ടി.ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍

Posted on: 30 Jan 2012


കെ.സി. ജോസഫ് വര്‍ഗീസ്‌ടി.ഡി.എസ്. റിട്ടേണുകള്‍


ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ടി.ഡി.എസ് തുകകള്‍ ഒന്നിച്ചായിരിക്കും നിശ്ചിത തീയതിക്കുള്ളില്‍ തൊഴിലുടമ കേന്ദ്ര ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് അടക്കുന്നത്. ഇങ്ങനെ മൊത്തം അടവു നടത്തിയ തുകകള്‍ ഏതൊക്കെ ജീവനക്കാരന്റേതാണ് എന്നുള്ള വിവരം ഓരോരുത്തരുടെയും 'പാന്‍' നെ ആധാരമാക്കി സര്‍ക്കാരിനെ അറിയിക്കുന്നതിലേക്കായി ത്രൈമാസിക റിട്ടേണ്‍ ഫോം നമ്പര്‍ 24 ക്യു വില്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഓരോ ജീവനക്കാരനും അവരവരില്‍ നിന്നും പിടിച്ച ടി.ഡി.എസ്. തുകയ്ക്ക് ക്രെഡിറ്റ് ലഭിക്കുകയുള്ളു. സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30, സെപ്തംബര്‍ 30, ഡിസംബര്‍ 31, മാര്‍ച്ച് 31 എന്നീ കാലയളവുകളിലേക്കുള്ള ടി.ഡി.എസ്. റിട്ടേണ്‍ ആദ്യത്തെ മൂന്ന് ത്രൈമാസങ്ങള്‍ക്ക്(ജൂണ്‍ 30, സെപ്തംബര്‍ 30, ഡിസംബര്‍ 31) ശേഷം വരുന്ന ജൂലായ് 15, ഒക്ടോബര്‍ 15, ജനുവരി 15 എന്നീ തീയതികള്‍ക്കുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ മാര്‍ച്ച് 31ല്‍ അവസാനിച്ച ത്രൈമാസത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി പിന്നീട് വരുന്ന മെയ് 15 ആണ്. മേല്‍പറഞ്ഞ റിട്ടേണുകള്‍ നേരിട്ടോ(filing) ഇലക്‌ട്രോണിക്കായിട്ടോ (e filing) സമര്‍പ്പിക്കാം. ഈ റിട്ടേണുകളോടൊപ്പം ഫോം നമ്പര്‍ 27 എയില്‍ ഒരു ഡിക്ലറേഷന്‍ കൂടി സമര്‍പ്പിച്ചിരിക്കണം.താഴെപ്പറയുന്ന ഗണങ്ങളില്‍പ്പെട്ട ടി.ഡി.എസ്. പിടിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ (Deductors) നിര്‍ബന്ധമായിട്ടും ഇലക്‌ട്രോണിക്കായി റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

1) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

2) കമ്പനികള്‍

3) ആദായ നികുതി നിയമത്തിലെ 44എബി എന്ന വകുപ്പ് പ്രകാരം 'ടാക്‌സ് ഓഡിറ്റ്' നിര്‍ബന്ധമായിട്ടുള്ളവര്‍

4) സാമ്പത്തിക വര്‍ഷത്തിലെ ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടി.ഡി.എസി.ന് വിധേയരായിട്ടുള്ളവരുടെ എണ്ണം ഇരുപതെ അതില്‍ കൂടുതലോ ആയിട്ടുള്ളപ്പോള്‍.

ടി.ഡി.എസ്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യതയുണ്ടായിട്ടും നിശ്ചിത സമയത്തിനുള്ളില്‍ അവ സമര്‍പ്പിക്കാത്തപക്ഷം ഓരോ ദിവസവും 100 രൂപ വീതം ആദായനികുതി നിയമത്തിലെ വകുപ്പ് 272എ(2)(കെ) പ്രകാരം പിഴ നല്‍കേണ്ടിവന്നേക്കാം. എന്നാല്‍ മൊത്തം ടി.ഡി.എസ്. ബാധ്യതയേക്കാള്‍ ഈ പിഴ കൂടാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. ടി.ഡി.എസ്. റിട്ടേണുകള്‍ തൊഴിലുടമ സമര്‍പ്പിക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1) തൊഴിലുടമയുടെ (Tax Deduction Account Number) കൃത്യമായി നല്‍കിയിരിക്കണം.

2) തൊഴിലുടമയുടെ (Permanent Account Number) രേഖപ്പെടുത്തണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള ഗവണ്‍മെന്റ് ഓഫീസുകള്‍ ''PAN NOT REQD' എന്ന്‌രേഖപ്പെടുത്തിയാല്‍ മതിയാകും.

3) ടി.ഡി.എസി.ന് വിധേയരായ എല്ലാ ജീവനക്കാരുടെയും 'പാന്‍' തെറ്റില്ലാതെ രേഖപ്പെടുത്തണം. ഇതില്‍ തെറ്റുവരുത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാരന് ടി.ഡിഎസ്-ന്റെ ക്രെഡിറ്റ് കിട്ടാതെ പോവുകയും ആദായ നികുതി വകുപ്പില്‍ നിന്നും നികുതി അടക്കാന്‍ അറിയിപ്പ് ലഭിക്കുകയും ചെയ്യും.

4) കേന്ദ്ര സര്‍ക്കാരിലേക്ക് അടച്ച നികുതിയുടെ വിശദവിവരങ്ങള്‍ നല്‍കുക. ചലാന്‍ തീയതി, അടവ് നടത്തിയ ബാങ്കിന്റെ ബി.എസ്.ആര്‍ കോഡ്(7 അക്കങ്ങള്‍), ചലാന്‍ നമ്പര്‍ (5 അക്കങ്ങള്‍) എന്നിവ കൃത്യമായി പൂരിപ്പിക്കണം.

5) ഫോം നമ്പര്‍ 24ക്യു-വില്‍ ആദ്യ ഭാഗത്ത് തൊഴിലുടമയുടെ വിശദവിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്. ടാന്‍, പാന്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോം ഒപ്പിടുന്ന വ്യക്തിയുടെ പേര് എന്നിവ കൂടാതെ ആ ക്വാര്‍ട്ടറില്‍ പിടിച്ച നികുതി തുക, വിദ്യാഭ്യാസ സെസ്സ്, ഇവ അടച്ച തീയതി, ബാങ്കിന്റെ ബി.എസ്.ആര്‍ കോഡ്, ചലാന്‍ സീരിയല്‍ നമ്പര്‍ എന്നിവയും പൂരിപ്പിക്കണം. ഈ ഫോമിന്റെ അനക്‌സര്‍ 1-ല്‍ ഓരോ ചലാന്റെയും കീഴില്‍ വരുന്ന ജീവനക്കാരുടെ പാന്‍, പേര്, ശമ്പളം നല്‍കിയ തീയതി, വരുമാനത്തുക, പിടിച്ച ടി.ഡി.എസ്(നികുതി), വിദ്യാഭ്യാസ സെസ്സ്), അടച്ച നികുതി, ടി.ഡി.എസ് പിടിച്ച തീയതി, കേന്ദ്ര ഗവണ്‍മെന്റിലേക്ക് അടച്ച തീയതി എന്നിവ നല്‍കിയിരിക്കണം. ഈ ഫോമിന്റെ അനക്‌സര്‍-2 ആദ്യത്തെ മൂന്ന് ക്വാര്‍ട്ടറുകള്‍ക്ക് നല്‍കേണ്ടതില്ല. ഇത് മാര്‍ച്ച് 31 അവസാനിച്ച ക്വാര്‍ട്ടറിന്റെ ഫോമില്‍ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതി.

ഈ അനക്‌സറില്‍ സീരിയല്‍ നമ്പര്‍ (കോളം 327), ജീവനക്കാരന്റെ പാന്‍ (കോളം 328), ജീവനക്കാരന്റെ പേര് (കോളം 329), ജീവനക്കാരന്‍ പുരുഷനോ, സ്ത്രീയോ, സീനിയര്‍ സിറ്റിസണ്‍ ആണോ എന്ന വിവരം (കോളം 330), ജീവനക്കാരന്‍ ജോലിയെടുത്ത കാലയളവ് (കോളം 331), മൊത്തശമ്പളം (കോളം 332), വകുപ്പ് 16 പ്രകാരം നല്‍കിയ കിഴിവ് (കോളം 333), ശമ്പളം എന്ന ഗണത്തില്‍ നികുതി വിധേയമായ വരുമാനം (കോളം 334 = കോളം 332 - 333), റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് വരുമാനങ്ങള്‍ - ഭവന വായ്പാപലിശയ്ക്കുള്ള നഷ്ടമടക്കം (കോളം 335), മൊത്തവരുമാനം(കോളം 336 = കോളം 334 + 335), വകുപ്പ് 80 സി, 80 സി സി സി, 80 സി സി സി പ്രകാരമുള്ള മൊത്തം കിഴിവ് ഒരു ലക്ഷം എന്ന പരിധിക്ക് വിധേയമായി (കോളം 337), അദ്ധ്യായം 6എ പ്രകാരമുള്ള മറ്റ് കിഴിവുകള്‍ (കോളം 338), അദ്ധ്യായം 6എ പ്രകാരമുള്ള മൊത്തം കിഴിവ്(കോളം 339 = കോളം 337 + 338), നികുതി വിധേയ വരുമാനം (കോളം 340 = കോളം 336 - 339), മൊത്തം ആദായ നുകുതി (കോളം 341), സര്‍ചാര്‍ജ്(കോളം 342 - ഇപ്പോള്‍ ബാധകമല്ല), വിദ്യാഭ്യാസ സെസ്സ്(കോളം 343), ശമ്പള കുടിശ്ശികയും മറ്റും കിട്ടുമ്പോള്‍ വകുപ്പ് 89 പ്രകാരം അനുവദിക്കപ്പെട്ട ആശ്വാസം (കോളം 344) നികുതി ബാധ്യത (കോളം 345= കോളം 341 + 342 + 343 - 344), സാമ്പത്തിക വര്‍ഷത്തിലെ എല്ലാ ക്വാര്‍ട്ടറുകളിലും കൂടി പിടിച്ച നികുതി (കോളം 346), നികുതി പിടിച്ചതില്‍ വന്ന കുറവ്(-), അഥവാ കൂടുതല്‍ പിടിച്ചത്(കോളം)-

(കോളം 347) എന്നീ വിവരങ്ങളാണ് ഈ അനക്‌സറില്‍ പൂരിപ്പിക്കേണ്ടത്.

ഇ-റിട്ടേണ്‍


ഇ-ടിഡിസ് റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ പ്രത്യേക കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്‍.എസ്.ഡി.എന്‍-ന്റെ വെബ്‌സൈറ്റായ https://msdl.co.inല്‍ സൗജന്യമായി ലഭിക്കും. അതുപയോഗിച്ച് തയ്യാറാക്കുന്ന ഫോം ഒരു സി.ഡിയില്‍ പകര്‍ത്തി അംഗീകൃത ഇ-റിട്ടേണ്‍ ഇന്റര്‍ മീഡിയറിക്ക് ഒപ്പിട്ട ഫോം നമ്പര്‍ 27എ അടക്കം നല്‍കിയാല്‍ അവര്‍ അത് എന്‍.എസ്.ഡി. എല്‍-ന്റെ വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്ത് ഒരു 15 അക്ക പ്രൊവിഷണല്‍ രസീത് നമ്പര്‍ നല്‍കും. (ചെറിയ ഒരു ഫീസ് ഇതിലേക്കായി നല്‍കേണ്ടിവരും). ഓരോ ക്വാര്‍ട്ടറിലേക്കുമുള്ള പ്രൊവിഷണല്‍ രസീത് നമ്പറുകള്‍ ഫോം 16ല്‍ രേഖപ്പെടുത്തണം. അംഗീകൃത ഇ-റിട്ടേണ്‍ ഇന്റര്‍ മീഡിയറികളുടെ വിശദാംശങ്ങളും എന്‍.എസ്.ഡി.എല്‍ ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജീവനക്കാരന്‍ എന്തുചെയ്യും? തങ്ങളുടെ ശമ്പള വരുമാനത്തില്‍ നിന്ന് പിടിച്ച ടി.ഡി.എസ് തൊഴിലുടമ അടച്ചിട്ടുണ്ടോ എന്നും തങ്ങളുടെ 'പാന്‍'-ല്‍ ഈ അടവുകളുടെ ക്രെഡിറ്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്. ഇതിലേക്കായി ആദ്യം ചെയ്യേണ്ടത് തങ്ങളുടെ പാന്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.incometaxindia.gov.inല്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. പാനും, നമ്മള്‍ തെരഞ്ഞെടുക്കുന്ന പാസ്‌വേര്‍ഡും ഉപയോഗിച്ച 'ലോഗിന്‍' ചെയ്തുകഴിഞ്ഞശേഷം ഇവിടെ നിന്നും ഫോം നമ്പര്‍ 26എഎസ് ഡൗണ്‍ലോഡ് ചെയ്ത് പിടിച്ച ടി.ഡി.എസിന് ക്രെഡിറ്റ് നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇ-റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ വന്ന എന്തെങ്കിലും പിഴവുമൂലം ക്രെഡിറ്റ് വന്നിട്ടില്ല എങ്കില്‍ അത് തൊഴിലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തി കറക്ഷന്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം.

email:ask@josephvarghese.net


Tags: TDS return e-filing
»  News in this Section