്‍ പറ്റില്ല. പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം ലഭ്യമായിട്ടുള്ള ബാങ്കുകളിലൂടെ നേരിട്ടു മാത്രമേ ഓഹരി നിക്ഷേപം സാധ്യമാവൂ. അതേസമയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് എന്‍.ആര്‍.ഐകള്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും നികുതി ഒന്നു തന്നെയാണ്. അതേസമയം, ഇക്ക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ മൂലധന നിക്ഷേപത്തിന് ലഭിക്കുന്ന ഹ്രസ്വകാല ലാഭത്തിന് 15 ശതമാനമാണ് പലിശ. ഡെബ്റ്റ് ഫണ്ടുകള്‍ക്ക് ഇത് 30 ശതമാനവുമാണ്. ഡെബ്റ്റ് ഫണ്ടുകളില്‍ നിന്നുള്ള ലാഭം മൊത്തം വരുമാനവുമായി ചേര്‍ത്തായിരിക്കും നികുതി നിശ്ചയിക്കുക. അങ്ങനെ വരുമ്പോള്‍ നല്‍കേണ്ടി വരുന്ന 30 ശതമാനം ടി.ഡി.എസ് റേറ്റ് വരുമാനത്തിലുമധികമാവാനും സാധ്യതയുണ്ട്.