വൈകല്യമുള്ളവര്‍ക്ക് നികുതിയിളവുകള്‍

Posted on: 09 Jul 2012ശാരീരികമായോ മാനസികമായോ വൈകല്യം അഥവാ രോഗം ഉള്ളവരെ പരിരക്ഷിക്കാന്‍ ഒട്ടേറ ക്ഷേമപദ്ധതികള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആദായനികുതി നിയമത്തില്‍ വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും മറ്റും വിവിധ വകുപ്പുകള്‍ പ്രകാരം നികുതിയിളവുകള്‍ നല്‍കിയിട്ടുണ്ട്. 2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി (ഓഡിറ്റ് നിര്‍ബന്ധമില്ലാത്തവര്‍ക്ക്) ജൂലായ് 31 ആണെന്നിരിക്കെ ഈ ഗണത്തില്‍പ്പെട്ട നികുതിദായകര്‍ക്കുള്ള ആശ്വാസങ്ങളെപ്പറ്റി ചുരുക്കി വിവരിക്കാം.

ആദായ നികുതി നിയമത്തിലെ വകുപ്പ് 80 യു പ്രകാരം അന്ധതയടക്കമുള്ള സ്ഥിരമായ ശാരീരികമോ മാനസികമോ ആയ വൈകല്യമോ ഉള്ളവര്‍ക്ക് നികുതി കിഴിവ് ലഭ്യമാണ്. സാധാരണ വൈകല്യമുള്ളവര്‍ക്ക് 75,000 രൂപയും ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് ഒരുലക്ഷം രൂപയും കിഴിവ് അവകാശപ്പെടാം. പ്രധാനവ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു:

1. 'വൈകല്യം' എന്ന പദത്തിനെറ നിര്‍വചനം:-Persons with Disabilities (Equal Opportunities) Act, 1995ലെ വകുപ്പ് 2(i) -ല്‍ വിവരിച്ചിരിക്കുന്നതുകൂടാതെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയും ഉള്‍പ്പെടുന്നു. ഇവയുടെ വിശദമായ നിര്‍വചനം National Trust For Welfare of Persons with Autism, Cerebral Palsy, Mental Retardation and Multiple Disabilities Act, 1999ലെ വകുപ്പ് 2(a), 2(c), 2(h) ല്‍ ലഭ്യമാണ്.

2. 40 ശതമാനമെങ്കിലും വൈകല്യമുണ്ടെങ്കില്‍ സാധാരണ വൈകല്യമായും എണ്‍പതോ അതില്‍ കൂടുതലോ വൈകല്യമുണ്ടെങ്കില്‍ ഗുരുതരമായ വൈകല്യമായും നിര്‍വചനപ്രകാരം പരിഗണിക്കപ്പെടും.
3) വൈകല്യത്തെ സംബന്ധിച്ച് ഒരു 'മെഡിക്കല്‍ അതോറിട്ടി'യുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ക്കുമാത്രമാണ് കിഴിവിനര്‍ഹത.

വൈകല്യങ്ങളുള്ള ആശ്രിതരുണ്ടെങ്കില്‍

നികുതിദായകന് ശാരീരികമായോ മാനസികമായോ വൈകല്യമുണ്ടെങ്കില്‍ വകുപ്പ് 80 യു പ്രകാരം 75,000 രൂപ അഥവാ 1,00,000 രൂപ കിഴിവ് ലഭ്യമാണെന്ന് നാം മനസ്സിലാക്കി. വൈകല്യങ്ങളുള്ള ആശ്രിതരായ ബന്ധുക്കളെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തിരുന്ന നികുതിദായകര്‍ക്ക് വകുപ്പ് 80 ഡിഡി പ്രകാരം കിഴിവ് അവകാശപ്പെടാം. പ്രധാനവ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു:

1. ഈ വകുപ്പിന്റെ ആനുകൂല്യം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

2. സാധാരണ വൈകല്യമുള്ള ആശ്രിതര്‍ക്ക് 50,000 രൂപയും ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് 1,00,000 രൂപയുമാണ് കിഴിവ് ലഭിക്കുക.

3. 'ആശ്രിതന്‍' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍, സഹോദരീസഹോദരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഹിന്ദു അവിഭക്ത കുടുംബത്തിന്റെ കാര്യത്തിലാണെങ്കില്‍ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗം നിര്‍വചനത്തിലുള്‍പ്പെടും. ഈ വ്യക്തികള്‍ നികുതി ദായകനെ ആശ്രയിച്ചു കഴിയുന്നവരായിരിക്കണമെന്നും അവരിലാരും വകുപ്പ് 80 യു പ്രകാരമുള്ള കിഴിവിന് അവകാശം ഉന്നയിച്ചവരായിരിക്കരുതെന്നും നിബന്ധനയുണ്ട്.

4. 'വൈകല്യം', 'ഗുരുതരമായ വൈകല്യം', 'മെഡിക്കല്‍ അതോറിട്ടി' എന്നീ പദങ്ങളുടെ നിര്‍വചനം മേല്‍വിവരിച്ച വകുപ്പ് 80 യു-വില്‍ പരാമര്‍ശിക്കപ്പെട്ട നിയമങ്ങള്‍ പ്രകാരം തന്നെയാണ്.

5. സാമ്പത്തിക വര്‍ഷത്തില്‍ ശാരീരികമായോ മാനസികമായോ വൈകല്യമുള്ള നികുതിദായകന്റെ ബന്ധുവായ ആശ്രിതനുവേണ്ടി നഴ്‌സിങ് അടക്കമുള്ള ചികിത്സയ്ക്കായോ, പുനരധിവാസം, പരിശീലനം എന്നിവയ്ക്കായോ എന്തെങ്കിലും ചെലവു ചെയ്യുകയോ പ്രസ്തുത ആശ്രിതന്റെ ക്ഷേമത്തിനായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അഥവാ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിനാല്‍ അംഗീകൃതമായ മറ്റു സ്ഥാപനത്തിന്റെയോ പ്രത്യേകം അംഗീകരിക്കപ്പെട്ട പദ്ധതിയില്‍ നിക്ഷേപം നടത്തുകയോ ചെയ്തിരിക്കണം. കൂടാതെ ഈ പദ്ധതി പ്രകാരമുള്ള മറ്റ് ഉപാധികളും പാലിച്ചിരിക്കണം.

ഗുരുതരമായ രോഗങ്ങളുണ്ടെങ്കില്‍

നികുതിദായകനോ നികുതിദായകന്റെ സംരക്ഷണത്തില്‍ കഴിയുന്ന ആശ്രിതനോ ഹിന്ദു അവിഭക്ത കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ, കാന്‍സര്‍, എയ്ഡ്‌സ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഡിമെന്‍ഷ്യ, ഹീമോഫീലിയ, ഗുരുതരമായ മൂത്രാശയരോഗം തുടങ്ങിയ റൂള്‍ 11 ഡിഡി പ്രകാരം പ്രത്യേകം പ്രഖ്യാപിതമായ രോഗങ്ങളുണ്ടായിരിക്കുകയും ഇതിലേക്കായി ചെലവു നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇങ്ങനെ ചെലവായ തുകയോ 40,000 രൂപയോ (തമ്മില്‍ കുറഞ്ഞതിന്) കിഴിവ് ലഭിക്കും. മേല്‍കൊടുത്തിട്ടുള്ള വകുപ്പ് 80 ഡിഡി പ്രകാരമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍വചനങ്ങള്‍ എന്നിവ സംബന്ധിച്ച് നിബന്ധനകള്‍ ഈ വകുപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: Income Tax Exemption For Disabled
»  News in this Section