
രാജ്യത്തെ സാമ്പത്തിക രംഗത്ത് അത്ര ശുഭകരമാല്ലാത്ത ചില ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഒന്നാമതായി, വളര്‍ച്ചാ നിരക്ക് കുറയുന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. വിലക്കയറ്റം കാര്യമായി കുറയുന്ന ലക്ഷണം കാണുന്നുമില്ല. അതു പിടിച്ചുനിറുത്താനായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഇടയ്ക്കിടയ്ക്ക് ഉയര്‍ത്തുന്നുണ്ട്. എങ്കിലും അതിനു കാര്യമായ ഗുണഫലം കാണുന്നില്ല. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍ കാണുന്നുമുണ്ട്. ഉത്്പാദകര്‍ക്ക് മൂലധനം കിട്ടുന്നതിനു കൂടുതല്‍ വില നല്‍കേണ്ടിവരുന്നു. ഇതു കാരണം ഉത്പാദനം വര്‍ധിക്കുന്നില്ല. അത് വളര്‍ച്ചാനിരക്കിനെ ബാധിക്കുന്നു.
ഇതിനു പുറമേ അഴിമതി ആരോപണങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും കാരണം കേന്ദ്ര സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വഴിമുട്ടി നില്കുന്നു. ഇക്കാര്യങ്ങള്‍ നമ്മള്‍ കുറേക്കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിലക്കയറ്റത്തിന് വിവിധ കാരണങ്ങള്‍ ഉണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ സാമൂഹ്യ പദ്ധതികള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്കുമായി ധാരാളം പണം ചെലവിടുന്നു. ഇവയില്‍ എത്രമാത്രം ചോര്‍ച്ച ഉണ്ടായിരുന്നാലും ദരിദ്രരായ കുറെ ആളുകളുടെ കയ്യിലെങ്കിലും കുറെ പണമെത്തിക്കാന്‍ ഈ പരിപാടികള്‍ സഹായിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വാഭാവികമായി ഈ ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ (പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങള്‍) വാങ്ങാന്‍ തയ്യാറാകും. അല്ലെങ്കില്‍ ഈ സാധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കും. ഇവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കൂടുതല്‍ സാധനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ വിലക്കയറ്റം ഉണ്ടാവില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം പല പരിമിതികളും നേരിടുന്നു.
കാര്‍ഷിക രംഗത്തെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് അവശ്യം വേണ്ട പല കാര്യങ്ങളും ചെയ്യാന്‍ കഴിയുന്നില്ല. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ ധാരാളം പണം മുടക്കുന്നുമുണ്ട്. എന്നാല്‍ അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടുന്നില്ല. ഇതിനു കാരണം പലതാണ്. ഒന്നാമതായി ഇപ്പോള്‍ ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും കൃഷിയുടെ ആവര്‍ത്തന ചെലവിനുള്ള (വളം, കീടനാശിനി, കടം, വൈദ്യുതി, തുടങ്ങിയവയ്ക്ക്) സബ്‌സിഡി കൊടുക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കൃഷിയുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ (ഉപയോഗപ്രദമായ ജലസേചനം, മണ്ണുസംരക്ഷണം, ഗ്രാമീണ റോഡുകളുടെ നിര്‍മാണം, പുത്തന്‍ വിത്തിനങ്ങളുടെ ഉത്പാദനം, തുടങ്ങിയവ) വേണ്ടത്ര നടക്കുന്നില്ല. കാര്‍ഷിക ഉത്പാദനം വര്‍ധിക്കണമെങ്കില്‍, കൃഷി ചെയ്യാന്‍ തയാറുള്ളവരുടെ കയ്യില്‍ ഭൂമി എത്തണം. അതിനായി ഭൂ ഉടമസ്ഥ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം ഉണ്ടാകണം. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പരിമിതി, വേണ്ടത്ര ഉത്പാദിപ്പിച്ചാലും അത് ഉപഭോക്തക്കളുടെ അടുത്ത് എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഇന്ത്യയില്‍ കുറവാണ് എന്നതാണ്. ഒരു സ്ഥലത്ത് അല്ലെങ്കില്‍ ഒരു സമയത്ത് ധാന്യം കെട്ടി കിടക്കുകയും പാഴാവുകയും ചെയ്യുമ്പോള്‍ മറ്റൊരു സ്ഥലത്ത് അല്ലെങ്കില്‍ മറ്റൊരു സമയത്ത് വിലക്കയറ്റം അനുഭവപ്പെടുകയും ചെയ്യുന്നതിന് ഇതാണ് കാരണം. അതുപോലെയാണ് ഒരു സമയത്ത്/സ്ഥലത്ത് ഉത്പാദകര്‍ തങ്ങള്‍ക്കു മിനിമം വില പോലും കിട്ടാതെ വിഷമിക്കുമ്പോള്‍ മറ്റൊരു സ്ഥലത്ത്/ സമയത്ത് ഉപഭോക്താക്കള്‍ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നതും.
വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഇടയിലുള്ള കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥിതി (ഉത്പന്നങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം, അവ കേടുകൂടാതെ സൂക്ഷിച്ചു വെക്കാനുള്ള ഗോഡൗണുകളുടെ അഭാവം, ധാരാളം ഇടനിലക്കാരുടെ സാന്നിധ്യം ഒഴിവാക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥ തുടങ്ങിയവ) വിലക്കയറ്റം സൃഷ്ടിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുതല്‍മുടക്കും നിലവിലുള്ള നിയമങ്ങളില്‍ പരിഷ്‌കാരങ്ങളും ആവശ്യമാണ്. ഇതിനു കഴിയുന്നില്ല.
വിലക്കയറ്റം ഉണ്ടാക്കുന്ന മറ്റൊരു കാര്യം പെട്രോളിയം ഉത്്പന്നങ്ങള്‍ക്കുള്ള വില വര്‍ധനയാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനു കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ഈ വിലക്കയറ്റ ഭാരത്തിന്റെ ഒരു ഭാഗമെങ്കിലും ഉപഭോക്തക്കളുടെ മേല്‍ ചുമത്താതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അതും ഇന്ത്യയില്‍ വിലക്കയറ്റം ഉണ്ടാക്കും.
എന്നാല്‍ കൃഷിയുടെ ആവര്‍ത്തന ചെലവുകള്‍ക്ക് സബ്‌സിഡി നല്‍കാനും സാമൂഹ്യ പദ്ധതികള്‍ക്ക് ചെലവിടാനും സര്‍ക്കാര്‍ ഏറെ പണം ചെലവഴിക്കുന്നു. ഇതിനായി സര്‍ക്കാര്‍ ധാരാളം കടം വാങ്ങേണ്ടി വരുന്നു. രണ്ടു വര്‍ഷം മുമ്പ് വികസിത രാജ്യങ്ങളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യവും, ഇന്ത്യന്‍ സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനു വേണ്ടിയും കടം വാങ്ങുന്നു. ഇങ്ങനെ കടം വാങ്ങിയാല്‍ അത് ആഭ്യന്തര വിപണിയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കും. സ്വകാര്യ ഉത്പാദകര്‍ക്ക് മൂലധനം സ്വരൂപിക്കാന്‍ ചെലവു കൂടും. (ബാങ്കില്‍ നല്‍കേണ്ട പലിശ നിരക്ക് കൂടും. മാത്രമല്ല ബാങ്ക് നിരക്ക് വര്‍ധിക്കുമ്പോള്‍ ജനം കൂടുതല്‍ പണം ബാങ്കില്‍ നിക്ഷേപമായി കരുതും. അതുകൊണ്ട് കുറച്ചു പണം മാത്രമേ ഷെയര്‍ (ഓഹരി) വിപണിയിലേക്ക് എത്തിച്ചേരൂ. ) അതിനാല്‍ അവര്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ വിമുഖത കാട്ടും. നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വശത്ത് സാധനങ്ങളുടെ ഡിമാന്‍ഡ് ഉയരുകയും എന്നാല്‍ മറുവശത്ത് ഉത്പാദകര്‍ വേണ്ടത്ര ഉത്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ വിലക്കയറ്റം കൂടും.
ഈ അവസ്ഥയില്‍ റിസര്‍വ് ബാങ്ക് വീണ്ടും വീണ്ടും പലിശ കൂട്ടികൊണ്ടിരുന്നാല്‍ വിലക്കയറ്റം കുറയുന്നതിന് പകരം കൂടാനാണ് സാധ്യത. കാരണം ഉത്പാദനം കൂടുന്നതിന് ഈ പലിശ നിരക്ക് വീണ്ടും തടസ്സമാകും. അതുകൊണ്ട് തന്നെ പലിശ നിരക്ക് ഉയര്‍ത്തി സമൂഹത്തില്‍ നിന്നും പണം വലിച്ചെടുത്തു വിലക്കയറ്റം കുറയ്ക്കാം എന്ന പണനയം ഇന്നത്തെ ഇന്ത്യന്‍ സാഹചരത്തില്‍ എത്ര മാത്രം പ്രയോഗക്ഷമം ആകുമെന്ന് കണ്ടറിയണം.
എന്നാല്‍ വിലക്കയറ്റം കുറക്കുന്നതിനുള്ള ദീര്‍ഘകാല നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. അതിനു വേണ്ടി ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് സര്‍ക്കാരിന്റെ കമ്മി കുറക്കുകയും കടം വാങ്ങേണ്ടി വരുന്ന അവസ്ഥ കുറച്ചുകൊണ്ട് വരികയും വേണം. എന്നാല്‍ ഇതിനായി അത്ര സന്തോഷകരമല്ലാത്ത നടപടികള്‍ എടുക്കേണ്ടി വരും. സമൂഹത്തിനു ഏറെ ഗുണപ്രദമല്ലാത്തതും സമ്പന്നന്മാര്‍ക്കും ഉയര്‍ന്ന ഇടത്തരക്കാര്‍ക്കും നല്‍കുന്ന സബ്‌സിഡികള്‍ കുറക്കേണ്ടി വരും. മൂലധന നിക്ഷേപത്തിന് തടസ്സം നില്‍കുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ടി വരും. എന്നാല്‍ ഇത്തരം നടപടികള്‍ എടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ധാര്‍മികശക്തിയും ശേഷിയും ഇപ്പോള്‍ വളരെ കുറഞ്ഞു പോയി എന്നതാണ് മറ്റൊരു ദുര്യോഗം.
ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപകര്‍ രാഷ്ട്രീയക്കാരുമായി കൂട്ടുചേര്‍ന്ന് അഴിമതി നടത്തി കീശ വീര്‍പ്പിക്കുന്നു എന്ന ചിന്ത രാജ്യത്തെ ഇടത്തരക്കാരുടെ ഇടയില്‍ വ്യാപകമായിട്ടുണ്ട്. അടുത്ത കാലത്തായി പുറത്തുവന്ന അഴിമതിക്കഥകള്‍ അതിനു ശക്തി പകരുന്നുണ്ട്. (ഉദാരവത്്കരണ കാലത്തിനു മുമ്പ് മുതലാളിരാഷ്ട്രീയ കൂട്ടുകെട്ടും അഴിമതിയും വ്യാപകമായിരുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായപ്പോള്‍ കൈമാറ്റം ചെയ്യുന്ന തുകയുടെ വലിപ്പവും കൂടി എന്ന് മാത്രമേ ഉള്ളൂ. ഏത് സമൂഹത്തിലും അഴിമതി പൂര്‍ണ്ണമായി നേരിടുന്നതിനു സജ്ജമാകുന്നതിനു സമയം എടുക്കും. പ്രത്യേകിച്ചും തുറന്ന വിപണി നമ്മള്‍ ഉപയോഗിച്ചു തുടങ്ങിയത് അടുത്ത കാലത്താണ് എന്ന് ഓര്‍ക്കണം.) എന്നാല്‍ ഇത്തരം ചിന്ത ഒരു പരിധി വരെ നല്ലതാണ്. അത് അഴിമതി തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ നമ്മെ സഹായിക്കും. എന്നാല്‍ അമിതമായ നിരാശാബോധം സമൂഹത്തിന്റെ പ്രവര്‍ത്തനശേഷിയെ ബാധിക്കും. അങ്ങനെ ഒന്ന് നമ്മുടെ സര്‍ക്കാരിനെ ബാധിച്ചിട്ടുണ്ടോ എന്നൊരു സംശയം.
ഇതില്‍ നിന്ന് നാം പുറത്തു കടക്കേണ്ടതുണ്ട്. ഇന്ത്യന്‍ മുതലാളിമാര്‍ കുറേക്കൂടി ഉയര്‍ന്ന സാമൂഹ്യ ബോധവും ദീര്‍ഘകാല വീക്ഷണവും കാണിക്കണം. തങ്ങള്‍ക്കു താത്കാലികമായ നഷ്ടമുണ്ടായാലും കൈക്കൂലി കൊടുക്കില്ല എന്ന നിലപാട് എടുക്കണം. അത് അവര്‍ക്ക് തന്നെ ദീര്‍ഘ കാലത്തില്‍ ഗുണം ചെയ്യും. രാഷ്ട്രീയത്തിലും ഭരണത്തിലും കുറേക്കൂടി ആശാവഹമായ ചില ഭാവി സൂചനകള്‍ നല്‍കേണ്ട സമയവുമായി.