വരുമാനം കൂടിയാലും സന്തോഷം കൂടാത്തത് എന്തുകൊണ്ട്?

Posted on: 06 Nov 2012


വി.ശാന്തകുമാര്‍സാമ്പത്തിക വളര്‍ച്ചയുണ്ടായാലും സന്തോഷം വര്‍ധിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്ന ചില പഠനങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഉണ്ടായിട്ടുള്ള കാര്യം വായനക്കാരില്‍ ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. ഈ പ്രശ്‌നത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ എങ്ങനെ സമീപിക്കാം?

സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുള്ള (അല്ലെങ്കില്‍ ആളോഹരി വരുമാനം വര്‍ധിച്ചിട്ടുള്ള) സമൂഹങ്ങളില്‍ നടത്തിയിട്ടുള്ള സര്‍വേകളില്‍ ജനങ്ങള്‍ അവരുടെ സന്തോഷം വരുമാനത്തിനനുസരിച്ചു വര്‍ധിച്ചതായി പറയുന്നില്ല. (വിലക്കയറ്റം കണക്കിലെടുത്തിട്ടുള്ള വരുമാന വര്‍ധനവാണ് ഇവിടെ പരിഗണിക്കുന്നത്.) അതുകൊണ്ട് വരുമാന വര്‍ധനവിന് അധികം മുന്‍ഗണന കൊടുക്കേണ്ടതില്ല എന്ന ഒരു വാദഗതി ഉയര്‍ന്നുവന്നിട്ടുണ്ട്.

ആളുകള്‍ സര്‍വേകളില്‍ ചോദ്യത്തിന് ഉത്തരമായി പറയുന്ന കാര്യങ്ങള്‍! എത്ര ഗൗരവത്തോടെ കണക്കിലെടുക്കാം എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നിരിക്കിലും ഈ പഠനങ്ങള്‍ ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഈ പ്രതിഭാസം ചിലര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യര്‍ പണം ചെലവഴിക്കുന്നത് രണ്ടുതരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഒന്ന് തനിക്കോ തന്റെ വേണ്ടപ്പെട്ടവരുടെയോ തനതായ സന്തോഷത്തിനുവേണ്ടി. നല്ല ഭക്ഷണം, സുഖമായി കിടന്നുറങ്ങാന്‍ വീട്, ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാന്‍ വാഹനം, സന്തോഷിക്കാന്‍ വേണ്ടി കലാപരിപാടികള്‍ തുടങ്ങിയവയ്ക്കായി പണം ചെലവഴിക്കാം. ഇക്കാര്യത്തില്‍ അനാര്‍ഭാടം അല്ലെങ്കില്‍ ആര്‍ഭാടം എന്ന വേര്‍തിരിവിന്റെ കാര്യമില്ല. ആരുമറിയാതെ കാട്ടിനുനടുവില്‍ കഴിയാന്‍ പതിനായിരക്കണക്കിനു രൂപ ചെലവഴിക്കുന്ന സമ്പന്നരെ എനിക്കറിയാം.

രണ്ടാമതൊരു കാര്യത്തിനു വേണ്ടി നാം പണം ചെലവഴിക്കാറുണ്ട്. നമ്മുടെ ചുറ്റുവട്ടത്തുള്ള ആളുകളോടൊപ്പം എത്താന്‍ വേണ്ടിയുള്ള ചെലവുകള്‍. അയല്‍ക്കാരന് സ്‌കൂട്ടര്‍ അല്ലെങ്കില്‍ കാര്‍ ഉണ്ടെങ്കില്‍ അതുപോലെ ഒന്ന് വാങ്ങാന്‍, അയാള്‍ക്ക് രണ്ടു നില വീട് ഉണ്ടെങ്കില്‍ അതുപോലെ ഒന്ന് നിര്‍മിക്കാന്‍! അയാള്‍ സിങ്കപ്പൂര് വിനോദയാത്ര പോയാല്‍ അങ്ങനെ പോകാന്‍! അയാള്‍ മകള്‍ക്ക് നൂറു പവന്‍ കൊടുത്താല്‍ സ്വന്തം മകള്‍ക്ക് അത്രയും നല്‍കി വിവാഹം നടത്താന്‍ (എന്തിനു അയാള്‍ ഹരിപ്രസാദ് ചൗരസ്യയുടെ കച്ചേരി കേട്ടാല്‍ അത് കേള്‍ക്കാന്‍) തുടങ്ങിയുള്ള ചെലവുകള്‍. ഇത് മിക്കവാറും എല്ലാ സമൂഹത്തിലും നിലവിലുണ്ട്.

രണ്ടാമത് പറഞ്ഞ ചെലവുകള്‍ക്ക് ഒരു പ്രശ്‌നമുണ്ട്. അവ നല്‍കുന്ന സന്തോഷം ആപേക്ഷികമാണ്. രാമന്‍കുട്ടിയുടെ സ്‌കൂട്ടര്‍ കണ്ടു കൃഷ്ണന്‍കുട്ടി കൂടുതല്‍ അധ്വാനിച്ചു വരുമാനം കൂടുതല്‍ നേടി ഒരു സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍, ആ സമയം കൊണ്ട് രാമന്‍കുട്ടിക്ക് കാറുണ്ടായാല്‍, കൃഷ്ണന്‍ കുട്ടിക്ക് ഒട്ടും സന്തോഷം കൂടില്ല. ഇവിടെ കൃഷ്ണന്‍കുട്ടിയുടെ വരുമാനവും ഉപഭോഗവും വര്‍ധിച്ചിട്ടും അയാളുടെ സന്തോഷം കൂടുന്നില്ല. ഇക്കാരണം കൊണ്ടാണ് വരുമാനം കൂടിയാലും സന്തോഷം കൂടാതിരിക്കുന്നത് എന്നാണ് ഒരു പക്ഷം. അപ്പോള്‍ സന്തോഷം കൂടണമെങ്കില്‍ നാം നമ്മുടെ തനതു സന്തോഷത്തില്‍ ഊന്നണം എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

പക്ഷെ നാം ഒരു കാര്യം മറന്നുകൂടാ. വികസ്വര രാജ്യങ്ങളില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടു ജീവിതരീതികളില്‍ മാറ്റംവരുത്തുന്നതുകൊണ്ട് കുറെ ഗുണങ്ങളുമുണ്ട്. നല്ല കക്കൂസ് ഉപയോഗിക്കാന്‍, കുട്ടികളുടെ എണ്ണം കുറക്കാന്‍, വൈദ്യുതി ഉപയോഗിക്കാന്‍, റബ്ബര്‍ നടാന്‍, മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഒക്കെ നാം പഠിച്ചു തുടങ്ങിയത് മറ്റുള്ളവരെ കണ്ടാണ്. ആ അര്‍ഥത്തില്‍ കോപ്പിയടി പൂര്‍ണമായും ദോഷകരമല്ല.

വേറൊരു കാര്യവും കൂടി പരിഗണിക്കണം. ഉപഭോഗം വര്‍ധിപ്പിക്കാതെ തന്നെ മറ്റുള്ളവരോടൊപ്പം എത്താനുള്ള നിരന്തര ശ്രമത്തില്‍ പെട്ട് സന്തോഷമില്ലാതാകുന്ന അവസ്ഥയും ഉണ്ടാകാം. അധികാരം നേടാനുള്ള വഴി പലപ്പോഴും ഇങ്ങനെയാണ്. ഒത്തിരി ശ്രമിച്ച് ഒരു അധികാരസ്ഥാനത്ത് എത്തുമ്പോള്‍ മനസ്സിലാകുന്നു തന്നെക്കാള്‍ അധികാരം ഉള്ളവര്‍ വേറെ ഉണ്ടെന്ന്. അധികാരം കൂടിയിട്ടും സന്തോഷമില്ലാത്ത അവസ്ഥ.

ജീവിതത്തില്‍ നിരന്തരം മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ തുടങ്ങിയാല്‍ സന്തോഷം കിട്ടില്ല. എന്താണ് തനിക്കു ഉള്ളില്‍ സന്തോഷം കിട്ടുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പണവും ശ്രമവും ചെലവഴിക്കേണ്ടതുണ്ട്. മറ്റുള്ളവരെ കോപ്പി അടിക്കരുത് എന്നു പറഞ്ഞാല്‍ പണം ചെലവഴിക്കരുത് എന്ന് അര്‍ഥമില്ല. തനിക്കും കുട്ടികള്‍ക്കും സമൂഹത്തിനും സന്തോഷം തരുന്ന തരത്തില്‍ പണം ചെലവഴിക്കാന്‍ ഏറെ മാര്‍ഗങ്ങളുണ്ട്. അങ്ങനെ ചെയ്താല്‍ വരുമാനം കൂടുമ്പോള്‍, കൂടുതല്‍ ചെലവു ചെയ്യുമ്പോള്‍ സന്തോഷം വര്‍ധിക്കും.
 

Tags: Why does income growth fail to make us happier
»  News in this Section