പ്രത്യക്ഷ നികുതി കോഡ് വരുമ്പോള്‍ നികുതിയാശ്വാസമേറെ

Posted on: 30 Aug 2010



ആദായനികുതിദായകര്‍ക്ക് ഏറെ ആശ്വാസമേകുന്ന പ്രത്യക്ഷ നികുതി കോഡ് ബില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുകയാണ്. 2011 ഏപ്രിലില്‍ പുതിയ നികുതിനിരക്കുകള്‍ ബാധകമാകുമ്പോള്‍ നിലവിലുള്ള നികുതിബാധ്യതയില്‍ എത്രമാത്രം കുറവുവരുമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കെ.സി. ജോസഫ് വര്‍ഗീസ് വിലയിരുത്തുന്നു


സമൂലമായ അഴിച്ചുപണിയിലൂടെ നമ്മുടെ പ്രത്യക്ഷ നികുതികളെയെല്ലാം ഒരേയൊരു നിയമസംഹിതയുടെ കീഴില്‍ കൊണ്ടുവരാനുദ്ദേശിച്ചുള്ള പ്രത്യക്ഷ നികുതി കോഡിന് ഇക്കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ബില്‍ തിങ്കളാഴ്ച തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ജൂണില്‍ പുറത്തിറക്കിയ രണ്ടാം ചര്‍ച്ചാരേഖയില്‍ത്തന്നെ 2009 ആഗസ്തിലിറക്കിയ കരടില്‍നിന്നും പ്രകടമായ വ്യതിയാനങ്ങളുണ്ടായിരുന്നത് ബില്ലിലും പ്രതിഫലിക്കുമെന്നതിനാല്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു സമൂലപരിഷ്‌കാരം പ്രതീക്ഷിക്കേണ്ടതില്ല.

ബില്ലിന്റെ പൂര്‍ണരൂപം ലഭ്യമല്ലാത്തതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ വച്ചുമാത്രമേ അവലോകനം നടത്താന്‍ സാധിക്കൂ.

ആദായനികുതി നിരക്കുകള്‍


ആദ്യത്തെ കരടുരേഖയില്‍ വ്യക്തിഗത ആദായനികുതി നിരക്കുകളില്‍ വളരെയധികം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.


നികുതിദായകര്‍ക്ക് ഈ നിരക്കുകള്‍ വളരെ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും വളരെയേറെ നികുതിയൊഴിവുകള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് നിരക്കുകളില്‍ ആനുകൂല്യം പ്രഖ്യാപിച്ചതെന്നതിനാല്‍ ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണുണ്ടായത്.

E.E.E. (Exempt, Exempt, Exempt,) എന്ന നിലവിലുള്ള നികുതി സംവിധാനത്തില്‍നിന്നും E.E.T. (Exempt, Exempt, Tax) എന്ന സംവിധാനത്തിലേക്കുള്ള ചുവടുമാറ്റം, ജോലിയില്‍നിന്നും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റിയുറ്റി മുതലായവ 'റിട്ടയര്‍മെന്റ് ബെനിഫിറ്റ് അക്കൗണ്ട് സ്‌കീം' എന്ന പുതിയ പദ്ധതിയില്‍ നിക്ഷേപിച്ചാലേ നികുതിയിളവു ലഭിക്കൂ എന്ന നിബന്ധന, സൗജന്യ നിരക്കില്‍ ജീവനക്കാര്‍ക്കു ലഭിക്കുന്ന താമസസൗകര്യം കമ്പോളനിരക്കിനെ ആസ്​പദമാക്കി നിര്‍ണയിക്കാനുള്ള വ്യവസ്ഥ, ഹൗസ് പ്രോപ്പര്‍ട്ടിയില്‍നിന്നുള്ള വരുമാനം മുടക്കുമുതലിന്റെ 6% നിരക്കില്‍ കണക്കാക്കുമെന്നുള്ള പ്രഖ്യാപനം, കമ്പനികള്‍ക്കുള്ള ബുക്ക് പ്രോഫിറ്റ് ടാക്‌സ് (MAT 'Yel Minimum Alternate Tax) കമ്പനിയുടെ ആസ്തിയെ ആസ്​പദമാക്കി നിര്‍ണയിക്കാനുള്ള നീക്കം, വളരെ കുറച്ചു നികുതിദായര്‍ക്കുമാത്രം പ്രയോജനം ചെയ്യുന്ന സ്വത്തുനികുതി പരിധി (50 കോടി രൂപ) എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ക്കെതിരെയാണ് പ്രധാനമായും പ്രതികരണങ്ങളുണ്ടായത്.

ഈ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ 2010 ജൂണില്‍ പുറത്തിറക്കിയ രണ്ടാം ചര്‍ച്ചാരേഖയില്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും പിന്‍വലിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഇതുമൂലം വന്നുചേരുന്ന നികുതിനഷ്ടം പരിഹരിക്കാന്‍ ആദ്യത്തെ രേഖയില്‍ വാഗ്ദാനം ചെയ്ത നികുതിനിരക്കുകളില്‍ വ്യതിയാനമുണ്ടാകുമെന്നും
സൂചനയുണ്ടായി. അതിപ്പോള്‍ യാഥാര്‍ഥ്യമായി. വ്യക്തിഗത ആദായനികുതി നിരക്കുകള്‍ ഇങ്ങനെ ആയിരിക്കും.


ആദ്യം വാഗ്ദാനം ചെയ്തിരുന്ന നികുതി നിരക്കുകളില്‍നിന്നും പിന്നാക്കം പോയെങ്കിലും നിലവിലുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമാന്യം നല്ല നികുതി ലാഭം നേടിത്തരുന്നവയാണ് പുതിയ നിരക്കുകള്‍.

65 വയസ്സു തികയാത്ത പുരുഷന്മാര്‍ക്ക് കൂടിയ ആശ്വാസം 24,720 രൂപയും കുറഞ്ഞത് 515 രൂപയുമാണ്. വനിതകള്‍ക്ക് പ്രത്യേകമായുണ്ടായിരുന്ന അടിസ്ഥാന ഒഴിവ് എടുത്തുകളഞ്ഞെങ്കിലും കൂടിയ ആശ്വാസം 21,630 രൂപയും കുറഞ്ഞ ആശ്വാസം 515 രൂപയുമായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അടിസ്ഥാന ഒഴിവ് 2,40,000 രൂപയില്‍ നിന്നും 2,50,000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് കുറഞ്ഞ ആശ്വാസം 515 രൂപയും കൂടിയത് 21,630 രൂപയുമാണ്. (പട്ടിക കാണുക)

സ്വന്തം താമസത്തിനുള്ള ഭവനത്തിനായെടുത്ത വായ്പയുടെ പലിശയ്ക്കുള്ള നികുതിയിളവ് 1.50 ലക്ഷമായിത്തുടരും.

കമ്പനി നികുതി 25 ശതമാനമെന്നു വാഗ്ദാനം ചെയ്തിരുന്നത് 30 ശതമാനമാക്കി (നിലവില്‍ 33.99%). എന്നാല്‍, കമ്പനികള്‍ പുസ്തകമൂല്യത്തെ ആധാരമാക്കി നല്‍കേണ്ട നികുതിനിരക്ക് 18%ല്‍ നിന്നും 20% ആയി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

വനിതകള്‍ക്കുള്ള പ്രത്യേക അടിസ്ഥാന ഒഴിവ് സംബന്ധിച്ചും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നികുതിയിളവ് സംബന്ധിച്ചും പുനരവലോകനം ഉണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.

മൂലധന ലാഭങ്ങളെ ഹ്രസ്വകാല ലാഭങ്ങള്‍ എന്നും ദീര്‍ഘകാല ലാഭങ്ങള്‍ എന്നും തരം തിരിച്ചാണ് പ്രത്യേക നിരക്കില്‍ ഇപ്പോള്‍ നികുതി വിധേയമാക്കുന്നത്.

സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി നല്‍കി ഓഹരികളും മറ്റും കൈമാറ്റം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹ്രസ്വകാല മൂലധന ലാഭം 15% ഫ്‌ളാറ്റ് നിരക്കിലാണ് ഇപ്പോള്‍ നികുതിവിധേയമാക്കുന്നത്. എസ്ടിടി നല്‍കി ഓഹരികളും മറ്റും കൈമാറ്റം നടത്തി ആര്‍ജിക്കുന്ന ദീര്‍ഘകാല മൂലധനലാഭം ഇപ്പോള്‍ പൂര്‍ണമായും നികുതി വിമുക്തവുമാണ്.

ഈ വേര്‍തിരിവ് ഇല്ലാതാക്കി മൂലധനലാഭങ്ങളെ മറ്റു വരുമാനങ്ങളുമായി കൂട്ടിച്ചേര്‍ത്ത് സ്ലാബ്‌നിരക്കില്‍ നികുതി ചുമത്താനുള്ള നീക്കം ദീര്‍ഘകാല നിക്ഷേപ സമാഹരണങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും.

ധനമന്ത്രി ഒന്നും വിട്ടുപറയുന്നുമില്ല. 'പാര്‍ലമെന്റില്‍ കാണാം' എന്ന ഒരു വാചകത്തിനുപിറകില്‍ ഇനിയെന്തെല്ലാം മറഞ്ഞിരിക്കുന്നുവെന്ന് കാത്തിരുന്നു കാണാം.

ആദായനികുതി നിലവിലുള്ള നിരക്കിലും പുതിയ നിരക്കിലും; ഒപ്പം ലഭ്യമായ നികുതിആശ്വാസവും




Tags: Direct Tax Code, impact
»  News in this Section