പ്രിന്ററിനും സ്‌കാനറിനും തേയ്മാനം അവകാശപ്പെടാം

Posted on: 22 Nov 2010



? ഞങ്ങളുടെ ബിസിനസ് സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ പ്രിന്ററിനും സ്‌കാനറിനും 60% നിരക്കില്‍ തേയ്മാനം അവകാശപ്പെട്ടിരുന്നത് അസസ്‌മെന്റ്‌വേളയില്‍ ഇന്‍കംടാക്‌സ് ഓഫീസര്‍ 10% നിരക്കില്‍ കുറയ്ക്കുകയുണ്ടായി. ഇത് ശരിയാണോ.
ബാലചന്ദ്രന്‍ നായര്‍, തിരുവനന്തപുരം

= ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പ്രിന്ററും സ്‌കാനറും ഓഫീസ് ഉപകരണമെന്ന നിലയിലാണ് അദ്ദേഹം തേയ്മാനനിരക്ക് കുറച്ചത് എന്ന് വ്യക്തമാണ്.

ഇത് തര്‍ക്കവിഷയമായി തുടരുന്നുണ്ടെങ്കിലും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഡല്‍ഹി 'ബി' ബെഞ്ചിന്റെ വിധി സഹായത്തിനെത്തുന്നുണ്ട്. ഈ വിധിയില്‍ പറഞ്ഞിരിക്കുന്നത് കമ്പ്യൂട്ടറിന്റെ അനുബന്ധ ഉപകരണങ്ങളായ പ്രിന്റര്‍, സ്‌കാനര്‍ പെരിഫെറല്‍സ് എന്നിവയ്ക്ക് കമ്പ്യൂട്ടറില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവാത്തതിനാല്‍ അവയ്ക്കും കമ്പ്യൂട്ടറിന്റെ തേയ്മാനനിരക്ക് അനുവദിക്കണമെന്നാണ്. (ACIT Vs Container Corporation of India Ltd -അപ്പീല്‍ നമ്പര്‍ ITA 2851 & 3680/Del/2007) കമ്പ്യൂട്ടറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനും നല്‍കുന്ന തേയ്മാന നിരക്ക് 60% തന്നെയാണെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇതേ അഭിപ്രായം കൊല്‍ക്കത്ത ഹൈക്കോടതി Jokai India Ltd (251 ITR 39)ഉം പ്രസ്താവിച്ചിട്ടുണ്ടെന്നതും നിങ്ങളുടെ കേസിന് ബലം നല്‍കുന്നു.അതിനാല്‍, അപ്പീല്‍ പോകാവുന്ന ഒരു ഓര്‍ഡര്‍ ആണിതെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല. അനുവദിക്കപ്പെടാതിരുന്ന തേയ്മാന തുക ചെറുതായതുകൊണ്ടാണ് പല നികുതിദായകരും അപ്പീല്‍ നല്‍കാത്തത് എന്നാണ് തോന്നുന്നത്. കേരള ഹൈക്കോടതിയുടെ വിധിയുണ്ടായാല്‍ മാത്രമേ അത് കേരളത്തിലുള്ള നികുതിദായകരെ സഹായിക്കൂ എന്നതും ഓര്‍ക്കുക.

? രണ്ട് പാര്‍ട്ണര്‍മാരുള്ള ഒരു പലചരക്കുകടയാണ് ബിസിനസ്. 2009-10 സാമ്പത്തികവര്‍ഷത്തേക്കുള്ള മൊത്തം വിറ്റുവരവ് 38 ലക്ഷം രൂപയാണ്. വിശദമായ കണക്ക് സൂക്ഷിച്ചിട്ടില്ല. ചെറുകിട ബിസിനസ്സുകാര്‍ മൊത്തം വിറ്റുവരവിന്റെ 5% കാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ കണക്കും ഓഡിറ്റും ഒന്നും വേണ്ട എന്നറിയാന്‍ കഴിഞ്ഞു. വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ക്ക് ശമ്പളവും കുറവു ചെയ്യാമോ?
അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ എത്രരൂപ ടാക്‌സും പലിശയുമായി അടയ്‌ക്കേണ്ടിവരും.

അജിത്ത്കുമാര്‍, ഇടപ്പള്ളി

= 2009-10 സാമ്പത്തിക വര്‍ഷം വരെ നിലവിലുണ്ടായിരുന്ന 44 (44 എഎഫ്) എന്ന വകുപ്പുപ്രകാരം ചില്ലറ വില്പന എഎഫ് (റീട്ടെയില്‍ ട്രേഡ്) നടത്തുന്ന വ്യാപാരികള്‍ മൊത്തം വിറ്റുവരവിന്റെ 5%മെങ്കിലും ലാഭംകാണിച്ച് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ വിശദമായ കണക്കുകള്‍ സൂക്ഷിക്കുകയോ ഓഡിറ്റ്‌നടത്തുകയോ വേണ്ട എന്ന് വ്യവസ്ഥയുണ്ടായിരുന്നു. (വിറ്റുവരവ് 40 ലക്ഷം കവിയരുത് എന്ന നിബന്ധനയ്ക്ക് വിധേയമായി) പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും ഈ വകുപ്പ് ബാധകമാണ്. അതിനാല്‍, ഈ വകുപ്പ്പ്രകാരം തന്നെ ഇനിയും റിട്ടേണ്‍ സമര്‍പ്പിക്കാം.

ഇപ്രകാരം കണക്കാക്കിയാല്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ നികുതി വിധേയ വരുമാനം 38 ലക്ഷം രൂപയുടെ 5% ആയ 1,90,000 രൂപയായിരിക്കും. ഇതിന്മേല്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്ക് ബാധകമായ 30% നിരക്കില്‍ നികുതി കണക്കാക്കിയാല്‍ 57,000 രൂപ ആദായനികുതി ബാധ്യത വരുമല്ലോ എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. കൂടാതെ വിദ്യാഭ്യാസ സെസ്സ്, പലിശ എന്നിങ്ങനെ ഒരു നല്ലതുക മാറ്റിവയ്‌ക്കേണ്ടിവരും.

എന്നാല്‍, നിങ്ങളുടെ സ്ഥാപനത്തിലെ രണ്ട് പാര്‍ട്ണര്‍മാരും ജോലിയെടുക്കുന്ന പങ്കാളികള്‍ (വര്‍ക്കിങ് പാര്‍ട്‌ണേഴ്‌സ്) ആണെങ്കില്‍ പുസ്തകലാഭത്തിന്റെ ആദ്യത്തെ 3 ലക്ഷം രൂപയുടെ 90%മോ 1,50,000 രൂപയോ (തമ്മില്‍ കൂടിയത്) പാര്‍ട്ണര്‍മാരുടെ ശമ്പളമായി അവകാശപ്പെടാമെന്ന് വ്യവസ്ഥയുള്ളതിനാല്‍ താഴെ പറയുന്ന രീതിയില്‍ നികുതി കണക്കാക്കാം:-

രൂപ
മൊത്തം വിറ്റുവരവിന്റെ 5% 1,90,00
പാര്‍ട്ണര്‍മാരുടെ ശമ്പളം
1,90,000ന്റെ 90% 1,71,000
നികുതി വിധേയ വരുമാനം 19,000
നികുതി 30% 5700
+ വിദ്യാഭ്യാസ സെസ്സ് 3% 171
5,871
റിട്ടേണ്‍ താമസിച്ചുനല്‍കിയതിന്
പലിശ (നവംബര്‍ 30നുള്ളില്‍ റിട്ടേണ്‍
സമര്‍പ്പിക്കുന്നപക്ഷം) 116
5987
റൗണ്ട് ഓഫ് 5990
മേല്പറഞ്ഞ തുക അടച്ച് ഫോം നമ്പര്‍ ഐടിആര്‍-5ല്‍ നേരിട്ടോ ഇന്റര്‍നെറ്റ് വഴിയോ റിട്ടേണ്‍ സമര്‍പ്പിക്കാം. 2011 മാര്‍ച്ച് 31നുള്ളിലും റിട്ടേണ്‍ സമര്‍പ്പിക്കുന്നില്ലെങ്കില്‍ വകുപ്പ് 271 എഫ് പ്രകാരം 5000 രൂപയുടെ പിഴയും അടയ്‌ക്കേണ്ടി വന്നേക്കാം. (റിട്ടേണ്‍ താമസിച്ചതിനുള്ള പലിശയ്ക്ക് പുറമേ).
പാര്‍ട്ണര്‍മാര്‍ ഓരോരുത്തരും അവകാശപ്പെട്ട 85,500 രൂപയും അവരവരുടെ വ്യക്തിഗത വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പാര്‍ട്ണര്‍മാര്‍ക്ക് മറ്റു വരുമാനമെന്തെങ്കിലും ഉണ്ടെങ്കില്‍ അതിനോട് ഈ തുകയും ചേര്‍ത്ത് അടിസ്ഥാന ഒഴിവില്‍ കൂടുതലാണ് മൊത്തവരുമാനമെങ്കില്‍ വ്യക്തി എന്ന നിലയിലും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യതയുണ്ടായേക്കാം.


ടാക്‌സ് ടിപ്‌സ്


ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ പതിക്കാതെ 2009-10 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ ഇന്റര്‍നെറ്റിലൂടെ സമര്‍പ്പിച്ച നികുതിദായകര്‍ അക്‌നോളജുമെന്റായി ലഭിച്ചഐടിആര്‍-5, ബാംഗ്ലൂരിലുള്ള സെന്‍ട്രല്‍ പ്രോസസിങ് സെന്ററിലേയ്ക്കയക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ലേക്ക് നീട്ടി. ബാംഗ്ലൂരിലേക്ക് അയയ്ക്കാതെ ഈ ഫോം ലോക്കല്‍ ആദായനികുതി ഓഫീസില്‍ തെറ്റായി സമര്‍പ്പിച്ചവര്‍ക്കും ഡിസംബര്‍ 31നുള്ളില്‍ ഐടിആര്‍-5 ഒപ്പിട്ട് ബാംഗ്ലൂര്‍ ഓഫീസില്‍ സാധാരണ തപാലിലോ സ്​പീഡ് പോസ്റ്റ് വഴിയോ സമര്‍പ്പിക്കാം. അല്ലാത്ത റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായി പരിഗണിക്കപ്പെടുന്നതല്ല.

»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00