
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം അടുത്തിട്ടും പലര്‍ക്കും ഇനിയും സംശയങ്ങള്‍ ബാക്കിയാണ്. അതിനാലാണ് അനുസ്യൂതം ഇ-മെയിലുകളും ഫോണ്‍ വിളികളും എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'അഞ്ചുലക്ഷം പരിധിയും ആദായനികുതി റിട്ടേണും' (ജൂലായ് 9), 'റിട്ടേണ്‍ ആരൊക്കെ സമര്‍പ്പിക്കണം' (ജൂലായ് 23) എന്നീ ഞാന്‍ എഴുതിയ ലേഖനങ്ങളും 'ആദായ നികുതി റിട്ടേണിന്റെ ഇ-ഫയലിങ്' എന്ന ആദായനികുതി കമ്മീഷണര്‍ എഴുതിയ ജൂലായ് 16 ന്റെ ലേഖനവും എല്ലാംകൂടി വായിച്ചാല്‍ സംശയമുണ്ടാകേണ്ട കാര്യമില്ലായിരുന്നു.എന്തായാലും ഈ അവസാന നിമിഷത്തിലെങ്കിലും ഇതുസംബന്ധിച്ച് നിലവിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ശ്രമിക്കാം.
ആദായനികുതി നിയമത്തിലെ 139-ാം വകുപ്പിലാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ബാധ്യതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇവയില്‍ വ്യക്തികളുടെ ബാധ്യതയെക്കുറിച്ചുമാത്രം ഇവിടെ പറയാം.
2011 - ലെ ധനകാര്യ നിയമപ്രകാരം 1.6.2011 മുതല്‍ നിലവില്‍ വന്ന പുതിയ വകുപ്പ് 139 (1സി) യുടെ തനിരൂപം താഴെ കൊടുക്കുന്നു.
''Not withstanding anything contained in sub section (i), the Central Government may, by notification in the Official Gazette, exempt any class or classes of persons from the requirement of furnishing a return of income having regard to such conditions as may be specified in that notification''
മേല്‍പ്പറഞ്ഞ വകുപ്പുപ്രകാരം ലഭിച്ച അധികാരമുപയോഗിച്ചാണ് 17.2.2012 ലെ 9/2012 (F.No. 225/283/2011 - ITA (II)) എന്ന നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിന്‍പ്രകാരം 'ശമ്പളം', മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം (Income from other sources) എന്നീ ഗണങ്ങളില്‍ (സേവിങ്‌സ് ബാങ്ക് പലിശ 10,000 രൂപ വരെ) എന്നിങ്ങനെ ആകെ നികുതി വിധേയ വരുമാനം 5 ലക്ഷം രൂപയില്‍ കവിയാത്ത വ്യക്തികള്‍ സ്വമേധയാ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഈ നോട്ടിഫിക്കേഷന്റെ ഉപാധികള്‍ മുഴുവന്‍ വായിച്ചിട്ടുവേണം വിജ്ഞാപനത്തിന്റെ പ്രയോജനം ലഭിക്കുമോ എന്നുള്ള കാര്യം തീരുമാനിക്കാവൂ എന്ന് 9.7.2012 ലെ ലേഖനത്തില്‍ അടിവരയിട്ടു പറഞ്ഞിരുന്നു. ഇവിടെ ബാധകമായിട്ടുള്ളത് നികുതിവിധേയ വരുമാനം ആണെന്ന് 16.7.2012 ലെ കമ്മീഷണറുടെ ലേഖനത്തിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതായത് അഞ്ചുലക്ഷം എന്ന പരിധി അധ്യായം VI അ പ്രകാരമുള്ള കിഴവുകള്‍ക്കുശേഷം വേണം പരിഗണിക്കാന്‍.
മേല്‍പ്പറഞ്ഞ വിജ്ഞാപനത്തിന്റെ ആനുകൂല്യം ബഹുഭൂരിപക്ഷം പേര്‍ക്കും ലഭിക്കാനിടയില്ല എന്ന് കാര്യകാരണസഹിതം 9.7.2012 ലെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ 23.7.2012 ലെ ലേഖനത്തില്‍ വിജ്ഞാപനത്തിന്റെ ആനുകൂല്യം ലഭിക്കാത്തവരില്‍ ആരൊക്കെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ് എന്നാണ് വിശദീകരിച്ചിരിക്കുന്നത്. (എല്ലാത്തരം നികുതദായകരെയും ഉദ്ദേശിച്ചുകൊണ്ട്).
ആദായനികുതി നിയമത്തിലെ അധ്യായം VI A പ്രകാരമുള്ള കിഴിവുകള്‍ക്കു മുമ്പായി അടിസ്ഥാന ഒഴിവില്‍ കൂടുതല്‍ വരുമാനം (Gross Total Income) ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കണം എന്നാണ് 23.7.2012 ലെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് വകുപ്പ് താഴെ കൊടുക്കുന്നു.
''Provided also that every person, being an individual or a hindu undivided family or association of persons or a body of individuals, whether incorporated or not, or an artificial juridical person, if his total income or the total income of any other person in respect of which he is assessable under this Act during the previous year, without giving effect to the provisions of section 10 B or section 10 BA, or chapter VI A exceeded the maximum amount which is not chargeable to tax, shall on or before the due date, furnish a return of income......''
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. വിജ്ഞാപനത്തിന്റെ ആനുകൂല്യം ലഭ്യമല്ലാത്ത ശമ്പളവരുമാനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മേല്‍ക്കൊടുത്തിട്ടുള്ള വകുപ്പുപ്രകാരമാണ്. ഇനിയും ഇക്കാര്യത്തില്‍ സംശയത്തിന് വകുപ്പില്ല എന്ന് പ്രതീക്ഷിക്കട്ടെ. കൂട്ടത്തില്‍ ഒരപേക്ഷകൂടി. ലേഖകരും വായനക്കാരും തമ്മില്‍ അറിവിന്റെ മാറ്റുരക്കാനുള്ള ഒരു വേദിയായി ഈ പംക്തിയെ കണക്കാക്കരുത്. വിവാദപരമായിട്ടുള്ള നികുതിക്കുരുക്കുകളെപ്പറ്റി ഒന്നും പ്രതിപാദിക്കാതെ സാധാരണക്കാര്‍ക്കുമാത്രം ബാധകമായിട്ടുള്ള വകുപ്പുകളെപ്പറ്റിമാത്രമെ ഇവിടെ വിശദീകരിക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് ടാക്‌സ് പ്രൊഫഷണലുകളെ നേരിട്ട് സമീപിച്ച് സംശയനിവൃത്തി വരുത്താവുന്നതാണ്.
റിട്ടേണ്‍ സമയത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലയെങ്കില്‍ നിശ്ചിത തീയതിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് 31-3-2013 വരെ സമര്‍പ്പിക്കാന്‍ സാവകാശമുണ്ടെന്നുള്ളത് ലാഘവത്തോടെ കാണരുത്. ഈ തീയതിക്കുള്ളിലും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ പക്ഷെ വകുപ്പ് 27ഐഫ് പ്രകാരം 5000 രൂപ പിഴയൊടുക്കേണ്ടിവന്നേക്കാം. ഇതുകൂടാതെ നിശ്ചിത തീയതിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ വരാവുന്ന ഭവിഷ്യത്തുകള്‍ താഴെകൊടുക്കുന്നു.
1. വകുപ്പ് 234എ, 234ബി, 234സി എന്നിവ പ്രകാരം പലിശ നല്‍കേണ്ടിവരും.
2. റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപ്പെടും.
3. സ്‌പെക്കുലേഷന്‍ നഷ്ടം അടക്കമുള്ള ബിസിനസ്സ് നഷ്ടങ്ങള്‍, ക്യാപിറ്റല്‍ ലോസ്സ് എന്നിവ ക്യാരി ഫോര്‍വേര്‍ഡ് ചെയ്ത് പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭങ്ങളുമായി തട്ടിക്കിഴിക്കാനുള്ള അവസരം നഷ്ടപ്പെടും.
4. നികുതി വെട്ടിക്കാനുദ്ദേശിച്ചുകൊണ്ട് മനപൂര്‍വ്വം റിട്ടേണ്‍ സമര്‍പ്പിക്താതിരിക്കുകയാണെങ്കില്‍ ഇതുമൂലം വെട്ടിക്കപ്പെടുമായിരുന്ന നികുതി രണ്ടര ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പ്രോസിക്യൂഷന് വിധേയമായി വകുപ്പ് 276സിസി പ്രകാരം 6 മാസം മുതല്‍ 7 വര്‍ഷം വരെ കഠിനതടവും കോടതിവിധിക്കുന്ന പിഴശിക്ഷയും അനുഭവിക്കേണ്ടിവരാം. മേല്‍പ്പറഞ്ഞ തുകയില്‍ കുറവാണ് വെട്ടിക്കപ്പെടുമായിരുന്ന നികുതി എങ്കില്‍ മൂന്നുമാസം മുതല്‍ 2 വര്‍ഷം വരെ സാധാരണ തടവും കോടതിവിധിക്കുന്ന പിഴയും തരപ്പെടാം.
അതിനാല്‍ നിശ്ചിത തീയതിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കുക, ഭീമമായ പലിശ, പിഴ മറ്റു ശിക്ഷകള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കുക.
Email: ask@josephvarghese.net
ആദായനികുതി സംബന്ധിച്ച സംശങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ മറുപടി:
http://www.mathrubhumi.com/business/ask_experts/