നികുതി ലാഭത്തിന് രാജീവ്ഗാന്ധി ഓഹരിപദ്ധതി

Posted on: 19 Dec 2012


ഡോ.വി.കെ.വിജയകുമാര്‍ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരുവെടിക്ക് രണ്ട് പക്ഷി എന്ന പോലെ നികുതിയിളവും ഉയര്‍ന്ന സാമ്പത്തികനേട്ടവും നല്‍കാന്‍ ആര്‍ജിഇഎസ്എസ്സിന് കഴിയും
''ജീവിതത്തില്‍ അനിവാര്യമായി രണ്ട് കാര്യങ്ങളാണുള്ളത്: ഒന്ന് മരണം, രണ്ട് നികുതികള്‍'- ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനും മുന്‍പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിന്‍ ഡിസ്രായേലിയുടെ പ്രസിദ്ധമായ ഈ വാക്കുകള്‍ നികുതി ഭാരത്തിന്റെ അനിവാര്യതയെ സൂചിപ്പിക്കുന്നു. അനിവാര്യമാണെങ്കിലും നികുതിഭാരത്തെ കാര്യമായി ലഘൂകരിക്കാനുള്ള അവസരങ്ങള്‍ ഇന്ന് ലഭ്യമാണ്.

ഇന്ത്യയില്‍ ആദായനികുതി നിയമത്തിന്റെ 80സി വകുപ്പ് പ്രകാരം ഒരുലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭ്യമാണ്. പൊതുവേ, നികുതിയിളവ് ലഭിക്കാനുള്ള നിക്ഷേപങ്ങള്‍(പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യസര്‍ട്ടിഫിക്കറ്റ്, അഞ്ച് വര്‍ഷത്തേുക്കുള്ള ബാങ്ക് നിക്ഷേപം തുടങ്ങിയവ)ക്ക് നിശ്ചിത വരുമാനനേട്ടം മാത്രമേ ലഭിക്കൂ. നികുതിലാഭവും ഉയര്‍ന്ന വരുമാനസാധ്യതയും ഇപ്പോള്‍ 80 സിയിലെ ഓഹരി ബന്ധിത സമ്പാദ്യപദ്ധതി (ഇഎല്‍എസ്എസ്)യ്ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ.

എന്നാല്‍ 2012-13 ലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചതും നവംബര്‍ 23ന് ധനമന്ത്രാലയം വിജ്ഞാപനം ചെയ്തതുമായ രാജീവ്ഗാന്ധി ഓഹരി സമ്പാദ്യ പദ്ധതി (രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം - ആര്‍ജിഇഎസ്എസ്) പ്രകാരം നികുതി ലാഭിക്കാനും ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന നേട്ടം കൊയ്യാനുമുള്ള അവസരമാാണ് നികുതിദായകര്‍ക്കും നിക്ഷേപകര്‍ക്കും കൈവന്നിരിക്കുന്നത്. ആര്‍.ജി.ഇ.എസ്.എസ്. പ്രകാരമുള്ള നികുതി ആനുകൂല്യം (വകുപ്പ് 80 സിസിജി) നിലവിലുള്ള 80സി ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ്.

ആനുകൂല്യം

മേല്‍ത്തരം കമ്പനികളുടെ (ബിഎസ്ഇ 100, സിഎന്‍എക്‌സ് 100) ഓഹരികളിലോ, നവരത്‌ന, മഹാരത്‌ന, മിനിരത്‌ന എന്നിങ്ങനെ അറിയപ്പെടുന്ന മികച്ച പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലോ, ഇവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കുന്ന പരമാവധി 50,000 രൂപവരെയുള്ള തുകയ്ക്ക് ആദായനികുതിയിളവ് ലഭിക്കും.

ഈ പദ്ധതി പ്രകാരം 5000 രൂപ വരെ നികുതി ലാഭിക്കാനാകും. ഉദാഹരണത്തിന്: 20 ശതമാനം നികുതി ബ്രാക്കറ്റില്‍ വരുന്ന ഒരു നികുതിദായകന് 50,000 രൂപ ആര്‍ജിഇഎസ്എസ്സില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ അമ്പത് ശതമാനം തുക നികുതി നല്‍കേണ്ട വരുമാനത്തില്‍ നിന്ന് കുറയ്ക്കാം. (അതായത് 5000 രൂപയുടെ നികുതി ലാഭിക്കാം). ഈ ആനുകൂല്യം ഒറ്റത്തവണ മാത്രമേ ലഭിക്കുകയുള്ളൂ.

അര്‍ഹരായവര്‍

ഓഹരി വിപണിയില്‍ പുതുതായി നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കു. ഇതിനായി ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തില്‍ പുതിയ അക്കൗണ്ട് തുടങ്ങണം. നിലവില്‍ ഇടപാടുകള്‍ നടത്തിയിട്ടുള്ള അക്കൗണ്ട് ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. നിലവിലുള്ള ഒരു ജോയിന്റ് അക്കൗണ്ടില്‍ ഒന്നാമത്തെ പേരല്ലെങ്കില്‍ അത്തരത്തിലുള്ള ഒരുനിക്ഷേപകന് പുതിയ അക്കൗണ്ട് തുടങ്ങി ആര്‍ജിഇഎസ്എസ് ആനുകൂല്യം നേടാവുന്നതാണ്.

വരുമാന പരിധി

പത്ത് ലക്ഷം രൂപയോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ.

നിക്ഷേപ കാലയളവ്

മൂന്ന് വര്‍ഷമാണ് ഈ പദ്ധതിയുടെ ലോക്ക്-ഇന്‍ കാലമെങ്കിലും ഇതിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, നിശ്ചിത ലോക്ക്-ഇന്‍ കാലം. ഇത് നിക്ഷേപം തുടങ്ങിയ ദിവസം മുതല്‍ ഒരുവര്‍ഷമായിരിക്കും. രണ്ട് അയവുള്ള ലോക്ക്-ഇന്‍ കാലം. ഇത് നിശ്ചിത ലോക്ക്-ഇന്‍ കഴിഞ്ഞ ഉടനെ ആരംഭിച്ച് പിന്നീടുള്ള രണ്ടുവര്‍ഷക്കാലയളവായിരിക്കും.

ഒന്നാമത്തെ ഘട്ടത്തില്‍ നിക്ഷേപത്തില്‍ ക്രയവിക്രയങ്ങളൊന്നും അനുവദിക്കില്ല. എന്നാല്‍, രണ്ടാമത്തെ ഘട്ടത്തില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി നിക്ഷേപത്തില്‍ ക്രയവിക്രയം നടത്താവുന്നതാണ്. രണ്ടു മൂന്നും വര്‍ഷങ്ങളില്‍ ഓരോവര്‍ഷവും 270 ദിവസങ്ങളില്‍ നിക്ഷേപത്തിന്റെ മൂല്യം നികുതിയിളവ് ലഭിച്ച നിക്ഷേപത്തുകയേക്കാള്‍ കുറവാകരുത്. വിപണിയില്‍ താഴ്ചയുണ്ടായത് കാരണം നിക്ഷേപത്തിന്റെ മൂല്യത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ പ്രശ്‌നമാവില്ല. അപ്പോള്‍, ആദ്യം നിക്ഷേപിച്ച തുകയായിരിക്കും പരിഗണിക്കുക.

വിപണിയുടെ ഉയര്‍ച്ചകാരണം (ഈ വര്‍ഷം വിപണിയില്‍ 25 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്) നിക്ഷേപത്തിന്റെ മൂല്യം വര്‍ധിച്ചിട്ടുണ്ടെങ്കില്‍, നികുതിയിളവ് ലഭിച്ച നിക്ഷേപത്തുക നിലനിര്‍ത്തി, ബാക്കിയുള്ള തുകയ്ക്ക് ക്രയവിക്രയം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ ആര്‍ജിഇഎസ്എസ്സില്‍ 50,000 രൂപ നിക്ഷേപിച്ചു എന്ന് കരുതുക. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഈ നിക്ഷേപത്തിന്റെ മൂല്യം 65,000 രൂപയായി എന്ന് സങ്കല്പിക്കുക. എങ്കില്‍ 50,000 രൂപയുടെ നിക്ഷേപം നിലനിര്‍ത്തി ബാക്കി 15000 രൂപയുടെ നിക്ഷേപത്തില്‍ ക്രയവിക്രയം നടത്താം. നേരത്തെ പറഞ്ഞ ഓഹരികളില്‍ മാത്രമേ ക്രയവിക്രയം അനുവദിക്കൂ.

ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഓഹരി നിക്ഷേപത്തിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കുകയും അതുവഴി മൂലധന വിപണി ശക്തിപ്പെടുത്തുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഓഹരി നിക്ഷേപത്തില്‍ ഹ്രസ്വകാലയളവില്‍ നഷ്ടസാധ്യതയുണ്ട്. എന്നാല്‍ ദീര്‍ഘകാലയളവില്‍ ഓഹരി നിക്ഷേപം ഏറെ ആകര്‍ഷണീയമാണെന്നതാണ് നിക്ഷേപ ചരിത്രാനുഭവം. 1980 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ബിഎസ്ഇ സെന്‍സെക്‌സ് ഓഹരികളിലുള്ള നിക്ഷേപത്തില്‍നിന്നുള്ള ശരാശരി വാര്‍ഷിക നേട്ടം 18 ശതമാനത്തോളമാണ്. (1979ല്‍ 100 ആയിരുന്ന സെന്‍സെക്‌സ് ഇപ്പോള്‍ 19,000 ത്തിന് മുകളിലാണ്). ഈ കാലയളവില്‍ ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ ശരാശരി വാര്‍ഷിക പലിശ 8.75 ശതമാനമായിരുന്നു. ഓഹരി നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതവും ദീര്‍ഘകാല മൂല്യവര്‍ധനയും പൂര്‍ണമായി നികുതിമുക്തമാണെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ നിക്ഷേപം അത്യാകര്‍ഷകമാകുന്നു. ഹ്രസ്വകാലത്തിലെ വിപണി വ്യതിയാനങ്ങള്‍ അവഗണിച്ച് ദീര്‍ഘകാല നിക്ഷേപം നടത്തുന്നവര്‍ക്ക് ഒരുവെടിക്ക് രണ്ട് പക്ഷി എന്ന പോലെ നികുതിയിളവും ഉയര്‍ന്ന സാമ്പത്തികനേട്ടവും നല്‍കാന്‍ ആര്‍ജിഇഎസ്എസ്സിന് കഴിയും.

(ജിയോജിത് ബിഎന്‍പി പാരിബയിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)
email:
vijayakumar_vk@geojit.com

Tags: Invest in Rajiv Gandhi Equity Savings Scheme and save tax
»  News in this Section