
2008ല്‍ ലോകത്തെ പിടികൂടിയ സാമ്പത്തികമാന്ദ്യം [recession] ഇനിയും വിട്ടുപോയിട്ടില്ലെന്ന് പറയുന്നവരുണ്ട്. അഥവാ പുതിയ തുടര്‍മാന്ദ്യങ്ങള്‍ ഗ്രീസിനേയും അമേരിക്കയേയുമെല്ലാം ബാധിച്ച് നിലനില്‍ക്കുന്നുവെന്ന്! മാന്ദ്യം വന്നാല്‍ ഒരു സാധാരണക്കാരന് എന്തു ചെയ്യാന്‍ കഴിയും? അല്ലെങ്കില്‍ ഒരു സാധാരണ ബിസിനസുകാരന്? വിശേഷിച്ച് ഒന്നും ചെയ്യാനില്ല, അനുഭവിക്കുക തന്നെ, മുണ്ടു മുറുക്കിയുടുക്കുക തന്നെ എന്നായിരിക്കും മറുപടി. ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ചെയ്യാം എന്തെങ്കിലും പഴങ്കഥകളും പറഞ്ഞിരുന്ന് സമയം കൊല്ലാം. [സമയത്തെ കൊല്ലാന്‍ പറ്റുകയില്ല, അത് നമ്മളെക്കൊല്ലുകയേ ഉള്ളു, അത് വേറെ കാര്യം]. 2008ലും ഇതുപോലുള്ള ഒരു
വമ്പന്‍ മാന്ദ്യം ലോകത്തെ വിഴുങ്ങിയ 1930കളിലും പ്രചരിച്ച രണ്ട് മാന്ദ്യകഥകളായാലോ?
1. മാന്ദ്യം വന്ന വഴി
ഒരു ചെറിയ പട്ടണത്തില്‍ മധ്യവയസ്‌കനായ ഒരാള്‍ ചെറിയൊരു ചായപ്പീടിക നടത്തിയിരുന്നു. വീട്ടില്‍ പാചകം ചെയ്ത വിഭവങ്ങളെ തോല്‍പ്പിക്കുന്നത്ര ഹോംലിയായിരുന്നു ആ ഹോട്ടലിലെ വിഭവങ്ങളുടെ സ്വാദ്. സ്വാഭാവികമായും ഒരിക്കല്‍ വന്നവര്‍ വീണ്ടും വന്നും പുതിയ ആളുകളോട് പറഞ്ഞും അവിടത്തെ തിരക്ക് കൂടിക്കൂടി വന്നു. പരസ്യങ്ങളൊന്നുമില്ലാതെ തന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വന്നു. എന്തിനു പറയുന്നു ഹോട്ടല്‍ വലുതായി, മകനെ അമേരിക്കയിലയച്ച് എംബിഎ പഠിപ്പിച്ച് പാസാക്കുംവരെയെത്തി അയാളുടെ വളര്‍ച്ച. പഠനം കഴിഞ്ഞ് മകനും വന്ന് ഹോട്ടലില്‍ ചാര്‍ജെടുത്തു. മകന്‍ എന്നും രാവിലെ ബിസിനസ് പത്രങ്ങള്‍ മുടങ്ങാതെ വായിക്കും, ഉച്ചത്തെ ബ്രെയ്ക്കിന് ഇന്റര്‍നെറ്റില്‍ പതയ്ക്കും, രാത്രി ടെലിവിഷനില്‍ ബിസിനസ് പ്രോഗ്രാമുകള്‍ കാണും. അങ്ങനെ ഒരു ദിവസം മകന്‍ ഒരു വാര്‍ത്തയറിഞ്ഞു. വലിയൊരു മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞെന്ന്. ഉടന്‍ മകന്‍ ഹോട്ടലിയ്‌ക്കോടി. 'അച്ഛാ, മാന്ദ്യം വരുന്നു, മാന്ദ്യം വരുന്നു. നമ്മുടെ സെയിലെല്ലാം കുത്തനെ കുറയും.' പഠിച്ച മകനല്ലെ, അയാള്‍ മകന്‍ പറഞ്ഞത് വിശ്വസിച്ചു. അന്നു വൈകുന്നേരം ചന്തയില്‍ പോയപ്പോള്‍ അരിയും ഇറച്ചിയും മീനുമെല്ലാം സാധരണ വാങ്ങുന്നതിലും കുറവാണയാള്‍ വാങ്ങിച്ചത്. പിറ്റേന്ന് കച്ചവടം കഴിഞ്ഞ് പണപ്പെട്ടി എണ്ണിനോക്കുമ്പോഴോ മകന്‍ പറഞ്ഞത് കിറുകൃത്യം. മാന്ദ്യം ഇങ്ങെത്തിക്കഴിഞ്ഞു.
2. മാന്ദ്യം പോയ വഴി
അമേരിക്കയിലെ ഒരിടത്തരം പട്ടണം. മാന്ദ്യം പൊടിപൊടിയ്ക്കുന്നു. ഈച്ചയെപ്പോലും ആട്ടാനില്ലാതെ കച്ചവടക്കാര്‍ ചൊറിയും കുത്തിയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആഡംബര കാറുകള്‍ വില്‍ക്കുന്ന ഒരു കടയിലേയ്ക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. കച്ചവടം നടക്കുന്നത് പോട്ടെ ഒരു കാക്ക പോലും അതുവഴിയേ പോയിട്ട് മാസങ്ങളായിക്കാണും. എന്തിനുപറയുന്നു, ആ ചെറുപ്പക്കാരന്‍ ഏറ്റവും വിലകൂടിയ ഒരു ആഡംബര കാറിനു തന്നെ ഓര്‍ഡര്‍ കൊടുത്തു. കടയുടമ ഞെട്ടിപ്പോയി. ഇനി എന്ന് കച്ചവടമുണ്ടാവുന്നോ അന്നു തന്നെ ഭാര്യയ്‌ക്കൊരു ഡയമണ്ട് നെക്ക്‌ലേസ് വാങ്ങിക്കൊടുക്കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തിരുന്നു. അയാളുടനെ അടുത്തുള്ള ജ്വല്ലറിയിലേയ്ക്കു ചെന്നു. ജ്വല്ലറി ഉടമയോ ഇനി ഒരു നെക്ക്‌ലേസ് വില്‍ക്കുന്ന ദിവസം വീട്ടുകാര്‍ക്കും സ്റ്റാഫിനും ഒരു ഫൈവ് സ്റ്റാര്‍ ഡിന്നര്‍ അതായിരുന്നു അയാളുടെ വാഗ്ദാനം. അപ്പോള്‍ത്തന്നെ അവിടെയുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിളിച്ച് അന്നു രാത്രിയത്തെ ഡിന്നറിന് പന്ത്രണ്ടുപേര്‍ക്ക് അയാള്‍ സീറ്റു ബുക്കു ചെയ്തു. അതൊരു ചെയിന്‍ റിയാക്ഷനായിരുന്നു. അങ്ങനെ മെല്ലെ മെല്ലെ ആ പട്ടണവും പിന്നാലെ ആ സ്‌റ്റേറ്റും അതിനു പിന്നാലെ അമേരിക്കയും മാന്ദ്യത്തില്‍ നിന്ന് പുറത്തുകടന്നു. എല്ലാം പഴയ പടി നോര്‍മല്‍. അപ്പോളതാ പത്രത്തില്‍ ഒരു പരസ്യം. പണക്കാരായ ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരാസ്പത്രിയില്‍ നിന്ന് ഒരാള്‍ ചാടിപ്പോയെന്ന്. പരസ്യത്തോടൊപ്പം അയാളുടെ ഫോട്ടോയുമുണ്ട്. ലക്ഷ്വറി കാറു കച്ചവടക്കാരന്‍ ഞെട്ടിപ്പോയി. അത് അന്ന് മാന്ദ്യം കൊടി മൂത്തു നില്‍ക്കുമ്പൊ കാറ് വാങ്ങാന്‍ വന്ന ആ ചെറുപ്പക്കാരനായിരുന്നു.