ശമ്പളത്തില്‍ നിന്നുള്ള ടി.ഡി.എസ്.

Posted on: 16 Jan 2012


കെ.സി. ജോസഫ് വര്‍ഗീസ്‌ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കാറായി. ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനത്തില്‍ നിന്ന് ആദായനികുതി നിയമത്തിലെ വകുപ്പ് 192 പ്രകാരം ടി.ഡി.എസ്. പിടിക്കാനുള്ള കടമ തൊഴിലുടമയ്ക്കുണ്ട്. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ പലിശയും പിഴയും നല്‍കേണ്ടിവന്നേക്കാം.

സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഓരോ ജീവനക്കാരനും ലഭിക്കാവുന്ന ശമ്പള വരുമാനവും ജീവനക്കാരന് ലഭ്യമായ കിഴിവുകളും സംബന്ധിച്ച ഒരു സ്റ്റേറ്റ്‌മെന്റ് വാങ്ങിവെയ്ക്കുന്നതാണ് ആദ്യപടി. ഈ സ്റ്റേറ്റ്‌മെന്റിനെ ആസ്പദമാക്കി ഓരോ ജീവനക്കാരന്റെയും മൊത്തം ആദായനികുതി ബാധ്യത കണക്കാക്കി ഓരോ മാസവും ശമ്പളത്തില്‍ നിന്ന് ആനുപാതികമായി ടി.ഡി.എസ്. പിടിച്ച് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കുവാനുള്ള ബാധ്യത തൊഴിലുടമയ്ക്കുണ്ട്. എന്നാല്‍ മാസാമാസം നടത്തുന്ന കിഴിവുകളില്‍ വന്നുപോയ വ്യതിയാനങ്ങള്‍ പിന്നീടുള്ള മാസങ്ങളില്‍ നടത്തുന്ന ടി.ഡി.എസ്. തവണകളില്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള സാവകാശവും തൊഴിലുടമയ്ക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ നല്‍കിയിട്ടുള്ള ആദ്യത്തെ സ്റ്റേറ്റ്‌മെന്റ് പ്രകാരമുള്ള കിഴിവുകള്‍ അയാള്‍ക്ക് ലഭ്യമാണോ എന്ന് രേഖകളെല്ലാം പരിശോധിച്ച് ബോധ്യപ്പെടാനുള്ള ചുമതലയും തൊഴിലുടമയ്ക്കുണ്ട്. ഏതെങ്കിലും കിഴിവവകാശപ്പെട്ടത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതുമൂലമുണ്ടാകുന്ന അധിക നികുതി ബാധ്യത തൊഴിലുടമ അവസാന തവണകളില്‍ ചേര്‍ത്ത് ഈടാക്കി അടയ്ക്കണം.

ഒന്നില്‍ കൂടുതല്‍ തൊഴിലുടമകള്‍ ഉള്ളപ്പോള്‍


ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ജീവനക്കാരന്‍ ഒന്നില്‍ക്കൂടുതല്‍ തൊഴിലുടമകളില്‍ നിന്ന് ശമ്പള വരുമാനം കൈപ്പറ്റിയിരിക്കാം. ഒരു സ്ഥാപനത്തില്‍ നിന്ന് ജോലി രാജിവച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേരുന്നതുമൂലമോ ഒന്നില്‍ കൂടുതല്‍ തൊഴിലുടമകളുടെ കീഴില്‍ ഒരേ സാമ്പത്തിക വര്‍ഷത്തില്‍ ജോലിയെടുക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ലഭിച്ച വരുമാനത്തിനാണ് ടി.ഡി.എസ്. പിടിക്കേണ്ടത് എന്നതിനാല്‍ ഏതെങ്കിലും ഒരു തൊഴിലുടമ ടി.ഡി.എസ്. പിടിച്ചേ തീരൂ. ഏതു തൊഴിലുടമയാണ് ടി.ഡി.എസ്. പിടിക്കേണ്ടത് എന്നു തിരഞ്ഞെടുക്കാനുള്ള അവകാശം ജീവനക്കാരനുണ്ട്.

ഇതിലേക്കായി ജീവനക്കാരനും മറ്റു തൊഴിലുടമയും ചേര്‍ന്ന് ഒപ്പിട്ട വരുമാന സ്റ്റേറ്റ്‌മെന്റ് ടി.ഡി.എസ്. അടയ്ക്കാന്‍ ബാധ്യതയുള്ള തൊഴിലുടമയ്ക്ക് നല്‍കണം. ഇതും കൂടി പരിഗണിച്ച് തൊഴിലുടമ മൊത്തം വരുമാനത്തില്‍ നിന്ന് ടി.ഡി.എസ്. പിടിച്ചടയ്ക്കണമെന്ന് ആദായനികുതി നിയമത്തിലെ വകുപ്പ് 192(2) അനുശാസിക്കുന്നു.

ടി.ഡി.എസ്. പിടിക്കേണ്ടാത്ത സന്ദര്‍ഭങ്ങള്‍


60 വയസ്സ് തികയാത്ത പുരുഷന് ലഭ്യമായ അടിസ്ഥാന ഒഴിവ് 1,80,000 രൂപയാണെന്നും വനിതകള്‍ക്ക് ലഭ്യമായത് 1,90,000 രൂപയാണെന്നും 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 2,50,000 രൂപയാണെന്നും 85 വയസ്സ് തികഞ്ഞവര്‍ക്കുള്ള പരിധി 5,00,000 രൂപയാണെന്നും ഏവര്‍ക്കും അറിയാമല്ലോ. കിഴിവുകള്‍ പരിഗണിച്ചശേഷം നികുതിവിധേയ വരുമാനം ഈ പരിധികള്‍ കടക്കുന്നില്ല എങ്കില്‍ ടി.ഡി.എസ്. പിടിക്കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയില്ല.

ജീവനക്കാരന്‍ തന്റെ വരുമാനത്തില്‍ നിന്ന് ന്യായമായ കാരണങ്ങളാല്‍ നികുതി പിടിക്കരുതെന്നോ കുറഞ്ഞ നിരക്കില്‍ പിടിച്ചാല്‍ മതിയെന്നോ കാണിച്ച് ടി.ഡി.എസ്. ഓഫീസര്‍ക്ക് ഫോം നമ്പര്‍ 13ല്‍ അപേക്ഷ നല്‍കാന്‍ കഴിയും. ഇത് അര്‍ഹിക്കുന്നതാണെങ്കില്‍ ടി.ഡി.എസ്. ഓഫീസര്‍ നികുതി പിടിക്കേണ്ടതില്ല എന്നോ കുറഞ്ഞനിരക്കില്‍ പിടിച്ചാല്‍ മതിയെന്നോ നിര്‍ദേശിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. അതനുസരിച്ച് നികുതിയൊന്നും പിടിക്കാതിരിക്കാനോ കുറഞ്ഞനിരക്കില്‍പിടിക്കാനോ ഉള്ള അവകാശം തൊഴിലുടമയ്ക്കുണ്ട്.

പിടിച്ച ടി.ഡി.എസ്. എപ്പോഴടയ്ക്കണം?


ഉത്ഭവ സ്ഥാനത്തുനിന്ന് പിടിച്ച നികുതി അടയ്ക്കുവാനുള്ള പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പിടിക്കുന്ന നികുതി പ്രത്യേക ചെലാന്‍ ഇല്ലാതെ കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കുന്ന പക്ഷം നികുതി പിടിച്ചദിവസം തന്നെ അതു ചെയ്തിരിക്കണം. എന്നാല്‍ ചെലാന്‍ സഹിതമാണെങ്കില്‍ നികുതി പിടിച്ച മാസത്തിന്റെ അവസാന തീയതി മുതല്‍ ഏഴുദിവസത്തിനുള്ളില്‍ അടച്ചാല്‍ മതി. മറ്റുള്ളവരുടെ കാര്യമെടുത്താല്‍ മേല്‍പ്പറഞ്ഞപോലെ തന്നെ ഏഴുദിവസത്തിനുള്ളില്‍ ആണ് അടയ്‌ക്കേണ്ടത്. എന്നാല്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക ഏപ്രില്‍ മാസം 30-ാം തീയതി അടച്ചാല്‍ മതി എന്ന് പ്രത്യേക വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പിടിച്ച നികുതി അടയ്‌ക്കേണ്ടതിനായി പ്രത്യേക സംവിധാനം ഉണ്ടെങ്കിലും സാധാരണഗതിയില്‍ ബാധകമാകാത്തതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.

മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം നികുതി പിടിച്ച സ്ഥാപനം കമ്പനിയാണെങ്കിലും വകുപ്പ് 44എബി പ്രകാരം ടാക്‌സ് ഓഡിറ്റിങ്ങിന് ബാധ്യതയുണ്ടെങ്കിലും മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അഥവാ ഡെബിറ്റ് കാര്‍ഡ് മുഖേന അടയ്‌ക്കേണ്ടതാണ് എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍


നികുതി പിടിക്കാന്‍ ബാധ്യത ഉണ്ടായിരുന്നിട്ടും പിടിക്കാതിരിക്കുക, പിടിച്ച നികുതി നിശ്ചിത തീയതിക്കുള്ളില്‍ അടയ്ക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഭീമമായ പലിശ, പിഴ എന്നിവ ലഭിച്ചേക്കും. ആദായനികുതി നിയമത്തിലെ വകുപ്പ് 201(1എ) പ്രകാരം നികുതി ഈടാക്കേണ്ടിയിരുന്നിട്ടും അതു ചെയ്യുന്നില്ല എങ്കില്‍ വീഴ്ച വരുത്തിയ ഓരോ മാസത്തിനും മാസത്തിന്റെ ഭാഗത്തിനും നികുതി പിടിച്ച തീയതി വരെ പ്രതിമാസം ഒരു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടിവരും.

എന്നാല്‍ നികുതി പിടിച്ചിട്ടും നിശ്ചിത തീയതിയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് തുക അടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ അടയ്ക്കുന്ന തീയതി വരെ ഓരോ മാസത്തിനും മാസഭാഗത്തിനും പ്രതിമാസം ഒന്നരശതമാനം നിരക്കില്‍ പലിശ നല്‍കണം. കൂടാതെ ഉത്ഭവസ്ഥാനത്തുനിന്നും നികുതി പിടിക്കാതിരിക്കുകയോ പിടിച്ച നികുതി അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ പ്രസ്തുത നികുതി തുക തന്നെ വകുപ്പ് 271 സി പ്രകാരം പിഴയായിട്ട് അടയ്‌ക്കേണ്ടിവരും. കൂട്ടത്തില്‍ നികുതി പിടിച്ചശേഷവും സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുകയാണെങ്കില്‍ വകുപ്പ് 276 ബി പ്രകാരം മൂന്നുമാസം മുതല്‍ ഏഴുവര്‍ഷം വരെ കഠിനതടവും ലഭിച്ചേക്കാം. (കോടതി വിധിക്കുന്ന പിഴ വേറെയും നല്‍കേണ്ടിവരും.)

സര്‍ട്ടിഫിക്കറ്റുകള്‍


ആദായനികുതി നിയമത്തിലെ 203-ാം വകുപ്പുപ്രകാരം ടി.ഡി.എസ്. പിടിക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ജീവനക്കാരന് സ്രോതസ്സില്‍പിടിച്ച നികുതിയെ സംബന്ധിച്ച വിവരങ്ങള്‍ കാണിക്കുന്ന ടി.ഡി,എസ്. സര്‍ട്ടിഫിക്കറ്റ് ഫോം നമ്പര്‍ 16ല്‍ നല്‍കണം.

പെന്‍ഷന്‍ നല്‍കുന്ന ബാങ്കുകളും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാധ്യസ്ഥരാണ്. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ 31.5.2010ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ഈ ഫോമില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ സര്‍ട്ടിഫിക്കറ്റിന്റെ ആദ്യഭാഗത്തില്‍ നികുതി വിധേയ വരുമാനത്തിന്മേലുള്ള ആദായനികുതി (വിദ്യാഭ്യാസ സെസ്സ് അടക്കം) നിര്‍ണയിക്കുക മാത്രമാണ് ചെയ്യുന്നത്.

ഇതിനോടനുബന്ധിച്ചുള്ള അനക്‌സര്‍ എ അഥവാ ബി-യില്‍ ആണ് പിടിച്ച നികുതി, പ്രസ്തുത ടാക്‌സ് അടച്ച തീയതി, അടച്ച ബാങ്കിന്റെ ബി.എസ്.ആര്‍. കോഡ് ചെലാന്‍ സീരിയല്‍ നമ്പര്‍ എന്നിവ നല്‍കേണ്ടത്. ഫോം നമ്പര്‍ 16ല്‍ ജീവനക്കാരന്റെ കൃത്യമായ പാന്‍, തൊഴിലുടമയുടെ ടാന്‍, ചെലാന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, എന്‍.എസ്.ഡി.എല്‍. വഴി സമര്‍പ്പിക്കപ്പെട്ട ത്രൈമാസ ടി.ഡി.എസ്. റിട്ടേണുകളുടെ എട്ടക്കങ്ങളുള്ള രസീതു നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. (ടി.ഡി.എസ് റിട്ടേണുകള്‍ തൊഴിലുടമ എങ്ങനെയാണ് സമര്‍പ്പിക്കേണ്ടത് എന്നതിനുള്ള വിവരങ്ങള്‍ അന്യത്ര). ശമ്പളേതര ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ള ജീവനക്കാരന് അതുസംബന്ധിച്ച വിവരങ്ങള്‍ കാണിക്കുന്ന ഫോം നമ്പര്‍ 12ബിഎ കൂടി നല്‍കിയിരിക്കണം. ഫോം നമ്പര്‍ 16 ഡിജിറ്റലായും ഒപ്പിടുവാനുള്ള സൗകര്യം തൊഴിലുടമയ്ക്ക് നല്‍കിയിട്ടുണ്ട്.

ടി.ഡി.എസ്സിന് വിധേയരായ എല്ലാ ജീവനക്കാര്‍ക്കും മെയ് 31നുള്ളില്‍ ഫോം 16 നല്‍കിയിരിക്കണമെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഓരോ ദിവസത്തിനും 100 രൂപ എന്ന നിരക്കില്‍ പിഴ ചുമത്താന്‍ വകുപ്പ് 272 എ അനുശാസിക്കുന്നു.

പാന്‍ വിവരങ്ങള്‍ നല്‍കാനുള്ള ബാധ്യത


ടി.ഡി.എസ്സിന് ബാധ്യതയുള്ള എല്ലാ ജീവനക്കാരും തങ്ങളുടെ തൊഴിലുടമയ്ക്ക് നിര്‍ബന്ധമായും പാന്‍ നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം താഴെ പറയുന്നവയില്‍ കൂടിയ തുക ടി.ഡി.എസ്. ആയി പിടിക്കാന്‍ തൊഴിലുടമ വകുപ്പ് 206 എഎ പ്രകാരം നിര്‍ബന്ധിതനായിത്തീരും.

1. സ്ലാബ് നിരക്കില്‍ ബാധകമായി നികുതി

2. നികുതി വിധേയ വരുമാനത്തിന്റെ 20%

പാന്‍ നല്‍കാതിരിക്കുന്നതുമൂലം മേല്‍പ്പറഞ്ഞ രീതിയില്‍ 20 ശതമാനം ഫ്ലാറ്റ് നിരക്കില്‍ ടി.ഡി.എസ്. പിടിക്കേണ്ടിവരുമ്പോള്‍ 3 ശതമാനം വിദ്യാഭ്യാസ സെസ്സ് പിടിക്കേണ്ടതില്ല എന്നു പ്രത്യേകം വ്യവസ്ഥചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

65 വയസ്സ് തികയാത്ത പുരുഷനായ ജീവനക്കാരന് 4,50,000 രൂപ എല്ലാ കിഴിവുകള്‍ക്കും ശേഷം നികുതിവിധേയ വരുമാനമുണ്ടെങ്കില്‍ പ്രസ്തുത വ്യക്തിയില്‍ നിന്ന് ഈടാക്കേണ്ടതായ ടി.ഡി.എസ്. വിദ്യാഭ്യാസ സെസ്സ് അടക്കം 27810 രൂപയാണ്. ഇദ്ദേഹം പാന്‍ സംബന്ധിച്ച വിവരങ്ങള്‍ തൊഴിലുടമയ്ക്ക് നല്‍കുന്നില്ല എങ്കില്‍ 4,50,000 രൂപയുടെ 20ശതമാനം ആയ 90,000 രൂപ ടി.ഡി.എസ്. ആയി പിടിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനായിത്തീരും.

ശമ്പളത്തില്‍ നിന്നുള്ള ടി.ഡി.എസ്. പിടിക്കുന്നതിനെക്കുറിച്ചുള്ള മറ്റു വ്യവസ്ഥകള്‍

email: ask@josephvarghese.net

Tags: TDS on salary
»  News in this Section