
ഇന്ത്യയിലെ തൊഴില്‍ അവസ്ഥയെക്കുറിച്ച് അടുത്തകാലത്ത് പുറത്തിറങ്ങിയ ദേശീയ സാമ്പിള്‍ സര്‍വേയുടെ കണക്കുകള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. സ്വാമിനാഥന്‍ അയ്യരെ പോലുള്ള ആളുകള്‍ ദേശീയ പത്രങ്ങളിലും ഡോ. ഐസാക്, ഡോ. രാമകുമാര്‍ തുടങ്ങിയവര്‍ വിവിധ മലയാള മാധ്യമങ്ങളിലും കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. അവര്‍ പരിഗണിക്കാത്ത ചില വസ്തുതകള്‍ കൂടി സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.
പുതിയ സര്‍വേഫലത്തില്‍ വളരെ നൂതനമായി കണ്ട ഒരു കാര്യം, ഇന്ത്യയില്‍ തൊഴില്‍ എടുക്കാന്‍ തയ്യാറാവുന്നവരുടെ ശതമാനത്തില്‍ കുറവും എന്നാല്‍ കേരളത്തില്‍ ഇക്കൂട്ടരുടെ അളവില്‍ കൂടുതലും സംഭവിച്ചിരിക്കുന്നു. ഇത് ഏറെ ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഒരു സമൂഹം സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലം വ്യാപകമായി അനുഭവിച്ചു തുടങ്ങുമ്പോള്‍ തൊഴിലെടുക്കാന്‍ തയാറുള്ളവരുടെ ശതമാനം കുറയാനിടയുണ്ട്. ഇതിനു പ്രധാന കാരണം നേരത്തെ ചെറുപ്രായം മുതല്‍ തൊഴില്‍ എടുത്തേ ജീവിക്കാന്‍ പറ്റൂ എന്ന നിര്‍ബന്ധ സാഹചര്യത്തില്‍ (പ്രത്യേകിച്ചും ദാരിദ്ര്യം ഉള്ള സാഹചര്യത്തില്‍) മാറ്റം വരുന്നത് കൊണ്ടാണ്. നേരത്തെ പതിനെട്ടു വയസ്സുകാര്‍ ജോലിക്ക് പോയിരുന്നെങ്കില്‍ വരുമാന വളര്‍ച്ച ഉണ്ടാകുമ്പോള്‍ ഇവരില്‍ നല്ലൊരു പങ്കും ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനു ഇക്കാലയലവ് ചെലവഴിക്കും. ഇതുപോലെ വീട്ടില്‍ അച്ഛനും അമ്മയും പണിക്കു പോയാലെ ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥയില്‍ മാറ്റം വരുമ്പോള്‍ സ്ത്രീകള്‍ പട്ടിണി മാറ്റാന്‍ വേണ്ടി ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യം ഇല്ലാതാകും. അപ്പോള്‍ കുറെ സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ നിന്നും വിട്ടു നില്കും.
സാമ്പത്തിക വളര്‍ച്ചയും സ്ത്രീകളുടെ തൊഴിലെടുക്കലും തമ്മിലുള്ള ബന്ധം പഠിച്ചിട്ടുള്ളവര്‍ കാണുന്ന ഒരു രീതിയുണ്ട്. ദാരിദ്ര്യത്തിനോട് അടുത്ത് നില്‍ക്കുന്ന അവസ്ഥയില്‍ സ്ത്രീകള്‍ കൂടുതലായി പണിക്കു പോകും. എന്നാല്‍ അവരുടെ അവസ്ഥ അല്പം മെച്ചപ്പെടുമ്പോള്‍ പുറത്തു പോയി തൊഴില്‍ എടുക്കാനുള്ള തയ്യാറെടുപ്പ് കുറയും. എന്നാല്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്ഥിതി കുറച്ചു കൂടി മെച്ചപ്പെടുമ്പോള്‍ സ്ത്രീകള്‍ തങ്ങള്‍ക്കു കുറേക്കൂടി അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം നേടിയെടുക്കുന്നതിന്റെ ഭാഗമായി ജോലിക്ക് പോകും. ഇത്തരമൊരു രീതി വികസിത രാജ്യങ്ങളിലും കണ്ടിട്ടുണ്ട്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പുരുഷ മേധാവിത്വ ധാരണകളും ഇതിനു വഴിവയ്ക്കും. വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും കൃഷിപ്പണിക്കും കൂലിപ്പണിക്കും തയ്യാറാകും. എന്നാല്‍ ഗ്രാമങ്ങളിലെ ഇടത്തരം കുടുംബങ്ങളില്‍ സ്ത്രീകള്‍ പണിയെടുക്കാന്‍ പോകാതെ വീട്ടമ്മയായി ഇരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇത് പാവപ്പെട്ടവരുടെ ഇടയില്‍ സ്ത്രീകള്‍ പുറത്തു പണിയെടുക്കാന്‍ പോകാതിരിക്കുന്നതാണ് നല്ലത് എന്ന ചിന്ത ജനിപ്പിക്കും. മാത്രമല്ല, കൂലിപ്പണിക്കും മറ്റും പെണ്‍കുട്ടികള്‍ പോയാല്‍ അവരുടെ സൗന്ദര്യത്തിനു എന്തെങ്കിലും ഇടിവ് വരുമെന്നോ അവര്‍ക്ക് നല്ല ഭര്‍ത്താക്കന്മാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നോ ഒക്കെയുള്ള ചിന്ത നമ്മുടെ നാട്ടിലുമുണ്ട്. കശുവണ്ടി ഫാക്ടറിയില്‍ ജീവിതകാലം മുഴുവന്‍ പണിയെടുത്ത ഒരു സ്ത്രീ തന്റെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് സ്വന്തം മകള്‍ക്ക് ഒരു വീട്ടമ്മ ആയി കഴിയാന്‍ തക്കവിധം ഒരു ഭര്‍ത്താവിനെ സ്ത്രീധനം കൊടുത്തു വാങ്ങുന്ന ഒരു കഥ എന്റെ ഒരു സുഹൃത്ത് പറയാറുണ്ട്. ഇപ്പോഴും ഇതര സൗന്ദര്യ ചിന്തകള്‍ തൊഴില്‍കാര്യങ്ങളില്‍ കടന്നു വരാറുണ്ട്. കായിക ശേഷി ഉപയോഗിക്കുന്ന ജോലികള്‍ക്ക് വേതനം കൂടുതലാണെങ്കിലും ആളുകളെ കിട്ടാത്തതും എന്നാല്‍ മാസം ആയിരമോ രണ്ടായിരമോ രൂപ ശമ്പളത്തില്‍ സെയില്‍സ് ഗേള്‍ ആയി പണിയെടുക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം ആളുകളെ കിട്ടുന്നതും ഒക്കെ ഒരു പരിധി വരെ ഈ സാമൂഹ്യ മൂല്യങ്ങളുടെ പ്രതിഫലനം ആണ്.
എന്നാല്‍ വീടിനു അടുത്തുള്ള സ്‌കൂളിലെ ടീച്ചര്‍, അല്ലെങ്കില്‍ ഓഫീസില്‍ ക്ലാര്‍ക്ക് തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ എല്ലാവരും തയ്യാറാകും. ഇത്തരം ജോലികള്‍ നമ്മുടെ പുരുഷ മേധാവിത്വ സൌന്ദര്യ സങ്കല്പങ്ങള്‍കു ചേര്‍ന്നതാണ്. എന്നാല്‍ അതിനായി പി.എസ്.സി പരീക്ഷ പാസ്സാകാനും അല്ലെങ്കില്‍ സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് കോഴ നല്‍കാനും എല്ലാര്‍ക്കും കഴിയില്ലല്ലോ.
സാമൂഹ്യ വളര്‍ച്ചയുടെ ഭാഗമായി (അല്ലെങ്കില്‍ അത്തരം വളര്‍ച്ചയുടെ ഭാഗമായി നല്ലതെന്ന് കരുതപ്പെടുന്ന ജോലികളുടെ ദൗര്‍ലഭ്യം കാരണം) സ്ത്രീകള്‍ കുറേപ്പേര്‍ തൊഴില്‍ രംഗത്ത് നിന്ന് പിന്മാറുന്ന സാഹചര്യം കേരളത്തില്‍ നേരത്തെ തന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള സര്‍വേ ഫലം കാണിക്കുന്നത് ഇതേ പ്രതിഭാസം ഇപ്പോള്‍ അഖിലേന്ത്യാ തലത്തിലും കണ്ടുതുടങ്ങി എന്നതാണ്.
എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ എന്തുകൊണ്ടാണ് തൊഴിലെടുക്കാന്‍ തയ്യാറാവുന്നവരുടെ ശതമാനം കൂടിയത്. കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നല്ല സാമ്പത്തിക വളര്‍ച്ച ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് ആകര്‍ഷകമായ ധാരാളം തൊഴിലുകള്‍ അധികമായി ഉണ്ടായതായി കാണുന്നില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രികള്‍, പണം കടം കൊടുക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ടൂറിസ്റ്റ് സംരംഭങ്ങള്‍ തുടങ്ങിയവയില്‍ കുറെ തൊഴിലുകള്‍ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, അതുകൊണ്ട് ഇപ്പോള്‍ കാണുന്ന അത്രയും അളവില്‍ മാറ്റം ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
എന്നാല്‍, തൊഴിലുറപ്പ് പദ്ധതിയിലും കുടുംബശ്രീ സംരംഭങ്ങളിലും ധാരാളം സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നതൊരു കാരണമാകാം. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒന്നുരണ്ടു കാര്യങ്ങളുണ്ട്. ഏതു തരം സ്ത്രീകളാണ് കൂടുതലായി ഈ തൊഴിലുകളില്‍ പങ്കെടുക്കുന്നത്? കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചു അവരെ സ്‌കൂളിലയച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. അതായതു സമൂഹത്തിന്റെ പുരുഷ മേധാവിത്വ - സൗന്ദര്യ ആകാംക്ഷകള്‍ക്ക് അപ്പുറം എത്തിയവരാണിവര്‍. അതുപോലെ കുടുംബശ്രീ ആയാലും തൊഴിലുറപ്പ് പദ്ധതി ആയാലും കിട്ടുന്ന വരുമാനം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കേരളത്തില്‍ തൊഴിലെടുക്കാന്‍ തയ്യാറാവുന്നവരുടെ അളവില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് ഒരു ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയുകയില്ല.
ആധുനിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായി സ്ത്രീകള്‍ക്ക് ആവശ്യത്തിനു വരുമാനവും ജോലിസംതൃപ്തിയും നല്‍കുന്ന ധാരാളം തൊഴിലവസരങ്ങള്‍ കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മാത്രമല്ല, പുരുഷ മേധാവിത്വ സൗന്ദര്യ സങ്കല്പങ്ങളില്‍ നിന്നും പുറത്തു കടക്കാനുള്ള അവസരങ്ങളും മനോഭാവവും.