സ്വര്‍ണം വാങ്ങാന്‍ പാന്‍ നിര്‍ബന്ധം

Posted on: 18 May 2012ന്യൂഡല്‍ഹി: രണ്ട് ലക്ഷം രുപയ്ക്ക് മുകളിലുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നതിന് പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) നിര്‍ബന്ധമാക്കി. സ്വര്‍ണം വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവില്‍ നിന്ന് നികുതി പിരിക്കുന്നത് (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ് - ടി.സി.എസ്) നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്. വിലയില്‍ തന്നെ നികുതിയും ഉള്‍പ്പെടുത്തിയ ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ് (ടി.ഡി.എസ്) സമ്പ്രദായമായിരുന്നു ഇതുവരെ. എന്നാല്‍, ഉപഭോക്താവിന്റെ പേരുവിവരം അറിയാന്‍ ഈ സമ്പ്രദായം വഴി കഴിയില്ല. മറിച്ച് പാന്‍ നിര്‍ബന്ധമാക്കുന്നതോടെ സാമ്പത്തിക രംഗത്തേക്ക് കള്ളപണത്തിന്റെ ഒഴുക്ക് തടയാനാവും.

എന്നാലിത് ചെറുകിട ജ്വല്ലറി നടത്തിപ്പുകാര്‍ക്കും സ്വര്‍ണപ്പണിക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പരാതിയുണ്ട്. പക്ഷെ ഇതില്‍ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ നികുതി നല്‍കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. ഇടപാട് നടത്തുന്നയാളിന്റെ വിവരങ്ങള്‍ അറിയുന്നതിനുള്ള മാര്‍ഗം മാത്രമാണിത്. നികുതി പരിധിക്ക് താഴെ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അടച്ച നികുതി റീഫണ്ട് ചെയ്യുന്നതിനും പാന്‍ കാര്‍ഡ് ആവശ്യമായി വരും. പണം കൊടുത്ത് വാങ്ങാവുന്ന സ്വര്‍ണത്തിനുള്ള പരിധി ബജറ്റില്‍ പറഞ്ഞതിന് സമാനമാണെങ്കിലും ആഭരണങ്ങള്‍ക്കുള്ള പരിധി 2 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ധനകാര്യമന്ത്രാലയം ഉയര്‍ത്തിയിട്ടുണ്ട്.

സ്വര്‍ണക്കട്ടികള്‍ക്കുള്ള കസ്റ്റംസ് തീരുവയും ബജറ്റില്‍ ഉയര്‍ത്തിയിരുന്നു. സ്വര്‍ണ വ്യാപാരമേഖലയിലേക്ക് കള്ളപ്പണം ഒഴുകുന്നത് തടയുക മാത്രമല്ല ഇറക്കുമതി നിയന്ത്രിക്കുകയും പുതിയ നടപടിയിലൂടെ സാധ്യമാവുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. സ്വര്‍ണ ഇറക്കുമതി കൂടുന്നതാണ് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂടുന്നതിനുള്ള ഒരു പ്രധാന കാരണം.

Tags: Pan number cumpulosry to buy bulion worth more than 2 lakhs
»  News in this Section