വകുപ്പ് 80 സി പ്രകാരം ലഭ്യമായ കിഴിവുകള്‍
Posted on: 17 Jan 2011
ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം
എല്‍.ഐ.സി. ഓഫ് ഇന്ത്യ അഥവാ ഐ.ആര്‍.ഡി.എ.യുടെ അംഗീകാരമുള്ള
മറ്റ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് എടുക്കുന്ന പോളിസികളിലേക്ക് അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്കും മറ്റ് തുകകള്‍ക്കും (ഉദാ: പലിശ, ലേറ്റ് ഫീ) കിഴിവിന് അര്‍ഹതയുണ്ട്. സ്വന്തം പേരിലോ ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ പേരിലോ ഹിന്ദു അവിഭക്ത കുടുംബത്തിലെ അംഗത്തിന്റെ പേരിലോ എടുക്കുന്ന പോളിസികളിന്മേലുള്ള അടവുകള്‍ക്കാണ് അര്‍ഹത. മക്കള്‍ക്ക് എത്ര പ്രായമായാലും അര്‍ഹത നഷ്ടപ്പെടില്ല.
നിയമപ്രകാരം ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ മക്കള്‍ക്കായി നടത്തുന്ന അടവുകള്‍ക്കും കിഴിവിനര്‍ഹതയുണ്ട്. പോളിസി എടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷൂറന്‍സ് കോണ്‍ട്രാക്ട് റദ്ദാക്കപ്പെടുന്ന സിംഗിള്‍ പ്രീമിയം പോളിസികള്‍ക്ക് ലഭിച്ച നികുതിയിളവ് റദ്ദാക്കപ്പെടുന്ന വര്‍ഷത്തെ വരുമാനമായി പരിഗണിച്ച് നികുതി വിധേയമാക്കും. മറ്റു പോളിസികളെ സംബന്ധിച്ചിടത്തോളം രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടയ്ക്കാതെ പോളിസി മുടങ്ങിയാലും ഇതേ വ്യവസ്ഥ ബാധകമാണ്. പോളിസികളില്‍ നിന്ന് തിരിയെ ലഭിക്കുന്ന ബോണസ് അടക്കമുള്ള എല്ലാ തുകകള്‍ക്കും വകുപ്പ് 10 (10 ഡി) പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി നികുതിയൊഴിവുണ്ട്.
ട്യൂഷന്‍ ഫീസ്
രണ്ട് കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനം അംഗീകൃതമായിരിക്കണമെന്നില്ല. എന്നാല്‍, അവ ഇന്ത്യയിലുള്ളവയായിരിക്കണം. മുഴുവന്‍ സമയ വിദ്യാഭ്യാസം ആയിരിക്കണമെന്നും നിബന്ധനയുണ്ട്. സംഭാവന, ബസ് ഫീസ് തുടങ്ങിയവയ്ക്ക് അര്‍ഹതയില്ല. പ്രത്യേകമായ കൂടിയ പരിധിയില്ല.
ഭവനവായ്പാ തിരിച്ചടവും മറ്റു ചെലവുകളും
സ്വന്തമായി ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി വകുപ്പ് 80 സി യില്‍ നികുതി അനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭവനം സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ചെലവായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ, മറ്റു ചെലവുകള്‍ എന്നിവയ്ക്ക് കിഴിവിനര്‍ഹതയുണ്ട്. 1999 ഏപ്രിലിനു ശേഷം എടുത്ത ഭവനവായ്പയുടെ മുതല്‍ തിരിച്ചടവിനും ഇതേ വകുപ്പു പ്രകാരം തന്നെ കിഴിവ് ലഭ്യമാണ്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം വായ്പ.ഇതിന്മേലുള്ള പലിശയ്ക്കുള്ള നികുതിയാശ്വാസം പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്.
പ്രോവിഡന്റ് ഫണ്ട്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവുകള്‍, 1925 ലെ പ്രോവിഡന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള അടവുകള്‍, അംഗീകൃത പ്രോവിഡന്റ് ഫണ്ടുകളിലേക്കുള്ള അടവുകള്‍ എന്നിവയ്ക്ക് വകുപ്പ് 80 സി പ്രകാരം തന്നെ കിഴിവിനര്‍ഹതയുണ്ട്.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
ഈ സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസുകളില്‍ നിന്ന് 100, 500, 1,000, 5,000, 10,000 രൂപ മുഖവിലയ്ക്ക് ലഭ്യമാണ്. കിഴിവിന് അര്‍ഹതയുമുണ്ട്. പലിശനിരക്ക് പ്രതിവര്‍ഷം 8 ശതമാനം നിരക്കില്‍ അര്‍ധ വാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കി 6 വര്‍ഷത്തെ കാലാവധിക്കു ശേഷം ഒന്നിച്ച് ലഭിക്കും. നിലവിലുള്ള നിരക്കു പ്രകാരം 1000 രൂപയുടെ നിക്ഷേപം കാലാവധിക്കു ശേഷം 1601 രൂപയായിത്തീരും. വര്‍ഷാവര്‍ഷം മുതലിനോട് ചേര്‍ക്കുന്ന പലിശയും പുനര്‍ നിക്ഷേപമായി കണക്കാക്കി വകുപ്പ് സി യില്‍തന്നെ പരിഗണിക്കപ്പെടും. പലിശയ്ക്ക് നികുതി ബാധ്യതയുണ്ടെങ്കിലും ടി.ഡി.എസ്. ഇല്ല. സര്‍ട്ടിഫിക്കറ്റുകള്‍ കാലാവധിക്കു മുന്‍പ്പിന്‍വലിക്കാനാവില്ലെങ്കിലും പണയം വയ്ക്കാം.
പബ്ലിക് പ്രോവിഡന്റ് ഫണ്ട്
ചെറുപ്പത്തില്‍ത്തന്നെ തുടങ്ങിവയ്ക്കാവുന്ന പദ്ധതിയാണിത്; കാരണം 15 വര്‍ഷം എന്ന നീണ്ടകാലാവധിതന്നെ. കുറഞ്ഞ നിക്ഷേപം 500 രൂപയും ഒരു സാമ്പത്തികവര്‍ഷത്തിലെ കൂടിയ പരിധി 70,000 രൂപയുമാണ്. 8% കൂട്ടുപലിശ പൂര്‍ണമായും നികുതിവിമുക്തമാണ്. ഒന്നിച്ചോ വര്‍ഷത്തില്‍ 12 പ്രാവശ്യത്തില്‍ കൂടാത്ത തവണകളായോ നിക്ഷേപം നടത്താം. ഏഴാംവര്‍ഷംതൊട്ട് എല്ലാവര്‍ഷവും നിശ്ചിത പരിധിക്ക് വിധേയമായി പിന്‍വലിക്കാം. മൂന്നാംവര്‍ഷംമുതല്‍ പണയത്തില്‍ കടമെടുക്കാം. ഫണ്ടിലുള്ള ബാലന്‍സ് ജപ്തിചെയ്യാന്‍ കോടതികള്‍ക്കുപോലും അധികാരമില്ല.
ബാങ്ക് സ്ഥിരനിക്ഷേപം
ആദായനികുതിവകുപ്പിന്റെ 2006 ആഗസ്ത് 28 ലെ 203/2006 വിജ്ഞാപനപ്രകാരം ''ഒഎസ്‌സിബി ടേം ഡപ്പോസിറ്റ് സ്‌കീം 2006'' എന്നപേരില്‍ നടപ്പായ നിക്ഷേപപദ്ധതി ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഈ പദ്ധതിപ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് കിഴിവിനര്‍ഹതയുണ്ട്. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും നിക്ഷേപം നടത്താം. കുറഞ്ഞ നിക്ഷേപത്തുക 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി ഒരു സാമ്പത്തികവര്‍ഷത്തില്‍ ഒരുലക്ഷം രൂപവരെ നിക്ഷേപിക്കാം. നിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി
5 വര്‍ഷം. ഡെപ്പോസിറ്റ് രസീതില്‍ നിക്ഷേപകന്റെ പാന്‍ രേഖപ്പെടുത്തിയിരിക്കണം, ഒപ്പും വേണം. ഈ സര്‍ട്ടിഫിക്കറ്റ് പണയപ്പെടുത്തി വായ്പ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം ലഭ്യമായ പലിശ പ്രതിവര്‍ഷം 8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനവുമാണ്. മൂന്നുമാസത്തിലൊരിക്കല്‍ കൂട്ടിച്ചേര്‍ക്കുന്ന പലിശ ത്രൈമാസികമായോ കാലാവധിക്കുശേഷം മുതലിനോട് ചേര്‍ത്തോ വാങ്ങിക്കാം. അഞ്ചുമുതല്‍ 10 വര്‍ഷംവരെയുള്ള സാധാരണ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വ്യതിയാനം ഈ നിക്ഷേപങ്ങള്‍ക്കും ബാധകമായിരിക്കും. അതിനാല്‍, പലിശ 8%-9% ആണെങ്കിലും മറ്റു സമാന നിക്ഷേപങ്ങളില്‍വരുന്ന വര്‍ധനയനുസരിച്ച് കൂടാനാണ് സാധ്യത. കൂട്ടായ നിക്ഷേപമാണെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ആദ്യപേരുകാരനാണ് നികുതി കിഴിവിന് അര്‍ഹത.
അഞ്ചുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപം
2007 ഏപ്രില്‍ ഒന്നുമുതല്‍ ഈ ഗണത്തിലെ നിക്ഷേപങ്ങള്‍ക്കും വകുപ്പ് 80സി പ്രകാരം കിഴിവനര്‍ഹത നല്‍കിയിട്ടുണ്ട്. കുറഞ്ഞ നിക്ഷേപം 200 രൂപയാണ്. 200 രൂപയുടെ ഗുണിതങ്ങളായി കൂടിയ പരിധിയില്ലാതെ നിക്ഷേപം നടത്താം. 5 വര്‍ഷത്തെ നിക്ഷേപത്തിന് ബാധകമായ പലിശ 7.5 ശതമാനമാണ്.
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് പദ്ധതികള്‍ (ഇഎല്‍എസ്എസ്)
ഓഹരിവിപണിയെക്കുറിച്ച് കാര്യമായ പരിജ്ഞാനമില്ലാത്തവര്‍ക്ക് ഈ മേഖലയില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാനുതകുന്ന (ചിലപ്പോള്‍ നഷ്ടമുണ്ടാക്കാനും) നിക്ഷേപ പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ (ഇഎല്‍എസ്എസ്). ഇവിടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളുടെ യൂണിറ്റുകള്‍ വാങ്ങുകയാണ്. ഇങ്ങനെയുള്ള പദ്ധതികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹതയുണ്ട്. എന്‍എസ്‌സി, പിപിഎഫ്, ബാങ്ക് സ്ഥിരനിക്ഷേപം തുടങ്ങിയ മറ്റ് നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഇഎല്‍എസ്എസിന്റെ ആകര്‍ഷണീയത ഇതിന്റെ കുറഞ്ഞ നിക്ഷേപകാലാവധിയാണ്. എന്‍എസ്‌സിക്ക് 6 വര്‍ഷവും പിപിഎഫിന് 15 വര്‍ഷവും ബാങ്ക് സ്ഥിരനിക്ഷേപത്തിന് 5 വര്‍ഷവും കാലാവധിയുള്ളപ്പോള്‍ ഇഎല്‍എസ്എസിന് 3 വര്‍ഷംമാത്രമാണ് നിര്‍ബന്ധകാലാവധി. ഓഹരി ബന്ധിത മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപമായതിനാല്‍ ലാഭസാധ്യത കൂടുതലാണ്. ഡിവിഡന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ കാലാവധിക്കുള്ളില്‍ത്തന്നെ നികുതിവിമുക്തമായ ഡിവിഡന്റ്‌വരുമാനവും നേടാം. (ഓഹരികള്‍, യൂണിറ്റുകള്‍ എന്നിവയില്‍നിന്നുള്ള വരുമാനം പൂര്‍ണമായും നികുതിവിമുക്തമാണ്).
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിച്ചും ലക്ഷ്യം കൈവരിക്കാം. മൂന്നു വര്‍ഷ കാലാവധിക്കുശേഷം ലഭിക്കുന്ന തുകയില്‍ മൂലധന നേട്ടമുണ്ടായാല്‍ത്തന്നെ അവയ്ക്ക് സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് നല്‍കിയിട്ടുള്ളതിനാല്‍ നികുതി ബാധ്യതയും വരുന്നില്ല.
ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഉണ്ടാകാവുന്ന നഷ്ടസാധ്യതയെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം. ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ യൂണിറ്റുകളുടെ മൂല്യത്തെയും ബാധിക്കുമെന്നതിനാല്‍ വകുപ്പ് 80 സി പ്രകാരമുള്ള നിക്ഷേപങ്ങളുടെ 25-30% മാത്രം ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതാകും അഭികാമ്യം. എന്‍എസ്‌സിക്കും പിപിഎഫിനും വായ്പാസൗകര്യമുണ്ടെങ്കിലും ഇഎല്‍എസ്എസിന് അതില്ല എന്നതും ന്യൂനതതന്നെ.
നികുതി ലാഭിക്കാന്‍ നിക്ഷേപ പദ്ധതികളേറെ